പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ കേശുഭായി പട്ടേലിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി രേഖപ്പെടുത്തിയ അനുശോചനത്തിന്റെ മലയാളം പരിഭാഷ

Posted On: 29 OCT 2020 4:20PM by PIB Thiruvananthpuram

രാജ്യത്തിന്റെയും ഗുജറാത്തിന്റെയും മഹാനായ പുത്രന്‍ ഇന്ന് നമ്മെ വിട്ടുപിരിഞ്ഞു. നമ്മുടെ പ്രിയപ്പെട്ട കേശുഭായി പട്ടേലിന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തു. എനിക്ക് പിതൃസമാനനായ ഒരു വ്യക്തി നഷ്ടപ്പെട്ടതുപോലെയാണ് കേശുഭായി പട്ടേലിന്റെ വിയോഗം. അദ്ദേഹത്തിന്റെ മരണം എനിക്ക് അത്ര വലിയ നഷ്ടമാണ്; ആ ശൂന്യത ഒരിക്കലും നികത്താനാകുകയുമില്ല. ആറു പതിറ്റാണ്ടുകാലത്തെ പൊതുജീവിതത്തില്‍ അദ്ദേഹത്തിന് ഒറ്റലക്ഷ്യമേ ഉണ്ടായിരുന്നുള്ളു: ദേശീയതയും-രാജ്യത്തിന്റെ ക്ഷേമവും.
 

തന്റെ വ്യക്തിത്വത്തില്‍ വലിയ സമ്പന്നനായിരുന്നു കേശുഭായി. തന്റെ സ്വഭാവത്തിന്റെ ഒരു വശത്ത് വളരെ എളിമയും മൃദുത്വവുമുള്ള വ്യക്തിയായിരുന്നെങ്കില്‍ മറുവശത്ത് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യം വളരെ ശക്തവുമായിരുന്നു. അദ്ദേഹം തന്റെ ജീവിതം സമൂഹത്തിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും സേവിക്കുന്നതിനുമായി സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഓരോ കൃത്യവും ഗുജറാത്തിന്റെ വികസനത്തിനും തീരുമാനങ്ങള്‍ ഓരോ ഗുജറാത്തികളെയും ശാക്തീകരിക്കുന്നതുമായിരുന്നു.
 

വളരെ സാധാരണമായ ഒരു കര്‍ഷക കുടുംബത്തില്‍പ്പെട്ട നമ്മുടെ കേശുഭായിക്ക് കര്‍ഷകരുടെയൂം പാവപ്പെട്ടവരുടെയും കഷ്ടപാടുകള്‍ മനസിലായിരുന്നു. കര്‍ഷകരുടെ ക്ഷേമമായിരുന്നു അദ്ദേഹത്തിന് പരമപ്രധാനം. എം.എല്‍.എ, എം.പി, മന്ത്രി, മുഖ്യമന്ത്രി എന്ന നിലയിലൊക്കെ എല്ലാ തീരുമാനങ്ങളിലും നയങ്ങളിലും കേശുഭായി കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കായിരുന്നു ഏറ്റവും വലിയ മുന്‍ഗണന നല്‍കിയത്. ഗ്രാമീണരുടെയൂം പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനും ദേശീയതയുടെ ആശയത്തിനുമായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും ജീവിതത്തിലാകെ സ്വീകരിച്ചിരുന്ന പൊതുസമര്‍പ്പണവും നിരവധി തലമുറകളെ പ്രചോദിപ്പിക്കും.
 

ഗുജറാത്തിന്റെ എല്ലാ ഭാഗത്തിലൂം സുപരിചിതണായിരുന്നു കേശുഭായി. ജനസംഘിനേയും ബി.ജെ.പിയേയും അദ്ദേഹം ഗുജറാത്തിന്റെ എല്ലാ കോണുകളിലും എത്തിക്കുകയും എല്ലാ മേഖലകളിലും ശക്തിപ്പെടുത്തുകയും ചെയ്തു. അടിയന്തിരാവസ്ഥകാലത്ത് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി  കേശുഭായി പോരാടിയത് ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു.

കേശുഭായി എന്നും എന്നെപ്പോലെയുള്ള നിരവധി സാധാരണപ്രവര്‍ത്തകരെ പഠിപ്പിക്കുകയും നയിക്കുകയും ചെയ്തിട്ടുണ്ട്.
 

പ്രധാനമന്ത്രിയായശേഷവും ഞാന്‍ നിരന്തരമായി അദ്ദേഹവുമായി ബന്ധപ്പെട്ടുകൊണ്ടു തന്നെയിരുന്നു. എപ്പോഴൊക്കെ ഗുജറാത്ത് സന്ദര്‍ശിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തിന്റെ ആശിര്‍വാദം തേടാനായി പോയിട്ടുമുണ്ട്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സോമനാഥ്ട്രസ്റ്റിന്റെ ഒരു വെര്‍ച്ച്വല്‍ യോഗത്തില്‍ ഞാന്‍ അദ്ദേഹവുമായി ഒരു ദീര്‍ഘസംഭാഷണം നടത്തുകയും അദ്ദേഹം വളരെ സന്തോഷവാനായി കാണപ്പെടുകയുംചെയ്തു. കൊറോണയുടെ ഈ കാലത്തുപോലും ഞാന്‍ ഫോണിലൂടെ നിരവധി തവണ അദ്ദേഹവുമായി സംസാരിച്ചു; ഞാന്‍ അപ്പോഴൊക്കെ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ചോദിക്കുകയും ചെയ്യുമായിരുന്നു.
 

സംഘടനയെക്കുറിച്ചായിക്കോട്ടെ, പോരാട്ടങ്ങളിലായിക്കോട്ടെ, അല്ലെങ്കില്‍ സംവിധാനത്തെക്കുറിച്ചാകട്ടെ കഴിഞ്ഞ 45 വര്‍ഷം അദ്ദേഹവുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തില്‍ എന്റെ ഓര്‍മ്മയില്‍ നിരവധി കാര്യങ്ങള്‍ മിന്നിമറിയുകയുമാണ്.

ഇന്ന് എന്നെപ്പോലെ എല്ലാ ബി.ജെ.പി പ്രവര്‍ത്തകരും എന്നെപ്പോലെ ദുഃഖത്തിലാണ്. കേശുഭായിയുടെ കുടുംബത്തിനും അദ്ദേഹത്തിന്റെ അഭ്യുയകാംക്ഷികള്‍ക്കും എന്റെ ആദരാജ്ഞലികള്‍. ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബവുമായി ഞാന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

തന്റെ കാല്‍ചുവട്ടില്‍ തന്നെ കേശുഭായിക്ക് ഇരിപ്പിടം നല്‍കണമെന്നും വിട്ടുപിരിഞ്ഞ ആത്മാവിന് ശാന്തി നല്‍കണമെന്നും ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.
 

ഓം ശാന്തി!!!! 

 

***


(Release ID: 1669565) Visitor Counter : 175