പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ്- 19 സംബന്ധിച്ച സ്ഥിതിയും പ്രതികരണവും അവലോകനം ചെയ്യുന്നതിനായി ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംവദിച്ചു

Posted On: 23 SEP 2020 9:47PM by PIB Thiruvananthpuram

കോവിഡ്- 19 സംബന്ധിച്ച സ്ഥിതിയും പ്രതികരണവും അവലോകനം ചെയ്യുന്നതിനായി ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംവദിച്ചു.


അവലോകനത്തിലൂടെ പ്രധാനമന്ത്രിക്കു പ്രതികരണം ലഭിക്കുകയും സംസ്ഥാനങ്ങളിലെ നിയന്ത്രണത്തെക്കുറിച്ചു സമ്പൂര്‍ണമായ അവലോകനം നടത്തുകയും ചെയ്തു, കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട മേഖലകള്‍ ഉയര്‍ത്തിക്കാട്ടി, വെല്ലുവിളികള്‍ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ക്കു രൂപം നല്‍കി, കൂടുതല്‍ രോഗബാധയുള്ള 60 ജില്ലകളില്‍ ശ്രദ്ധയൂന്നാന്‍ മുഖ്യമന്ത്രിമാരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.


പരിശോധന ഗണ്യമായി വര്‍ധിപ്പിക്കാനും സിംപ്റ്റമാറ്റിക് ആര്‍.എ.ടി. നെഗറ്റീവ് കേസുകളില്‍ 100 ശതമാനം ആര്‍ടി-പിസിആര്‍ പരിശോധന ഉറപ്പാക്കാനും സംസ്ഥാനങ്ങളോടു പ്രധാനമന്ത്രി നിര്‍ദേശിച്ചു.


കോവിഡിനെ പ്രതിരോധിക്കാനായുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ദുരിതാശ്വാസ ഫണ്ടിന്റെ 35 ശതമാനം ഉപയോഗിക്കാമെന്ന വ്യവസ്ഥ 50 ശതമാനം ഉപയോഗിക്കാമെന്നു പുതുക്കിയെന്നു പ്രധാനമന്ത്രി.


വൈറസിനെതിരെ പോരാടുന്നതില്‍ മാത്രമല്ല, സാമ്പത്തിക രംഗത്തു സധൈര്യം മുന്നോട്ടു പോകുന്നതിലും പ്രാദേശിക ലോക്ഡൗണുകളുടെ ഫലപ്രാപ്തി വിലയിരുത്താന്‍ സംസ്ഥാനങ്ങളോടു പ്രധാനമന്ത്രി നിര്‍ദേശിച്ചു
പരിശോധന, ഉറവിടം കണ്ടെത്തല്‍, ചികില്‍സ, നിരീക്ഷണം, വ്യക്തമായ സന്ദേശം പകരല്‍ എന്നിവയ്ക്കു പ്രധാനമന്ത്രി ഊന്നല്‍ നല്‍കി
ചികില്‍സയ്ക്കാവശ്യമായ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമമായ നീക്കം സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യത്തിനു പ്രധാനമന്ത്രി അടിവരയിട്ടു
കോവിഡ് സംബന്ധിച്ച സ്ഥിതിയും പ്രതികരണവും വിലയിരുത്തുന്നതിനായി ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഡെല്‍ഹി, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ആശയ വിനിമയം നടത്തി. 
ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ രണ്ടാം വാര്‍ഷികമാണെന്നും പ്രദ്ധതി പ്രകാരം രണ്ടു വര്‍ഷത്തിനിടെ 1.25 കോടി ദരിദ്ര രോഗികള്‍ക്കു സൗജന്യ ചികില്‍സ ലഭിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രരെ സേവിക്കുന്നതില്‍ സദാ വ്യാപൃതരായ ഡോക്ടര്‍മാരെയും ആരോഗ്യ രംഗത്തെ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. 
സംസ്ഥാനങ്ങളുടെ അവലോകനം
ജനങ്ങളും ഗവണ്‍മെന്റും തമ്മിലുള്ള ഏകോപനം ആന്ധ്രാപ്രദേശില്‍ സാഹചര്യം മെച്ചപ്പെടുന്നതിനു സഹായകമായെന്നു പ്രധാനമന്ത്രി പറഞ്ഞു. ഫലപ്രദമായി പരിശോധനയും ഉറവിടം കണ്ടെത്തലും സംസ്ഥാനം തുടരുമെന്ന വിശ്വാസം രേഖപ്പെടുത്തിയ അദ്ദേഹം, രോഗികള്‍ നിരീക്ഷണ വിധേയമായി വീടുകളില്‍ തനിച്ചു കഴിയുന്ന സംവിധാനം വികസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഓരോ ജീവനും സംരക്ഷിക്കേണ്ടതിന് ഊന്നല്‍ നല്‍കി സംസാരിക്കവേ, മഹാരാഷ്ട്രയില്‍ കൂടുതല്‍ രോഗികളുള്ള 20 ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പതിയണമെന്നു ചൂണ്ടിക്കാട്ടി. ഇപ്പോഴത്തേതിന്റെ അഞ്ചിരട്ടിയായി ആര്‍ടി-പിസിആര്‍. പരിശോധന വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയും ചെയ്തു. 
ഉറവിടം കണ്ടെത്തുന്നതിനായി കര്‍ണാടക വികസിപ്പിച്ചെടുത്ത ശാസ്ത്രീയ സംവിധാനം വളരെയധികം നേട്ടമായെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒന്‍പതു ജില്ലകളില്‍ മരണ നിരക്കു കൂടുതലാണ് എന്നതില്‍ അവിടങ്ങളില്‍ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ടി-പിസിആര്‍ പരിശോധന മൂന്നിരട്ടി ആക്കാനും നിരീക്ഷണവും ഉറവിടംകണ്ടെത്തലും ഫലപ്രദമാക്കാനും മാസ്‌ക് ധരിക്കുകയും സാനിറ്റേഷന്‍ നടത്തുകയും സംബന്ധിച്ചു പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കുന്നതിനു പ്രാധാന്യം കല്‍പിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഡെല്‍ഹിയിലെ സാഹചര്യത്തെക്കുറിച്ചു വിശദീകരിക്കവെ, ജനങ്ങളുടെയും സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകളുടെയും സംയുക്ത പരിശ്രമങ്ങളിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. ആര്‍ടി-പിസിആര്‍ പരിശോധന വര്‍ധിപ്പിക്കേണ്ടതിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, ഇതു രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതും ആന്റിജെന്‍ ടെസ്റ്റ് നെഗറ്റീവ് ആയതുമായ എല്ലാവര്‍ക്കും നടത്തണമെന്നു വ്യക്തമാക്കുകയും ചെയ്തു. രോഗബാധ നിയന്ത്രിക്കുന്നതില്‍ ആദ്യഘട്ടത്തില്‍ വിജയിച്ച പഞ്ചാബില്‍ ഇപ്പോള്‍ കോവിഡ് നിമിത്തമുള്ള രോഗങ്ങള്‍ സംഭവിക്കുന്നതു രോഗികള്‍ ആശുപത്രിയിലെത്താന്‍ വൈകുന്നതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളിയെ നേരിടുന്നതിനായി ബോധവല്‍ക്കരണം നടത്താന്‍ സംസ്ഥാനത്തിനു സാധിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണ നിരക്കും കുറച്ചുകൊണ്ടുവരാന്‍ സംസ്ഥാനത്തിനു സാധിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. 
വലിയ തോതിലുള്ള പരിശോധനയും ഉറവിടം കണ്ടെത്തലും വഴി രോഗവര്‍ധന പിടിച്ചുനിര്‍ത്താന്‍ സാധിച്ച തമിഴനാട് മാതൃക പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ മരണനിരക്കു കുറച്ചുകൊണ്ടുവരാന്‍ ശ്രമമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ടെലി മെഡിസിനായി ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ സംസ്ഥാനം ഫലപ്രദമായി ഉപയോഗപ്പെടുത്തിയതായി പറഞ്ഞ പ്രധാനമന്ത്രി, ഇക്കാര്യത്തില്‍ തമിഴ്‌നാടിനുള്ള അനുഭവം മറ്റു സംസ്ഥാനങ്ങള്‍ക്കു ഗുണകരമാകുമെന്നു ചൂണ്ടിക്കാട്ടി. ഏറ്റവും ജനസംഖ്യയുള്ളതും ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ തിരിച്ചെത്തിയതുമായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം, പരിശോധനാ നിരക്ക് ഉയര്‍ത്തുക വഴി സംസ്ഥാനത്തു നിയന്ത്രണം ഫലപ്രദമാണെന്നു വ്യക്തമാക്കുകയും ചെയ്തു. സമ്പര്‍ക്ക പരിശോധന യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാനം നടപ്പാക്കുമെന്നു ശ്രീ. മോദി വിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്തു നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 16 ജില്ലകള്‍ ഉണ്ടെന്നും രോഗബാധിത മേഖലകള്‍ കണ്ടെത്തി കൂടുതല്‍ ശ്രദ്ധ നല്‍കുന്നതു പ്രധാനമാണെന്നും മാസ്‌ക് ധരിക്കാനും രണ്ടടി അകലം പാലിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

വൈറസിനെതിരെ പൊരുതാന്‍ കൂടുതല്‍ ഫണ്ട്
രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും രാജ്യത്തു പ്രതിദിനം പത്തു ലക്ഷത്തിലേറെ പേര്‍ക്കു പരിശോധന നടക്കുന്നുണ്ടെന്നും രോഗമുക്തി നേടുന്നവരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നുണ്ട് എന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. കോവിഡിനെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യവും ഉറവിടം കണ്ടെത്താനുള്ള ശൃംഖലയും മെച്ചപ്പെടുത്തുകയും മികച്ച പരിശീലനം നല്‍കുകയും വേണമെന്നു നിര്‍ദേശിച്ചു. കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനു സംസ്ഥാന ദുരുതാശ്വാസ ഫണ്ടിന്റെ 50 ശതമാനം വരെ ഉപയോഗിക്കാമെന്ന പുതിയ വ്യവസ്ഥ കൂടുതല്‍ പണം കണ്ടെത്തുന്നതിനു സംസ്ഥാനങ്ങള്‍ക്കു സഹായകമാകുമെന്നു ചൂണ്ടിക്കാട്ടി. നേരത്തേ 35 ശതമാനമായിരുന്നു ഉപയോഗിക്കാവുന്നത്. 
ഒന്നോ രണ്ടോ ദിവസത്തെ പ്രാദേശിക ലോക്ഡൗണിന്റെ സാധ്യത വിലയിരുത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, അത്തരമൊരു തീരൂമാനം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടയുമോ എന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തു. വൈറസിനെതിരായി പൊരുതുക മാത്രമള്ള, സാമ്പത്തിക രംഗത്തു സധൈര്യം മുന്നോട്ടുപോകാന്‍ കൂടി രാജ്യത്തിനു സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 
പരിശോധന, ഉറവിടംകണ്ടെത്തല്‍, നിരീക്ഷണം, സന്ദേശം അയയ്ക്കല്‍

പരിശോധന, ഉറവിടംകണ്ടെത്തല്‍, നിരീക്ഷണം, സന്ദേശം അയയ്ക്കല്‍ എന്നീ കാര്യങ്ങള്‍ക്കു പ്രാധാന്യം കല്‍പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത സാഹചര്യം ഉള്ളതിനാല്‍ പരിശോധനയുടെ ഫലത്തെ സംബന്ധിച്ചു സംശയം പടരാമെന്നതിനാല്‍ ഫലപ്രദമായ സന്ദേശങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുന്ന സാഹചര്യം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ഊന്നല്‍ നല്‍കി. 
സംസ്ഥാനങ്ങള്‍ക്കിടയില്‍ സുഗമമായ ചരക്കു-സേവന നീക്കം നടക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി അടിവരയിട്ടു. ചില സംസ്ഥാനങ്ങളില്‍ അടുത്തിടെ ഓക്‌സിജന്‍ സംഭരിക്കുന്നതിനു നേരിട്ട ബുദ്ധിമുട്ടുകള്‍ ഓര്‍മിപ്പിക്കുകയും ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഓക്‌സിജന്‍ ഉറപ്പാക്കേണ്ടതു പരമപ്രധാനമാണ് എന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ മരുന്നുകള്‍ ഉറപ്പാക്കാന്‍ സാഹചര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. 
ലോക്ഡൗണ്‍ നാളുകളില്‍ വൈറസിനെതിരെ പോരാടാനായി രാജ്യം അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രി യോഗത്തില്‍ പറഞ്ഞു. വൈറസിനോടു പൊരുതാന്‍ സംസ്ഥാനങ്ങളും ജില്ലകളും സജ്ജമാകേണ്ടതുണ്ടെന്നും ഇതിനായി മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നും യോഗത്തില്‍ ഉയര്‍ന്ന കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി വിശദമായ അവതരണം നടത്തി. രാജ്യത്തെ രോഗികളില്‍ 62 ശതമാനവും കോവിഡ് നിമിത്തമുള്ള മരണങ്ങളില്‍ 77 ശതമാനവും ഏഴു സംസ്ഥാനങ്ങളിലാണെന്ന് അവതരണത്തില്‍ വ്യക്തമാക്കി. രോഗങ്ങള്‍ വര്‍ധിക്കുന്നതും പരിശോധനകള്‍ നടത്തുന്നതും മരണം സംഭവിക്കുന്നതും നിമിത്തം ശ്രദ്ധിക്കേണ്ടതായ ജില്ലകളും ഈ ജില്ലകള്‍ ഉള്‍പ്പെട്ട സംസ്ഥാനങ്ങളിലെ സാംപിള്‍ പോസിറ്റിവിറ്റി നിരക്കും വിശദീകരിച്ചു.

മുഖ്യമന്ത്രിമാര്‍ പറയുന്നു
പ്രതിസന്ധി വേളയില്‍ പ്രധാനമന്ത്രി നല്‍കിയ നേതൃത്വത്തിനു മുഖ്യമന്ത്രിമാര്‍ പ്രശംസയേകി. അവര്‍ പ്രധാനമന്ത്രിക്കു താഴെത്തട്ടിലുള്ള സാഹചര്യത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ നല്‍കുകയും വൈറസ് പടരുന്നതു നിയന്ത്രിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുകയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക വഴി വര്‍ധിക്കുന്ന വെല്ലുവിളികള്‍ നേരിടുന്നതിനു നടത്തിയ തയ്യാറെടുപ്പുകള്‍ വിശദീകരിക്കുകയും ചെയ്തു. തങ്ങളുടെ ഗവണ്‍മെന്റുകള്‍ രോഗബാധിതരെ മാറ്റിനിര്‍ത്തുന്നതിന് എതിരെയും അവബോധം സൃഷ്ടിക്കുന്നതിനും മരണ നിരക്കു കുറച്ചുകൊണ്ടുവരുന്നതിനും കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനും പരിശോധന വര്‍ധിപ്പിക്കുന്നതിനും കൈക്കൊണ്ട നടപടികളും നടപ്പാക്കിയ മറ്റു കാര്യങ്ങളും അവര്‍ ശ്രദ്ധയില്‍പ്പെടുത്തി. 

****


(Release ID: 1658479) Visitor Counter : 183