തൊഴില്‍, ഉദ്യോഗ മന്ത്രാലയം

ഇപിഎസ് പെൻഷൻ ഗുണഭോക്താക്കൾക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് വ്യത്യസ്ത വഴികൾ ഒരുക്കി ഇപിഎഫ്ഒ

Posted On: 16 NOV 2020 3:47PM by PIB Thiruvananthpuram


എംപ്ലോയീസ് പെൻഷൻ പദ്ധതി 1995 ന്റെ  ഗുണഭോക്താക്കൾ, പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുന്നതിന് എല്ലാവർഷവും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാറുണ്ട്. എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) സമർപ്പണത്തിന് വ്യത്യസ്ത വഴികൾ ആണ് ഇപിഎഫ്ഒ  ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്.


 ഇ പി എഫ് ഒ യുടെ 135 മേഖല കാര്യാലയങ്ങൾ, 117 ജില്ലാ കാര്യാലയങ്ങൾ എന്നിവയ്ക്കുപുറമേ പെൻഷൻ കൈപ്പറ്റുന്ന ബാങ്ക് ശാഖയിലോ തൊട്ടടുത്തുള്ള തപാല് ഓഫീസിലോ ഗുണഭോക്താക്കൾക്ക് സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്. രാജ്യത്തെ 3.65 ലക്ഷത്തോളം വരുന്ന പൊതു സേവന കേന്ദ്രങ്ങളുടെ വലിയ ശൃംഖലയും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇതിനു പുറമേ UMANG ആപ്ലിക്കേഷനിലൂടെയും ഗുണഭോക്താക്കൾക്ക് DLC സമർപ്പിക്കാം


 ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് പെന്‍ഷന്‍കാര്‍ക്കായി അടുത്തിടെ  വാതിൽപടി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സേവനത്തിന് തുടക്കം കുറിച്ചിരുന്നു. താൽപര്യപ്പെടുന്ന ഗുണഭോക്താക്കൾക്ക് ഒരു ചെറിയ തുക നൽകി ഓൺലൈനായി ഈ സേവനം ആവശ്യപ്പെടാവുന്നതാണ്.  ഓൺലൈനിലൂടെ അപേക്ഷിക്കുന്ന ഇത്തരം  ഗുണഭോക്താക്കളുടെ വീടുകളിൽ തൊട്ടടുത്തുള്ള തപാൽ ഓഫീസിലെ പോസ്റ്റുമാൻ  എത്തുകയും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണ  നടപടികൾ പൂർത്തീകരിക്കുകയും ചെയ്യും.

 ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇപിഎസ്  പെൻഷൻ ഗുണഭോക്താക്കൾക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഈ വർഷം എപ്പോൾ വേണമെങ്കിലും സമർപ്പിക്കാവുന്നതാണ്. ഇത്തരം സർട്ടിഫിക്കറ്റുകൾക്ക് ഒരു വർഷം സാധുതയും  ഉണ്ടായിരിക്കുന്നതാണ്. രാജ്യത്തെ 67 ലക്ഷത്തോളം ഇപിഎസ് പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ നടപടികൾ ഗുണകരമാകുമെന്നാണ് കരുതുന്നത്.

****



(Release ID: 1673227) Visitor Counter : 196