പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഡിസംബര്‍ 27 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

മനസ്സ് പറയുന്നത് 2.0
(പത്തൊന്‍പതാം ലക്കം)

Posted On: 27 DEC 2020 11:40AM by PIB Thiruvananthpuram

 

 

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം.

 

ഇന്ന് ഡിസംബര്‍ 27. നാലുദിവസം കഴിയുമ്പോള്‍ 2021 തുടങ്ങുകയായി. ഇന്നത്തെ മന്‍ കി ബാത്ത് ഒരുവിധത്തില്‍ പറഞ്ഞാല്‍ 2020 ലെ അവസാനത്തേതാണ്. അടുത്ത മന്‍ കീ ബാത്ത് 2021 ല്‍ തുടങ്ങും. 

സുഹൃത്തുക്കളേ, എന്റെ മുന്‍പില്‍ നിങ്ങള്‍ എഴുതിയ വളരെയധികം കത്തുകളുണ്ട്. 'My gov' ല്‍ നിങ്ങള്‍ അയക്കുന്ന നിര്‍ദ്ദേശങ്ങളും എന്റെ മുന്‍പില്‍ ഉണ്ട്. ഒരുപാട് പേര്‍ ഫോണിലൂടെ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. ഈ കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളും 2021 ലേക്കുള്ള തീരുമാനങ്ങളുമാണ് മിക്ക കത്തുകളുടേയും ഉള്ളടക്കം. 'പുതുവര്‍ഷത്തില്‍ നമ്മള്‍ സാധാരണയായി മറ്റുള്ളവരെ അഭിനന്ദനം അറിയിക്കുന്നു, ആശംസകള്‍ അറിയിക്കുന്നു. എന്നാല്‍ ഇത്തവണ നമ്മള്‍ ഒരു പുതിയ കാര്യം ചെയ്താലോ? എന്തുകൊണ്ട് നമുക്ക് സ്വന്തം നാടിന് ശുഭാശംസകള്‍ നേര്‍ന്നുകൂടാ?' എന്ന് കോലാപൂരില്‍ നിന്നും അഞ്ജലി എഴുതി. അഞ്ജലി ജി, ഇത് തികച്ചും നല്ല വിചാരമാകുന്നു. നമ്മുടെ നാട് 2021 ല്‍ വിജയത്തിന്റെ പുതിയ കൊടുമുടി സ്പര്‍ശിക്കട്ടെ. ലോകത്തില്‍ ഭാരതത്തെ കുറിച്ചുള്ള തിരിച്ചറിവ് കൂടുതല്‍ ശക്തമാകട്ടെ. ഇതിനേക്കാള്‍ വലിയ ആഗ്രഹം മറ്റെന്താണ് ഉണ്ടാകേണ്ടത്!

സുഹൃത്തുക്കളേ, നമോ ആപ്പില്‍ മുംബൈയില്‍ നിന്നും അഭിഷേക് ഒരു മെസേജ് പോസ്റ്റ് ചെയ്തു. 2020 നമ്മെ എന്തൊക്കെ കാണിച്ചു തന്നു, എന്തൊക്കെ പഠിപ്പിച്ചു തന്നു. അതൊക്കെ ചിന്തിക്കാന്‍ പോലും കഴിയാത്തവയായിരുന്നു. കൊറോണയോട് അനുബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം എഴുതി. ഈ കത്തുകളിലും സന്ദേശങ്ങളിലും പൊതുവായി കാണപ്പെടുന്നതും വിശേഷിച്ചു നിഴലിക്കുന്നതിനെ കുറിച്ചുമാണ് ഞാന്‍ ഇന്നു നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നത്. അധികം കത്തുകളും നാടിന്റെ കഴിവിനേയും നാട്ടുകാരുടെ സാമൂഹിക ശക്തിയെയും മുക്തകണ്ഠം പ്രശംസിക്കുന്നവയാണ്. ജനതാ കര്‍ഫ്യൂ പോലുള്ള നൂതന പരീക്ഷണത്തേയും താലത്തില്‍ കൊട്ടിയും കൈകള്‍ കൊട്ടിയും നാട് കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനേയും ഒരുപാടു പേര്‍ ഓര്‍ത്തു. 

സുഹൃത്തുക്കളേ, ദേശത്തിലെ സാധാരണയില്‍ സാധാരണക്കാരായ ആളുകള്‍ ഈ മാറ്റത്തെ തിരിച്ചറിഞ്ഞു. ഞാന്‍ നമ്മുടെ നാട്ടില്‍ ആശയുടെ അത്ഭുതപ്രവാഹം തന്നെ കണ്ടു.  വെല്ലുവിളികള്‍ ഒരുപാട് വന്നു. പ്രതിസന്ധികളും അനേകം വന്നു. കൊറോണ കാരണം ലോകത്തിലെ വിതരണ ശൃംഖലയിലും ഒരുപാട് തടസ്സങ്ങള്‍ വന്നു. പക്ഷേ, നമ്മള്‍ ഓരോ പ്രതിസന്ധിയില്‍ നിന്ന് പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നാട്ടില്‍ പുതിയ കഴിവുകള്‍ ഉണ്ടായി. ഈ കഴിവുകളെ വാക്കുകളില്‍ രേഖപ്പെടുത്തണമെങ്കില്‍ അതിന് പേര് സ്വയംപര്യാപ്തത എന്നാണ്. 

സുഹൃത്തുക്കളേ, ദില്ലിയില്‍ നിന്ന് അഭിനവ ബാനര്‍ജി അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ എഴുതി അറിയിച്ചു. അവ വളരെ രസകരമാണ്. അഭിനവ്ജിക്ക് തന്റെ ബന്ധുക്കളായ കുറച്ചു കുട്ടികള്‍ക്ക് ഉപഹാരം നല്‍കുന്നതിനായി കളിപ്പാട്ടങ്ങള്‍ വാങ്ങണമായിരുന്നു. അതിനായി അദ്ദേഹം ദില്ലിയിലെ ഝണ്ടേവാലാ മാര്‍ക്കറ്റില്‍ പോയി. ദില്ലിയിലെ ഈ മാര്‍ക്കറ്റ് സൈക്കിളുകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും പേരുകേട്ടതാണെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാമല്ലോ. പണ്ട് അവിടെ വിലകൂടിയ കളിപ്പാട്ടമെന്നാല്‍ ഇറക്കുമതി ചെയ്ത കളിപ്പാട്ടമായിരുന്നു. വില കുറഞ്ഞ കളിപ്പാട്ടങ്ങളും വെളിയില്‍ നിന്നു വരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കടക്കാര്‍ ഇത് നല്ലതാണ്, ഇത് ഇന്ത്യന്‍ കളിപ്പാട്ടമാണ് -മെയ്ഡ് ഇന്‍ ഇന്ത്യ- എന്നുപറഞ്ഞ് ഇന്ത്യന്‍ കളിപ്പാട്ടങ്ങളാണത്രേ വില്‍ക്കുന്നത്. ഉപഭോക്താക്കളും അധികവും ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ ചോദിച്ചു വാങ്ങുന്നു എന്ന് അഭിനവ്ജി എഴുതുന്നു. ആളുകളുടെ ചിന്തയില്‍ എത്ര വലിയ മാറ്റമാണ് വന്നിരിക്കുന്നത് എന്നുള്ളതിന് ഉത്തമമായ തെളിവാണ് ഇത്. നമ്മുടെ നാട്ടിലെ ആളുകളുടെ ചിന്തയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ എത്രവലിയ മാറ്റമാണ് വന്നിരിക്കുന്നത്! ഈ മാറ്റത്തെ അളക്കുക എളുപ്പമല്ല. ധനതത്വ ശാസ്ത്രജ്ഞര്‍ക്കു പോലും ഇത് അളക്കുവാന്‍ കഴിയില്ല.

സുഹൃത്തുക്കളേ, വിശാഖപട്ടണത്തില്‍ നിന്ന് വെങ്കിട്ട മുരളി പ്രസാദ് എഴുതിയതിലും ഒരു വേറിട്ട ആശയമുണ്ട്. 'ഞാന്‍ താങ്കള്‍ക്ക് 2021 ലേക്ക് എന്റെ ABC അറ്റാച്ച് ചെയ്യുന്നു' എന്ന് അദ്ദേഹം എഴുതി. ABC കൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. അപ്പോള്‍ ഞാന്‍ കണ്ടു, അദ്ദേഹം കത്തിനോടൊപ്പം ഒരു ചാര്‍ട്ടും അറ്റാച്ച് ചെയ്തിരിക്കുന്നു. ഞാന്‍ ആ ചാര്‍ട്ട് നോക്കി. ABC കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് 'ആത്മനിര്‍ഭര്‍ ഭാരത്' എന്നാണെന്ന് എനിക്കു മനസ്സിലായി. അത് വളരെ രസകരമായി തോന്നി. വെങ്കിട്ടജി എന്നും ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളുടെയും ലിസ്റ്റ് ഉണ്ടാക്കി. അതില്‍ ഇലക്‌ട്രോണിക്, സ്റ്റേഷനറി, സെല്‍ഫ് കെയര്‍ ഇനങ്ങള്‍ ഉള്‍പ്പെടെ പലതും ഉണ്ട്. ഇന്ത്യയില്‍ വളരെ എളുപ്പം കിട്ടുന്ന പല സാധനങ്ങള്‍ക്കും പകരം അറിഞ്ഞോ അറിയാതെയോ നമ്മള്‍ വിദേശ നിര്‍മ്മിത സാധനങ്ങള്‍ വാങ്ങുന്നു. ഇനി അദ്ദേഹം ഇന്ത്യാക്കാരുടെ പ്രോത്സാഹനവും വിയര്‍പ്പുമടങ്ങിയ സാധനങ്ങളേ ഉപയോഗിക്കുകയുള്ളൂ എന്നു ശപഥം ചെയ്തിരിക്കുന്നു. 

സുഹൃത്തുക്കളേ, അദ്ദേഹം എനിക്കു രസകരമായി തോന്നിയ വേറെ ചില കാര്യങ്ങള്‍ കൂടി പറയുന്നു.  അദ്ദേഹം പറയുന്നു, നമ്മള്‍ ആത്മനിര്‍ഭര്‍ ഭാരതത്തെ പിന്‍താങ്ങുന്നു. എന്നാല്‍ തങ്ങളുടെ ഉല്പന്നങ്ങളുടെ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യരുത് എന്നുള്ള വ്യക്തമായ സന്ദേശം ഉല്പാദകര്‍ക്കും ചെല്ലേണ്ടതാണ്. കാര്യം ശരിയാണ്, സീറോ ഇഫക്ട്, സീറോ ഡിഫെക്ട് എന്ന ചിന്തയില്‍ ജോലി ചെയ്യാനുള്ള ഉചിതമായ സമയം ഇതാണ്. ആയതിലേക്ക് നമ്മുടെ ദേശവാസികള്‍ ഉറച്ച കാല്‍വെയ്പ്പ് നടത്തിയിരിക്കുന്നു എന്ന് നമ്മുടെ ഉല്പാദകരോടും ഇന്‍ഡസ്ട്രി ലീഡേഴ്‌സിനോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് വീടുവീടാന്തരം Vocal for Local എന്ന മുദ്രാവാക്യം മുഴങ്ങി കേള്‍ക്കുന്നു. ആയതിനാല്‍ നമ്മുടെ ഉല്പ്പന്നങ്ങള്‍ ലോകോത്തരമാകണെന്ന് ഉറപ്പിക്കേണ്ട സമയമായിരിക്കുന്നു. ലോകോത്തരമായ എന്തും നമ്മള്‍ ഇന്ത്യയില്‍ ഉണ്ടാക്കി കാണിക്കണം. ഇതിനായി നമ്മുടെ സംരംഭകരും സ്റ്റാര്‍ട്ടപ്‌സും മുന്‍പോട്ടു വരണം. തന്റെ ഉത്തമമായ പ്രയത്‌നത്തിനു ഞാന്‍ ഒരിക്കല്‍ക്കൂടി ശ്രീ വെങ്കിട്ടനെ അനുമോദനം അറിയിക്കുന്നു. 

സുഹൃത്തുക്കളേ, നമ്മുക്ക് ഈ വികാരത്തെ പരിപാലിക്കണം, സംരക്ഷിക്കണം. ഞാന്‍ എന്റെ ദേശത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ഓരോ ദിവസവും ഉപയോഗിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് നിങ്ങള്‍ ഉണ്ടാക്കുക. നമ്മള്‍ അറിയാതെ നമ്മുടെ ജീവിതത്തിലേക്കു കടന്നുവന്ന, നമ്മെ വിദേശ ബന്ധികളാക്കിയ, വിദേശ നിര്‍മ്മിത വസ്തുക്കള്‍ ഏതൊക്കെയാണെന്ന് നമുക്കപ്പോള്‍ മനസ്സിലാകും. അവയുടെ ഇന്ത്യന്‍ നിര്‍മ്മിത ബദലുകള്‍ ഏതാണെന്ന് ഏതാണെന്ന് മനസ്സിലാക്കുക. ഇന്ത്യയില്‍ ഉല്പാദിപ്പിക്കപ്പെടുന്നതും ഇന്ത്യക്കാരുടെ പ്രയത്‌നവും വിയര്‍പ്പും അടങ്ങിയ ഉല്പ്പന്നങ്ങളേ ഉപയോഗിക്കൂ എന്നും തീരുമാനിക്കുക. നിങ്ങള്‍ എല്ലാ വര്‍ഷവും പുതുവര്‍ഷ പ്രതിജ്ഞ എടുക്കാറുണ്ടല്ലോ? ഇത്തവണ ഒരു റെസല്യൂഷന്‍ നമ്മുടെ നാടിനു വേണ്ടി കൂടി എടുക്കുക. 

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, തീവ്രവാദികളില്‍ നിന്നും അക്രമികളില്‍ നിന്നും നമ്മുടെ നാടിനെയും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള നമ്മുടെ സംസ്‌കാരത്തെയും ജീവിത രീതിയെയും സംരക്ഷിക്കുന്നതിനായി ജീവിതം ബലിയര്‍പ്പിച്ചവരെ സ്മരിക്കേണ്ട ദിനം കൂടിയാണിന്ന്. ഇന്നേ ദിവസമാണ് ഗുരു ഗോവിന്ദ്ജിയുടെ പുത്രന്മാരായ ജോരാവര്‍ സിംഹിനെയും ഫത്തേഹ് സിംഹിനെയും ജീവനോടെ കല്ലറയിലാക്കിയത്. ഇവര്‍ ഇവരുടെ വിശ്വാസവും മഹത്തായ ഗുരുപരമ്പരയില്‍ നിന്ന് ആര്‍ജ്ജിച്ച പാഠങ്ങളും ഉപേക്ഷിക്കണമെന്നാണ്   ഉപദ്രവകാരികള്‍ ആഗ്രഹിച്ചത്. പക്ഷേ, ഇവര്‍ ചെറുപ്രായത്തില്‍ തന്നെ അസാമാന്യമായ ധൈര്യവും ഇച്ഛാശക്തിയും പ്രകടിപ്പിച്ചു. കല്ലുകള്‍ കൊണ്ടു കല്ലറ കെട്ടിപ്പൊക്കിയപ്പോഴും കല്ലറയുടെ ചുമരിന്റെ ഉയരം കൂടിയപ്പോഴും മരണം മുന്നില്‍ കണ്ടപ്പോഴും ഇവര്‍ നിന്നിടത്തു നിന്ന് അനങ്ങിയില്ല. ഇന്നേ ദിവസം തന്നെയാണ് ഗുരു ഗോവിന്ദ് സിംഹിന്റെ മാതാവ് മാതാ ഗുജ്രി രക്തസാക്ഷിത്വം വരിച്ചത്. ഏകദേശം ഒരാഴ്ച മുന്‍പായിരുന്നു ശ്രീ ഗുരു തേജ് ബഹാദുര്‍ജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ എനിക്ക് ഇവിടെ ദില്ലിയിലെ രകാബ്ഗന്‍ജ് ഗുരുദ്വാരയില്‍ പോയി ഗുരു തേജ് ബഹാദുര്‍ജിക്ക് ആദരാഞ്ജലി അര്‍പ്പിക്കുവാനും പ്രാര്‍ത്ഥിക്കുവാനുമുള്ള അവസരം കിട്ടിയത്. ഗുരു ഗോവിന്ദ്ജിയില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് ഒരുപാടാളുകള്‍ നിലത്തു കിടന്ന് ഉറങ്ങുന്നതും ഈ മാസം തന്നെയാണ്. ശ്രീ ഗുരു ഗോവിന്ദ് സിംഗ്ജിയുടെ കുടുംബാംഗങ്ങള്‍ വഹിച്ച രക്തസാക്ഷിത്വത്തെ വളരെ വികാരാവേശത്തോടു കൂടിയാണ് ആളുകള്‍ സ്മരിക്കുന്നത്. ഈ രക്തസാക്ഷിത്വം രാജ്യത്തിനും മനുഷ്യരാശിക്കും പുതിയ ഒരു പാഠം നല്‍കി. നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കുക എന്ന മഹത്തായ കാര്യവും ഈ രക്തസാക്ഷിത്വം നിര്‍വ്വഹിച്ചു. നമ്മള്‍ എല്ലാവരും ഈ രക്തസാക്ഷിത്വത്തോട് കടപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ക്കൂടി ഞാന്‍ ശ്രീ ഗുരു തേജ് ബഹാദുര്‍ജി, മാതാ ഗുരുജി, ഗോവിന്ദ് സിംഗ്ജിയുടെ

നാലു പുത്രന്മാര്‍ എന്നിവരുടെ രക്തസാക്ഷിത്വത്തിനു മുന്‍പില്‍ നമിക്കുന്നു. ഇതുപോലെയുള്ള അനേകം രക്തസാക്ഷിത്വങ്ങളാണ് ഭാരതത്തിന്റെ ഇന്നത്തെ രൂപത്തെ സംരക്ഷിക്കുന്നതും നിലനിര്‍ത്തുന്നതും.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇനി ഞാന്‍ പറയാന്‍ പോകുന്നത് നിങ്ങള്‍ക്കേവര്‍ക്കും സന്തോഷവും അഭിമാനവും നല്‍കുന്ന കാര്യമാണ്. ഭാരതത്തില്‍ 2014 നും 2018 നും ഇടയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2014 ല്‍ നാട്ടില്‍ പുലികളുടെ എണ്ണം ഏകദേശം 7,900 ആയിരുന്നു. 2019 ല്‍ ഇവയുടെ സംഖ്യ വര്‍ദ്ധിച്ച് 12,852 ആയി. ഈ പുള്ളിപ്പുലികളേ കുറിച്ചാണ് ജിം കോര്‍ബറ്റ് ഇങ്ങനെ പറഞ്ഞത്, 'പുള്ളിപ്പുലികളെ പ്രകൃതിയില്‍ സ്വച്ഛന്ദം വിഹരിക്കുന്നത് കണ്ടിട്ടില്ലാത്ത ആളുകള്‍ക്ക് അവയുടെ ഭംഗിയെ കുറിച്ച് സങ്കല്പ്പിക്കാന്‍ പോലും കഴിയില്ല. അവയുടെ നിറങ്ങളുടെ ചാരുതയും അവയുടെ നടത്തത്തിന്റെ മനോഹാരിതയും ഊഹിക്കാന്‍ പോലും കഴിയില്ല'' എന്ന്. രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് മദ്ധ്യഭാരതത്തില്‍ പുള്ളിപ്പുലികളുടെ സംഖ്യ വര്‍ദ്ധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പുള്ളിപ്പുലികളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മദ്ധ്യപ്രദേശും കര്‍ണ്ണാടകയും മഹാരാഷ്ട്രയുമാണ് മുന്നില്‍. ഇത് വളരെ വലിയ നേട്ടമാണ്. ലോകത്തില്‍ തന്നെ വര്‍ഷങ്ങളായി പുള്ളിപ്പുലികള്‍ ആപത്തുകള്‍ നേരിട്ടു വരികയാണ്. ലോകമെമ്പാടും അവരുടെ ആവാസ വ്യവസ്ഥയ്ക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത്തരുണത്തിലാണ് ഭാരതം അവയുടെ സംഖ്യയില്‍ വര്‍ദ്ധന രേഖപ്പെടുത്തിക്കൊണ്ട് ലോകത്തിനു മുന്‍പില്‍ വഴികാട്ടിയാകുന്നത്. ഭാരതത്തില്‍ സിംഹങ്ങളുടേയും കടുവകളുടേയും എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ മാത്രമല്ല, ഒരുപാട് ജനങ്ങളും പരിഷ്‌കൃത സമൂഹവും പല സ്ഥാപനങ്ങളും വൃക്ഷലതാദികളേയും വന്യജീവികളേയും സംരക്ഷിക്കുന്നതില്‍ വ്യാപൃതരായതിനാലാണ് ഇത് സാധ്യമാകുന്നത്. ഇവരെല്ലാവരും അനുമോദനം അര്‍ഹിക്കുന്നു.

സുഹൃത്തുക്കളേ, ഞാന്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ ഒരു ഹൃദയസ്പര്‍ശിയായ അനുഭവം വായിച്ചു. നിങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടുകാണും. നമ്മള്‍ എല്ലാവരും മനുഷ്യനുള്ള വീല്‍ചെയര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കോയമ്പത്തൂരിലെ ഗായത്രി, വേദന അനുഭവിക്കുന്ന ഒരു നായക്കു വേണ്ടി തന്റെ അച്ഛനോടൊപ്പം ഒരു വീല്‍ചെയര്‍ ഉണ്ടാക്കി. ഈ സംവേദനാ മനോഭാവം പ്രേരണ നല്‍കുന്നതാണ്. പക്ഷേ, വ്യക്തിയുടെ മനസ്സില്‍ ഓരോ ജീവിയോടും ദയയും കരുണയും നിറയുമ്പോള്‍ മാത്രമേ അത് സാധ്യമാകൂ. 

ഡല്‍ഹി എന്‍.സി.ആറിലും രാജ്യത്തെ മറ്റു നഗരങ്ങളിലും കൊടും തണുപ്പിനിടയിലും തെരുവിലെ മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ധാരാളം ആളുകള്‍ അനേകം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അവര്‍ ആ മൃഗങ്ങള്‍ക്ക് ആഹാരം, സ്വെറ്റര്‍, കിടക്ക മുതലായവ നല്‍കുന്നു. ചില ആള്‍ക്കാര്‍ ദിവസവും നൂറുകണക്കിന് മൃഗങ്ങള്‍ക്ക് ആഹാരത്തിനുള്ള ഏര്‍പ്പാടു ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെടേണ്ടതാണ്. ഇങ്ങനെയുള്ള ചില നല്ല പ്രയത്‌നങ്ങള്‍ ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ നടക്കുന്നുണ്ട്. അവിടെ ജയിലില്‍ അടയ്ക്കപ്പെട്ട തടവുകാര്‍, പശുക്കളെ തണുപ്പില്‍ നിന്നും രക്ഷിക്കുന്നതിനു വേണ്ടി പഴയ കീറിയ കമ്പിളി കൊണ്ട് കവറുകള്‍ ഉണ്ടാക്കുന്നു. ഈ കമ്പിളികള്‍ കൗശാംബിയിലേയും മറ്റു ജില്ലകളിലേയും ജയിലുകളില്‍ നിന്നും ശേഖരിച്ച് അവ തയ്ച്ച് ഗോശാലകളിലേക്ക് അയക്കുന്നു. കൗശാംബി ജയിലിലെ തടവുകാര്‍ ഓരോ ആഴ്ചയിലും അനേകം കവറുകള്‍ തയ്യാറാക്കുന്നു. വരുവിന്‍, മറ്റുള്ളവര്‍ക്ക് കരുതല്‍ നല്‍കുന്നതിനു വേണ്ടി സേവനമനോഭാവത്തോടു കൂടി ഇങ്ങനെയുള്ള  പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവിന്‍.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എന്റെ മുന്നിലിരിക്കുന്ന ഈ പത്രത്തില്‍ രണ്ട് വലിയ ഫോട്ടോകള്‍ ഉണ്ട്. ഇവ ഒരു ക്ഷേത്രത്തിന്റെ പഴയതും പുതിയതുമായ ഫോട്ടോകളാണ്. ഈ ഫോട്ടോയ്ക്ക് ഒപ്പമുള്ള ന്യൂസ് പേപ്പറില്‍ യുവാക്കളുടെ ഒരു ടീമിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. അവര്‍ 'യുവ ബ്രിഗേഡ്' എന്നാണ് സ്വയം വിളിക്കുന്നത്. ഈ യുവ ബ്രിഗേഡ് കര്‍ണ്ണാടകത്തില്‍ ശ്രീരംഗപട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്ന വീരഭദ്രസ്വാമി എന്ന ഒരു പുരാതന ശിവക്ഷേത്രത്തിന്റെ മുഖം തന്നെ മാറ്റിമറിച്ചു. ഇവിടെ ഒരു ക്ഷേത്രം ഉണ്ടെന്ന് ഒരു വഴിയാത്രക്കാരനു പോലും പറയാന്‍ കഴിയുമായിരുന്നില്ല. ക്ഷേത്രത്തിന്റെ നാലുചുറ്റും അത്രത്തോളം പുല്ലും കുറ്റിക്കാടുകളും നിറഞ്ഞതായിരുന്നു. ഒരുദിവസം ചില ടൂറിസ്റ്റുകള്‍ എല്ലാവരാലും മറന്ന ഈ ക്ഷേത്രത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. യുവ ബ്രിഗേഡ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടു. അവര്‍ക്ക് സഹിക്കുവാന്‍ കഴിഞ്ഞില്ല. പെട്ടെന്നു തന്നെ ഈ ടീം ഒത്തുചേര്‍ന്ന് ഇതിന്റെ ജീര്‍ണ്ണോദ്ധാരണം നടത്തുവാന്‍ തീരുമാനിച്ചു. അവര്‍ ക്ഷേത്ര പരിസരത്ത് മുള്‍ച്ചെടികളും കുറ്റിക്കാടുകളും പുല്ലുകളും ചെടികളും ഒക്കെ വെട്ടിമാറ്റി. ആവശ്യമുള്ളിടത്ത് അറ്റകുറ്റപ്പണികളും നിര്‍മ്മാണം ആവശ്യമുള്ളിടത്ത് അതും നടത്തി. അവരുടെ നല്ല പ്രവൃത്തി കണ്ട് തദ്ദേശീയരായ ജനങ്ങളും സഹായഹസ്തം നീട്ടി. ചിലര്‍ സിമെന്റ് കൊടുത്തു. മറ്റുചിലര്‍ പെയിന്റ്, അങ്ങനെ പല പല സാധനങ്ങള്‍ സംഭാവന നല്‍കി ആളുകള്‍ അതില്‍ പങ്കുചേര്‍ന്നു. ആ യുവാക്കളെല്ലാം വിവിധ തരത്തിലുള്ള പ്രൊഫഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായിരുന്നു. എന്നാല്‍ അവര്‍ വാരാന്ത്യങ്ങളില്‍ സമയം കണ്ടെത്തി. ക്ഷേത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. യുവാക്കള്‍ ക്ഷേത്രത്തില്‍ വാതില്‍ പിടിപ്പിച്ചു. ഇലക്ട്രിസിറ്റി കണക്ഷനും കൊണ്ടുവന്നു. അങ്ങനെ അവര്‍ ക്ഷേത്രത്തിന്റെ പഴയ ഐശ്വര്യം വീണ്ടെടുക്കുന്ന കാര്യം നിറവേറ്റി. മനുഷ്യര്‍ക്ക് ഏതു ലക്ഷ്യവും നേടുവാന്‍ സഹായിക്കുന്ന രണ്ടു കാര്യങ്ങളാണ് അഭിനിവേശവും ദൃഢനിശ്ചയവും. ഭാരതത്തിലെ യുവാക്കളെ കാണുമ്പോള്‍ ഞാന്‍ സ്വയം സന്തോഷിക്കുന്നു. എനിക്ക് ആശ്വാസവും തോന്നുന്നു. കാരണം, എന്റെ രാജ്യത്തെ യുവാക്കളില്‍ 'Can do' (ചെയ്യാന്‍ കഴിയും) എന്ന സമീപനം ഉണ്ട്. 'Will do' (ചെയ്യും) എന്ന സ്പിരിറ്റും ഉണ്ട്. അവര്‍ക്ക് ഒരു വെല്ലുവിളിയും വലിയ കാര്യമായി തോന്നില്ല. ഒന്നും അവര്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ദൂരത്തല്ല. ഞാന്‍ തമിഴ്‌നാട്ടിലുള്ള ഒരു അധ്യാപികയെക്കുറിച്ച് വായിച്ചു. ഹേമലത എന്‍ കെ എന്നാണ് അവരുടെ പേര്. അവര്‍ വില്ലുപുരത്തുള്ള ഒരു സ്‌കൂളില്‍ ഏറ്റവും പ്രാചീന ഭാഷയായ തമിഴ് പഠിപ്പിക്കുന്നു. കോവിഡ് 19 എന്ന മഹാമാരി പോലും അവരുടെ അദ്ധ്യാപനം എന്ന ജോലിയെ ബാധിച്ചില്ല. അതെ, തീര്‍ച്ചയായും അവരുടെ മുന്‍പില്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ ഒരു നൂതനമായ മാര്‍ഗ്ഗം സ്വീകരിച്ചു. അവര്‍ കോഴ്‌സിന്റെ 53 അദ്ധ്യായങ്ങളും റെക്കോര്‍ഡ് ചെയ്തു. മാത്രമല്ല, അനിമേറ്റഡ് വീഡിയോ തയ്യാറാക്കി. ഇവ ഒരു പെന്‍ഡ്രൈവില്‍ ആക്കി  കുട്ടികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ നിന്നും അവരുടെ കുട്ടികള്‍ക്ക് സഹായം ലഭിച്ചു. ആ അദ്ധ്യായങ്ങള്‍ അവര്‍ക്ക് കണ്ട് (Visually) മനസ്സിലാക്കാനും സാധിച്ചു. അതോടൊപ്പം തന്നെ അവര്‍ തന്റെ വിദ്യാര്‍ത്ഥികളോട് ടെലഫോണില്‍ സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരുന്നു. അതുകാരണം കുട്ടികള്‍ക്ക് പഠിത്തം വളരെ രസകരമായി തോന്നി. 

രാജ്യം മുഴുവനും കൊറോണ ബാധിച്ച ഇക്കാലത്ത് നമ്മുടെ അദ്ധ്യാപകര്‍ സ്വീകരിച്ചിരിക്കുന്ന നൂതനമായ രീതികളും അവര്‍ തയ്യാറാക്കിയ കോഴ്‌സ് മെറ്റീരിയലുകളും ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസകാലത്ത് ശരിക്കും അമൂല്യം തന്നെയാണ്.    ഈ കോഴ്‌സ് മെറ്റീരിയല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 'ദീക്ഷ പോര്‍ട്ടലി'ല്‍ അപ്‌ലോഡ് ചെയ്യണമെന്ന് ഞാന്‍ അദ്ധ്യാപകരോട് അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തെ വിദൂര പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇത് വലിയ പ്രയോജനപ്രദമാകും. 

സുഹൃത്തുക്കളേ, ഇനി ഝാര്‍ഖണ്ഡിലെ കോര്‍വ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഹീരാമനെ കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഗഡവാ ജില്ലയിലെ സിംജോ എന്ന ഗ്രാമത്തിലാണ് ഹീരാമന്‍ താമസിക്കുന്നത്. കോര്‍വ എന്ന പട്ടികവര്‍ഗ്ഗത്തിന്റെ ജനസംഖ്യ കേവലം 6000 ആണെന്ന് അറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടുമായിരിക്കും. അവര്‍ അങ്ങ് ദൂരെ പര്‍വ്വതങ്ങളിലും വനങ്ങളിലുമാണ് താമസിക്കുന്നത്. സ്വന്തം സമുദായത്തിന്റെ സംസ്‌കാരവും തിരിച്ചറിയലും കാത്തുസൂക്ഷിക്കുവാനുള്ള ചുമതല അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. 12 വര്‍ഷത്തെ കഠിനാദ്ധ്വാനം കൊണ്ട് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കോര്‍വ ഭാഷയ്ക്ക് ഒരു ശബ്ദകോശം തയ്യാറാക്കിയിരിക്കുകയാണ് അദ്ദേഹം. ഈ ഡിക്ഷ്ണറിയില്‍ വീടുമായി ബന്ധപ്പെട്ടതു മുതല്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്നതു വരെയുള്ള കോര്‍വ ഭാഷയിലെ ധാരാളം ശബ്ദങ്ങള്‍ അവയുടെ അര്‍ത്ഥത്തോടൊപ്പം എഴുതിയിട്ടുണ്ട്. കോര്‍വ സമുദായത്തിനു വേണ്ടി ഹീരാമന്‍ജി ചെയ്തത് രാജ്യത്തിന് ഒരു മാതൃക തന്നെയാണ്. 

പ്രിയപ്പെട്ട എന്റെ ദേശവാസികളേ, അക്ബറിന്റെ സദസ്സിലെ ഒരു പ്രധാന അംഗമായിരുന്നു അബുള്‍ ഫസല്‍ എന്നാണ് പറയപ്പെടുന്നത്. ഒരുതവണ കശ്മീര്‍ സന്ദര്‍ശിച്ചിട്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു, 'കശ്മീരില്‍ ഇത്തരത്തിലുള്ള പല കാഴ്ചകളും ഉണ്ട്. അവ കണ്ടാല്‍ ക്ഷുഭിതരും ദേഷ്യക്കാരും ഒക്കെ സന്തോഷത്താല്‍ നൃത്തം ചവിട്ടും'. ശരിക്കും പറഞ്ഞാല്‍ അദ്ദേഹം കശ്മീരിലെ കുങ്കുമത്തിന്റെ വയലുകളെ കുറിച്ച് പറയുകയായിരുന്നു. നൂറ്റാണ്ടുകളായി കുങ്കുമം കശ്മീരുമായി ബന്ധപ്പെട്ടിരിക്കുന്നു. കശ്മീരില്‍ കുങ്കുമം പ്രധാനമായും പുല്‍വാമ, ബഡ്ഗാം, കശ്‌നവാഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കൃഷിചെയ്യുന്നത്. ഈ വര്‍ഷം  മെയ് മാസത്തില്‍ കശ്മീരിലെ കുങ്കുമത്തിന് ഭൗമസൂചികാ ടാഗ് (Geographical Indication Tag) അതായത് GI Tag ലഭിച്ചു. ഇതിലൂടെ നമ്മള്‍ കശ്മീരിലെ കുങ്കുമത്തെ ഒരു Globally Popular Brand ആക്കാനാണ് ആഗ്രഹിക്കുന്നത്. കശ്മീരിലെ കുങ്കുമം ആഗോളതലത്തില്‍ ധാരാളം ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമെന്ന നിലയില്‍ വളരെ പ്രസിദ്ധമാണ്. ഇത് സുഗന്ധമുള്ളതാണ്. ഇതിന്റെ നിറം കടുത്തതാണ്. അതിലെ നാരുകള്‍ക്ക് നീളവും വണ്ണവും ഉണ്ട്. അതിന്റെ ഔഷധമൂല്യം വര്‍ദ്ധിപ്പിക്കുന്ന ഘടകവും ഇതുതന്നെയാണ്. ഇത് ജമ്മുവിലെയും കശ്മീരിലെയും സമൃദ്ധമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നു. ഗുണമേന്മയെ കുറിച്ചു പറയുകയാണെങ്കില്‍ കശ്മീരിലെ കുങ്കുമത്തിന് തുല്യമായി മറ്റൊന്നില്ല. മറ്റു രാജ്യങ്ങളിലെ കുങ്കുമത്തില്‍ നിന്നും ഇത് വളരെ വ്യത്യസ്തമാണ്. കശ്മീരിലെ കുങ്കുമത്തിന് GI Tag എന്ന അംഗീകാരത്തിലൂടെ ഒരു പ്രത്യേക ഐഡന്റിറ്റി ലഭിച്ചിരിക്കുകയാണ്. കശ്മീരി കുങ്കുമത്തിന് ജി ഐ ടാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇതിന്റെ ലോഞ്ചിംഗ് നടന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് തീര്‍ച്ചായായും സന്തോഷം തോന്നും. ഇനി ഇതിന്റെ കയറ്റുമതി വര്‍ദ്ധിക്കും. സ്വയംപര്യാപ്ത ഭാരതം നിര്‍മ്മിക്കുവാനുള്ള നമ്മുടെ പ്രയത്‌നങ്ങളെ ഇത് ശക്തമാക്കും. കുങ്കുമ കര്‍ഷകര്‍ക്ക് ഇതുകൊണ്ട് തീര്‍ച്ചയായും ലഭമുണ്ടാകും. പുല്‍വാമയിലെ ത്രാലിലുള്ള ശാര്‍ പ്രദേശത്ത് താമസിക്കുന്ന അബ്ദുള്‍ മജീദ് വാനിയെ നോക്കൂ. അയാള്‍ തന്റെ ഭൗമ സൂചിക ലഭിച്ച കുങ്കുമത്തെ നാഷണല്‍ സാഫ്രോണ്‍ മിഷന്റെ സഹായത്തോടു കൂടി പമ്പോറിലുള്ള വ്യാപാരകേന്ദ്രത്തില്‍ (Trading Centre) E-Trading ലൂടെ വിറ്റഴിക്കുന്നു. ഇയാളെപ്പോലെ ധാരാളം ആളുകള്‍ കശ്മീരില്‍ ഈ ജോലി ചെയ്യുന്നു. അടുത്ത തവണ നിങ്ങള്‍ കുങ്കുമം വാങ്ങുമ്പോള്‍ കശ്മീരിലെ കുങ്കുമം വാങ്ങുന്നതിനെ കുറിച്ചു ചിന്തിക്കൂ. കശ്മീരിലെ ആള്‍ക്കാരുടെ ഓജസ്സ് പോലെ തന്നെ അവരുടെ കുങ്കുമത്തിന്റെ സ്വാദും ഒന്നു വേറെ തന്നെയാണ്. 

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, രണ്ടുദിവസം മുന്‍പ് ഗീതാ ജയന്തിയായിരുന്നല്ലോ. ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളിലും ഗീത നമുക്ക് പ്രേരണ നല്‍കുന്നു. ഗീത ഇത്രയും അത്ഭുതകരമായ ഒരു ഗ്രന്ഥമായത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാരണം, ഇത് ശ്രീകൃഷ്ണന്റെ സ്വന്തം വാക്കുകളാണ്. ഗീതയുടെ മറ്റൊരു പ്രത്യേകത അതിന്റെ തുടക്കം അറിയാനുള്ള ആഗ്രഹത്തില്‍ നിന്നാണ് എന്നതു തന്നെ. ചോദ്യത്തില്‍ നിന്നാണ് തുടക്കം. അര്‍ജ്ജുനന്‍ ഭഗവാനോട് ചോദ്യം ചോദിച്ചു. അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഗീതയിലെ ജ്ഞാനം ലോകത്തിനു ലഭിച്ചു. ഗീത പോലെ തന്നെ നമ്മുടെ സംസ്‌കാരത്തിലുള്ള എല്ലാ അറിവും ജിജ്ഞാസയില്‍ നിന്നാണ് തുടങ്ങുന്നത്. വേദാന്തത്തിലെ ആദ്യ മന്ത്രം 'അഥാതോ ബ്രഹ്മ ജിജ്ഞാസ' - അതായത് വരുവിന്‍ നമുക്ക് ബ്രഹ്മത്തെ അറിയാനുള്ള ജിജ്ഞാസ ഉണ്ടാക്കാം. അതുകൊണ്ട് ഇവിടെ ബ്രഹ്മത്തെ അന്വേഷിക്കുന്ന കാര്യം പറയുന്നത് ജിജ്ഞാസയുടെ ശക്തി അത്തരത്തിലുള്ളതായതു കൊണ്ടാണ്. ജിജ്ഞാസ താങ്കളെ ഇടതടവില്ലാതെ പുതിയതിനു വേണ്ടി പ്രേരിപ്പിക്കും. നമ്മുടെ ഉള്ളില്‍ ജിജ്ഞാസയുള്ളതു കൊണ്ടാണ് കുട്ടിക്കാലത്ത് നമ്മള്‍ പഠിക്കുന്നത്. അതായത് ജിജ്ഞാസയുള്ളിടത്തോളം കാലം ജീവിതവുമുണ്ട്. ജിജ്ഞാസയുള്ളിടത്തോളം പുതിയത് പഠിക്കുവാനുള്ള ശ്രമം തുടര്‍ന്നുപോകും. ഇതില്‍ പ്രായത്തിന്റേയോ പരിതസ്ഥിതികളുടെയോ പ്രശ്‌നം ഉദിക്കുന്നേയില്ല. ജിജ്ഞാസയുടെ അങ്ങനെയുള്ള ഊര്‍ജ്ജത്തിന് ഒരു ഉദാഹരണത്തെ കുറിച്ച് എനിക്ക് വിവരം ലഭിച്ചു. അത് തമിഴ്‌നാട്ടിലെ ഒരു വന്ദ്യവയോധികനായ ശ്രീ ടി ശ്രീനീവാസാചാര്യ സ്വാമിയെക്കുറിച്ചാണ്. ശ്രീ ടി ശ്രീനിവാസാചാര്യ സ്വാമിക്ക് 92 വയസ്സുണ്ട്. ഈ പ്രായത്തിലും അദ്ദേഹം കമ്പ്യൂട്ടറില്‍ തന്റെ പുസ്തകം സ്വയം ടൈപ്പ് ചെയ്ത് തയ്യാറാക്കുകയാണ്. പുസ്തകം എഴുതുന്നതു കൊള്ളാം. പക്ഷേ, ശ്രീനിവാസാചാര്യജിയുടെ കാലത്ത് കമ്പ്യൂട്ടര്‍ ഇല്ലായിരുന്നല്ലോ എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത് അല്ലേ? പിന്നെ അദ്ദേഹം എങ്ങനെ കമ്പ്യൂട്ടര്‍ പഠിച്ചു? അദ്ദേഹത്തിന്റെ കോളേജ് പഠനകാലത്ത് കമ്പ്യൂട്ടര്‍ ഇല്ലായിരുന്നു എന്നത് ശരിതന്നെ. എന്നാല്‍ തന്റെ യൗവ്വനകാലത്ത് ഉണ്ടായിരുന്ന ജിജ്ഞാസയും ആത്മവിശ്വാസവും ഇപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ അതേ അളവില്‍ നിലനില്‍ക്കുന്നു. ശ്രീനിവാസാചാര്യ സ്വാമികള്‍ സംസ്‌കൃതത്തിലും തമിഴിലും പണ്ഡിതനാണ്. അദ്ദേഹം ഇതുവരെ ഏകദേശം 16 ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ എഴുതിക്കഴിഞ്ഞു. എന്നാല്‍ കമ്പ്യൂട്ടര്‍ വന്നതിനുശേഷം പുസ്തകം എഴുതുന്ന രീതിയിലും പ്രിന്റ് ചെയ്യുന്ന രീതിയിലും മാറ്റം വന്നിരിക്കുകയാണെന്ന് അദ്ദേഹത്തിനു  തോന്നിയിരിക്കും. അതുകൊണ്ട് 86 -ാം വയസ്സില്‍ അദ്ദേഹം കമ്പ്യൂട്ടര്‍ പഠിച്ചു. തനിക്ക് അത്യാവശ്യമുള്ള സോഫ്റ്റ്‌വെയറും മനസ്സിലാക്കി. ഇപ്പോള്‍ അദ്ദേഹം തന്റെ പുസ്തകം പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ്. 

സുഹൃത്തുക്കളേ, ജീവിതത്തില്‍ ജിജ്ഞാസ മരിക്കാത്തിടത്തോളം കാലം പഠിക്കാനുള്ള ആഗ്രഹവും മരിക്കില്ല. അത്രയും കാലം ജീവിതത്തില്‍ ഊര്‍ജ്ജം നിറഞ്ഞുനില്‍ക്കുകയും ചെയ്യും എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ശ്രീ ടി ശ്രീനിവാസാചാര്യ സ്വാമികളുടെ ജീവിതം. അതുകൊണ്ട് നമ്മള്‍ പിന്നോട്ട് പോയി, നമ്മുടെ ലക്ഷ്യം നഷ്ടപ്പെട്ടു, നമ്മളും ഇത് പഠിച്ചിരുന്നെങ്കില്‍ എന്നൊന്നും ചിന്തിക്കരുത്. നമുക്ക് പഠിക്കുവാന്‍ കഴിയില്ല, അല്ലെങ്കില്‍ നമുക്ക് മുന്നോട്ടു പോകുവാന്‍ കഴിയില്ല എന്നൊന്നും ചിന്തിക്കാന്‍ പാടില്ല.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ജിജ്ഞാസയില്‍ നിന്നും ചില പുതിയത് പഠിക്കുന്നതിനെ കുറിച്ചാണ് നമ്മള്‍ ഇതുവരെ സംസാരിച്ചത്. പുതുവര്‍ഷത്തില്‍ പുതിയ തീരുമാനങ്ങളുടെ കാര്യവും പറഞ്ഞു. എന്നാല്‍ നിരന്തരമായി എന്തെങ്കിലും പുതിയത് ചെയ്തു കൊണ്ടിരിക്കുകയും പുതിയ പുതിയ പ്രതിജ്ഞകള്‍ നടപ്പാക്കുകയും ചെയ്യുന്ന ചില ആള്‍ക്കാരുണ്ട്. നമ്മള്‍ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ കൂടുതല്‍ ചെയ്യുവാനുള്ള ഊര്‍ജ്ജം സമൂഹം നമുക്ക് നല്‍കുന്നുവെന്ന കാര്യം നമ്മുടെ ജീവിതത്തിലും അനുഭവപ്പെട്ടിട്ടുണ്ടാകും. സാമാന്യമെന്നു തോന്നുന്ന പല പ്രേരണകളും വളരെ മഹത്തായ പ്രവൃത്തിയായി മാറുന്നു. അങ്ങനെയുള്ള ഒരു യുവാവാണ് ശ്രീമാന്‍ പ്രദീപ് സാംഗ്‌വാന്‍. ഗുഡ്ഗാവിലെ പ്രദീപ്  സാംഗ്‌വാന്‍ 2016 മുതല്‍ 'ഹീലിംഗ് ഹിമാലയാസ്' എന്ന പേരില്‍ ഒരു യജ്ഞം തന്നെ നടത്തി വരുന്നു. അയാള്‍ തന്റെ ടീമിനോടും വോളണ്ടിയര്‍മാരോടുമൊപ്പം ഹിമാലയത്തിലെ വിവിധ പ്രദേശങ്ങളില്‍ എത്തി അവിടെ ടൂറിസ്റ്റുകള്‍ ഉപേക്ഷിച്ചു പോകുന്ന പ്ലാസ്റ്റിക്കും ചപ്പുചവറുകളും എടുത്തുമാറ്റി ശുചീകരണം നടത്തുന്നു. പ്രദീപ്ജി ഇപ്പോള്‍ വരെ ഹിമാലയത്തിലെ വിവിധ ടൂറിസ്റ്റ് ലൊക്കേഷനുകളില്‍ നിന്ന് ടണ്‍ കണക്കിന് പ്ലാസ്റ്റിക് ശേഖരിച്ച്  ശുചീകരണം നടത്തിക്കഴിഞ്ഞു. അതുപോലെ തന്നെയാണ് കര്‍ണ്ണാടകയിലെ യുവദമ്പതികളായ അനുദീപും മിനൂഷയും. അനുദീപും മിന്നൂഷയും ഇക്കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. വിവാഹശേഷം ധാരാളം യുവമിഥുനങ്ങള്‍ കറങ്ങാന്‍ പോകാറുണ്ട്. പക്ഷേ, ഇവര്‍ വേറിട്ടൊരു കാര്യം ചെയ്തു. ആള്‍ക്കാര്‍ സ്വന്തം വീടിനു പുറത്ത് ചുറ്റാന്‍ പോകുന്നു. എന്നാല്‍ പോകുന്നിടത്ത് ധാരാളം ചപ്പുചവറുകള്‍ ഉപേക്ഷിച്ചിട്ട് മടങ്ങിവരുന്നു എന്ന കാര്യം ഇവര്‍ കാണാറുള്ളതാണ്. കര്‍ണ്ണാടകയിലെ സോമേശ്വര്‍ ബീച്ചിന്റെ സ്ഥിതിയും ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. സോമേശ്വര്‍ ബീച്ചില്‍ സന്ദര്‍ശകര്‍ ഉപേക്ഷിച്ചു പോയ ചപ്പുചവറുകള്‍ മാറ്റി ശുചിയാക്കാന്‍ അനുദീപും മിനൂഷയും തീരുമാനിച്ചു. ആ ഭാര്യാഭര്‍ത്താക്കന്മാര്‍ വിവാഹശേഷം എടുത്ത ആദ്യത്തെ തീരുമാനം ഇതായിരുന്നു. രണ്ടുപേരും ചേര്‍ന്ന് സമുദ്രതീരത്തെ ധാരാളം മാലിന്യം നീക്കം ചെയ്തു. തന്റെ ഈ തീരുമാനത്തെ കുറിച്ച് അനുദീപ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. പിന്നെ എന്താണ് നടന്നത് എന്നറിയുമോ? അവരുടെ ഈ മഹത്തായ തീരുമാനത്തില്‍ നിന്ന് സ്വാധീനം ഉള്‍ക്കൊണ്ട് ധാരാളം യുവാക്കള്‍ അവരോടൊപ്പം ചേര്‍ന്നു. നിങ്ങള്‍ അത്ഭുതപ്പെടുമായിരിക്കും. ഇവര്‍ ചേര്‍ന്ന് സോമേശ്വരം ബീച്ചില്‍ നിന്നും 800 കിലോയില്‍ കൂടുതല്‍ മാലിന്യം നീക്കി.

സുഹൃത്തുക്കളേ, ഈ പ്രയത്‌നങ്ങള്‍ക്കിടയിലും നമ്മള്‍ ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട്. ഈ മാലിന്യങ്ങള്‍ എങ്ങനെ ബീച്ചിലും പര്‍വ്വതത്തിലും എത്തി? നമ്മളില്‍ ആരെങ്കിലും ആയിരിക്കും ഈ മാലിന്യങ്ങള്‍ അവിടെ ഉപേക്ഷിച്ച് വരുന്നത്. നമുക്കും പ്രദീപിനെ പോലെ, അനുദീപിനെ പോലെ, മിനൂഷയെ പോലെ ശുചീകരണ യജ്ഞം നടത്തണം. എന്നാല്‍ അതിനേക്കാള്‍ മുന്‍പേ, നാം ഇനി മാലിന്യങ്ങള്‍ വലിച്ചെറിയില്ല എന്ന ദൃഢപ്രതിജ്ഞയെടുക്കണം. ശുചിത്വ ഭാരത യജ്ഞത്തിന്റെ ആദ്യ തീരുമാനം ഇതുതന്നെയാകുന്നു. അതേ, ഞാന്‍ മറ്റൊരു കാര്യം കൂടി ഓര്‍മ്മപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. കൊറോണ കാരണം ഈ വര്‍ഷം ഇതിനെ കുറിച്ച് അത്ര ചര്‍ച്ച നടത്താന്‍ കഴിഞ്ഞില്ല. നമുക്ക് ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കില്‍ നിന്നും മോചനം നേടണം. ഇത് 2021 ലെ പ്രതിജ്ഞകളില്‍ ഒന്നാണ്. ഞാന്‍ നിങ്ങള്‍ക്ക് പുതുവര്‍ഷാംശംസകള്‍ നേരുന്നു. നിങ്ങള്‍ ആരോഗ്യത്തോടു കൂടി ഇരിക്കുവിന്‍. സ്വന്തം കുടുംബത്തിന്റെ ആരോഗ്യം സുരക്ഷിതമാക്കുവിന്‍. അടുത്ത വര്‍ഷം ജനുവരിയില്‍ വ്യത്യസ്ത വിഷയങ്ങളുമായി മന്‍ കി ബാത്ത് തുടരും. 

വളരെ നന്ദി.

 

 

* * *



(Release ID: 1683973) Visitor Counter : 292