രാജ്യരക്ഷാ മന്ത്രാലയം

ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ബി.ആര്‍.ഒ നിര്‍മ്മിച്ച 44 പാലങ്ങള്‍ രാജ്യരക്ഷാമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

Posted On: 12 OCT 2020 12:44PM by PIB Thiruvananthpuram

 

രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക്, വടക്ക് കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളുമായി ചേര്‍ന്ന തന്ത്രപ്രധാന ഇടങ്ങളില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 44 പാലങ്ങള്‍ രാജ്യരക്ഷാമന്ത്രി ശ്രീ. രാജ്നാഥ് സിംഗ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. അരുണാചല്‍ പ്രദേശിലെ നെച്ചിപു തുരങ്ക പാതയുടെ ശിലാസ്ഥാപന കര്‍മവും അദ്ദേഹം നിര്‍വഹിച്ചു.

ഉള്‍പ്രദേശങ്ങളിലേക്ക് ഗതാഗതം സാധ്യമാക്കുന്ന പുതിയ പാലങ്ങള്‍ രാജ്യസുരക്ഷയില്‍ തന്ത്രപ്രധാന സ്ഥാനമാണ് വഹിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിച്ചത്.. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, സംയുക്ത സേന തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ എം.എം നരവാനെ, രാജ്യരക്ഷാ സെക്രട്ടറി ശ്രീ അജയ് കുമാര്‍, കേന്ദ്രമന്ത്രി ശ്രീ കിരണ്‍ റിജിജു, ഹിമാചല്‍ പ്രദേശ്- പഞ്ചാബ്- സിക്കിം- ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാര്‍, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് രക്ഷാമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് മുഖേന പാലങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

പുതിയ പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ വിദൂര പ്രദേശങ്ങളിലുള്ളവര്‍ക്ക് പോലും യാത്രാസൗകര്യങ്ങള്‍ സാധ്യമായതായും ഇത് ഈ പ്രദേശങ്ങളുടെ വികസനത്തിന് കുതിപ്പേകുമെന്നും  ശ്രീ. രാജ്നാഥ് സിംഗ് പറഞ്ഞു.

സമയബന്ധിതമായി പാലം നിര്‍മാണം പൂര്‍ത്തിയാക്കിയ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനെ അഭിനന്ദിച്ച രാജ്യരക്ഷാമന്ത്രി, ബി.ആര്‍.ഒയ്ക്കുള്ള വാര്‍ഷിക ബജറ്റ് 2008-2016 കാലയളവില്‍ 3,300-4600 കോടി രൂപയായിരുന്നത് 2020-2021 ല്‍ 11,000 കോടി രൂപയായി വര്‍ദ്ധിപ്പിചത് എടുത്തു പറഞ്ഞു. അരുണാചല്‍ പ്രദേശിലെ തവാംഗിലേക്കുള്ള റോഡിലെ സുപ്രധാനമായ   നെച്ചിപു തുരങ്കത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനം നിര്‍വഹിച്ച ശ്രീ. രാജ്‌നാഥ് സിംഗ് ഇരട്ടപാതയുള്ള , 450 മീറ്റര്‍ തുരങ്ക പാത സുരക്ഷിതവുമായ യാത്ര ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി.

***



(Release ID: 1663684) Visitor Counter : 217