റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ബിഹാറില്‍ 14000 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു


സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് സേവന പദ്ധതി ആരംഭിച്ചു

രാജ്യത്ത് എവിടെയും ലാഭകരമായി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ കര്‍ഷകരെ പ്രാപ്തരാക്കും: പ്രധാനമന്ത്രി

എംഎസ്പി മുമ്പത്തെപ്പോലെ തുടരും: പ്രധാനമന്ത്രി

പ്രയോജനകരമായ പരിഷ്‌കാരങ്ങള്‍ക്കെതിരെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് സ്ഥാപിത താല്‍പ്പര്യങ്ങള്‍: പ്രധാനമന്ത്രി

Posted On: 21 SEP 2020 3:26PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറില്‍ 14000 കോടി രൂപയുടെ ഒമ്പത് ദേശീയപാത പദ്ധതികള്‍ക്ക് തറക്കല്ലിട്ടു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസ്ഥാനത്ത് ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്കും തുടക്കം കുറിച്ചു.

ഈ ദേശീയപാത പദ്ധതികള്‍ ബിഹാറിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തുമെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. 3 വലിയ പാലങ്ങളുടെ നിര്‍മ്മാണം, നാലുവരി- ആറുവരിപ്പാതകളായി ദേശീയപാതകള്‍ നവീകരിക്കുക എന്നിവയാണ് ദേശീയപാത പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. ബിഹാറിലെ എല്ലാ നദികളിലും 21-ാം നൂറ്റാണ്ടിന്റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന പാലങ്ങളുണ്ടാകും. എല്ലാ പ്രധാന ദേശീയ പാതകളും വീതികൂട്ടുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ഗ്രാമങ്ങളെ ആത്മനിര്‍ഭര്‍ഭാരതിന്റെ പ്രധാനമുഖമാക്കാന്‍ ഗവണ്‍മെന്റ്  വലിയ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും ഇത് ഇന്ന് ബിഹാറില്‍ നിന്ന് ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിന്റെ മാത്രമല്ല, രാജ്യത്തിനാകെ ഇത് ചരിത്രമുഹൂര്‍ത്തമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഈ പദ്ധതി പ്രകാരം 6 ലക്ഷം ഗ്രാമങ്ങള്‍ക്ക് 1000 ദിവസത്തിനുള്ളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ 45,945 ഗ്രാമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നഗരപ്രദേശങ്ങളേക്കാള്‍ കൂടുതലായിരിക്കും എന്നതു കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2020 ഓഗസ്റ്റില്‍ മാത്രം യുപിഐ വഴി ഏകദേശം 3 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നു. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതോടെ രാജ്യത്തെ ഗ്രാമങ്ങള്‍ക്ക് മികച്ച നിലവാരമുള്ളതും വേഗതയേറിയതുമായ  ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമാണ്.


ഗവണ്‍മെന്റ് ഇടപെടലുകളുടെ ഭാഗമായി ഒപ്റ്റിക്കല്‍ ഫൈബര്‍ ഇതിനകം 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും 3 ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങളിലും എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വേഗത്തിലുള്ള കണക്റ്റിവിറ്റിയിലൂടെ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ടെലി മെഡിസിന്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും മികച്ച വായനാ സാമഗ്രികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. കാലാവസ്ഥയെക്കുറിച്ചുള്ള തത്സമയ വിരങ്ങള്‍ കൂടാതെ വിത്തുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തും, ലോകമെമ്പാടും എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചും വ്യക്തമാക്കി.

രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ നഗരങ്ങളിലേതുപോലുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഗവണ്മെന്റിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യ ആസൂത്രണം നേരത്തെ പരാജയപ്പെട്ടിരുന്നുവെന്നും രാഷ്ട്രീയത്തെക്കാള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയ ശ്രീ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മാത്രമാണ് വികസനത്തിന് ശരിയായ ഊന്നല്‍ നല്‍കിയതെന്നും ശ്രീ മോദി പറഞ്ഞു.


ഓരോ ഗതാഗത മാര്‍ഗ്ഗവും മറ്റൊന്നുമായി ബന്ധിപ്പിച്ചിരിക്കുന്ന മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് വികസിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ സമീപനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന പ്രോജക്ടുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ വേഗത മുമ്പെന്നത്തേക്കാള്‍ ഉള്ളതിലും വേഗത്തിലാണ്. ഇന്ന്, 2014-ന് മുമ്പുള്ളതിനേക്കാള്‍ ഇരട്ടി വേഗതയിലാണ് ദേശീയപാതകള്‍ നിര്‍മ്മിക്കുന്നത്. 2014-ന് മുമ്പുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദേശീയപാത നിര്‍മാണച്ചെലവില്‍ 5 മടങ്ങ് വര്‍ധനയുണ്ടായി.

വരുന്ന 4-5 വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 110 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചതായി അദ്ദേഹം പറഞ്ഞു. ഇതില്‍ 19 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ ദേശീയപാതകളുടെ വികസനത്തിനായി മാത്രം നീക്കിവച്ചിട്ടുണ്ട്.

റോഡ്, കണക്റ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഈ ശ്രമങ്ങളില്‍ നിന്ന് ബിഹാറിനു നേട്ടമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2015-ല്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി പാക്കേജിന് കീഴില്‍ 3000 കിലോമീറ്ററിലധികം ദേശീയപാത പരിഗണനയ്‌ക്കെത്തിയിട്ടുണ്ട്. കൂടാതെ, ഭാരത് മാല പദ്ധതിയുടെ ഭാഗമായി ആറര കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കുന്നു. ഇന്ന് ബിഹാറില്‍ ദേശീയപാത ഗ്രിഡിന്റെ പണി അതിവേഗത്തിലാണ് നടക്കുന്നത്. കിഴക്കു- പടിഞ്ഞാറു ബിഹാറിനെ നാല് വരിപ്പാതയിലൂടെ ബന്ധിപ്പിക്കുന്നതിന് 5 പദ്ധതികളും ഉത്തരേന്ത്യയെ ദക്ഷിണേന്ത്യയുമായി ബന്ധിപ്പിക്കുന്നതിന് 6 പദ്ധതികളും പുരോഗമിക്കുന്നു.

വലിയ നദികളാണ് ബിഹാറിലെ കണക്റ്റിവിറ്റിയുടെ ഏറ്റവും വലിയ തടസ്സം. പ്രധാനമന്ത്രി പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ പാലങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയത് ഇതുകൊണ്ടാണ്. പ്രധാനമന്ത്രി പാക്കേജിന് കീഴില്‍ ഗംഗയില്‍ 17 പാലങ്ങള്‍ നിര്‍മ്മിക്കുന്നു, അവയില്‍ മിക്കതും പൂര്‍ത്തിയായി. അതുപോലെ ഗണ്ഡക്, കോസി നദികളിലും പാലങ്ങള്‍ നിര്‍മിക്കുകയാണ്.

പട്ന റിംഗ് റോഡും മഹാത്മാഗാന്ധി സേതുവിന് സമാന്തരമായുള്ള പാലവും പട്നയിലെയും ഭാഗല്‍പൂരിലെയും വിക്രമശില സേതുവും കണക്റ്റിവിറ്റി വേഗത്തിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകരെ വിവിധ പ്രതിബന്ധങ്ങളില്‍ നിന്നു മോചിപ്പിക്കുന്നതിന് പുതിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് ഇന്നലെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി പറഞ്ഞു. ചരിത്രപരമായ നിയമങ്ങള്‍ കൃഷിക്കാര്‍ക്ക് പുതിയ അവകാശങ്ങള്‍ നല്‍കുന്നു. അവരുടെ ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കുവേണമെങ്കിലും എവിടെ വേണമെങ്കിലും വില്‍ക്കാനും കര്‍ഷകന്‍ തന്നെ നിശ്ചയിച്ച വിലയ്ക്കും നിബന്ധനകള്‍ക്കും വില്‍ക്കുന്നതിന് നിയന്ത്രണമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുമ്പുണ്ടായിരുന്ന സമ്പ്രദായങ്ങള്‍ നിസ്സഹായരായ കര്‍ഷകരെ മുതലെടുക്കുന്ന നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ വളര്‍ത്തിയതായി പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഷിക വിപണികള്‍ (കൃഷി മണ്ഡികള്‍) കൂടാതെ പുതിയ പരിഷ്‌കാരങ്ങള്‍ക്കു കീഴില്‍ കര്‍ഷകന് വിവിധ ബദലുകളുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഒരു കര്‍ഷകന് കൂടുതല്‍ ലാഭം ലഭിക്കുന്നിടത്ത് തന്റെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ വില്‍ക്കാന്‍ കഴിയും.


ഒരു സംസ്ഥാനത്തെ ഉരുളക്കിഴങ്ങ് കര്‍ഷകരുടെയും, മധ്യപ്രദേശ്- രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ എണ്ണക്കുരു കര്‍ഷകരുടെയും ഉദാഹരണങ്ങള്‍ ഉദ്ധരിച്ചു പറഞ്ഞ പ്രധാനമന്ത്രി പരിഷ്‌കൃത സമ്പ്രദായത്തിലൂടെ കര്‍ഷകര്‍ 15 മുതല്‍ 30 ശതമാനം വരെ ലാഭം നേടിയെന്നു വ്യക്തമാക്കി. ഓയില്‍ മില്‍ ഉടമകള്‍ ഈ സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് എണ്ണക്കുരു വാങ്ങി. മിച്ച പയര്‍വര്‍ഗ്ഗങ്ങളുള്ള മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മില്ലുകള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങിയതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കര്‍ഷകര്‍ക്ക് 15 മുതല്‍ 25 ശതമാനം വരെ കൂടുതല്‍ വില നേരിട്ട് ലഭിച്ചു.

കൃഷി കമ്പോളങ്ങള്‍ അടയ്ക്കില്ലെന്നും മുമ്പത്തേതുപോലെ അവ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്‍ഡിഎ സര്‍ക്കാരാണ് കഴിഞ്ഞ 6 വര്‍ഷമായി കമ്പോള നവീകരണത്തിനും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുമായി പ്രവര്‍ത്തിക്കുന്നത്.

എംഎസ്പി സമ്പ്രദായം മുമ്പത്തെപ്പോലെ തുടരുമെന്ന് രാജ്യത്തെ ഓരോ കര്‍ഷകനും ശ്രീ നരേന്ദ്ര മോദി ഉറപ്പ് നല്‍കി. കര്‍ഷകരെ ചൂഷണം ചെയ്യുന്ന ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ വര്‍ഷങ്ങളായി എംഎസ്പിയെക്കുറിച്ചുള്ള സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശകളെ ഒളിപ്പിച്ചുവച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സീസണിലും ഗവണ്‍മെന്റ് എംഎസ്പി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ അവസ്ഥയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെയാണ്, നനമ്മുടെ 85 ശതമാനത്തിലധികം കര്‍ഷകരും ചെറുകിട-പാര്‍ശ്വവല്‍കൃത കര്‍ഷകരാണ്. അതിനാല്‍ അവരുടെ കൃഷിച്ചെലവുകള്‍ വര്‍ധിക്കുകയും ഉല്‍പ്പാദനം കുറവായതിനാല്‍ ലാഭം കുറയുകയും ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് ഒരു യൂണിയന്‍ രൂപീകരിക്കാന്‍ കഴിയുമെങ്കില്‍ അവര്‍ക്ക് കൃഷിച്ചെലവു കുറയ്ക്കാനും മികച്ച വരുമാനം ഉറപ്പാക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരുമായി മികച്ച കരാറുകളില്‍ ഏര്‍പ്പെടാന്‍ കഴിയും. ഈ പരിഷ്‌കാരങ്ങള്‍ കാര്‍ഷികമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കും, കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതികവിദ്യ ലഭിക്കും, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ എളുപ്പത്തില്‍ എത്തും.

ബിഹാറിലെ അഞ്ച് കര്‍ഷക ഉല്‍പ്പാദന സംഘടനകള്‍ അടുത്തിടെ ഒരു പ്രശസ്ത നെല്ല് വ്യാപാര കമ്പനിയുമായി കരാറിലേര്‍പ്പെട്ടതിനെ ശ്രീ മോദി പരാമര്‍ശിച്ചു. ഈ കരാര്‍ പ്രകാരം എഫ്പിഒകളില്‍ നിന്ന് 4000 ടണ്‍ നെല്ല് വാങ്ങും. അതുപോലെ തന്നെ ക്ഷീരകര്‍ഷകര്‍ക്കും പാല്‍ ഉല്‍പ്പാദകര്‍ക്കും പരിഷ്‌കാരങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

അവശ്യവസ്തു നിയമത്തിലും പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയമത്തിലെ ചില വ്യവസ്ഥകള്‍ കര്‍ഷകരുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണ വിത്തുകള്‍, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയവയെ നിയമത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്നു നീക്കം ചെയ്തതായി ശ്രീ മോദി പറഞ്ഞു. ഇപ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വലിയ അളവില്‍ ശീതീകരണ സംവിധാനങ്ങളില്‍ സൂക്ഷിക്കാം. നമ്മുടെ രാജ്യത്ത്, സംഭരണവുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നങ്ങള്‍ ലഘൂകരിക്കപ്പെടുമ്പോള്‍ ശീതീകരണ സംവിധാന ശൃംഖല കൂടുതല്‍ വികാസം പ്രാപിക്കുകയും വിപുലമാക്കപ്പെടുകയും ചെയ്യും.

ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ കാര്‍ഷിക മേഖലയിലെ ചരിത്രപരമായ പരിഷ്‌കാരങ്ങളെക്കുറിച്ച്  കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ പയറുവര്‍ഗ്ഗങ്ങളും എണ്ണക്കുരുക്കളും സംഭരിക്കുന്നത് 2014 ന് മുമ്പുള്ള 5 വര്‍ഷത്തേക്കാള്‍ 24 മടങ്ങ് കൂടുതലാണ്. ഈ വര്‍ഷം കൊറോണ കാലയളവില്‍ റാബി സീസണില്‍ കര്‍ഷകരില്‍ നിന്ന് മുമ്പെങ്ങുമില്ലാത്തവിധമാണ് ഗോതമ്പ് വാങ്ങിയത്.

ഈ വര്‍ഷം റാബി സീസണില്‍ കര്‍ഷകര്‍ക്ക് ഗോതമ്പ്, ധാന്യം, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവ സംഭരിക്കുന്നതിന് 1,13,000 കോടി രൂപ എംഎസ്പി അനുവദിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ തുക 30 ശതമാനത്തിലധികമാണ്.

അതായത്, കൊറോണ കാലഘട്ടത്തില്‍ വാങ്ങലുകളില്‍ മാത്രമല്ല, പണം നല്‍കുന്നതിലും റെക്കോര്‍ഡു സൃഷ്ടിക്കാന്‍ ഗവണ്‍മെന്റിനു കഴിഞ്ഞു. നവീന ചിന്തകളോടെ രാജ്യത്തെ കര്‍ഷകര്‍ക്കായി പുതിയ സംവിധാനങ്ങള്‍ സൃഷ്ടിക്കേണ്ടത് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഉത്തരവാദിത്തമാണ്.

****



(Release ID: 1657414) Visitor Counter : 140