യുവജനകാര്യ, കായിക മന്ത്രാലയം
വേൾഡ് ആന്റി ഡോപ്പിങ് ഏജൻസിക്ക് (WADA ) ഇന്ത്യ ഒരു ദശലക്ഷം യുഎസ് ഡോളർ നൽകി
Posted On:
17 DEC 2020 2:37PM by PIB Thiruvananthpuram
കായിക മേഖലയിലെ, ഉത്തേജക മരുന്ന് ഉപയോഗം കണ്ടെത്താൻ പരിശോധന വർദ്ധിപ്പിക്കുന്നതിന്, വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസി (വാഡ)യുടെ ശാസ്ത്രീയ ഗവേഷണ ബജറ്റിലേക്ക് ഇന്ത്യ ഒരു ദശലക്ഷം ഡോളർ സംഭാവന നൽകി. വാഡയുടെ കേന്ദ്രബജറ്റിലേക്കുള്ള ഇന്ത്യയുടെ വാർഷിക വിഹിതത്തിന് പുറമേയാണിത്. 2019 ൽ പോളണ്ടിൽ നടന്ന വാഡ യുടെ അഞ്ചാമത് ലോക കോൺഫറൻസിൽ, ഗവേഷണത്തിനായി 10 ദശലക്ഷം ഡോളറിന്റെ സഞ്ചിത നിധി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു.
ഇന്ത്യയുടെ സംഭാവന 10 ദശലക്ഷം ഡോളറിന്റെ സഞ്ചിത നിധി സ്വരൂപിക്കുന്നതിന് പ്രോത്സാഹനം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി വാഡ പ്രസിഡന്റ് വിറ്റോൾഡ് ബാങ്കയ്ക്ക് എഴുതിയ കത്തിൽ കേന്ദ്ര കായിക വകുപ്പ് മന്ത്രി ശ്രീ കിരൺ റിജിജു പറഞ്ഞു. ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യ ശാസ്ത്രീയ വൈദഗ്ധ്യവും വിഭവങ്ങളും പങ്കുവയ്ക്കും എന്നും മന്ത്രി അറിയിച്ചു.
ശുദ്ധമായ കായിക അന്തരീക്ഷത്തിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നടപടി പ്രോത്സാഹജനകമാണെന്ന് വാഡ പ്രസിഡന്റ് വിറ്റൊൾഡ് ബാങ്ക പറഞ്ഞു. ഉത്തേജകമരുന്ന് രഹിത കായികലോകത്തിനായുള്ള വാഡയുടെ പദ്ധതിക്ക്,ഈ നടപടി സഹായിക്കുമെന്ന്, പ്രസിഡന്റ് പ്രസ്താവനയിൽ അറിയിച്ചു.
***
(Release ID: 1681478)