പ്രധാനമന്ത്രിയുടെ ഓഫീസ്‌

'റെസ്‌പോണ്‍സിബിള്‍ എ.ഐ ഫോര്‍ സോഷ്യല്‍ എംപവേര്‍മെന്റ് 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന അഭിസംബോധനയുടെ മലയാള പരിഭാഷ

Posted On: 05 OCT 2020 9:20PM by PIB Thiruvananthpuram

ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള വിശിഷ്ടാതിഥികളെ നമസ്‌തേ!

റെസ്‌പോണ്‍സിബിള്‍ എ.ഐ ഫോര്‍ സോഷ്യല്‍ എംപവേര്‍മെന്റ് ഉച്ചകോടി, റെയിസിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. നിര്‍മ്മിതബുദ്ധി സംബന്ധിച്ച ചര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വലിയ പ്രയത്‌നമാണ് ഇത്. സാങ്കേതിക വിദ്യയും മാനവ ശാക്തീകരണവുമായി ബന്ധപ്പെട്ട വശങ്ങള്‍ ശരിയായ രീതിയില്‍ നിങ്ങള്‍ പ്രമുഖമായി ഉയര്‍ത്തിക്കാട്ടി. സാങ്കേതികവിദ്യ നമ്മുടെ തൊഴിലിടങ്ങളെ പരിവര്‍ത്തനപ്പെടുത്തി. അത് ബന്ധിപ്പിക്കല്‍ മെച്ചമാക്കി. പ്രധാനപ്പെട്ട വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് വീണ്ടും വീണ്ടും സാങ്കേതികവിദ്യ നമ്മെ സഹായിക്കുന്നുണ്ട്. സാമൂഹിക ഉത്തരവാദിത്വവും നിര്‍മ്മിതബുദ്ധിയും തമ്മിലുള്ള ലയനം നിര്‍മ്മിതബുദ്ധിയെ മാനുഷിക സ്പര്‍ശനത്തോടെ സമ്പുഷ്ടമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 

സുഹൃത്തുക്കളെ,

നിര്‍മ്മിത ബുദ്ധിയെന്നത് മാനുഷിക ബുദ്ധിശക്തിക്കുള്ള ഒരു ആരാധനയും ബഹുമാനവുമാണ്. ചിന്തിക്കാനുള്ള കഴിവാണ് മനുഷ്യനെ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉണ്ടാക്കുന്നതിന് സഹായിക്കുന്നത്. ഇന്ന് ഈ ഉപകരങ്ങളും സാങ്കേതികവിദ്യകളും പഠിക്കാനും ചിന്തിക്കാനുമുള്ള കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ സഹായിക്കുന്നു! ഇതില്‍ ഉയര്‍ന്നുവരുന്ന ഒരു പ്രധാനപ്പെട്ട സാങ്കേതികവിദ്യയാണ് നിര്‍മ്മിത ബുദ്ധി. നിര്‍മ്മിത ബുദ്ധിയും മനുഷ്യരും ചേര്‍ന്നുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ ഗ്രഹത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും.

 

സുഹൃത്തുക്കളെ,

ചരിത്രത്തിന്റെ ഓരോ പടവുകളിലും ലോകത്തെ അറിവിലേക്കും പഠനത്തിലേക്കും ഇന്ത്യ നയിച്ചിട്ടുണ്ട്. ഇന്ന് വിവരസാങ്കേതികവിദ്യയുടെ കാലത്തും ഇന്ത്യ അതിവിശിഷ്ടമായ സംഭാവനകളാണ് നല്‍കുന്നത്. വളരെയധികം തിളക്കമുള്ള ചില സാങ്കേതികവിദ്യ നേതാക്കള്‍ ഇന്ത്യാക്കാരാണ്. ആഗോള ഐ.ടി. സേവന വ്യവസായത്തിന്റെ ആലക്തിക ശക്തികേന്ദ്രമാണെന്നും ഇന്ത്യ തെളിയിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ഡിജിറ്റലായുള്ള മികവും ലോകത്തെ സന്തോഷപ്പെടുത്തലും തുടരുകയാണ്.

 

സുഹൃത്തുക്കളെ,

സാങ്കേതികവിദ്യ സുതാര്യതയും സേവനം നല്‍കലും മെച്ചപ്പെടുത്തുന്നതായി ഇന്ത്യയില്‍ നമുക്ക് അനുഭവമുണ്ട്. ലോകത്തെ ഏറ്റവും വലിയ യുണിക് ഐഡന്ററ്റി സംവിധാനം-ആധാറിന്റെ നാടാണ് നമ്മുടേത്. ലോകത്തെ ഏറ്റവും നൂതനാശയപരമായ ഡിജിറ്റല്‍ പണമിടപാട് സംവിധാനം-യു.പി.എയും നമുക്കാണുള്ളത്. പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നേരിട്ടുള്ള പണം കൈമാറ്റം പോലുള്ള ഉള്‍പ്പെടെയുള്ള സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇത് നമ്മെ സഹായിച്ചിട്ടുണ്ട്. മഹാമാരിയുടെ ഈ സമയത്ത് ഇന്ത്യയുടെ ഡിജിറ്റല്‍ ഒരുക്കം എങ്ങനെയാണ് വലിയ സഹായകമായതെന്ന് നമ്മള്‍ കണ്ടു. ആളുകളുടെ അടുത്തേയ്ക്ക് സഹായങ്ങളുമായി അതിവേഗവും കാര്യക്ഷമമവുമായി നമ്മള്‍ക്ക് എത്തിപ്പെടാന്‍ കഴിഞ്ഞു. ഇന്ത്യ അതിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല അതിവേഗം വികസിപ്പിക്കുകയാണ്. എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

 

സുഹൃത്തുക്കളെ,

ഇപ്പോള്‍ നിര്‍മ്മിതബുദ്ധിയുടെ ആഗോള ഹബ്ബായി ഇന്ത്യ മാറണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. നിരവധി ഇന്ത്യാക്കാര്‍ ഇപ്പോള്‍ ഇതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വരുംകാലത്ത് നിരവധി പേര്‍ ഇത് ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. കൂട്ടായ പ്രവര്‍ത്തനം, വിശ്വാസം, സഹകരണം, ഉത്തരവാദിത്വം, സംശ്ലേഷണത്വം എന്നീ തത്വങ്ങളധിഷ്ഠിതമായ സമീപനമാണ് നമ്മളെ പ്രാപ്തിയുള്ളതാക്കുന്നത്.

 

സുഹൃത്തുക്കളെ,

ഇന്ത്യ അടുത്തിടെ ദേശീയ വിദ്യാഭ്യാസ നയം 2020 സ്വീകരിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രധാനഭാഗം സാങ്കേതികവിദ്യാധിഷ്ഠിത പഠനത്തിലും വൈവിദ്ധ്യവല്‍ക്കരണത്തിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വിവിധ പ്രാദേശിക ഭാഷകളിലും ഭാഷാന്തരങ്ങളിലും ഇ-കോഴ്‌സുകളും വികസിപ്പിക്കും. ഈ പ്രയത്‌നങ്ങളെല്ലാം നിര്‍മ്മിതബുദ്ധി വേദിയിലെ സ്വാഭാവിക ഭാഷാ സമ്പ്രദായ (എന്‍.എല്‍.പി) ശേഷിക്ക് ഗുണകരമാകും. ഈ വര്‍ഷം ഏപ്രിലില്‍ നമ്മള്‍ യുവാക്കള്‍ക്ക് വേണ്ടി ഉത്തരവാദിത്വ നിര്‍മ്മിത ബുദ്ധിക്ക് സമാരംഭം കുറിച്ചു. ഈ പരിപാടിക്ക് കിഴില്‍ സ്‌കൂളുകളില്‍ നിന്നുള്ള 11,000 ലധികം വിദ്യാര്‍ത്ഥികള്‍ അടിസ്ഥാന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അവര്‍ ഇപ്പോള്‍ അവരുടെ നിര്‍മ്മിതബുദ്ധി പദ്ധതികള്‍ നിര്‍മ്മിക്കുകയാണ്.

 

സുഹൃത്തുക്കളെ,

നാഷണല്‍ എഡ്യൂക്കേഷന്‍ ടെക്‌നോളജി ഫോറം(ദേശീയ വിദ്യാഭ്യാസ സാങ്കേതികവിദ്യാ വേദി-എന്‍.ഇ.ടി.എഫ്) രൂപീകരിച്ചു. ഇവ ഡിജിറ്റല്‍ പശ്ചാത്തലസൗകര്യങ്ങള്‍, ഡിജിറ്റല്‍ ഉള്ളടക്കവും കാര്യശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ഇ-എഡ്യുക്കേഷന്‍ യൂണിറ്റുകള്‍ സൃഷ്ടിക്കും. പഠിക്കുന്നവര്‍ക്ക് അനുഭവങ്ങളുടെ പ്രായോഗിക ലഭ്യതാക്കുന്നതിനായി വെര്‍ച്ച്വല്‍ ലാബുകളും സ്ഥാപിച്ചിട്ടുണ്ട്. സാംസ്‌ക്കാരിക നൂതനാശയങ്ങളും സംരംഭകത്വങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മള്‍ അടല്‍ ഇന്നോവേഷന്‍ മിഷനും ആരംഭിച്ചിട്ടുണ്ട്. ഈ നടപടികളിലൂടെ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ വേഗതയോടൊപ്പം ജനങ്ങളുടെ ഗുണത്തിനായി നിങ്ങുന്നതിനാണ് നമ്മള്‍ ലക്ഷ്യംവയ്ക്കുന്നത്.

 

സുഹൃത്തുക്കളെ,

ദേശീയ നിര്‍മ്മിത ബുദ്ധി പരിപാടിയെക്കുറിച്ചും സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ശരിയായി ഉപയോഗിക്കുന്നതിലേക്ക് നിര്‍മ്മിതബുദ്ധി സമര്‍പ്പിക്കും. എല്ലാ തല്‍പരകക്ഷികളുടെയും സഹായത്തോടെയായിരിക്കും ഇത് നടപ്പാക്കുക. ഇക്കാര്യത്തില്‍ മസ്തിഷ്‌ക്കോദ്ദീപനത്തിനുള്ള ഒരു വേദിയാകാന്‍ റെയ്‌സിന് കഴിയും. ഈ പരിശ്രമത്തില്‍ സജീവമായി പങ്കെടുക്കാന്‍ ഞാന്‍ നിങ്ങളെയൊക്കെ ക്ഷണിക്കുന്നു.

 

സുഹൃത്തുക്കളെ,

ഇതിലുള്ള ചില വെല്ലുവിളികള്‍ ഈ പ്രൗഢ സദസിന് മുന്നില്‍ ഞാന്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുകയാണ്. വസ്തുക്കളുടെയൂം വിഭവങ്ങളുടേയും പരിപാലനത്തിന് വേണ്ടി നമുക്ക് നിര്‍മ്മിത ബുദ്ധിയെ ഉപയോഗിക്കാന്‍ കഴിയുമോ? ചില സ്ഥലങ്ങളില്‍ വിഭവങ്ങള്‍ നിഷ്‌ക്രിയമാണ്. എന്നാല്‍ മറ്റുചിലയിടങ്ങളില്‍ വിഭവങ്ങളുടെ കുറവുണ്ട്. ഇഷ്ടതമമായ ഉപയോഗത്തിനായി നമുക്ക് ഇവയെ ചലനാത്മകമായി പുനസ്ഥാപിക്കാന്‍ കഴിയുമോ? സേവനങ്ങള്‍ സജീവമായും ശരിയായും വാതില്‍പ്പടിയില്‍ എത്തിച്ച് നമുക്ക് പൗരന്മാരെ സന്തോഷിപ്പിക്കാന്‍ കഴിയുമോ?

 

സുഹൃത്തുക്കളെ,

ഭാവി യുവത്വത്തിനുള്ളതാണ്. ഓരോ യുവതയും സുപ്രധാനമാണ്. ഓരോ കുട്ടിക്കും സവിശേഷമായ പ്രതിഭയുണ്ട്, കാര്യശേഷിയും അഭിരുചികളുമുണ്ട്. ചില സമയം ശരിയായ ആളുകള്‍ തെറ്റായ സ്ഥലങ്ങളില്‍ എത്തപ്പെടും.

അത് മാറ്റാന്‍ നമുക്ക് ഒരു വഴിയുണ്ട്. ഓരോ കുട്ടിയും വളരുമ്പോള്‍ തന്നെ അവനെ അല്ലെങ്കില്‍ അവളെ നിരീക്ഷിക്കുന്നതിനെക്കുറിച്ച് എന്തുപറയുന്നു? രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് കുട്ടികളെ സസുഷ്മം നീരീക്ഷിക്കാന്‍ കഴിയുമോ? കുട്ടികാലം മുതല്‍ പ്രായപൂര്‍ത്തിയാകാന്‍ തുടങ്ങുന്നതുവരെ അവരെ നിരീക്ഷിക്കുക. അവരെക്കുറിച്ച് ഒരു റെക്കാര്‍ഡ് സൂക്ഷിക്കുക. ഇത് ഒരു കുട്ടിയെ അവന്റെ അല്ലെങ്കില്‍ അവളുടെ സ്വാഭാവിക ദൈവനിയോഗത്തിനെ സഹായിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. ആ നിരീക്ഷണങ്ങള്‍ യുവത്വത്തിനെ മുന്നോട്ട് നയിക്കുന്നതിനുള്ള കാര്യക്ഷമമായ ശക്തിയായിരിക്കും. ഓരോ കുട്ടിയുടെയും അഭിരുചിയെക്കുറിച്ച് അവലോകനപരമായ ഒരു റിപ്പോര്‍ട്ട് നല്‍കുന്ന ഒരു സംവിധാനം നമുക്കുണ്ടാകണ്ടേ? ഇത് നിരവധി യുവാക്കള്‍ക്ക് അവസരങ്ങളുടെ വാതിലുകള്‍ തുറക്കും. ഇത്തരത്തിലുള്ള മാനുഷിക വിഭവ രൂപരേഖയ്ക്ക് ഭരണസംവിധാനത്തിലും വ്യാപാരത്തിലും ദീര്‍ഘകാലം നിലനില്‍ക്കുന്ന നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

 

സുഹൃത്തുക്കളെ,

കാര്‍ഷിക, ആരോഗ്യമേഖലകളെ ശാക്തീകരിക്കുന്നതില്‍ നിര്‍മ്മിതബുദ്ധിയുടെ ഒരു വലിയ പങ്ക് ഞാന്‍ കാണുന്നു. അടുത്തതലമുറ നഗര പശ്ചാലത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും. അതുപോലെ ഗതാഗതകുരുക്കുകള്‍ കുറയ്ക്കുക, മലിനജല നിര്‍ഗമന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, നമ്മുടെ ഊര്‍ജ്ജ ഗ്രിഡുകള്‍ സ്ഥാപിക്കുക പോലുള്ള നഗരപ്രശ്‌നങ്ങള്‍ അഭിസംബോധനചെയ്യുന്നതിലും. നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയും ഇതിനെ ഉപയോഗിക്കാം. കാലാവസ്ഥവ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പോലും ഇവയെ ഉപയോഗിക്കാം.

 

സുഹൃത്തുക്കളെ,

നിരവധി ഭാഷകള്‍ കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഗ്രഹം. ഇന്ത്യയില്‍ നമുക്ക് നിരവധി ഭാഷകളും ഭാഷാവകഭേദങ്ങളുമുണ്ട്. അത്തരത്തിലുള്ള വൈവിദ്ധ്യങ്ങളാണ് നമ്മെ ഒരു മികച്ച സമുഹമാക്കി മാറ്റുന്നത്. ഭാഷാകടമ്പകളെ തടസമില്ലാതെ യോജിപ്പിക്കുന്നതിന് നിര്‍മ്മിതബുദ്ധിയെ എന്തുകൊണ്ട് ഉപയോഗിച്ചുകൂട എന്ന് ഇപ്പോള്‍ പ്രൊഫസര്‍ രാജ റെഡ്ഡി നിര്‍ദ്ദേശിച്ചതുപോലെ. എങ്ങനെ നിര്‍മ്മിതബുദ്ധിക്ക് നമ്മുടെ ദിവ്യാംഗന്‍ സഹോദരിമാരെയും സഹോദരന്മാരെയും ശാക്തീകരിക്കാന്‍ കഴിയുമെന്ന വഴികളെക്കുറിച്ച് ലളിതമായും കാര്യക്ഷമമായും നമുക്ക് ചിന്തിക്കാം.

 

സുഹൃത്തുക്കളെ,

വിജ്ഞാനത്തിന്റെ പങ്കുവയ്ക്കലിന് എന്തുകൊണ്ട് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുകൂട? അറിവുണ്ടാക്കുക, വിവരങ്ങളും വൈദഗ്ധ്യവും സുഗമമായി ലഭ്യമാകുക പോലെ ശാക്തീകരിക്കാന്‍ കഴിയുന്ന വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേയുള്ളു.

 

സുഹൃത്തുക്കളെ,

എങ്ങനെയാണ് നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നത് എന്നതിലെ വിശ്വാസം ഉറപ്പാക്കുക നമ്മുടെ സംയുക്ത ഉത്തരവാദിത്വമായി നിലനില്‍ക്കുകയാണ്. ഈ വിശ്വാസം സ്ഥാപിക്കുന്നതിന് ഏറ്റവും പ്രധാനം അല്‍ഗോരിതം സുതാര്യതയാണ്. ഉത്തരവാദിത്വവും അതുപോലെ പ്രധാനമാണ്. നിര്‍മ്മിത ബുദ്ധിയെ നോണ്‍ - സ്റ്റേറ്റ്

ആക്ടര്‍മാര്‍ ആയുധവല്‍ക്കരണത്തിന് ഉപയോഗ പ്പെടുത്തുന്നതില്‍ നിന്നു ലോക ത്തെ സംരക്ഷിക്കണ ം.

 

സുഹൃത്തുക്കളെ,

നമ്മള്‍ നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോഴും മാനുഷിക സൃഷ്ടിപരതയും മാനുഷിക വികാരങ്ങളുമാണ് നമ്മുടെ ഏറ്റവും വലിയ കരുത്ത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. യന്ത്രങ്ങള്‍ക്ക് മുകളില്‍ നമ്മുടെ സവിശേഷമായ നേട്ടങ്ങളാണ് അവയെല്ലാം. നമ്മുടെ ബുദ്ധിയും തന്മയീഭാവവും കൂടിക്കലരാതെ ഏറ്റവും മികച്ച ഒരു നിര്‍മ്മിതബുദ്ധിക്കുപോലും മനുഷ്യകുലത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. യന്ത്രങ്ങള്‍ക്ക് മുകളില്‍ ഈ ബൗദ്ധികവശം എങ്ങനെ നിലനിര്‍ത്താന്‍ കഴിയുമെന്നതിനെക്കുറിച്ചും നാം ചിന്തിക്കണം. മനുഷ്യബുദ്ധി എപ്പോഴും ചില പടവുകള്‍ മുന്നിലാകണമെന്നത് ഉറപ്പുവരുത്തുന്നതിന് നമ്മള്‍ ശ്രദ്ധിക്കണം. നിര്‍മ്മിത ബുദ്ധിക്ക് മനുഷ്യരുടെ കാര്യശേഷി എങ്ങനെ വര്‍ദ്ധിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ചും നമ്മള്‍ ചിന്തിക്കണം. ഞാന്‍ വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നു: ഓരോ വ്യക്തിയിലുമുള്ള സവിശേഷമായ കഴിവുകള്‍ പുറത്തെടുക്കുന്നതിന് നിര്‍മ്മിത ബുദ്ധി സഹായിക്കും. സമൂഹത്തിന് കൂടുതല്‍ കാര്യക്ഷമമായി സംഭാവനകള്‍ നല്‍കുന്നതിന് അത് അവരെ ശാക്തീകരിക്കും.

 

സുഹൃത്തുക്കളെ,

ഇവിടെ റെയിസ് 2020ല്‍ നമ്മള്‍ ലോകത്തെ പ്രമുഖരായ തല്‍പരകക്ഷികള്‍ക്ക് വേണ്ടി ഒരു ആഗോള വേദി സൃഷ്ടിച്ചിരിക്കുകയാണ്. നിര്‍മ്മിത ബുദ്ധി സ്വീകരിക്കുന്നതിന് വേണ്ടി നമുക്ക് ആശയങ്ങള്‍ പങ്കുവയ്ക്കുകയും ഒരു പൊതു ശ്രേണിയുടെ രൂപചിത്രം തയാറാക്കാം. ഇതിന് വേണ്ടി നമ്മളെല്ലാം പങ്കാളികളായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നതാണ് ഇതില്‍ ഏറെ നിര്‍ണ്ണായകം. യഥാര്‍ത്ഥമായ ഈ ആഗോള പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇവിടെ ഒന്നിച്ചുകൂടിയതിന് ഞാന്‍ നിങ്ങളോട് നന്ദിപ്രകടിപ്പിക്കുന്നു. ഈ ആഗോള ഉച്ചകോടിക്ക് ഞാന്‍ എല്ലാ വിജയങ്ങളും നേരുന്നു. അടുത്ത നാലുദിവസത്തെ ചര്‍ച്ചകള്‍ ഉത്തരവാദിത്വ നിര്‍മ്മിതബുദ്ധിക്ക് വേണ്ട ഒരു രൂപരേഖ തയാറാക്കുന്നതിന് സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ലോകത്ത് അങ്ങോളമിങ്ങോളമുള്ള ജീവിതത്തേയൂം ജീവിതങ്ങളേയും പരിവര്‍ത്തനപ്പെടുത്തുന്നതിന് ശരിക്കും സഹായിക്കാന്‍ കഴിയുന്ന ഒരു രൂപരേഖ. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.

 

നിങ്ങള്‍ക്ക് നന്ദി.

നിങ്ങള്‍ക്ക് വളരെയധികം നന്ദി.

 

***


(Release ID: 1662034) Visitor Counter : 248