പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബംഗളൂരു സാങ്കേതിക ഉച്ചകോടി (ടെക് സമ്മിറ്റ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 19 NOV 2020 12:16PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗളൂരുവില്‍ നടക്കുന്ന സാങ്കേതിക ഉച്ചകോടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കര്‍ണാടക ഗവണ്‍മെന്റിന്റെ സഹകരണത്തോടെ കര്‍ണാടക ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി സൊസൈറ്റി (കിറ്റ്‌സ്), കര്‍ണാടക ഗവണ്‍മെന്റിന്റെ വിഷന്‍ ഗ്രൂപ്പ് ഓണ്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോടെക്‌നോളജി & സ്റ്റാര്‍ട്ടപ്പ്, സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ (എസ്ടിപിഐ), എംഎം ആക്ടീവ് സയന്‍സ് ടെക് കമ്മ്യൂണിക്കേഷന്‍സ് എന്നിവ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രമേയം 'അടുത്തത് ഇപ്പോള്‍ തന്നെ' (നെക്സ്റ്റ് ഇസ് നൗ) എന്നതാണ്. കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക, വാര്‍ത്താവിതരണ, നീതി ന്യായ മന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ്, കര്‍ണാടക മുഖ്യമന്ത്രി ശ്രീ ബി എസ് യെദ്യൂരപ്പ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ന് ഡിജിറ്റല്‍ ഇന്ത്യയെ സാധാരണ ഗവണ്‍മെന്റ് സംരംഭമായി കാണുന്നില്ല എന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. പകരം പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ഗവണ്‍മെന്റിന്റെ ഭാഗമായവര്‍ക്കും ജീവിതരീതിയായി അത് മാറിയിരിക്കുന്നു. സാങ്കേതിക ഉച്ചകോടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഡിജിറ്റല്‍ ഇന്ത്യയുടെ പശ്ചാത്തലത്തില്‍, നമ്മുടെ രാജ്യം വികസനത്തില്‍ കൂടുതല്‍ മനുഷ്യകേന്ദ്രീകൃത സമീപനത്തിന് സാക്ഷ്യം വഹിച്ചു എന്നു വ്യക്തമാക്കി. വലിയ തോതില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം പൗരന്മാരില്‍ നിരവധി മാറ്റങ്ങളുണ്ടാക്കിയെന്നും അതിന്റെ ഗുണഫലങ്ങള്‍ കൃത്യമായി വീക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍, സാങ്കേതിക പരിഹാരങ്ങള്‍ക്കായി ഗവണ്‍മെന്റ് ഒരു വിപണി സൃഷ്ടിക്കുക മാത്രമല്ല, എല്ലാ പദ്ധതികളുടെയും സുപ്രധാന ഭാഗമാക്കുകയും ചെയ്തു.

മെച്ചപ്പെട്ട സേവനവിതരണവും കാര്യക്ഷമതയും ഉറപ്പാക്കാന്‍ ഡേറ്റ വിശകലനത്തിന്റെ കരുത്ത് ഗവണ്‍മെന്റ് ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പദ്ധതികള്‍ ഫയലുകളുടെ തടസ്സം മറികടന്ന് ജനങ്ങളുടെ ജീവിതത്തെ മികച്ച തോതിലും വേഗതയിലും മാറ്റിയതിന്റെ പ്രധാന കാരണം സാങ്കേതികവിദ്യയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മഹാമാരിയുടെ സമയത്ത് സാങ്കേതിക മേഖലയുടെ ദൃഢനിശ്ചയത്തെ പ്രശംസിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

അറിവിന്റെ യുഗത്തില്‍ മുന്നോട്ടുള്ള പാതയില്‍ ഇന്ത്യക്ക് സവിശേഷ സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്ക് മികച്ച ചിന്താശേഷിയും വലിയ വിപണിയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നവീന - സാങ്കേതിക മേഖലയ്ക്ക് അനുയോജ്യമാം വിധത്തിലും സുഗമമായ നടത്തിപ്പിനും വേണ്ടിയാണ്, അടുത്തിടെ നടത്തിയതുള്‍പ്പെടെ, ഗവണ്‍മെന്റിന്റെ നയതീരുമാനങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിജയകരമായ നിരവധി ഉല്‍പ്പന്നങ്ങളുടെ ഒരു വ്യവസ്ഥിതി രൂപപ്പെടുത്തിയെടുക്കുന്ന തരത്തിലുള്ള മാനസികാവസ്ഥയുടെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. യുപിഐ, ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യം, സ്വാമിത്വ പദ്ധതി മുതലായ സംരംഭങ്ങളുടെ അടിസ്ഥാനഘടനയെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു. 

ബയോ സയന്‍സസ്, എന്‍ജിനിയറിങ് തുടങ്ങിയ ശാസ്ത്രമേഖലകളില്‍ നവീകരണത്തിന്റെ വ്യാപ്തിയും ആവശ്യകതയും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനികതയാണ് പുരോഗതിയുടെ താക്കോല്‍ എന്നു പ്രധാനമന്ത്രി പറഞ്ഞു. നൂതനാശയങ്ങളെക്കുറിച്ച് പറയുമ്പോള്‍, നമ്മുടെ യുവാക്കളും പുതിയ കണ്ടെത്തലുകള്‍ക്കായുള്ള അവരുടെ ത്വരയും ഇന്ത്യയ്ക്ക് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

***(Release ID: 1673995) Visitor Counter : 226