പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ കെവാഡിയയില്‍ രാഷ്ട്രിയ ഏകതാ ദിവസ് പരേഡില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 31 OCT 2020 1:54PM by PIB Thiruvananthpuram

ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ കാഴ്ച്ചപ്പാടുകള്‍  നിറഞ്ഞ പ്രയത്‌നത്തെ കുറിച്ച് നാം ഇപ്പോള്‍ കേട്ടുകഴിഞ്ഞതേയുള്ളു.  പ്രസംഗത്തിനു മുമ്പ്  ഭാരത് മാതാ കീ ജെയ് എന്ന മുദ്രാവാക്യം ഉദ്‌ഘോഷിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് നിങ്ങള്‍ എല്ലാവരോടുമുള്ള എന്റെ അഭ്യര്‍ത്ഥനയാണ്. വിദൂര മലയോരങ്ങളില്‍ ജീവിക്കുന്ന എന്റെ ഗോത്രവര്‍ഗ സഹോദരങ്ങളും യൂണിഫോമിലുള്ള പട്ടാളക്കാരും ഉള്‍പ്പെടെ എല്ലാവരും സര്‍ദാര്‍ സാഹിബിനെ അനുസ്മരിച്ചുകൊണ്ട് അവരുടെ കരങ്ങള്‍ ഉയര്‍ത്തി ഭാരത് മാതാ കീ ജെയ് എന്ന മുദ്രാവാക്യം മുഴക്കണം. ഞാന്‍ ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിക്കും - ഇവിടെയുള്ള പൊലീസ് സേനയിലെ ധീരരായ പുത്രീ പുത്രന്മാക്കു വേണ്ടി ഭാരത് മാതാ കീ ജെയ്, കൊറോണായ്ക്ക് എതിരെ പോരാടുന്ന എല്ലാ യോധാക്കള്‍ക്കും വേണ്ടി ഭാരത് മാതാ കീ ജെയ്, സ്വാശ്രയ പ്രതിജ്ഞ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുഴുകിയിരിക്കുന്ന ഈ രാജ്യത്തെ കോടിക്കണക്കിനു പൗരന്മാര്‍ക്കു വേണ്ടി ഭാരത് മാതാ കീ ജെയ്.  രാജ്യത്തെ നൂറുകണക്കിനു നാട്ടുരാജ്യങ്ങളെ ഒന്നിച്ചു ചേര്‍ത്ത് നാം ഇന്നു കാണുന്ന ഇന്ത്യയെ രൂപപ്പെടുത്തിയതു സര്‍ദാര്‍ പട്ടേലാണ്.  അദ്ദേഹമാണ് ആ നാനാത്വത്തെ സ്വതന്ത്ര ഇന്ത്യയുടെ ശക്തിയാക്കിയത്.

 

2014 ലാണ് നാം അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം രാജ്യത്തിന്റെ ഏകതാ ദിവസമായി ആചരിക്കാന്‍ ആരംഭിച്ചത്.  ഇക്കഴിഞ്ഞ ആറു വര്‍ഷമായി ഗ്രാമങ്ങളില്‍  മുതല്‍ നഗരങ്ങളില്‍ വരെ കിഴക്കു മുതല്‍ പടിഞ്ഞാറു വരെ, കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെ എല്ലാവരും, ഒരിന്ത്യ ശ്രേഷ്ഠ ഇന്ത്യ എന്ന പ്രതിജ്ഞ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പരിശ്രമം നടത്തി വരികയാണ്. സര്‍ദാര്‍ പട്ടേലിന്റെ അംബരചുംബിയായ ഈ പ്രതിമയുടെ നിഴലില്‍ നിന്നുകൊണ്ട് രാഷ്ട്രപുരോഗതിക്കായുള്ള പ്രതിജ്ഞ ഒരിക്കല്‍ കൂടി രാജ്യമൊന്നാകെ ആവര്‍ത്തിക്കുകയാണ്.
 

സുഹൃത്തുക്കളെ, 
 

ഞാന്‍ കെവാഡിയായില്‍ ഇന്നലെ തന്നെ എത്തിയിരുന്നു. കെവാഡിയായില്‍ വന്നശേഷം  സഫാരി പാര്‍ക്ക്, ഏകതാ മാള്‍, കുട്ടികളുടെ പോഷകാഹാര തോട്ടം, ആരോഗ്യ വനം, തുടങ്ങിയവ ഉള്‍പ്പെടെ ചരിത്രത്തിന്റെ അനേകം പുതിയ നാഴിക കല്ലുകള്‍, ഇന്നലെ ഉദ്ഘാടനം ചെയ്യുകയുണ്ടായി. സര്‍ദാര്‍ സരോവര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രഢഗംഭീരമായ ഈ മന്ദിരം ഒരിന്ത്യ ശ്രേഷ്ഠ ഇന്ത്യ എന്ന  നവഭാരത മുന്നേറ്റ ചൈതന്യത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമായി വളരെ കുറഞ്ഞ സമയം കൊണ്ട് മാറിക്കഴിഞ്ഞിരിക്കുന്നു.

സര്‍ദാര്‍ സരേവറില്‍ നിന്ന് സബര്‍മതി നദിക്കരയിലേയ്ക്കുള്ള സീ-പ്ലെയിനിന്റെ ഉദ്ഘാടനവും നടന്നു കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ പ്രഥമ സീപ്ലെയിന്‍ സര്‍വീസ് കൂടിയാണ് ഇത്.  സര്‍ദാര്‍ സാഹിബിന്റെ ഏകതാ പ്രതിമ സന്ദര്‍ശിക്കുന്നതിന് ഇനി മുതല്‍ സീ പ്ലെയിന്‍ വഴിയും നമ്മുടെ പൗരന്മാര്‍ക്ക് എത്താവുന്നതാണ്. ഇതെല്ലാം ഈ മേഖലയിലെ വിനോദസഞ്ചാര വികസനത്തെ സഹായിക്കുന്നതിനുള്ള നടപടികളാണ്.
 

മറ്റൊരു അപൂര്‍വ ആകസ്മിതയും കൂടി ഈ ദിവസത്തിനുണ്ട്.  ഇന്ന് മഹര്‍ഷി വാത്മീകിയുടെ ജന്മദിനമാണ്. ഇന്ന് ഇന്ത്യയില്‍ നാം അനുഭവിക്കുന്ന സാംസ്‌കാരിക ഐക്യമുണ്ടല്ലോ , അതിനെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് കൂടുതല്‍ ഊര്‍ജ്ജസ്വലവും ആകര്‍ഷികവുമാക്കിയത് ആദികവിയായ മഹര്‍ഷി വാത്മീകിയാണ്.  ശ്രീരാമദേവന്റെ ആശയങ്ങളാല്‍ ഇന്ത്യയുടെ ഓരോ മുക്കും മൂലയും ഒന്നിച്ചു ചേര്‍ക്കപ്പെട്ടിരിക്കുന്നതിന്റെ ഏറ്റവും വലിയ കാരണം, മഹര്‍ഷി വാത്മീകി ജിയാണ്. ആദ്യം രാഷ്ട്രം എന്നുള്ള മഹര്‍ഷി വാത്മീകിയുടെ ആഹ്വാനവും  മാതാവും മാതൃരാജ്യവും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം എന്നുള്ള അദ്ദേഹത്തിന്റെ മുദ്രാവാക്യവും ആണ് ഇന്ത്യ ആദ്യം എന്ന പ്രതിജ്ഞയുടെ ശക്തമായ അടിസ്ഥാനം.
 

ലോകത്തിലെ ഏറ്റവും പുരാതന ഭാഷയായ തമിഴില്‍ സുബ്രഹ്മണ്യ ഭാരതി പ്രകടിപ്പിച്ചിട്ടുള്ള ഭാരത മാത എന്ന നിര്‍വചനത്തിന്റെ അന്തസത്തയും വളരെ ശ്രദ്ധേയം തന്നെ.

ഇന്ത്യയെ സംബന്ധിച്ച ശ്രദ്ധേയമായ ഈ പ്രയോഗത്തെ നര്‍മദ മാതാവിന്റെ തീരത്ത്, സര്‍ദാര്‍ സാഹിബിന്റെ ഈ ഉത്തുംഗ പ്രതിമയുടെ നിഴലില്‍ നില്ക്കുമ്പോള്‍ വളരെ തീവ്രമായി അനുഭവിക്കാന്‍ നമുക്കു സാധിക്കും.  ഇന്ത്യയുടെ ഈ ശക്തിയാണ് പോരാടാനും എല്ലാ പ്രതിബന്ധങ്ങളെയും പ്രശ്‌നങ്ങളെയും കീഴടക്കാനും നമ്മെ പഠിപ്പിക്കുന്നത്.
 

കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള, ലേ മുതല്‍ ലക്ഷദ്വീപ് വരെയുള്ള, അടക് മുതല്‍ കട്ടക്ക് വരെയുള്ള, കച്ച് മുതല്‍ കൊഹിമ വരെയുള്ള,  ത്രിപുര മുതല്‍ സോമനാഥ് വരെയുള്ള 130 കോടി ജനങ്ങള്‍ പ്രകടിപ്പിച്ച ഒരുമയുടെ ഈ സന്ദേശമാണ് കഴിഞ്ഞ എട്ടു മാസമായി കൊറോണയ്ക്ക് എതിരെ പോരാടന്‍ ഞങ്ങള്‍ക്കു ശക്തി പകര്‍ന്നതും വിജയപഥത്തിലേയ്ക്കു ഞങ്ങളെ നയിച്ചതും. ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിന് രാജ്യം കൃതജ്ഞതാ ദീപങ്ങള്‍ തെളിച്ചു. പൊലീസിലെ ഞങ്ങളുടെ മികച്ച സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി  കൊറോണ പോരാളികള്‍ മറ്റുള്ളവരുടെ ജീവിതങ്ങളെ രക്ഷിക്കുന്നതിനായി ജീവത്യാഗം ചെയ്തു. മനുഷ്യസേവനത്തിനായി ജീവത്യാഗം ചെയ്യുക എന്നത്  സ്വാതന്ത്ര്യത്തിനു ശേഷം ഈ രാജ്യത്തെ പൊലീസ് സേനയുടെ മികവിന്റെ മുദ്രയാണ് സ്വാതന്ത്ര്യം മുതല്‍ പരിശോധിച്ചാല്‍ ഇതുവരെ ഏകദേശം 35000 പൊലീസ് സേനാംഗങ്ങള്‍ ജീവത്യാഗം ചെയ്തിട്ടുണ്ട്. എന്നാല്‍ നിരവധി പൊലീസ് സേനാംഗങ്ങള്‍ അവരുടെ ജീവിതം സമര്‍പ്പിച്ചത് കൊറോണ കാലഘട്ടത്തില്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടിയാണ്. ഈ സുവര്‍ണ കാലത്തെ ചരിത്രം ഒരിക്കലും മറക്കില്ല. ആ ജീവിതങ്ങളെ ഓര്‍ത്ത്  അവരുടെ നിസ്വാര്‍ത്ഥ സേവനങ്ങളെ ഓര്‍ത്ത്  പൊലീസ് സേന മാത്രമല്ല ഈ രാജ്യത്തെ 130 കോടി ജനങ്ങളും ആദര പൂര്‍വം  തല കുനിക്കും.
 

സുഹൃത്തുക്കളെ,
 

പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും മധ്യത്തില്‍ പോലും, അസാധ്യം എന്നു കരുതിയിരുന്ന നിരവധി നിയോഗങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ രാജ്യത്തിനു സാധിച്ചു. അതീവ ദുഷ്‌കരമായ ഒരു വര്‍ഷക്കാലമാണ് 370 ാം വകുപ്പു പിന്‍ലിക്കലിനു ശേഷം കാഷ്മീര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് ഇത് അവിടെ പ്രാവര്‍ത്തികമാക്കിയത്. സര്‍ദാര്‍ പട്ടേല്‍ ജീവിച്ചിരുന്നപ്പോള്‍ മറ്റു നാട്ടുരാജ്യങ്ങള്‍ക്കൊപ്പം കാഷ്മീരിനെയും കൂട്ടിച്ചേര്‍ക്കാനുള്ള ഉത്തരവാദിത്വം നല്കിയിരുന്നെങ്കില്‍ സ്വാതന്ത്ര്യത്തിനു ശേഷം ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞ് എനിക്ക് ഇതു ചെയ്യേണ്ടിവരുമായിരുന്നില്ല. പക്ഷെ സര്‍ദാര്‍ സാഹിബിന്റെ ഈ ജോലി അപൂര്‍ണമായി അവശേഷിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രചോദനം മൂലം ആ നിയോഗം പൂര്‍ത്തിയാക്കാനുള്ള ഭാഗ്യം ഈ രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് ലഭിച്ചു. വികസനത്തിനു വിലങ്ങുതടിയായി നിന്ന പ്രതിബന്ധങ്ങളെ മറികടന്ന് കാഷ്മീര്‍ വികസനത്തിന്റെ പുതിയ പാതയിലൂടെ മുന്നേറുകയാണ്. സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ട് വടക്കു കിഴക്കന്‍ മേഖലയിലും ഐക്യത്തിന്റെ പുതിയ മാനങ്ങള്‍ സ്ഥാപിക്കുകയാണ് രാജ്യം. അയോധ്യയിലെ സോമനാഥിന്റ പുനര്‍നിര്‍മ്മിതിയിലൂടെ ഇന്ത്യയുടെ സാംസ്‌കാരിക മഹിമ പുനസ്ഥാപിക്കുന്നതിന് സര്‍ദാര്‍ പട്ടേല്‍ തുടങ്ങിവച്ച യജ്ഞം വ്യാപിക്കുന്നത് രാജ്യം ഇന്ന് കാണുന്നു. രാമക്ഷേത്രം സംബന്ധിച്ച  സുപ്രിം കോടതിയുടെ വിധിയും രാജ്യം കണ്ടു കഴിഞ്ഞു. ഒപ്പം രാജകീയമായ രാമക്ഷേത്രത്തിന്റെ നിര്‍മ്മിതിക്കും രാജ്യം സാക്ഷ്യം വഹിക്കുകയാണ്.

 

സുഹൃത്തുക്കളെ, സ്വാശ്രയരാകുന്നതോടെ കൃഷിക്കാരും തൊഴിലാളികളും പാവങ്ങളും ശക്തരാകും. ഇത് സര്‍ദാര്‍ സാഹിബിന്റെ സ്വപ്‌നമായിരുന്നു. സ്വാശ്രയരാകുന്നതോടെ കൃഷിക്കാരും തൊഴിലാളികളും പാവങ്ങളും ശക്തരാകുമെന്ന് അദ്ദേഹം പതിവായി പറഞ്ഞിരുന്നു.  കൃഷിക്കാരും തൊഴിലാളികളും പാവങ്ങളും സ്വാശ്രയരാകുമ്പോള്‍ മാത്രമെ രാജ്യം സ്വാശ്രയമാകൂ.
 

സുഹൃത്തുക്കളെ,
 

സ്വയം പര്യാപ്തമായ രാജ്യത്തിനു മാത്രമെ അതിന്റെ പുരോഗതിയിലും സുരക്ഷയിലും ആത്മവിശ്വാസം ഉണ്ടാവുകയുള്ളു. അതിനാല്‍ പ്രതിരോധ മേഖലയിലും സ്വയം പര്യാപ്തതമായിക്കൊണ്ട് രാജ്യം മുന്നേറുകയാണ്. ഇതു മാത്രമല്ല, അതിര്‍ത്തികളെ സംബന്ധിച്ച നമ്മുടെ കാഴ്ച്ചപ്പാടുകളിലും നിലപാടുകളിലും മാറ്റങ്ങള്‍ വന്നു കഴിഞ്ഞു.  ഇന്ത്യയുടെ മണ്ണില്‍ കണ്ണുവയ്ക്കുന്നവര്‍ക്കെല്ലാം കനത്ത പ്രഹരമാണ് നമ്മുടെ ധീരയോധാക്കള്‍ നല്കിവരുന്നത്.  അതിര്‍ത്തികളിലുടനീളം  നൂറു കണക്കിനു കിലോമീറ്റര്‍ റോഡുകളും, ഡസന്‍ കണക്കിന് പാലങ്ങളും ടണലുകളുമാണ് ഇന്ത്യ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരവും മാന്യതയും സംരക്ഷിക്കുന്നതിന് ഇന്ത്യ പൂര്‍ണമായും സുസജ്ജവും പ്രതിജ്ഞാബദ്ധവുമാണ്.

 

സുഹൃത്തുക്കളെ, ഐക്യത്തിന്റെ ആശയങ്ങള്‍ക്ക് ഇന്ത്യ എന്നും മുഖ്യപരിഗണന നല്കിയിരുന്നു. ശ്രീബുദ്ധ ഭഗവാന്‍ മുതല്‍ മഹാത്മഗാന്ധിവരെ ഇന്ത്യ എന്നും സമസ്ത ലോകത്തിനു മുഴുവന്‍ നല്കിയത് ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ്. സുഹൃത്തുക്കളെ, നമ്മുടെ ദേശീയ കവി രാംധരി സിംങ് ദിനകര്‍ ജി ഇപ്രകാരം എഴുതിയിട്ടുണ്ട്, സ്വര്‍ഗ്ഗത്തെ ഭൂമിയിലേയ്ക്കു ആനയിക്കുന്ന ആശയമാണ് ഇന്ത്യ, ജനങ്ങളെ ഉത്ബുദ്ധരാക്കുന്ന ആവിഷ്‌കാരമാണ് ഇന്ത്യ.  നമ്മുടെ രാജ്യത്തിന്റെ അസ്തിത്വം തന്നെ നമ്മുടെ ചിന്തകളിലൂടെയും വികാരങ്ങളിലൂടെയും, ബോധ്യങ്ങളിലൂടെയും, പരിശ്രമങ്ങളിലൂടെയുമാണ്. നാനാത്വമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. ഇത്രമാത്രം ഭാഷകളും ഉപഭാഷകളും, വൈവിധ്യമാര്‍ന്ന വേഷങ്ങളും, ഭക്ഷണശീലങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും മറ്റ് ഒരു രാജ്യത്തും ഉണ്ടാവില്ല. വിവിധ ഭാഷകളും വ്യത്യസ്തമായ നൈതികതകളും, ചിന്തകളും, പെരുമാറ്റരീതികളും ഉള്ള ഒരു ജനസമൂഹത്തെ ഒരൊറ്റ കുടുംബത്തെ എന്നപോലെയാണ് നമ്മുടെ മാതൃരാജ്യം ചേര്‍ത്തു പിടിക്കുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ വൈജാത്യമാണ് നമ്മുടെ ഐക്യം. നാത്വത്തിലും ഏകത്വം സജീവമായി കാത്തു സൂക്ഷിക്കുക എന്നതാണ് രാഷ്ട്രത്തോടുള്ള നമ്മുടെ ഉത്തരവാദിത്വം. ഒന്നിച്ചിരിക്കുമ്പോഴാണ് നാം അജയ്യരാകുന്നത് എന്ന് ഓര്‍മ്മിക്കുക.
 

സുഹൃത്തുക്കളെ, ഇന്ന് ഇവിടെ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ പരേഡ് വീക്ഷിക്കവെ, നിങ്ങളുടെ അസാധ്യ കഴിവുകള്‍ ശ്രദ്ധിക്കവെ മറ്റൊരു ചിത്രം കൂടി എന്റെ മനസില്‍ വന്നു. അത് പുല്‍വാമ ആക്രമണത്തിന്റെ ചിത്രമായിരുന്നു. അന്ന് രക്തസാക്ഷിത്വം വഹിച്ച ധീര യോധാക്കള്‍ അര്‍ദ്ധസൈനിക വിഭാഗത്തില്‍ പെട്ടവരായിരുന്നു. എന്നാല്‍ ചിലയാളുകള്‍ പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നു.അവരുടെ നിരുത്തരവാദ പരമായ പ്രസ്താവനകളെ രാഷ്ട്രത്തിന്  ഒരിക്കലും മറക്കാനാവില്ല. രക്തസാക്ഷിത്വം വരിച്ച ആ ധീരയോധാക്കളെ ഓര്‍ത്ത് എന്റെ മനസ് വല്ലാതെ മുറിപ്പെട്ടു. എന്നാല്‍ അടുത്തനാളില്‍ നമ്മുടെ അയല്‍ രാജ്യം നടത്തിയ പ്രസ്താവനകളും,  അവരുടെ പാര്‍ലമെന്റില്‍ നടത്തിയ കുറ്റസമ്മതവും  ഈ ആളുകളുടെ കപടമുഖങ്ങളെ തുറന്നുകാട്ടിയിരിക്കുന്നു. രാഷ്ട്രിയ താല്പര്യങ്ങള്‍ക്കായി എത്രത്തോളം തരം താഴാം എന്നതിന് വലിയ ഉദാഹരണമാണ് പുല്‍വാമ സംഭവത്തിനു ശേഷം കേട്ട പ്രസ്താവനകള്‍.
 

സുഹൃത്തുക്കളെ, നമ്മുടെ എല്ലാവരുടെയും ഏറ്റവും വലിയ താല്പര്യം രാജ്യതാല്പര്യമാവണം എന്നത് നാം എപ്പോഴും മനസിലാക്കുക. എല്ലാവരുടെയും താല്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമ്പോള്‍ മാത്രമെ നാം വളരുകയുള്ളു. സഹോദരി സഹോദരന്മാരെ, സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ വിഭാവനം ചെയ്ത ആ പ്രതിജ്ഞ ആവര്‍ത്തുന്നതിനുള്ള അവസരമാണ് ഇന്ന്. ശാക്തീകരിക്കപ്പെട്ടതും സമ്പന്നവും സ്വാശ്രയവുമായ ഒരിന്ത്യ. ഈ ശുഭവേളയില്‍ നമുക്ക് രാഷ്ട്രത്തോടുള്ള നമ്മുടെ ആത്മസമര്‍പ്പണം ആവര്‍ത്തിക്കാം. രാജ്യത്തിന്റെ യശസും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതിന് നമുക്ക് പ്രതിജ്ഞയെടുക്കാം. സര്‍ദാര്‍ പട്ടേലിനുമുന്നില്‍ തല കുനിച്ചുകൊണ്ട് രാജ്യത്തെ പുതിയ ഉയരങ്ങളിലേയ്ക്ക് ആനയിക്കാം.
 

ഈ പ്രതിജ്ഞയോടെ എന്റെ എല്ലാ സഹപൗരന്മാര്‍ക്കും ഏകതാ ദിനത്തിന്റെ ആശംസകള്‍ നേരുന്നു. സര്‍ദാര്‍ സാഹിബിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു. വാത്മീകി ജയന്തിയില്‍, സര്‍ദാര്‍ സാഹിബിന്റെ ജന്മവാര്‍ഷികത്തില്‍  എല്ലാ പൗരന്മാര്‍ക്കും ആശംസകള്‍ അറിയിക്കുന്നു.
 

വളരെ വളരെ നന്ദി

 

***


(Release ID: 1669929) Visitor Counter : 190