ഉപരാഷ്ട്രപതിയുടെ കാര്യാലയം

ഡോ. അബ്ദുൽ കലാമിൽ  നിന്നും പ്രചോദനം ഉൾക്കൊള്ളാനും, ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സ്വാശ്രയവുമായ ഒരു ഇന്ത്യയ്ക്കായി പ്രയത്നിക്കാനും ഉപരാഷ്ട്രപതി യുവാക്കളോട് ആഹ്വാനം ചെയ്തു

Posted On: 03 DEC 2020 12:41PM by PIB Thiruvananthpuram



മുൻ രാഷ്ട്രപതി ഡോക്ടർ എ പി ജെ അബ്ദുള്‍  കലാമിൽ  നിന്നും പ്രചോദനം ഉൾക്കൊള്ളാനും,ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സ്വാശ്രയവുമായ ഒരു ഇന്ത്യയ്ക്കായി പ്രയത്നിക്കാനും ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു യുവാക്കളോട് ആഹ്വാനം ചെയ്തു.ഡോക്ടർ അബ്ദുൽ കലാമിനെ പോലെ വ്യത്യസ്തമായി ചിന്തിക്കാൻ അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.രാജ്യത്തിന്റെ വലിയൊരു വിഭാഗം ജനങ്ങളെയും ബാധിക്കുന്ന സാമൂഹിക,സാമ്പത്തിക പ്രശ്നങ്ങൾക്ക്  സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഹാരം കാണാനും ഉപരാഷ്ട്രപതി പറഞ്ഞു.

ഡോ. ശിവ താണുപിള്ള രചിച്ച '40 ഇയേഴ്‌സ് വിത്ത് അബ്ദുൽ കലാം- അൺ ടോൾഡ് സ്റ്റോറിസ്' എന്ന പുസ്തകത്തിന്റെ വെർച്വൽ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു യഥാർത്ഥ കർമ്മയോഗിയായിരുന്ന  ഡോ. കലാം,  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും ഉപ രാഷ്ട്രപതി പറഞ്ഞു.

ഡോ. കലാം, ഡി ആർ ഡി ഓ യിൽ ഉണ്ടായിരുന്ന സമയത്തും പിന്നീട് രാഷ്ട്രപതി ആയപ്പോഴും നിരവധിതവണ അദ്ദേഹവുമായി ആശയവിനിമയം നടത്താൻ തനിക്ക് അവസരം ലഭിച്ചിട്ടുള്ളതായി  ഉപ രാഷ്ട്രപതി പറഞ്ഞു. ഓരോ തവണ  സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യവും , രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്താനുള്ള ആത്മാർത്ഥമായ ആഗ്രഹവും തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളതായും  ഉപരാഷ്ട്രപതി അനുസ്മരിച്ചു.
 
"ഷില്ലോങ് ഐഐഎമ്മിൽ  വെച്ച് ഡോക്ടർ കലാം നടത്തിയ അവസാന പ്രസംഗത്തിൽ, പറഞ്ഞത് നമുക്ക് അനുസ്മരിക്കാം.  സൗരയൂഥത്തിൽ ജീവന്  അനുയോജ്യമായ ഒരു  ഗ്രഹം മാത്രമേയുള്ളൂ എന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. ഭാവിതലമുറയ്ക്ക് കൂടി  ജീവിക്കാൻ അനുയോജ്യമായ വിധത്തിൽ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്."   ഡോ. കലാമിന്റെ  വിലയേറിയ ഉപദേശം സ്വീകരിച്ചുകൊണ്ട് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വികസന മാതൃക നാം കൈക്കൊണ്ടിട്ടുണ്ട് എന്നും ഉപരാഷ്ട്രപതി പറഞ്ഞു.

***
 



(Release ID: 1678029) Visitor Counter : 201