സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

കളിമൺപാത്ര നിർമ്മാതാക്കൾക്ക് അനുഗ്രഹമായി KVIC യുടെ ഇ-പോർട്ടൽ

Posted On: 05 NOV 2020 4:06PM by PIB Thiruvananthpuram

കളിമൺപാത്ര നിർമ്മാതാക്കൾക്ക് ദീപാവലി കാലത്ത് വലിയ സൗഭാഗ്യം കൊണ്ടുവന്നിരിക്കുകയാണ് ഖാദി ഓൺലൈൻ വിൽപ്പന. രാജസ്ഥാനിലെ ജയ്സൽമർ, ഹനുമാൻഘട്ട് ജില്ലകളിലെ ഉൾനാടൻ മേഖലകളിലെ കളിമൺപാത്ര നിർമ്മാതാക്കൾ രൂപംനൽകിയ മൺചിരാതുകൾ രാജ്യത്തിന്റെ എല്ലാ കോണിലും എത്തിക്കഴിഞ്ഞു. ഖാദി ഇന്ത്യയുടെ ഇ- പോർട്ടലിലൂടെ, കേരളം അസം, ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾ തുടങ്ങി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇവർ നിർമ്മിച്ച ചിരാതുകൾ ദീപാവലി ആഘോഷങ്ങൾക്കായി ലഭ്യമാണ്. 

    

ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ ഇതാദ്യമായാണ് തങ്ങളുടെ വില്പനശാലകളിലൂടെയും ഓൺലൈൻ പോർട്ടലിലൂടെയും മൺചിരാതുകളുടെ വിൽപ്പന നടത്തുന്നത്. ഒക്ടോബർ എട്ടിനാണ് മൺചിരാതുകളുടെ ഓൺലൈൻ വില്പനയ്ക്ക് KVIC തുടക്കമിട്ടത്. ഒരു മാസത്തിൽ താഴെ സമയം കൊണ്ട് തന്നെ പതിനായിരത്തിലേറെ ചിരാതുകൾ ഓൺലൈനിലൂടെ വിറ്റു കഴിഞ്ഞു.

 

ആകർഷകമായ രീതിയിൽ രൂപകല്പനചെയ്ത എട്ടുതരം മൺചിരാതുകൾ ആണ് KVIC, ഓൺലൈനിലൂടെ വിറ്റഴിക്കുന്നത്. 12 എണ്ണം അടങ്ങുന്ന ഒരു സെറ്റിന് 84 രൂപ മുതൽ 108 രൂപവരെ ഈടാക്കുന്നു. ഇവയ്ക്ക് 10 ശതമാനം പ്രത്യേക കിഴിവും കമ്മീഷൻ നൽകുന്നുണ്ട്. ആകർഷകമായ രീതിയിൽ രൂപകല്പനചെയ്ത മൺചിരാതുകൾ താഴെകാണുന്ന വെബ്സൈറ്റിൽ ലഭ്യമാണ്:www.khadiindia.gov.in

 

ചിരാതുകൾക്ക് പുറമേ ലക്ഷ്മീദേവിയുടെയും ഗണപതിഭഗവാന്റെയും മൺപ്രതിമകളും മറ്റ് ആകർഷകമായ കളിമൺ ഉല്പന്നങ്ങളും KVIC തങ്ങളുടെ വിൽപനശാലകളിലൂടെ വിറ്റഴിക്കുന്നുണ്ട്.

 

കളിമൺപാത്ര നിർമ്മാണ മേഖലയിൽ പ്രശസ്തരായ

കുംഹാർ സമൂഹത്തിലെ എൺപതിനായിരത്തോളം അംഗങ്ങൾക്കായി 18,000 ലേറെ വൈദ്യുത പോട്ടർ വീലുകളും KVIC വിതരണം ചെയ്തു കഴിഞ്ഞു.

 

***


(Release ID: 1670370) Visitor Counter : 200