ധനകാര്യ മന്ത്രാലയം

കൂടുതല്‍ പണം വിപണിയിലെത്തിച്ച് ആഭ്യന്തര ഉപഭോഗം ഉത്തേജിപ്പിക്കുന്നതിനായി  73,000 കോടി രൂപയുടെ പാക്കേജ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു.

Posted On: 12 OCT 2020 5:06PM by PIB Thiruvananthpuram

 


കൂടുതല്‍ പണം  വിപണിയിലെത്തിച്ച് കോവിഡ് -19  മഹാമാരി മൂലമുണ്ടായ മാന്ദ്യം മറികടക്കുക ലക്ഷ്യമിട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ  73,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. കേന്ദ്ര ധനകാര്യ, സഹമന്ത്രി അനുരാഗ് താക്കൂറും പ്രഖ്യാപന വേളയിൽ പങ്കെടുത്തു.

വിശദാംശങ്ങൾ ഇപ്രകാരമാണ്: -


എ. ഉപഭോക്തൃ ചെലവഴിക്കൽ


അവധി യാത്രാ ബത്തയ്ക്ക് (എൽ‌.ടി‌.സി.) പകരമായി ക്യാഷ് വൗച്ചർ പദ്ധതി

2018-21 കാലയളവിലെ അവധി യാത്രാ ആനുകൂല്യം പണമായി നല്കാൻ  കേന്ദ്രസർക്കാർ തീരുമാനിച്ചു,


അതിൽ:

അവധി പണമാക്കി മാറ്റാം

ഉദ്യോഗസ്ഥ ശ്രേണി അനുസരിച്ച് 3 സ്ലാബുകളിൽ യാത്രാച്ചെലവ് പണമാക്കി മാറ്റാം

യാത്രാച്ചെലവ് പണമാക്കി മാറ്റുമ്പോൾ നികുതി നൽകേണ്ടതില്ല

ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ജീവനക്കാർ  2021 മാർച്ച് 31 ന് മുമ്പായി യാത്രാച്ചെലവ് ഇനത്തിൽ വാങ്ങുന്ന തുകയുടെ  3 ഇരട്ടിയും അവധി പണമാക്കി മാറ്റുന്നതിന്റെ 1 ഇരട്ടിയും ചരക്കുകളോ സേവനങ്ങളോ  പ്രയോജനപ്പെടുത്തണം.

ചരക്ക് സേവന നികുതി രജിസ്‌ട്രേഷൻ ഉള്ള കടകളിൽ നിന്ന് ഡിജിറ്റൽ പണമിടപാടിലൂടെ, 12 ശതമാനമോ അതിൽ കൂടുതലോ ചരക്ക് സേവന നികുതിയുള്ള  ഉത്പന്നങ്ങൾ വാങ്ങാൻ പണം ചെലവഴിക്കണമെന്നും പദ്ധതി നിർദ്ദേശിക്കുന്നു. ആനുകൂല്യം ലഭിക്കാൻ  ജീവനക്കാർ  ചരക്ക് സേവന നികുതി ഉൾപ്പടെയുള്ള വിലവിവരപ്പട്ടിക ഹാജരാക്കേണ്ടതുണ്ട്.

ജീവനക്കാർ ഈ പദ്ധതി തിരഞ്ഞെടുക്കുകയാണെങ്കിൽ കേന്ദ്ര സർക്കാരിന് ഏകദേശം 5,675 കോടി രൂപയോളം ചെലവ് വരും. പൊതുമേഖലാ ബാങ്കുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ ഈ പദ്ധതി തിരഞ്ഞെടുക്കുകയാണെങ്കിൽ ഏകദേശം 1,900 കോടി രൂപയോളം ചെലവ് വരും.സംസ്ഥാന സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ  ജീവനക്കാർക്കും ആവശ്യമെങ്കിൽ നികുതി ഇളവ് അനുവദിക്കും.

കേന്ദ്ര സർക്കാർ ജീവനക്കാരും പൊതുമേഖലാ ബാങ്കുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരും ചേർന്ന് സമ്പദ്‌വ്യവസ്ഥയിലേക്ക് 19,000 കോടി രൂപ ഒഴുക്കുമെന്ന് കണക്കാക്കുന്നു. സംസ്ഥാന സർക്കാർ ജീവനക്കാർ  9,000 കോടി രൂപയും  ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 28,000 കോടി രൂപയുടെ അധിക ഉപഭോഗമാണ് പ്രതീക്ഷിക്കുന്നത്.


ii. മുൻകൂർ ഉത്സവാനുകൂല്യമായി പ്രത്യേക പലിശ രഹിത വായ്‌പ

ഉപഭോഗം  ഉത്തേജിപ്പിക്കുന്നതിനുള്ള ഒറ്റത്തവണ നടപടിയായി ഗസറ്റഡ് ജീവനക്കാർക്കും ഗസറ്റഡ് ഇതര ജീവനക്കാർക്കും ഉത്സവാനുകൂല്യമായി പ്രത്യേക പലിശ രഹിത വായ്‌പ നൽകുന്നു. എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും ഇപ്പോൾ പലിശരഹിത മുൻകൂർ വായ്‌പയായി 10,000 രൂപ ലഭിക്കും. 2021 മാർച്ച് 31 നകം പ്രയോജനപ്പെടുത്താവുന്നതാണ്.പരമാവധി 10 തവണകളായി ജീവനക്കാർ തിരിച്ചടയ്ക്കണം.

മുൻകൂർവായ്‌പയുടെ  മൂല്യമുള്ള  റുപേ കാർഡ് ജീവനക്കാർക്ക് ലഭിക്കും. കാർഡിന്റെ ബാങ്ക് ചാർജുകൾ സർക്കാർ വഹിക്കും.

പദ്ധതി വഴി 4000 കോടി രൂപയുടെ ഒറ്റത്തവണ വിതരണമാണ്  കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. എല്ലാ സംസ്ഥാന സർക്കാരുകളും ജീവനക്കാർക്ക് ഈ ആനുകൂല്യം നല്കാൻ തയ്യാറായാൽ 8,000 കോടി രൂപ കൂടി വിതരണം ചെയ്യാൻ സാധിക്കും.


ബി. മൂലധനച്ചെലവ്

       i. സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം:

മൂലധനച്ചെലവിന്പ്രത്യേക  ഊന്നൽ നൽകി, അടിസ്ഥാനസൗകര്യവികസനത്തിനും ആസ്തി സൃഷ്ടിക്കലിനുമായി ചെലവഴിക്കുന്ന പണം സമ്പദ്‌വ്യവസ്ഥയെ പതിന്മടങ്ങ് ശക്തിപ്പെടുത്തുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് 50 വർഷ കാലയളവുള്ള പ്രത്യേക പലിശരഹിത  വായ്പ കേന്ദ്രസർക്കാർ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. 12,000 കോടി മൂലധന ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക്  3 ഭാഗങ്ങളുണ്ട്.

ഭാഗം - 1

 8 വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് 200 കോടി വീതം (1,600 കോടി രൂപ)
 ഹിമാചൽ പ്രദേശ്,  ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്ക്  450 കോടി രൂപ വീതം (900 കോടി രൂപ)

ഭാഗം - 2

15-ാമത് ധനകാര്യ കമ്മീഷൻ നിർദ്ദേശിക്കുന്ന രീതിയിൽ ശേഷിക്കുന്ന സംസ്ഥാനങ്ങൾക്ക് 7,500 കോടി രൂപ വിഭജിച്ച് നൽകും.

ലഭ്യമാക്കുന്ന പലിശരഹിത വായ്പയുടെ  ആദ്യ ഗഡു , രണ്ടാം ഗഡു  എന്നിവ സംസ്ഥാനങ്ങൾ  2021 മാർച്ച് 31 നകം ചെലവഴിക്കണമെന്നും, തുടക്കത്തിൽ 50% നൽകുമെന്നും ബാക്കി 50%,  ആദ്യ 50% വിനിയോഗിച്ച ശേഷം നൽകുമെന്നും ധനമന്ത്രി പറഞ്ഞു.തുക വിനിയോഗിക്കാൻ സാധിച്ചില്ലെങ്കിൽ കേന്ദ്രസർക്കാർ വീണ്ടും അനുവദിക്കും.


ഭാഗം - 3

സംസ്ഥാനങ്ങൾക്ക് 12,000 കോടി പലിശരഹിത വായ്പ. ആത്മ നിർഭർ ഭാരത് പാക്കേജിൽ (ANBP) നിർദ്ദേശിച്ച 4 പരിഷ്കാരങ്ങളിൽ 3 എണ്ണമെങ്കിലും നിറവേറ്റുന്ന സംസ്ഥാനങ്ങൾക്ക് 2,000 കോടി രൂപ നൽകും. ധന വിനിയോഗ വകുപ്പിന്റെ, 2020 മെയ് 17 ലെ കത്ത്, എഫ്.നം. 40 (06) / പി.എഫ്.-എസ്. / 17-18 വാല്യം. വി. കാണുക.

ii. ബജറ്റ് വകയിരുത്തലിലെ വർദ്ധന :

റോഡുകൾ, പ്രതിരോധം, ജലവിതരണം, നഗരവികസനം, ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന മൂലധന ഉപകരണങ്ങൾ എന്നിവയ്ക്കായി 2020 ലെ കേന്ദ്ര ബജറ്റിൽ വകയിരുത്തിയ  4.13 ലക്ഷം കോടി രൂപയ്ക്ക്  പുറമെ 25,000 കോടി രൂപ അധിക ബജറ്റ് വിഹിതം അനുവദിക്കുമെന്നും  ധനമന്ത്രി പറഞ്ഞു.

*(Release ID: 1663824) Visitor Counter : 1198