വാണിജ്യ വ്യവസായ മന്ത്രാലയം

ഇന്ത്യൻ വ്യവസായ മേഖലയുടെ ഭാവി, ഗുണമേന്മയിലും ഉൽപ്പാദനക്ഷമതയിലും ആണെന്ന് കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ

Posted On: 06 JAN 2021 5:19PM by PIB Thiruvananthpuram

 

ഇന്ത്യൻ വ്യവസായ മേഖലയുടെ ഭാവി ഗുണമേന്മയിലും ഉൽപ്പാദനക്ഷമതയിലും അടിസ്ഥാനമാക്കി ആവും രൂപപ്പെടുക എന്ന് വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ. ‘ഉദ്യോഗ് മൻധനിന്റെ’ ഭാഗമായുള്ള വെബ്ബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘ബ്രാൻഡ് ഇന്ത്യ’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നാം പരിശ്രമിക്കേണ്ടത് ഉണ്ടെന്നും രാജ്യത്തെ ഉത്പാദന-സേവന വിതരണം മികച്ചതും ഫലപ്രാപ്തി ഉള്ളതും ആക്കാൻ നാം മുന്നേറണമെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ വ്യവസായ മേഖലയുടെ ഗുണമേന്മയും ഉൽപ്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വെബ്ബിന്നാർ പരമ്പരയാണ് ‘ഉദ്യോഗ് മൻധൻ’. വ്യവസായ- ആഭ്യന്തര വ്യാപാര വകുപ്പ്, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിൽ, മറ്റു വ്യവസായ സംരംഭങ്ങൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

2021 ജനുവരി നാലിന് തുടക്കം കുറിക്കപ്പെട്ട വെബിനാർ പരമ്പര 2021 മാർച്ച് രണ്ടുവരെ തുടരും. ഉൽപാദന സേവന മേഖലകളിലെ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് 45 സമ്മേളനങ്ങളാണ് പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ വെല്ലുവിളികൾ, അവസരങ്ങൾ എന്നിവ തിരിച്ചറിയുവാനും നൂതനമായ പരിഹാരമാർഗങ്ങളും മാതൃകകളും വികസിപ്പിക്കാനും പരമ്പര ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

പ്രാദേശിക ഉൽപ്പന്നങ്ങളുടെ പ്രചാരകരാവുക (വോക്കൽ ഫോർ ലോക്കൽ) എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉൽപ്പാദനക്ഷമതയും, ഗുണമേന്മയും വർദ്ധിപ്പിക്കാനും, ‘സ്വാശ്രയ ഭാരതം’ എന്ന ദർശനം യാഥാർഥ്യമാക്കാനും വെബ്ബിനാർ പരമ്പര സഹായിക്കുമെന്നാണ് കരുതുന്നത്.

***




(Release ID: 1686583) Visitor Counter : 169