പ്രധാനമന്ത്രിയുടെ ഓഫീസ്
വൈഭവ് 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ചു
ഇന്ത്യന്‍ വംശജരായ മൂവായിരത്തിലേറെ അക്കാദമിക വിദഗ്ധരും ശാസ്ത്രജ്ഞരും പതിനായിരത്തിലേറെ ഇന്ത്യന്‍ ശാസ്ത്രജ്ഞരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നു
കൂടുതല്‍ യുവാക്കള്‍ ശാസ്ത്രത്തില്‍ താല്‍പര്യം കാട്ടണമെന്നു പ്രധാനമന്ത്രി
ഇന്ത്യയിലെ മുന്‍നിര ബഹിരാകാശ പരിഷ്‌കാരണങ്ങള്‍ വ്യവസായ രംഗത്തും അക്കാദമിക രംഗത്തും ഉള്ളവര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കും: പ്രധാനമന്ത്രി
രാജ്യത്തുനിന്നു ക്ഷയം 2025ഓടെ നിര്‍മാര്‍ജനംചെയ്യാന്‍ ഇന്ത്യ ലക്ഷ്യംവെക്കുന്നു: പ്രധാനമന്ത്രി
Posted On:
02 OCT 2020 8:33PM by PIB Thiruvananthpuram
വെിദേശത്തും രാജ്യത്തിനകത്തുമുള്ള ഗവേഷകരുടെയും അക്കാദമിക വിദഗ്ധരുടെയും വിര്‍ച്വല്‍ ഉച്ചകോടിയായ വൈശ്വിക് ഭാരതീയ വൈജ്ഞാനിക് (വൈഭവ്) ഉച്ചകോടി ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു: 'കൂടുതല്‍ യുവാക്കള്‍ ശാസ്ത്രത്തില്‍ താല്‍പര്യം കാട്ടണമെന്നുള്ളതാണ് ഇപ്പോഴത്തെ ആവശ്യം. അതിനു നാം ചരിത്രത്തിന്റെ ശാസ്ത്രവും ശാസ്ത്രത്തിന്റെ ചരിത്രവും അറിയണം'.
'ഇന്ത്യയിലെയും ലോകത്തെയും ശാസ്ത്രവും നവീനാശയങ്ങളും വൈഭവ് ഉച്ചകോടി 2020ല്‍ ഉയര്‍ത്തിക്കാണിക്കും. ഇതു ബുദ്ധിമാന്‍മാരുടെ ശരിയായ സംഗമമാണ് എന്നു ഞാന്‍ കണക്കാക്കുന്നു. ഇന്ത്യയെയും നമ്മുടെ ഗ്രഹത്തെ തന്നെയും ശാക്തീകരിക്കുന്നതിനുള്ള ദീര്‍ഘകാല ബന്ധം സ്ഥാപിച്ചെടുക്കുന്നതിനാണ് ഈ ഒത്തുചേരല്‍', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഗവണ്‍മെന്റ് നടത്തിവരുന്ന സാമൂഹിക, സാമ്പത്തിക പരിവര്‍ത്തനത്തിനായുള്ള ശ്രമങ്ങളുടെ കേന്ദ്ര ബിന്ദു ശാസ്ത്രമാണ് എന്നതിനാല്‍ ശാസ്ത്രീയ ഗവേഷണവും നൂതന ആശയങ്ങളും പ്രോല്‍സാഹിപ്പിക്കാന്‍ ഗവണ്‍മെന്റ് പല നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നു ശ്രീ. നരേന്ദ്ര മോദി വെളിപ്പെടുത്തി.
പ്രതിരോധ കുത്തിവെപ്പുകള്‍ വികസിപ്പിക്കുന്നതിലും പ്രതിരോധ കുത്തിവെപ്പു നടത്തുന്നതിനുള്ള പദ്ധതി വികസിപ്പിക്കുന്നതിലും ഇന്ത്യ നടത്തിയ ബൃഹത്തായ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.
പ്രതിരോധ കുത്തിവെപ്പ് ഉല്‍പാദനത്തില്‍ ഉണ്ടായ നീണ്ട ഇടവേള ഇല്ലാതായെന്നു പ്രധാനമന്ത്രി പറഞ്ഞു. 2014ല്‍ നമ്മുടെ പ്രതിരോധ പദ്ധതിയില്‍ നാലു പ്രതിരോധ കുത്തിവെപ്പുകള്‍ കൂടി ഉള്‍പ്പെടുത്തപ്പെട്ടു. ഇതില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റോട്ട പ്രതിരോധ കുത്തിവെപ്പും ഉള്‍പ്പെടും.
ആഗോള ലക്ഷ്യത്തിനും അഞ്ചും വര്‍ഷം മുമ്പായി 2025ഓടെ ക്ഷയം നിര്‍മാര്‍ജം ചെയ്യാനുള്ള ലക്ഷ്യബോധമുള്ള ദൗത്യത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു.
മൂന്നു ദശാബ്ദങ്ങളുടെ ഇടവേളയ്ക്കുശേഷം ദേശീയാടിസ്ഥാനത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി രൂപംനല്‍കിയ ദേശീയ വിദ്യാഭ്യാസ നയം 2020നെ കുറിച്ച് അദ്ദേഹം പറഞ്ഞു. ശാസ്ത്രത്തോടുള്ള അഭിവാഞ്ഛ വര്‍ധിപ്പിക്കുന്നതിനു ലക്ഷ്യംവെക്കുന്ന നയം ശാസ്ത്രീയ ഗവേഷണത്തിന് അനിവാര്യമായ പ്രോല്‍സാഹനം പകരുന്നു. യുവപ്രതിഭയെ വളര്‍ത്തുന്നതിനുള്ള തുറന്നതും വിശാസ്യവുമായ സാഹചര്യം അതു ലഭ്യമാക്കുന്നു.
വ്യവസായ മേഖയിലും അക്കാദമിക രംഗത്തും ഉള്ളവര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഇന്ത്യയുടെ മുന്‍നിര ബഹിരാകാശ പരിഷ്‌കാരങ്ങളും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍-വേവ് ഒബ്‌സര്‍വേറ്ററിയിലും ഇന്റര്‍നാഷണല്‍ തെര്‍മോന്യൂക്ലിയര്‍ എക്‌സ്‌പെരിമെന്റല്‍ റിയാക്ടറിലും ഇന്ത്യക്കുള്ള പങ്കാളിത്തത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ആഗോളതലത്തില്‍ ശാസ്ത്രീയ ഗവേഷണത്തിനും വികസന പ്രയത്‌നങ്ങള്‍ക്കുമുള്ള പ്രാധാന്യം അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
സൂപ്പര്‍ കംപ്യൂട്ടിങ്, സൈബര്‍ ഫിസിക്കല്‍ സിസ്റ്റംസ് എന്നീ ഇന്ത്യയുടെ ബൃഹദ്ദൗത്യങ്ങളെ കുറിച്ചും ശ്രീ. മോദി പരാമര്‍ശിച്ചു. നിര്‍മിത ബുദ്ധി, റൊബോട്ടിക്‌സ്, സെന്‍സേഴ്‌സ്, ബിഗ് ഡാറ്റ അനാലിസിസ് എന്നീ മേഖലകളിലെ അടിസ്ഥാന ഗവേഷണത്തെയും പ്രയോഗത്തെയും കുറിച്ചു പരാമര്‍ശിക്കവേ, അതു രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലകളെയും ഉല്‍പാദനത്തെയും ഉത്തേജിപ്പിക്കുമെന്നു വ്യക്തമാക്കി.
ഇന്ത്യയില്‍ ആരംഭിച്ച 25 നൂതനാശയ സാങ്കേതികവിദ്യാ കേന്ദ്രങ്ങളെപ്പറ്റിയും അത് സ്റ്റാര്‍ട്ടപ്പ് സംവിധാനത്തെ എങ്ങനെ പ്രോല്‍സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
കര്‍ഷകരെ സഹായിക്കുന്നതിനായി മികച്ച ഗവേഷണം ഇന്ത്യക്ക് ആവശ്യമുണ്ടെന്ന് അദ്ദേഹം തുടര്‍ന്നു. പയര്‍വര്‍ഗങ്ങളുടെയും ഭക്ഷ്യ ധാന്യങ്ങളുടെയും ഉല്‍പാദനം വര്‍ധിപ്പിച്ചതിന് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യ പുരോഗമിക്കുമ്പോള്‍ ലോകം പുരോഗമിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
പരസ്പര ബന്ധം സ്ഥാപിക്കുന്നതിനും സംഭാവനകള്‍ അര്‍പ്പിക്കുന്നതിനും വൈഭവ് വലിയ അവസരം ഒരുക്കുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞു. വൈഭവ് ബുദ്ധിമതികളുടെ സംഗമമാണ് എന്നു വിശേഷിപ്പിച്ച അദ്ദേഹം, അഭിവൃദ്ധിക്കായി പാരമ്പര്യത്തെ ആധുനികതയുമായി കൂട്ടിച്ചേര്‍ക്കുന്ന ഈ ശ്രമങ്ങള്‍ ലക്ഷണമൊത്ത ഗവേഷണ സാഹചര്യം സൃഷ്ടിക്കുന്നതിനു സഹായിക്കുമെന്നു ചൂണ്ടിക്കാട്ടി. ഈ വിനിമയങ്ങള്‍ തീര്‍ച്ചയായും ഗുണം ചെയ്യുമെന്നും പഠനത്തിലും ഗവേഷണത്തിലും ഉപകാരപ്രദമായ സഹകരണത്തിലേക്കു നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃകാ ഗവേഷണ സാഹചര്യം സൃഷ്ടിക്കുന്നതിനു ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും ഈ ശ്രമങ്ങള്‍ സഹായകമാകും.
ആഗോള തലത്തില്‍ ഇന്ത്യയുടെ മികച്ച പ്രതിനിധികളാണ് ഇന്ത്യന്‍ വംശജരെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. സുരക്ഷിതവും ശോഭനവുമായ ഭാവി കെട്ടിപ്പടുക്കുകയെന്ന വരുന്ന തലമുറകളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിന് ഉച്ചകോടി ശ്രമിക്കണം. കര്‍ഷകരെ സഹായിക്കുന്നതിനായി ഇന്ത്യക്കു മേത്തരം ശാസ്ത്ര ഗവേഷണം ആവശ്യമാണ്. ഈ ഉച്ചകോടി പഠനവും ഗവേഷണവും ഒരുമിപ്പിക്കുന്നതിലേക്കു നയിക്കും. മാതൃകാ ഗവേഷണ സാഹചര്യം സൃഷ്ടിക്കുന്നതിന് ഇന്ത്യന്‍ വംശജരുടെ ശ്രമങ്ങള്‍ സഹായകമാകും.
വൈഭവ് ഉച്ചകോടിയില്‍ 55 രാജ്യങ്ങളില്‍നിന്നായി ഇന്ത്യന്‍ വംശജരായ മൂവായിരത്തിലേറെ അക്കാദമിക വിദഗ്ധരും ശാസ്ത്രജ്ഞരും ഒപ്പം രാജ്യത്തിനകത്തുനിന്നു പതിനായിരം പേരും പങ്കെടുക്കുന്നുണ്ട്. ഇതു സംഘടിപ്പിക്കുന്നത് 200 ഇന്ത്യന്‍ അക്കാദമിക കേന്ദ്രങ്ങളും എസ്. ആന്‍ഡ് ടി. വകുപ്പുകളും ചേര്‍ന്നാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫ്ക് അഡൈ്വസറാണു നേതൃത്വം നല്‍കുന്നത്. 40 രാജ്യങ്ങളില്‍നിന്നായി ഏഴുന്നൂറോളം പാനലിസ്റ്റുകളും രാജ്യത്തിനകത്തുനിന്നുള്ള 629 പാനലിസ്റ്റുകളും ഉണ്ട്. 18 മേഖലകളിലായി 80 ഉപവിഷയങ്ങളെ അധികരിച്ച് 213 സെഷനുകളിലായി ചര്‍ച്ചകള്‍ നടക്കും.
2020 ഒക്ടോബര്‍ മൂന്നു മുതല്‍ 25 വരെയാണു ചര്‍ച്ചകള്‍ നടക്കുക. ഒക്ടോബര്‍ 28നു ചര്‍ച്ചകളുടെ ആകെത്തുക അവതരിപ്പിക്കും. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ജയന്തി ദിനമായ 2020 ഒക്ടോബര്‍ 31ന് ഉച്ചകോടി സമാപിക്കും. ഒരു മാസം നീളുന്ന വെബിനാറുകളും വിഡിയോ കോണ്‍ഫറന്‍സുകളും വഴി വിദേശത്തും സ്വദേശത്തുമുള്ള വിദഗ്ധര്‍ തമ്മിലുള്ള ബഹുതല ആശയ വിനിമയവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
കംപ്യൂട്ടേഷണല്‍ സയന്‍സസ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ക്വാണ്ടം ടെക്‌നോളജീസ്, ഫോട്ടോണിക്‌സ്, ഏറോസ്‌പേസ് ടെക്‌നോളജീസ്, മെഡിക്കല്‍ സയന്‍സസ്, ബയോ ടെക്‌നോളജി, അഗ്രികള്‍ച്ചര്‍, മെറ്റീരിയില്‍ ആന്‍ഡ് പ്രോസസിങ് ടെക്‌നോളജീസ്, അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ്, എര്‍ത്ത് സയന്‍സസ്, എനര്‍ജി, എന്‍വിറോണ്‍മെന്റല്‍ സയന്‍സസ്, മാനേജ്‌മെന്റ് എന്നീ ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യപ്പെടും.
പ്രാപഞ്ചിക വികസനം നേരിടുന്ന പുതിയ വെല്ലുവിളികളെ നേരിടുന്നതിനായി ലോകത്തെങ്ങുമുള്ള ഇന്ത്യന്‍ ഗവേഷകരുടെ അനുഭവജ്ഞാനവും അറിവും ഉപയോഗപ്പെടുത്തുന്നതിനു സമഗ്രമായ പദ്ധതി തയ്യാറാക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഇന്ത്യയിലും വിദേശത്തുമുള്ള അക്കാദമിക വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും സഹകരണം ഉച്ചകോടിയിലൂടെ പ്രതിഫലിക്കും. ആഗോളതലത്തിലുള്ള സ്ഥിതിഗതികള്‍ തിരിച്ചറിഞ്ഞു രാജ്യത്തു വിജ്ഞാനത്തിന്റെയും നവീനാശയങ്ങളുടെയും സാഹചര്യമൊരുക്കുക എന്നതാണു ലക്ഷ്യം.
ഉദ്ഘാടന സെഷനില്‍ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ പ്രൊഫ. കെ.വിജയരാഘവനും കംപ്യൂട്ടിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, സോണോ-കെമിസ്ട്രി, ഹൈ എനര്‍ജി ഫിസിക്‌സ്, മാനുഫാക്ചറിങ് ടെക്‌നോളജീസ്, മാനേജ്‌മെന്റ്, ജിയോ-സയന്‍സ്, ക്ലൈമറ്റ് ചെയ്ഞ്ചസ്, മൈക്രോബയോളജി, ഐ.ടി. സെക്യൂരിറ്റി, നാനോ-മെറ്റീരിയല്‍സ്, സ്മാര്‍ട് വില്ലേജസ്, മാത്തമാറ്റിക്കല്‍ സയന്‍സസ് തുടങ്ങിയ മേഖലകളില്‍ ജോലിചെയ്യുന്ന അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, സിംഗപ്പൂര്‍, റിപ്പബ്ലിക് ഓഫ് കൊറിയ, ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 16 വിദേശ പാനലിസ്റ്റുകളും പ്രധാനമന്ത്രിയുമായി സംവദിച്ചു.
****
(Release ID: 1661259)
Visitor Counter : 244
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada