പ്രധാനമന്ത്രിയുടെ ഓഫീസ്
ഒഡിഷയിലെ സാംബാല്‍പൂര്‍ ഐ.ഐ.എമ്മിന്റെ സ്ഥിരം ക്യാംപസിനു തറക്കല്ലിടുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
02 JAN 2021 2:49PM by PIB Thiruvananthpuram
ജയ് ജഗന്നാഥ്!
ജയ് മാ സമലേശ്വരി!
ഒഡിഷയിലെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആശംസകള്‍.
പുതുവര്‍ഷം നിങ്ങള്‍ക്കെല്ലാം അഭിവൃദ്ധി നിറഞ്ഞതാകട്ടെ.
ബഹുമാനപ്പെട്ട ഒഡിഷ ഗവര്‍ണര്‍ പ്രഫ. ഗണേഷ് ലാല്‍ ജി, മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ. നവീന്‍ പട്‌നായിക് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ഡോ. രമേഷ് പൊക്രിയാല്‍ നിഷാങ്ക് ജി, ഒഡിഷയുടെ രത്‌നമായ ഭായ് ധര്‍മേന്ദ്ര പ്രധാന്‍ ജി, ശ്രീ. പ്രതാപ് ചന്ദ്ര സാരംഗി ജി, ഒഡിഷ സംസ്ഥാന മന്ത്രിമാരെ, എം.പിമാരെ, എം.എല്‍.എമാരെ, സാംബാല്‍പൂര്‍ ഐ.ഐ.എം. അധ്യക്ഷ ശ്രീമതി അരുന്ധതി ഭട്ടാചാര്യ, ഡയറക്ടര്‍ പ്രഫ. മഹാദേവ ജയ്‌സ്വാള്‍ ജി, അധ്യാപകരെ, ജീവനക്കാരെ, എന്റ യുവ സഹപ്രവര്‍ത്തകരെ,
ഇന്ന് ഐ.ഐ.എം. ക്യാംപസിനു തറക്കല്ലിടപ്പെടുന്നതോടെ ഒഡിഷയിലെ യുവാക്കളുടെ ശേഷിക്കു പുതിയ ഊര്‍ജം പകരാന്‍ സഹായകമായ പുതിയ ശില കൂടി പാകിക്കഴിഞ്ഞു. ഒഡിഷയുടെ മഹത്തായ സംസ്‌കാരത്തിനും വിഭവങ്ങള്‍ക്കുമൊപ്പം സംസ്ഥാനത്തിനു പുതിയ സവിശേഷത കൂടി പകരുന്നതാണ് ഐ.ഐ.എം. സാംബാല്‍പൂരിന്റെ സ്ഥിരം ക്യാംപസ്. പുതുവല്‍സരത്തിലുള്ള ഈ ഉദ്ഘാടനം നമ്മുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ ദശാബ്ദത്തില്‍ രാജ്യം സാക്ഷിയായ ഒരു പ്രവണത ബഹുരാഷ്ട്ര കമ്പനികള്‍ വലിയ തോതില്‍ ഇവിടെ എത്തുകയും ഇവിടെ വളരുകയും ചെയ്യുന്നതാണ്. ഇന്ത്യയുടെ ശേഷി ലോകത്തിനു മുമ്പില്‍ പ്രകടിപ്പിക്കാന്‍ ഏറ്റവും യോജിച്ച സമയമാണ് ഇത്. ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകള്‍ നാളത്തെ ബഹുരാഷ്ട്ര കമ്പനികളാണ്. ഈ സ്റ്റാര്‍ട്ടപ്പുകളുടെ സ്വാധീനം നാം സാധാരണമായി രണ്ടാമതോ മൂന്നാമതോ നിരയില്‍പ്പെട്ടതായി കണക്കാക്കുന്ന നഗരങ്ങളില്‍ പ്രകടമാകും. ഇന്ത്യന്‍ യുവാക്കള്‍ രൂപീകരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളായ ഈ കമ്പനികള്‍ മുമ്പോട്ടു കൊണ്ടുപോകുന്നതിനു മികച്ച മാനേജര്‍മാര്‍ ആവശ്യമാണ്. രാജ്യത്തിന്റെ പുതിയ മേഖലകളില്‍നിന്ന് ഉയര്‍ന്നുവരുന്നതും അനുഭവജ്ഞരുമായ മാനേജ്‌മെന്റ് വിദഗ്ധര്‍ ഇന്ത്യന്‍ കമ്പനികളെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതില്‍ വലിയ പങ്കു വഹിക്കും.
സുഹൃത്തുക്കളെ,
ഈ വര്‍ഷം കോവിഡ് ഉണ്ടായിട്ടും ഇന്ത്യ ഈ രംഗത്തു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേട്ടമുണ്ടാക്കിയെന്നു വായിക്കാനിടയായി. കൃഷി മുതല്‍ ബഹിരാകാശം വരെയുള്ള മേഖലകളില്‍ നടപ്പാക്കിവരുന്ന മുന്‍പില്ലാത്ത വിധമുള്ള പരിഷ്‌കാരങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ബ്രാന്‍ഡ് ഇന്ത്യക്കു പുതിയ ആഗോള പ്രതിച്ഛായ സൃഷ്ടിക്കേണ്ട ഉത്തരവാദിത്തം നാം ഓരോരുത്തര്‍ക്കുമുണ്ട്; വിശേഷിച്ചും യുവാക്കള്‍ക്ക് ഉണ്ട്.
സുഹൃത്തുക്കളെ,
ഐ.ഐ.എം. സാംബാല്‍പൂരിന്റെ ദൗത്യമന്ത്രം നൂതനാശയം, സമഗ്രത, ഉള്‍ച്ചേര്‍ക്കല്‍ എന്നതാണ്. ഈ മന്ത്രത്തിന്റെ കരുത്തുമായി നിങ്ങളുടെ മാനേജ്‌മെന്റ് നൈപുണ്യം രാജ്യത്തിനു മുമ്പില്‍ പ്രകടമാക്കേണ്ടതുണ്ട്. ഐ.ഐ.എമ്മിന്റെ സ്ഥിരം ക്യാംപസ് നിര്‍മിക്കപ്പെടുന്ന സ്ഥലത്ത് വൈദ്യശാസ്ത്ര സര്‍വകലാശാലയും എന്‍ജിനീയറിങ് സര്‍വകലാശാലയും മറ്റു മൂന്നു സര്‍വകലാശാലകളും സൈനിക സ്‌കൂളും സി.ആര്‍.പി.എഫിനും പൊലീസിനുമുള്ള പരിശീലന കേന്ദ്രങ്ങളും ഉണ്ട്. ഐ.ഐ.എം. പോലെ അഭിമാനത്തിന്റെ പ്രതീകമായ സ്ഥാപനം കൂട്ടിച്ചേര്‍ക്കപ്പെടുന്നതോടെ സാംബാല്‍പൂര്‍ മേഖല എത്ര വലിയ വിദ്യാഭ്യാസ കേന്ദ്രമായി മാറാന്‍ പോകുന്നു എന്ന് സാംബാല്‍പൂരിനെ കുറിച്ച് അറിയാത്തവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഐ.ഐ.എം. സാംബാല്‍പൂരിനും അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വിദഗ്ധര്‍ക്കും ലഭിക്കുന്ന ഏറ്റവും വലിയ ഗുണം ആ പ്രദേശം പ്രായോഗിക പഠനത്തിനുള്ള ലാബ് പോലെയാണ് എന്നതാണ്. പ്രകൃതിയെക്കുറിച്ചു പറയുകയാണെങ്കില്‍ ഈ പ്രദേശത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനു വിദ്യാര്‍ഥികളുടെ ആശയങ്ങളും മാനേജ്‌മെന്റ് നൈപൂണ്യവും സഹായകമാകും. സാംബാല്‍പൂരി വസ്ത്രങ്ങള്‍ രാജ്യത്തും വിദേശത്തും പ്രശസ്തമാണ്. ബന്ധ-ഇകത് വസ്ത്രവും അതിന്റെ സവിശേഷ മാതൃകയും രൂപഭംഗിയും ഇഴയടുപ്പവും വളരെയധികം വേറിട്ടതാണ്. സാംബാല്‍പൂരിലെ പ്രാദേശിക ഉല്‍പന്നങ്ങളെ പ്രശസ്തമാക്കുക എന്നത് ഐ.ഐ.എം. വിദ്യാര്‍ഥികളുടെ പ്രധാന ഉത്തരവാദിത്തമാണ്.
സുഹൃത്തുക്കളെ,
സാംബാല്‍പൂരും പരിസര പ്രദേശങ്ങളും ധാതുക്കള്‍ക്കും ഖനനത്തിനും പ്രശസ്തമാണെന്നു നിങ്ങള്‍ക്കു നന്നായി അറിയാം. ഗുണമേന്‍മയേറിയ ഇരുമ്പയിര്, ബോക്‌സൈറ്റ്, ക്രോമൈറ്റ്, മാന്‍ഗനീസ്, കല്‍ക്കരി, ലൈംസ്‌റ്റോണ്‍, രത്‌നക്കല്ലുകള്‍, സ്വര്‍ണം തുടങ്ങിയവ ഇവിടത്തെ പ്രകൃതിവിഭവങ്ങളാണ്. രാജ്യത്തിന്റെ പ്രകൃതിയിലെ ഈ സ്വത്തുക്കള്‍ എങ്ങനെ മെച്ചപ്പെട്ട നിലയില്‍ പരിപാലിക്കാമെന്നതു സംബന്ധിച്ച പുതിയ ആശയങ്ങള്‍ നിങ്ങള്‍ക്കുണ്ടാവണം. ഈ മേഖലയെ എങ്ങനെ വികസിപ്പിക്കാമെന്നും ജനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാക്കാമെന്നും ആലോചിക്കണം.
സുഹൃത്തുക്കളെ,
ഞാന്‍ ചില ഉദാഹരണങ്ങള്‍ മാത്രമാണു പറഞ്ഞത്. ഒഡിഷയില്‍ എന്താണ് ഇല്ലാത്തത്? അതു വനസമ്പത്താകട്ടെ, ധാതുക്കളാകട്ടെ, രംഗവടി സംഗീതമാകട്ടെ, ഗോത്ര കലയാകട്ടെ, കരകൗശലമാകട്ടെ, പ്രകൃതികവി ഗംഗാധര്‍ മെഹറിന്റെ കവിതകളുമാവട്ടെ. സാംബാല്‍പുരി വസ്ത്രങ്ങള്‍ക്കോ കട്ടക്കിലെ കസവു ചിത്രത്തുന്നലിനോ ആഗോള സ്വീകാര്യത സൃഷ്ടിക്കാനും ഇവിടത്തെ വിനോദസഞ്ചാരം വര്‍ധിപ്പിക്കാനും നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുമ്പോള്‍ അത് ആത്മനിര്‍ഭര്‍ ഭാരതിനു മാത്രമല്ല, ഒഡിഷയുടെ സമഗ്ര വികസനത്തിനും പുതിയ ഊര്‍ജം പകരും.
സുഹൃത്തുക്കളെ,
രാജ്യത്തിന്റെ സ്വാശ്രയ ദൗത്യത്തില്‍ പ്രാദേശിക ഉല്‍പന്നങ്ങള്‍ക്കും രാജ്യാന്തര സഹകരണത്തിനും ഇടയിലുള്ള പാലമായി നിലകൊള്ളാന്‍ ഐ.ഐ.എമ്മുകള്‍ക്കു സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നുപന്തലിച്ച നിങ്ങളുടെ പൂര്‍വവിദ്യാര്‍ഥി ശൃംഖലയ്ക്ക് ഇക്കാര്യത്തില്‍ ഏറെ സഹായം നല്‍കാന്‍ സാധിക്കും. നമുക്ക് 2014 വരെ 13 ഐ.ഐ.എമ്മുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ രാജ്യത്ത് 20 ഐ.ഐ.എമ്മുകള്‍ ഉണ്ട്. ഇത്തരത്തിലുള്ള വലിയ അളവിലുള്ള പ്രതിഭാ ശേഖരത്തിന് ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തെ പിന്‍തുണയ്ക്കാന്‍ സാധിക്കും.
സുഹൃത്തുക്കളെ,
ലോകത്തിനു മുന്നില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കില്‍, മാനേജ്‌മെന്റ് ലോകത്തിനു മുന്നിലുള്ളതു വെല്ലുവിളികളും പുതിയതാണ്. ഉദാഹരണത്തിന് 3ഡി പ്രിന്റിങ് ഉല്‍പാദന സമ്പദ് വ്യവസ്ഥയെ ആകെ മാറ്റിമറിക്കുകയാണ്. കഴിഞ്ഞ മാസം ചെന്നൈയില്‍ ഒരു കമ്പനി ഒരു രണ്ടു നില കെട്ടിടത്തിന്റെ 3ഡി പ്രിന്റിനു രൂപരേഖ തയ്യാറാക്കിയതായി നിങ്ങള്‍ വായിച്ചുകാണും. ഉല്‍പാദനത്തിന്റെ രീതികള്‍ മാറുമ്പോള്‍ ചരക്കുനീക്കത്തിന്റെയും വിതരണത്തിന്റെയും ശൃംഖലാ ക്രമീകരണങ്ങളും മാറും. അതുപോലെ, എല്ലാ ഭൂമിശാസ്ത്രപരമായ പരിമിതികളെയും സാങ്കേതിക വിദ്യ ഇല്ലാതാക്കുകയാണ്. വ്യോമഗതാഗത സൗകര്യം 20ാം നൂറ്റാണ്ടില്‍ ബിസിനസ് തടസ്സമില്ലാത്തതാക്കിയെങ്കില്‍ 21ാം നൂറ്റാണ്ടില്‍ ബിസിനസ് പരിഷ്‌കരിക്കാന്‍ പോകുന്നതു ഡിജിറ്റല്‍ കണക്റ്റിവിറ്റിയാണ്. എവിടെനിന്നും ജോലി ചെയ്യാമെന്ന ആശയത്തോടെ ലോകം ആഗോള ഗ്രാമത്തില്‍ നിന്ന് ആഗോള തൊഴിലിടമായി മാറി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട എല്ലാ പരിഷ്‌കാരങ്ങളും നടപ്പാക്കി. കാലത്തിനൊപ്പം നടക്കാന്‍ മാത്രമല്ല, കാലത്തിനു മുന്നേ നടക്കാനുമാണു നമ്മുടെ ശ്രമം.
സുഹൃത്തുക്കളെ,
തൊഴില്‍ശൈലിയിലുള്ള മാറ്റത്തിലൂടെ മാനേജ്‌മെന്റ് നൈപുണ്യത്തിനുള്ള ആവശ്യകതയും മാറുകയാണ്. ഇപ്പോള്‍ ടോപ്ഡൗണ്‍, ടോപ് ഹെവി മാനേജ്‌മെന്റുകളല്ല, സഹകരിച്ചുള്ളതും നൂതനവും മാറ്റം സാധ്യമാക്കുന്നതുമായ മാനേജ്‌മെന്റാണു വേണ്ടത്. ഇത്തരം സഹകരണങ്ങള്‍ കൂട്ടാളികള്‍ക്കും പ്രധാനമാണ്; എന്നാല്‍ ടീമംഗങ്ങളായി ഇപ്പോള്‍ നമുക്കൊപ്പം ബോട്ടുകളും അല്‍ഗോരിതങ്ങളും ഉണ്ട്.
രാജ്യത്താകമാനമുള്ള ഐ.ഐ.എമ്മുകളോടും മറ്റു ബിസിനസ് മാനേജ്‌മെന്റ് സ്‌കൂളുകളോടും ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. കൊറോണ ബാധയുടെ ഇക്കാലത്തു സാങ്കേതിക വിദ്യയുടെയും ടീം വര്‍ക്കിന്റെയും ആവേശത്തില്‍ രാജ്യം എങ്ങനെ പ്രവര്‍ത്തിച്ചു എന്നും 130 കോടി ജനങ്ങളെ സംരക്ഷിക്കാന്‍ എങ്ങനെയാണു നടപടികള്‍ കൈക്കൊണ്ടത് എന്നും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയത് എങ്ങനെയെന്നും സഹകരിച്ചത് എങ്ങനെയെന്നും പൊതുജന പങ്കാളിത്തമുള്ള പ്രചരണങ്ങള്‍ എങ്ങനെ നടത്തിയെന്നും നോക്കണം. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം ഗവേഷണം നടക്കുകയും രേഖകള്‍ തയ്യാറാക്കപ്പെടുകയും വേണം. എങ്ങനെയാണ് 130 കോടി ജനങ്ങളുള്ള രാജ്യം നൂതനാശയങ്ങള്‍ ഓരോ സമയത്തും കണ്ടെത്തുന്നത്? വളരെ ചെറിയ കാലംകൊണ്ട് എങ്ങനെ ഇന്ത്യ ശേഷിയും കഴിവും വര്‍ധിപ്പിച്ചു? മാനേജ്‌മെന്റിനു പഠിക്കാന്‍ വലിയൊരു പാഠമുണ്ട്. രാജ്യം കോവിഡ് കാലത്തു പി.പി.ഇ. കിറ്റുകള്‍, മുഖകവചങ്ങള്‍, വെന്റിലേറ്റര്‍ എന്നിവയ്ക്കു ശാശ്വത പരിഹാരം കണ്ടെത്തി.
സുഹൃത്തുക്കളെ,
പ്രശ്‌ന പരിഹാരത്തിനു ഹ്രസ്വകാല സമീപനം സ്വീകരിക്കുന്ന പാരമ്പര്യം നമുക്കുണ്ട്. രാജ്യം ആ മാനസികാവസ്ഥയില്‍നിന്നു പുറത്തുവന്നിരിക്കുന്നു. ഇപ്പോള്‍ താല്‍ക്കാലിക ആവശ്യങ്ങള്‍ക്കുപരി ദീര്‍ഘകാല പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനാണു നമ്മുടെ ഊന്നല്‍. ഇതില്‍നിന്നു മാനേജ്‌മെന്റിന്റെ നല്ലൊരു പാഠം ഒരാള്‍ക്കു പഠിക്കാന്‍ സാധിക്കും. അരുന്ധതി ജി നമുക്കൊപ്പമുണ്ട്. അക്കാലത്തു ബാങ്കിന്റെ ചുമതല ഉണ്ടായിരുന്നതിനാല്‍ രാജ്യത്തെ ദരിദ്രര്‍ക്കായുള്ള ജന്‍ധന്‍ അക്കൗണ്ടുകള്‍ക്കായി നടപ്പാക്കിയ ആസൂത്രണം, നടപ്പാക്കല്‍, മാനേജ്‌മെന്റ് എന്നിവ പൂര്‍ണമായും അവര്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ പോലും ബാങ്കില്‍ പോയിട്ടില്ലാത്ത 40 കോടിയിലേറെ ദരിദ്രര്‍ക്കു ബാങ്ക് അക്കൗണ്ട് തുടങ്ങുക എളുപ്പമല്ല. വലിയ കമ്പനികള്‍ കൈകാര്യം ചെയ്യല്‍ മാത്രമല്ല മാനേജ്‌മെന്റ് എന്നു സൂചിപ്പിക്കാനാണു ഞാന്‍ ഇതു പറയുന്നത്. ജീവിതങ്ങളെ ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യുക എന്നതാണ് ഇന്ത്യ പോലൊരു രാജ്യത്തു മാനേജ്‌മെന്റിന്റെ യഥാര്‍ഥ അര്‍ഥം. ഞാന്‍ നിങ്ങള്‍ക്കു മറ്റൊരു ഉദാഹരണം പറഞ്ഞുതരാം. കാരണം, ഒഡിഷയുടെ അദ്ഭുതമായ ധര്‍മേന്ദ്ര പ്രധാന്‍ ജി അതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തു സ്വാതന്ത്ര്യം കഴിഞ്ഞ പത്തു വര്‍ഷത്തോളം പിന്നിടുമ്പോഴേക്കും പാചകവാതകം എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദശകങ്ങളില്‍ പാചക വാതകം ആഡംബര വസ്തുവായി മാറി. അതു ധനികരുടെ അഭിമാന ചിഹ്നമായി മാറി. ഗ്യാസ് കണക്ഷന്‍ കിട്ടാന്‍ ജനങ്ങള്‍ പലവട്ടം പോകേണ്ടിവന്നു. എന്നാല്‍ത്തന്നെയും കിട്ടുമായിരുന്നില്ല എന്ന സ്ഥിതിയും ഉണ്ടായിരുന്നു. ആറു വര്‍ഷം മുന്‍പു വരെ, അതായത് 2014 വരെ രാജ്യത്ത് 55 ശതമാനം പേര്‍ക്കു മാത്രമാണു പാചകവാതകം ലഭിച്ചിരുന്നത്. ശാശ്വത പരിഹാരം ലക്ഷ്യംവെക്കാതിരിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. 60 വര്‍ഷംകൊണ്ട് ജനങ്ങളില്‍ 55 ശതമാനം പേര്‍ക്കു മാത്രമേ പാചക വാതകം ലഭിച്ചുള്ളൂ! രാജ്യം ആ വേഗത്തിലായിരുന്നു മുന്നോട്ടു പോയിരുന്നതെങ്കില്‍ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ മാത്രമേ എല്ലാവര്‍ക്കും പാചക വാതക കണക്ഷന്‍ ലഭിക്കുമായിരുന്നുള്ളൂ. 2014ല്‍ ഞങ്ങളുടെ ഗവണ്‍മെന്റ് രൂപീകൃതമായതോടെ ഈ പ്രശ്‌നത്തിനു ശാശ്വത പരിഹാരം വേണമെന്ന തീരുമാനമുണ്ടായി. ഇപ്പോള്‍ രാജ്യത്ത് എത്ര ശതമാനം പേര്‍ക്കു പാചകവാതകം ലഭിക്കുന്നുണ്ട് എന്നറിയാമോ? 98 ശതമാനത്തിലേറെ പേര്‍ക്ക്. പുതിയതായി വല്ലതും തുടങ്ങുന്നതു ചെറിയ നീക്കങ്ങള്‍ എളുപ്പമാക്കുമെന്നു മാനേജ്‌മെന്റ് രംഗത്തുള്ള നിങ്ങള്‍ക്കെല്ലാം അറിയാം. എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണു ശരിയായ വെല്ലുവിളി.
സുഹൃത്തുക്കളെ,
ഇതു നാം എങ്ങനെ നേടി എന്ന ചോദ്യമാണ് അപ്പോഴുള്ളത്. മാനേജ്‌മെന്റ് രംഗത്തു മുന്നിട്ടുനില്‍ക്കുന്നവര്‍ എന്ന നിലയില്‍ നിങ്ങള്‍ക്കുള്ള നല്ല കേസ് സ്റ്റഡിയാണ് ഇത്.
സുഹൃത്തുക്കളെ,
നാം പ്രശ്‌നം ഒരു വശത്തും ശാശ്വത പരിഹാരം മറുവശത്തുമായി വെച്ചു. പുതിയ വിതരണക്കാരെ സംബന്ധിച്ചുള്ളതായിരുന്നു വെല്ലുവിളി. നാം പുതിയ 10,000 പാചക വിതരണക്കാരെ ചുമതലപ്പെടുത്തി. ബോട്ട്‌ലിങ് പ്ലാന്റിന്റെ ശേഷി ആയിരുന്നു വെല്ലുവിളി. നാം രാജ്യത്താകമാനം ബോട്ട്‌ലിങ് പ്ലാന്റുകള്‍ സ്ഥാപിച്ചു രാജ്യത്തെ ശേഷി വര്‍ധിപ്പിച്ചു. ഇറക്കുമതി ടെര്‍മിനലിന്റെ ശേഷി പ്രശ്‌നമായിരുന്നു. നാം അതും ശരിയാക്കി. പൈപ്പ് ലൈനിന്റെ ശേഷി പ്രശ്‌നമായിരുന്നു. നാം അതിനായി ആയിരക്കണക്കിനു കോടി രൂപ ചെലവാക്കിക്കൊണ്ടിരിക്കുകയാണ്. ദരിദ്രരായ ഗുണഭോക്താക്കളെ കണ്ടെത്തുക വെല്ലുവിളി ആയിരുന്നു. തീര്‍ത്തും സുതാര്യമായും വിശേഷിച്ച് ഉജ്വല യോജന ആരംഭിച്ചും നാം അതും ചെയ്തു.
സുഹൃത്തുക്കളെ,
ശാശ്വത പരിഹാരം കണ്ടെത്തുക വഴി രാജ്യത്ത് ഇപ്പോള്‍ 28 കോടിയിലേറെ പാചക വാതക കണക്ഷനുകള്‍ ഉണ്ട്. 2014നു മുന്‍പ് രാജ്യത്തു 14 കോടി പാചക വാതക കണക്ഷനുകള്‍ ഉണ്ടായിരുന്നു. 60 വര്‍ഷത്തിനിടെ കേവലം 14 കോടി കണക്ഷന്‍ എന്നതു സംബന്ധിച്ചു ചിന്തിച്ചുനോക്കൂ! കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 14 കോടിയിലേറെ കണക്ഷനുകള്‍ നാം നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ പാചക വാതകത്തിനായി ഓടേണ്ട കാര്യമില്ല. ഉജ്വല യോജന പ്രകാരം ഒഡിഷയില്‍ 50 ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്കു ഗ്യാസ് ലഭിച്ചു. രാജ്യത്ത് ഈ രംഗത്തു നടന്നുവരുന്ന ശേഷി വര്‍ധിപ്പിക്കലിന്റെ ഭാഗമായാണ് ഒഡിഷയിലെ 19 ജില്ലകളില്‍ സിറ്റി ഗ്യാസ് വിതരണ ശൃംഖല നടപ്പാക്കിവരുന്നത്.
സുഹൃത്തുക്കളെ,
ഞാന്‍ നിങ്ങളോട് ഈ ഉദാഹരണങ്ങള്‍ പറയാന്‍ കാരണം, നിങ്ങള്‍ എത്രത്തോളം രാജ്യത്തിന്റെ ആവശ്യങ്ങളും രാജ്യം നേരിടുന്ന വെല്ലുവിളികളും തിരിച്ചറിയുന്നുവോ അത്രയും വേഗം നിങ്ങള്‍ നല്ല മാനേജര്‍മാര്‍ ആവുകയും ഏറ്റവും നല്ല പരിഹാരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നവരായി മാറുകയും ചെയ്യും എന്നതിനാലാണ്. വൈദഗ്ധ്യത്തിന് ഊന്നല്‍ നല്‍കുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധ്യതകള്‍ വിപുലപ്പെടുത്തുകയും വേണം. അവിടെയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അതില്‍ വലിയ പങ്കു വഹിക്കാനുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയം വിശാലമായ അടിത്തറയുള്ളതും പല വിജ്ഞാന ശാഖകള്‍ ഉള്‍പ്പെട്ടതും സമഗ്രമായ സമീപനത്തിന് ഊന്നല്‍ നല്‍കുന്നതുമാണ്. പ്രഫഷണല്‍ വിദ്യാഭ്യാസത്തില്‍ നേരിടുന്ന തടസ്സങ്ങള്‍ നീക്കുന്നതിനു ശ്രമങ്ങള്‍ നടന്നുവരികയാണ്. രാജ്യത്തിന്റെ വികസനത്തിനായി എല്ലാവരെയും മുഖ്യധാരയില്‍ എത്തിക്കേണ്ടിയിരിക്കുന്നു. ഇത് എല്ലാവരെയും ഉള്‍പ്പെടുത്തി വേണം. ഈ വീക്ഷണം നിങ്ങള്‍ക്കു തിരിച്ചറിയാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്. സ്വാശ്രയ ഇന്ത്യയെന്ന പ്രചരണം നിങ്ങളുടെയും ഐ.ഐ.എം.സാംബാല്‍പൂരിന്റെയും ശ്രമങ്ങളിലൂട യാഥാര്‍ഥ്യമാകും. നന്ദി, നമസ്‌കാരം.
കുറിപ്പ്: പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ഏകദേശ തര്‍ജ്ജമയാണ് ഇത്. അദ്ദേഹം പ്രസംഗിച്ചത് ഹിന്ദിയിലായിരുന്നു.
***
(Release ID: 1685925)
Visitor Counter : 232
Read this release in:
English
,
Hindi
,
Urdu
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada