സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

സോഹ്ന-മാനേസര്‍-ഖര്‍ഖൗദ വഴി പല്‍വാല്‍ മുതല്‍ സോനിപത് വരെയുള്ള ഹരിയാന ഓര്‍ബിറ്റല്‍ റെയില്‍ ഇടനാഴി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


പദ്ധതിയുടെ ആകെ നീളം  121.7 കിലോമീറ്റര്‍

റെയില്‍വെ മന്ത്രാലയത്തിന്റെയും ഹരിയാന ഗവണ്‍മെന്റിന്റെയും സംയുക്ത സംരംഭമായ ഹരിയാന റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്ആര്‍ഐഡിസി) പദ്ധതി നടപ്പാക്കും.

ഡല്‍ഹിയിലേക്കല്ലാതെയുള്ള ഗതാഗതത്തിനായി പണികഴിപ്പിക്കുന്ന ഇടനാഴി എന്‍.സി.ആറിലെ ഹരിയാന സംസ്ഥാന ഉപമേഖലയില്‍ മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് ഹബ്ബുകളുടെ വികസനത്തിനും സഹായകമാകും.

5,617 കോടി രൂപ ചെലവുവരുന്ന പദ്ധതി 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

Posted On: 15 SEP 2020 2:24PM by PIB Thiruvananthpuram

 

സോഹ്ന-മാനേസര്‍-ഖര്‍ഖൗദ വഴി പല്‍വാല്‍ മുതല്‍ സോനിപത് വരെയുള്ള ഹരിയാന ഓര്‍ബിറ്റല്‍ റെയില്‍ ഇടനാഴി പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി.

ഈ റെയില്‍ പാത പല്‍വാലില്‍ നിന്ന് ആരംഭിച്ച് നിലവിലുള്ള ഹര്‍സാന കലാന്‍ സ്റ്റേഷനില്‍ (ഡല്‍ഹി-അംബാല സെക്ഷനിലെ) അവസാനിക്കും. നിലവിലുള്ള പാട്‌ലി സ്റ്റേഷന്‍ (ഡല്‍ഹി-റെവാഡി പാതയിലെ), സുല്‍ത്താന്‍പുര്‍ സ്റ്റേഷന്‍ (ഗഠി ഹര്‍സരു-ഫാറൂഖ്‌നഗര്‍ പാതയിലെ), അസൗധ സ്റ്റേഷന്‍ (ദില്ലി റോഹ്തക് ലൈനില്‍) എന്നിവയുമായും ഇതിനെ ബന്ധിപ്പിക്കും.

നിര്‍വഹണം

ഹരിയാന ഗവണ്‍മെന്റും റെയില്‍വേ മന്ത്രാലയവും സംയുക്തമായി രൂപംനല്‍കിയ ഹരിയാന റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് (എച്ച്ആര്‍ഐഡിസി) പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയം, ഹരിയാന ഗവണ്‍മെന്റ്, സ്വകാര്യമേഖല എന്നിവയുടെ സംയുക്ത പങ്കാളിത്തമാണുള്ളത്.

5,617 കോടിരൂപയാണ് പദ്ധതിയുടെ മതിപ്പ് ചെലവ്. 5 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.


നേട്ടങ്ങള്‍

ഹരിയാനയിലെ പല്‍വാല്‍, നൂഹ്, ഗുരുഗ്രാം, ഝജ്ജര്‍, സോനീപത് ജില്ലകള്‍ക്ക് ഈ റെയില്‍ പാതയുടെ പ്രയോജനം ലഭിക്കും.

ഡല്‍ഹിയിലേയ്ക്ക് ഒഴികെയുള്ള ഗതാഗതത്തിനായി സജ്ജമാക്കുന്ന ഇടനാഴി ഹരിയാനയില്‍ മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് ഹബ്ബുകള്‍ വികസിപ്പിക്കുന്നതിന് സഹായകമാകും. തടസ്സമില്ലാത്ത ഗതാഗതസൗകര്യമാണ് ഇതുറപ്പുനല്‍കുന്നത്. തുറമുഖങ്ങളിലേയ്ക്ക് തടസ്സമില്ലാത്ത അതിവേഗ യാത്രാസൗകര്യം ലഭ്യമാക്കും. ചരക്കുകയറ്റുമതിയെയും ഇതു സഹായിക്കും. ഓരോ ദിവസവും ഏകദേശം 20,000 യാത്രക്കാര്‍ ഈ പാതയിലൂടെ സഞ്ചരിക്കും. 50 ദശലക്ഷം ടണ്‍ ചരക്ക് ഗതാഗതവും വര്‍ഷംതോറും നടത്താനാകും.


പശ്ചാത്തലം

ദേശീയ തലസ്ഥാന മേഖലയുടെ സുസ്ഥിര വികസനത്തിനു കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ  റെയില്‍ ഇടനാഴി പദ്ധതി. ഇതു നടപ്പാക്കുന്നത് പടിഞ്ഞാറന്‍ പെരിഫറല്‍ (കുണ്ട്ലി-മാനേസര്‍-പല്‍വല്‍) എക്സ്പ്രസ് ഹൈവേയോട് ചേര്‍ന്നാണ്. ഡല്‍ഹിയില്‍നിന്ന് ഹരിയാനയിലൂടെ കടന്നുപോകുന്ന എല്ലാ റെയില്‍വേ പാതയുമായും ഈ പദ്ധതി
ബന്ധപ്പെടുത്തും.


***


(Release ID: 1654478) Visitor Counter : 273