ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

കോവിഡ്-19 ശ്രീ ശക്തി ചലഞ്ച് സമ്മാനം വനിതകൾ നയിക്കുന്ന ആറു സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക്

Posted On: 03 NOV 2020 6:25PM by PIB Thiruvananthpuram

മൈ ജിഓവി യും യുഎൻ വിമനും സംയുക്തമായി സംഘടിപ്പിച്ച കോവിഡ്-19 ശ്രീശക്തി ചലഞ്ച് സമ്മാനം വനിതകൾ നയിക്കുന്ന 6 സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക്. കോവിഡ്-19 പ്രതിസന്ധികളെ നേരിടുന്നതിനു സഹായിക്കുന്നതോ, അല്ലെങ്കിൽ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗം കണ്ടെത്തുന്നതിനു സഹായിക്കുന്നതോ ആയ നൂതനാശയങ്ങളുമായി മുന്നോട്ട് വരുന്നതിന്, വനിതകൾ നയിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് 2020 ഏപ്രിൽ മാസത്തിൽ ശ്രീശക്തി ചലഞ്ച് തുടങ്ങിയത്.

 

ആശയം കണ്ടെത്തൽ, അവയുടെ പ്രവർത്തനക്ഷമത തെളിയിക്കൽ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് ചലഞ്ച് സംഘടിപ്പിച്ചത്.

 

ആദ്യഘട്ട സ്ക്രീനിങ്ങിന് ശേഷം 25 സ്റ്റാർട്ടപ്പുകളെ പ്രസന്റേഷന് വേണ്ടി തെരഞ്ഞെടുത്തു. തുടർന്ന് വിശദമായ അവലോകനത്തിന് ശേഷം 11 സ്റ്റാർട്ടപ്പുകളെ അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. തുടർന്ന്, ഈ സ്റ്റാർട്ടപ്പുകളുടെ ആശയo വികസിപ്പിക്കുന്നതിന് ഓരോരുത്തർക്കും 75,000 രൂപ വീതം പുരസ്കാര തുകയായി നൽകി. ആശയങ്ങളെ, പ്രായോഗികതലത്തിൽ നിർവ്വഹിക്കുന്നതിന്, സ്റ്റാർട്ടപ്പുകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്നതിന് പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. 2020 ഒക്ടോബർ 27 നായിരുന്നു അന്തിമ പ്രസന്റേഷൻ. ഇതിൽ നിന്നും ആദ്യ മൂന്ന് സ്ഥാനക്കാരെ വിജയികളായും, 'പ്രോമിസിംഗ്  സൊല്യൂഷൻ' വിഭാഗത്തിൽ മറ്റു മൂന്ന് സ്റ്റാർട്ടപ്പ്കളെയും വിധികർത്താക്കൾ തെരഞ്ഞെടുത്തു. വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേ, പ്രോമിസിംഗ് സൊല്യൂഷൻ വിഭാഗത്തിലെ 3 സ്റ്റാർട്ടപ്പുകൾക്ക് രണ്ട് ലക്ഷം രൂപ വീതവും യുഎൻ വിമൻ നൽകും.

 

ആദ്യ 3 വിജയികൾ ഇവരാണ്:

 

1. ബംഗളൂരു ആസ്ഥാനമായ റേസാദ ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് സ്ഥാപകയായ ഡോ. പി. ഗായത്രി ഹേല. കൈകൾ അണുവിമുക്തമാക്കുന്നതിനുള്ള നോൺ ആൽക്കഹോളിക് ഹാൻഡ് സാനിറ്റൈസർ ആണ് ഗായത്രിയുടെ നൂതന ഉൽപ്പന്നം.

 

2. ഷിംല ആസ്ഥാനമായുള്ള ആരോഗ്യ മേഖലയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ഐ-ഹീൽ ഹെൽത്ത് ടെക് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകയായ റോമിത ഘോഷ്. അർബുദത്തെ അതിജീവിച്ച റോമിതയുടെ സ്റ്റാർട്ടപ്പിൽ നിന്നും ആശുപത്രികൾക്ക് പിപിഇ കിറ്റുകൾ വിതരണം ചെയ്യുന്നു. കൂടാതെ പിപിഇ കിറ്റുകൾ, മാസ്ക്കുകൾ എന്നിവയുടെ സുരക്ഷിത പുനരുപയോഗത്തിന് യുവി സ്റ്റെറിലൈസേഷൻ ബോക്സും റോമിത നിർമ്മിച്ചു.

 

3. കേരളത്തിലെ തന്മാത്ര ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പ്രോഡക്റ്റ് മാനേജരും സഹ-സ്ഥാപകരുമായ ആയ ഡോ. അഞ്ജന രാംകുമാർ, ഡോ. അനുഷ്ക അശോകൻ എന്നിവരുടെ ആന്റി മൈക്രോബിയൽ ശേഷിയുള്ള പുതിയ ലായനിയാണ് മറ്റൊരു കണ്ടുപിടുത്തം. പ്രത്യേക ഘടകങ്ങളോട് കൂടിയ ഈ ലായനി ഏതു തുണിയിലും സ്പ്രേ ചെയ്ത് ഉണക്കിയ ശേഷം മിനിട്ടുകൾക്കുള്ളിൽ വൈറസിനെതിരായ മാസ്കായി ഉപയോഗിക്കാം എന്നതാണ് പ്രത്യേകത.

 

 'പ്രോമിസിംഗ് സൊല്യൂഷൻ' വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 3 സ്റ്റാർട്ടപ്പുകൾ ഇവയാണ്:

 

1. ബാംഗ്ലൂരു ആസ്ഥാനമായ സെറാജൻ ബയോ തെറാപ്യൂട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സിഇഒയും സഹ സ്ഥാപകയുമായ വാസന്തി പളനിവേൽ. കോവിഡ്-19 മൂലമുള്ള ശ്വാസകോശ ബുദ്ധിമുട്ടുകളെ ചികിത്സിക്കുന്നതിന് ഒരു പുതിയ പ്ലാസ്മാ സൊലൂഷൻ ആണ് വാസന്തി വികസിപ്പിച്ചത്.

 

2. ബംഗളൂരു ആസ്ഥാനമായ എംപതി ഡിസൈൻ ലാബ്‌സിന്റെ സഹസ്ഥാപകയായ ശിവി കപിൽ. ഗർഭകാലത്തെ ദൈനംദിന പരിശോധനകൾക്കായി ഉപയോഗിക്കാവുന്ന 'ക്രിയ' എന്ന ഉപകരണമാണ് വികസിപ്പിച്ചത്.

 

3. സ്ട്രീം മൈൻഡ്സ് എന്ന് സ്റ്റാർട്ടപ്പിന്റെ സ്ഥാപകരും അമ്മയും മകളുമായ ജയ പരാശർ, അങ്കിത പരാശർ എന്നിവർ. ‘ഇൻ-ഹൗസ്’ സാധനങ്ങൾ വിതരണം ചെയ്യുന്നതിനു സഹായിക്കുന്ന പൂർണമായും ഓട്ടോമേറ്റഡ് റോബോട്ട് ആയ 'ഡോബോട്ടി'ന്റെ നിർമാണമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.

 

***(Release ID: 1669974) Visitor Counter : 9