മന്ത്രിസഭ

ലോകബാങ്ക് ധന സഹായത്തോടെ 5718 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സ്റ്റാർസ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി

Posted On: 14 OCT 2020 4:47PM by PIB Thiruvananthpuram



പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭായോഗം താഴെപ്പറയുന്ന കാര്യങ്ങൾക്ക് അംഗീകാരം നൽകി:

* 5718
കോടി രൂപ ചിലവിൽ സ്ട്രെങ്തനിങ്ങ് ടീച്ചിങ് ലേണിങ് ആൻഡ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ് -STARS പദ്ധതി നടപ്പാക്കും. ഇതിൽ 500 ദശലക്ഷം അമേരിക്കൻ ഡോളർ (3700 കോടി രൂപ) ലോകബാങ്ക് സഹായമായി നൽകും.

*
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പിന് കീഴിൽ, കേന്ദ്രസർക്കാർ ധന സഹായത്തോടുകൂടി നടപ്പാക്കുന്ന പുതിയ പദ്ധതിയാണ് സ്റ്റാർസ്

* വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പിന് കീഴിൽ സ്വയംഭരണാധികാരം ഉള്ളതും സ്വതന്ത്രവുമായ സ്ഥാപനമായി ദേശീയ മൂല്യനിർണയ കേന്ദ്രം PARAKH നെ വികസിപ്പിക്കാൻ സഹായം നൽകും.

ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം, ഒഡീഷ എന്നീ ആറ് സംസ്ഥാനങ്ങളിൽ ആണ് പദ്ധതി നടപ്പാക്കുക. സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ നിലവാരം വർദ്ധിപ്പിക്കുന്നതിനായി ഉള്ള പ്രത്യേക ശ്രമങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് സഹായം ലഭ്യമാക്കും.

പദ്ധതിക്ക് പുറമേ സമാനരീതിയിൽ ഏഷ്യൻ വികസന ബാങ്കിന്റെ ധന സഹായത്തോടുകൂടി ഗുജറാത്ത്, തമിഴ്നാട്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, അസം എന്നിവിടങ്ങളിൽ മറ്റൊരു പദ്ധതി നടപ്പാക്കാനും ലക്ഷ്യമിടുന്നു. എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ അനുഭവങ്ങളും, പിന്തുടരുന്ന മികച്ച മാതൃകകളും മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കും.

ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയം 2020-ലെ ലക്ഷ്യങ്ങളോടു ചേർന്ന് പോകുന്ന വിധത്തിലാണ് സ്റ്റാർസ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുക, സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ സേവനങ്ങളുടെ വിതരണം മെച്ചപ്പെടുത്തുക, സംസ്ഥാനങ്ങൾ തമ്മിലുള്ള വിദ്യാഭ്യാസ പ്രക്രിയകൾക്ക് പങ്കാളിത്തം വികസിപ്പിക്കുക തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

***



(Release ID: 1664444) Visitor Counter : 444