രാജ്യരക്ഷാ മന്ത്രാലയം
ഡിഫൻസ് ഇന്ത്യ സ്റ്റാർട്ടപ്പ് ചലഞ്ച് -4 ന് രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് തുടക്കം കുറിച്ചു
Posted On:
29 SEP 2020 4:27PM by PIB Thiruvananthpuram
ഇന്ന് ന്യൂഡൽഹിയിൽ നടന്ന ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്സലൻസ് (ഐഡെക്സ്) പരിപാടിയിൽ വച്ച് ഡിഫൻസ് ഇന്ത്യ സ്റ്റാർട്ടപ്പ് ചലഞ്ച് -4 ന് (ഡി.എസ്.സി.- 4) രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് തുടക്കം കുറിച്ചു.ഐഡെക്സ് 4 ഫൗജി (iDEX4Fauji) സംരംഭത്തിനു തുടക്കം കുറിച്ച രാജ്യ രക്ഷാ മന്ത്രി പ്രൊഡക്റ്റ് മാനേജ്മെന്റ് അപ്രോച്ച് (PMA) മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കി.
ഇന്ത്യൻ സായുധ സേനാംഗങ്ങളുടെ മൗലികമായ നൂതന ആശയങ്ങളെ പിന്തുണയ്‌ക്കുന്നതിനായി ആരംഭിച്ച പ്രഥമ സംരംഭമാണ് ഐഡെക്സ് 4 ഫൗജി.13 ലക്ഷത്തിലധികം വരുന്ന സേനാംഗങ്ങൾക്ക് സൈന്യത്തിന്റെ നവീകരണ പ്രക്രിയയുടെ ഭാഗമാകാനും അവർ മുന്നോട്ടു വയ്ക്കുന്ന നൂതന ആശയങ്ങൾക്ക് അംഗീകാരവും പ്രതിഫലവും നേടാനും ഇത് വഴിയൊരുക്കും.
രാജ്യ രക്ഷാ സഹമന്ത്രി ശ്രീ ശ്രീപദ് യെശോ നായിക്,സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, പ്രതിരോധ നിർമ്മാണ വകുപ്പ് സെക്രട്ടറി ശ്രീ രാജ്‌കുമാർ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
ഡിഫൻസ് ഇന്ത്യ സ്റ്റാർട്ടപ്പ് ചലഞ്ച് -4 (ഡിഎസ്‌സി) പ്രകാരം പ്രതിരോധ മേഖലയിൽ ആവശ്യം വേണ്ട സാങ്കേതികവിദ്യകളെ സംബന്ധിക്കുന്ന പതിനൊന്ന് നൂതന സംരംഭകത്വ വെല്ലുവിളികൾ ഏറ്റെടുക്കാൻ പുതു സംരംഭകർ,നൂതന സംരംഭകർ,സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകർ എന്നിവരോട് സൈന്യവും, പ്രതിരോധ മേഖലയിലെ പൊതു മേഖലാ സ്ഥാപനങ്ങളും (ഡിഫൻസ് പബ്ലിക് സെക്ടർ അണ്ടർടേക്കിംഗ്സ് -ഡിപിഎസ്‌യു), ഓർഡനൻസ് ഫാക്ടറി ബോർഡും (ഒ എഫ് ബി) ചേർന്ന് ആവശ്യപ്പെട്ടു.
സൈന്യവും, പ്രതിരോധ മേഖലയിലെ പൊതു മേഖലാ സ്ഥാപനങ്ങളും, ഓർഡനൻസ് ഫാക്ടറി ബോർഡും ആവശ്യപ്പെടുന്ന നിലവാരമുള്ള ഉത്പന്നങ്ങളാണ് ഐഡെക്സ് 4 ഫൗജി സംരംഭകർ മുന്നോട്ടു വയ്ക്കുന്നതെന്ന് ഉറപ്പാക്കാനാണ് പ്രൊഡക്റ്റ് മാനേജ്മെന്റ് അപ്രോച്ച് (PMA) മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, പുതു സംരംഭകർക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകർക്കും നൂതന ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്ന വ്യക്തികൾക്കും ഇന്ത്യൻ പ്രതിരോധ സ്ഥാപനവുമായി എളുപ്പത്തിൽ സംവദിക്കാനും സഹകരിക്കാനും മാത്രമല്ല, പ്രായോഗിക തലത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾക്ക് ഏറ്റവും പുതിയ സാങ്കേതിക പരിഹാരങ്ങൾ നിർദ്ദേശിക്കാനുള്ള ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനു കൂടിയാണ് 2018 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഡെക്സ് 4 ഫൗജി സംരംഭം മുന്നോട്ടു വച്ചത്.
****
(Release ID: 1660130)
Visitor Counter : 240