വിദേശകാര്യ മന്ത്രാലയം

എസ്റ്റോണിയ, പരാഗ്വേ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളില്‍ 3 ഇന്ത്യന്‍ മിഷനുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 30 DEC 2020 3:42PM by PIB Thiruvananthpuram

2021 ല്‍ എസ്റ്റോണിയ, പരാഗ്വേ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളില്‍ 3 ഇന്ത്യന്‍ മിഷനുകള്‍ ആരംഭിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

നിര്‍വഹണ നയം:

ഈ രാജ്യങ്ങളില്‍ ഇന്ത്യന്‍ മിഷനുകള്‍ ആരംഭിക്കുന്നത് ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ വിപുലീകരിക്കാനും രാഷ്ട്രീയ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാനും ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാമ്പത്തിക ഇടപെടലുകള്‍ എന്നിവ സുഗമമാക്കാനും സഹായിക്കും. ജനങ്ങള്‍ തമ്മിലുള്ള ബന്ധം ഉറപ്പാക്കാനും ഇന്ത്യയുടെ വിദേശ നയങ്ങള്‍ക്കു പിന്തുണ ലഭ്യമാകാനും ഇത്‌സഹായകമാകും.

ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍ ഇന്ത്യന്‍ സമൂഹത്തിനും വലിയ തോതില്‍ സഹായകമാകുകയും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വഴിയൊരുക്കുകയും ചെയ്യും.

ലക്ഷ്യം:

സുഹൃദ് രാജ്യങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നത് ഇന്ത്യയുടെ വിദേശനയത്തിന്റെ ലക്ഷ്യമാണ്. സുഹൃദ് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന്റെ ഇടനിലക്കാരായി നിലവില്‍ ലോകമെമ്പാടും വിവിധ ദൗത്യങ്ങളും കാര്യാലയങ്ങളുമുണ്ട്.

പുതിയ മൂന്ന് ഇന്ത്യന്‍ മിഷനുകള്‍ ആരംഭിക്കാനുള്ള തീരുമാനം ദേശീയ വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള('സബ്കാ സാത്ത് സബ്കാ വികാസ്') മുന്നോട്ടുള്ള പടിയാണ്. ഇന്ത്യയുടെ നയതന്ത്ര സാന്നിധ്യം വര്‍ധിപ്പിക്കുന്നത്, ഇന്ത്യന്‍ കമ്പനികള്‍ക്ക് വിപണിയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുകയും ഇന്ത്യയിലെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിക്ക് ഊര്‍ജം പകരുകയും ചെയ്യും. ഒരു സ്വയംപര്യാപ്ത ഇന്ത്യ അഥവാ 'ആത്മനിര്‍ഭര്‍  ഭാരത്' എന്ന ലക്ഷ്യത്തിന് അനുസൃതമായി ആഭ്യന്തര ഉല്‍പ്പാദനവും തൊഴിലും വര്‍ധിപ്പിക്കുന്നതില്‍ ഇത് നേരിട്ട് സ്വാധീനം ചെലുത്തുകയും ചെയ്യും.

 

***



(Release ID: 1684669) Visitor Counter : 193