പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി)2020ന്റെ കീഴില്‍ നടന്ന '' 21-ാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസം'' കോൺക്ലേവിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ
Posted On:
11 SEP 2020 3:30PM by PIB Thiruvananthpuram
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ ശ്രീ രമേഷ് പൊക്രിയാല്‍ നിഷാങ്ക് ജി, ശ്രീ സജ്ഞയ് ദോത്രേജി, ദേശീയ വിദ്യാഭ്യാസ നയരൂപീകരണ സമിതി ചെയര്‍മാൻ ഡോ: കസ്തൂരിരംഗന്‍ ജി, അദ്ദേഹത്തിന്റെ സമിതയിലെ ബഹുമാന്യരായ അംഗങ്ങളെ, പണ്ഡിതരെ, പ്രിന്‍സിപ്പല്‍മാരെ, അദ്ധ്യാപകരെ ഈ പ്രത്യേക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള മഹതികളെ, മഹാന്മാരെ. ഇന്ന് നമ്മളെല്ലാം രാജ്യത്തിന്റെ ഭാവി നിര്‍മ്മിക്കുന്നതിനുള്ള തറക്കല്ലിടുന്ന ചടങ്ങിന്റെ ഭാഗമാകുകയാണ്. നവയുഗത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്ന ഒരു ചടങ്ങാണ് ഇത്. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് ദേശീയ വിദ്യാഭ്യാസ നയം ഒരു പുതിയ ദിശ നല്‍കാന്‍ പോകുകയാണ്.
സുഹൃത്തുക്കളെ, കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകള്‍ കൊണ്ട് ലോകത്തിന്റെ എല്ലാ മണ്ഡലങ്ങളും മാറിയിട്ടുണ്ട്. എല്ലാ സംവിധാനങ്ങളും മാറി. ഈ മൂന്നുപതിറ്റാണ്ടില്‍ നമ്മുടെ ജീവിതത്തില്‍ അതേപോലെ നിലനിന്ന ഒരു ഘടകവും ഉണ്ടായിട്ടില്ല. എന്നാല്‍ സമൂഹത്തെ ഭാവിയിലേക്ക് നയിക്കുന്ന നമ്മുടെ വിദ്യാഭ്യാസ സംവിധാനം ആ പഴയരീതിയില്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്. കേടായ ഒരു ബ്ലാക്ക്‌ബോര്‍ഡിനെ മാറ്റിപ്രതിഷ്ഠിക്കുന്നതുപോലെ ആ പഴയ വിദ്യാഭ്യാസ സംവിധാനത്തെ മാറ്റുകയെന്നതും അനിവാര്യമായിരുന്നു. എല്ലാ സ്‌കൂളുകള്‍ക്കും ആകര്‍ഷകമായ ഒരു വലിയ ബോര്‍ഡ് ഉണ്ടായിരിക്കുന്നതുപോലെ (പിന്‍ അപ്പ് ബോര്‍ഡ്). നിങ്ങൾക്ക് ആവശ്യമായ കടലാസുകളും സ്‌കൂളിലെ അനിവാര്യമായ ഉത്തരവുകളും കുട്ടികളുടെ പെയിന്റിംഗുകളുമൊക്കെ അതില്‍ പിന്‍ ചെയ്ത് വയ്ക്കാറുണ്ട്. കുറച്ചുസമയം കഴിയുമ്പോള്‍ ആ ബോര്‍ഡ് നിറയും. ആ പിന്‍ അപ്പ് ബോര്‍ഡില്‍ ക്ലാസിലെ കുട്ടികളുടെ പുതിയ പെയിന്റിംഗുകള്‍ കൂട്ടിച്ചേര്‍ത്തുവയ്ക്കാന്‍ നിങ്ങള്‍ക്ക് പഴയവ മാറ്റേണ്ടി വരും.
പുതിയ ദേശീയ വിദ്യാഭ്യാസ നയവും നവ ഇന്ത്യയുടെ പുതിയ അഭിലാഷങ്ങളേയും ആവശ്യകതകളേയും നിറവേറ്റുന്നതിനുള്ള ശക്തിമത്തായ മാര്‍ഗ്ഗമാണ്. കഴിഞ്ഞ നാലഞ്ചുവര്‍ഷത്തെ കഠിനപ്രയത്‌നത്തിന്റെ ഫലമാണിത്. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള, എല്ലാ വിഷയങ്ങളിലുംപെട്ട, ഭാഷകളിലുംപെട്ട ആളുകള്‍ രാവും പകലും നടത്തിയ കഠിനപ്രയത്‌നമാണിത്. എന്നാല്‍ ഇത് പൂര്‍ത്തിയായിട്ടില്ല. വാസ്തവത്തില്‍ ശരിയായ പ്രയത്‌നം ഇപ്പോള്‍ ആരംഭിച്ചിട്ടേയുള്ളു. ഇനി നമുക്ക് ഈ പുതിയ ദേശീയവിദ്യാഭ്യാസ നയം വളരെ കാര്യക്ഷമമായ രീതിയില്‍ നടപ്പിലാക്കണം. നമ്മളെല്ലാം സംയുക്തമായി അത് ചെയ്യും. ദേശീയ വിദ്യാഭ്യാസനയത്തിന്റെ പ്രഖ്യാപനത്തിന് ശേഷം നിങ്ങളില്‍ പലരുടെയൂം മനസുകളില്‍ പലതരത്തിലുള്ള ചോദ്യങ്ങളുണ്ടെന്ന് എനിക്ക് അറിയാം. എന്താണ് വിദ്യാഭ്യാസ നയം? എന്താണ് അതില്‍ ഒരു വിദ്യാര്‍ത്ഥിക്കുള്ളത്? ഏറ്റവും പ്രധാനമായി അതിന്റെ വിജയകരമായ നടത്തിപ്പിനാണ് എന്താണ് ചെയ്യേണ്ടത്, എങ്ങനെ? ഈ ചോദ്യങ്ങളെല്ലാം ന്യായയുക്തവും അനിവാര്യവുമാണ്. അതുകൊണ്ടാണ് ഇതൊക്കെ ചര്‍ച്ചചെയ്ത് മുന്നോട്ടുള്ള ഒരു വഴിയൊരുക്കാനായി നാമെല്ലാം ഇവിടെ ഈ പരിപാടിയില്‍ ഒത്തുചേര്‍ന്നിരിക്കുന്നതും. ഇന്നലെ നിങ്ങളെല്ലാം ഇത് വളരെ വിശദമായ രീതിയില്‍ മണിക്കൂറുകളോളം ചര്‍ച്ചചെയ്തതായി എനിക്ക് അറിയാന്‍ കഴിഞ്ഞു.
അദ്ധ്യാപകര്‍ തങ്ങള്‍ക്ക് പൊരുത്തമായ രീതിയില്‍ ബോധനവസ്തുക്കള്‍ തയാറാക്കും, കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള കളിപ്പാട്ട മ്യൂസിയങ്ങള്‍ സൃഷ്ടിക്കും, രക്ഷിതാക്കളുമായി ബന്ധിപ്പിക്കാനായി ഒരു സാമൂഹിക ലൈബ്രറിയുണ്ടായിരിക്കും, ചിത്രങ്ങളോടുകൂടിയ ബഹുഭാഷ നിഘണ്ടുകള്‍ക്ക് ഉണ്ടായിരുക്കും, സ്‌കൂളുകളില്‍ അടുക്കളതോട്ടങ്ങള്‍ ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും പുതിയ ആശയങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് നമ്മുടെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും വളരെ ഉത്സാഹത്തോടെ പങ്കാളികളാകുന്നുവെന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
കുറച്ചുദിവസങ്ങള്‍ക്ക് ദേശീയവിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനായി മുമ്പ് മൈഗവ് പോര്‍ട്ടലിലൂടെ വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള അദ്ധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ തേടിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ 15ലക്ഷത്തിലധികം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസനയം കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ നടപ്പാക്കുന്നതിന് ആ നിര്‍ദ്ദേശങ്ങള്‍ സഹായകരമാകും. ഇക്കാര്യത്തില്‍ അവബോധമുണ്ടാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിരവധി പരിപാടികളും സംഘടിപ്പിച്ചു.
സുഹൃത്തുക്കളെ, ഏതൊരു രാജ്യത്തിന്റെയും അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് യുവതലമുറയ്ക്കും യുവ ഊര്‍ജ്ജത്തിനും വലിയ പങ്ക് വഹിക്കാനുണ്ട്. എന്നാല്‍ ആ യുവതലമുറയുടെ അടിത്തറ ആരംഭിക്കുന്നത് കുട്ടിക്കാലത്തുനിന്നാണ്. ഭാവിജീവിതം വലിയതോതില്‍ ആശ്രയിച്ചിരിക്കുന്നത് കുട്ടിക്കാലത്തെയാണ്. കുട്ടികളുടെ വിദ്യാഭ്യാസം, അവര്‍ക്ക് ലഭിക്കുന്ന പരിസ്ഥിതി, എന്നിവയൊക്കെ ഭാവിയില്‍ അവര്‍ ഏത് തരത്തിലുള്ള ആളുകള്‍ ആയിത്തീരമെന്നതിലും എന്തായരിക്കണം അവരുടെ വ്യക്തിത്വം എന്നതൊക്കെ നിര്‍ണ്ണയിക്കുന്നതില്‍ വലിയൊരളവുവരെ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട് ദേശീയ വിദ്യാഭ്യാസനയം കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് വലിയൊരളവ് ഊന്നല്‍ നല്‍കുന്നു. പ്രീ സ്‌കൂള്‍ സമയത്ത് കുട്ടികള്‍ ആദ്യമായി രക്ഷിതാക്കളുടെ ശ്രദ്ധയില്‍ നിന്നും വീടിലെ ശാന്തമായ പരിസ്ഥിതിയില്‍ നിന്നും പുറത്തുവരുന്നു. കുട്ടികള്‍ അവരുടെ ബോധം, അവരുടെ നൈപുണ്യങ്ങള്‍ എന്നിവയൊക്കെ കുടുതല്‍ മികച്ചരീതിയില്‍ തിരിച്ചറിയുന്ന ആദ്യപടിയാണ്. ഇതിന് രസകരമായ പഠനം, വിനേദകരമായ പഠനം, പ്രവര്‍ത്തനാധിഷ്ഠിതപഠനം, കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള പഠനം എന്നിവയുടെ പരിസ്ഥിതി നല്‍കാന്‍ കഴിയുന്ന സ്‌കൂളുകളും അദ്ധ്യാപകരും ആവശ്യമാണ്.
കൊറോണാകാലത്ത് ഇതൊക്കെ എങ്ങനെ നടക്കുമെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നതെന്ന് എനിക്ക് അറിയാം? ഇത് ആശയത്തിനെക്കാളേറെ സമീപനമാണ്. എങ്ങനെയായാലും കൊറോണയുടെ സ്ഥിതി എല്ലായ്‌പ്പോഴും ഒരുപോലെ ആയിരിക്കുകയുമില്ല. കുട്ടികള് ക്ലാസുകളില്‍ പുരോഗമിക്കുന്നതോടൊപ്പം കൂടുതല്‍ പഠിക്കുന്നതിനുള്ള ഉത്സാഹം അവരില്‍ വികസിക്കും, കുട്ടികളുടെ മനസും അവുടെ തലച്ചോറുകളും ശാസ്ത്രീയമായും ആദര്‍ശപരമായും ചിന്തിക്കാനും തുടങ്ങും. അവരില്‍ ഗണിതപരമായ ചിന്തകളും ശാസ്ത്രീയ സ്വഭാവവും വികസിക്കുകയെന്നത് വളരെ പ്രധാനമാണ്. ഗണിത ചിന്തകള്‍ എന്ന് പറയുമ്പോള്‍ കുട്ടികള്‍ കണക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നതല്ല, അത് ചിന്തയുടെ ഒരു രീതിയാണ്. ഈ വഴികളാണ് നാം അവരെ പഠിപ്പിക്കേണ്ടത്. എല്ലാ വിഷയങ്ങളും മനസിലാക്കുക, തലച്ചോറിന് വിവിധപരിപ്രേഷ്യത്തില്‍ വിലയിരുത്താന്‍ കഴിയുന്ന തരത്തില്‍ ജീവിതത്തിന്റെ വശങ്ങളെ ഗണിതപരമായും യുക്തിപരമായും കഴിയുക എന്നതായിരിക്കണം സമീപനം. മനസും തലച്ചോറും വികസിപ്പിക്കുകയെന്ന ഈ സമീപനം വളരെ പ്രധാനമാണ്, അതുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയം ഈ രീതികള്‍ക്ക് വളരെയധികം ശ്രദ്ധ നല്‍കിയിട്ടുണ്ട്. നിങ്ങളിലുള്ള നിരവധി പേർ, പല പ്രിന്‍സിപ്പല്‍മാരും മറ്റും നമ്മള്‍ ഇതൊക്കെ ഇപ്പോള്‍ തന്നെ നമ്മുടെ സ്‌കൂളുകളില്‍ ചെയ്യുന്നുണ്ടല്ലോ എന്നായിരിക്കും ചിന്തിക്കുന്നത്. എന്നാല്‍ ഇപ്പോളൂം ഇതൊന്നും നടക്കാത്ത പല സ്‌കൂളുകളുമുണ്ട്. ഒരു പൊതുപരിപ്രേക്ഷ്യം ഇതിനൊക്കെ ഉണ്ടാകേണ്ടതും അനിവാര്യമാണ്. അതാണ് ഇന്ന് നിങ്ങളോട് ഞാന്‍ ഇതിനെക്കുറിച്ച് വിശദമായും സൂക്ഷ്മമായും സംസാരിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണവും.
സുഹൃത്തുക്കളെ, 10+2 ന് പകരം 5+3+3+4 സംവിധാനം ദേശീയ വിദ്യാഭ്യാസനയത്തില്‍ വളരെ ബോധപൂര്‍വ്വമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു അടിത്തറയെന്ന നിലയില്‍ കുട്ടിക്കാലപരിചരണവും വിദ്യാഭ്യാസവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന്, പ്രീസ്‌കൂളുകളിലെ വിനോദകരമായ വിദ്യാഭ്യാസം നഗരങ്ങളിലുള്ള സ്വകാര്യസ്‌കൂളുകളില്‍ മാത്രമാണുള്ളത്. ഇത് ഇപ്പോള്‍ ഗ്രാമങ്ങളിലും പാവപ്പെട്ടവരുടെയും പണക്കാരുടെയും ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും വീടുകളിലും എത്തും. എല്ലായിടത്തുമുള്ള കുട്ടികള്‍ക്കും ഇത് ലഭ്യമാകും. അടിസ്ഥാനമായ വിദ്യാഭ്യാസത്തിനുള്ള ശ്രദ്ധയാണ് ഈ നയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ അടിസ്ഥാനപരമായ സാക്ഷരതയും സംഖ്യാ അറിവുകളും ഒരുദേശീയ ദൗത്യമായി തന്നെ ഏറ്റെടുക്കും. പ്രാഥമിക ഭാഷയിലുള്ള അറിവ്, സംഖ്യകളെക്കുറിച്ചുള്ള അറിവ്, പൊതുവായ ലേഖനങ്ങള്‍ വായിക്കാനും മനസിലാക്കാനുമുള്ള കഴിവുകളുടെ വികാസം എന്നിവയൊക്കെ അനിവാര്യമാണ്. കുട്ടി ഭാവിയില്‍ വായിക്കാന്‍ പഠിക്കുന്നതിന് മുമ്പ് അവന്‍ തുടക്കത്തില്‍ വായിക്കാന്‍ പഠിക്കേണ്ടത് സുപ്രധാനമാണ്. പഠനത്തില്‍ നിന്നും വായനയിലേക്കും വായനയില്‍ നിന്നും പഠനത്തിലേക്കുമുള്ള ഈ വികസനയാത്ര അടിസ്ഥാനപരമായ സാക്ഷരതയിലും സംഖ്യാപഠനത്തിലും കൂടി പൂര്‍ത്തിയാകും.
സുഹൃത്തുക്കളെ, ഈ ഗ്രേഡ് വിജയിക്കുമ്പോള്‍ ഒരു കുട്ടിയ്ക്ക് ഒരു മിനിട്ടില്‍ സുഗമമായി 30, 35 വാക്കുകള്‍ വായിക്കാന്‍ കഴിയുമെന്ന് നമുക്ക് ഉറപ്പുവരുത്താനാകും. വാചിക വായനാ വാഗ്വിലാസം (ഓറല്‍ റീഡിംഗ് ഫ്‌ളൂവന്‍സി) എന്ന് നിങ്ങള്‍ ഇതിനെ വിളിക്കും. നമുക്ക് കുട്ടികളെ ഈ തലത്തില്‍ കൊണ്ടുവരുന്നരീതിയില്‍ പഠിപ്പിക്കാനും തയാറാക്കിയെടുക്കാനും കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് മറ്റുള്ള വിഷയങ്ങളിലെ ഉള്ളടക്കങ്ങള്‍ ഭാവിയില്‍ കൂടുതല്‍ മനസിലാക്കാന്‍ കഴിയും. ഇതിന് ഞാന്‍ നിങ്ങള്‍ക്ക് ഒരു നിര്‍ദ്ദേശം നല്‍കാം. ഇവിടെയുള്ള ഈ കൊച്ചുകുട്ടികള്‍ക്ക് ,അവര്‍ക്ക് ക്ലാസുകളില്‍ 25-30 കൂട്ടുകാര്‍ ഉണ്ടായിരിക്കും. അവര്‍ക്ക് അറിയാവുന്ന അവരുടെ സുഹൃത്തുക്കളുടെ പേരുകള്‍ ഉച്ചരിക്കാന്‍ നിങ്ങള്‍ പറയുക. എന്നിട്ട് പേരുകള്‍ അവര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ ഉച്ചരിക്കാന്‍ പറയുക. എന്നിട്ട് നിങ്ങള്‍ അവനോട് അവരെ വേഗത്തില്‍ വിളിക്കാനും എഴുന്നേറ്റ് നില്‍ക്കാനും പറയുക. എത്രതരത്തിലുള്ള പ്രതിഭകളാണ് അവനില്‍ വികസിക്കുന്നതും അവന്റെ ആത്മവിശ്വാസലം വര്‍ദ്ധിക്കുന്നതും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പിന്നീട് അവനോട് അവന്റെ സുഹൃത്തുക്കളുടെ പേരുകള്‍ എഴുതാന്‍ ആവശ്യപ്പെടുക. എന്നിട്ട് ആരുടെ പേരാണ് അവര്‍ പറയാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിക്കുക.. അവരുടെ ഫോട്ടോഗ്രാഫുകള്‍ കാണിച്ചുകൊണ്ട് പേരുകള്‍ എഴുതാനും ആവശ്യപ്പെടാം. അവന്റെ സുഹൃത്തുക്കളെ അറിഞ്ഞുകൊണ്ട് പഠിക്കുക. ഇതിനെയാണ് പഠനപ്രക്രിയ എന്ന് പറയുന്നത്. ഇത് ഉയര്‍ന്ന ക്ലാസുകളിലേക്കുള്ള കുട്ടികളുടെയും അദ്ധ്യാപകരുടെയും ഭാരം കുറയ്ക്കും. കുട്ടികള്‍ക്ക്, എണ്ണല്‍, കൂട്ടല്‍, കുറയ്ക്കല്‍, ഗുണിക്കല്‍, ഭാഗിക്കല്‍ തുടങ്ങിയ അടിസ്ഥാന ഗണിതവും വളര എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. പുസ്തകത്തിന്റെയും ക്ലാസുകളുടെ നാലുചുമരുകളില്‍ നിന്നും ബോധനം പുറത്തേയ്ക്ക് പോകുകയും അത് നമ്മുടെ ജീവിതവും ചുറ്റുപാടുകളുമായ യഥാര്‍ത്ഥ ലോകവുമായി ബന്ധിപ്പിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇതൊക്കെ സാദ്ധ്യമാകുകയുള്ളു.
കുട്ടികള്‍ക്ക് ചുറ്റുപാടുകളില്‍ നിന്നും യഥാർത്ഥ ലോകത്തുനിന്നും എങ്ങനെ പഠിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണം ഇശ്വര ചന്ദ്ര വിദ്യാസാഗറിന്റെ കഥയില്‍ കാണാന്‍ കഴിയും. എട്ടുവയസാകുന്നതുവരെ ഇശ്വര്‍ ചന്ദ്രര്‍ വിദ്യാസാഗര്‍ജിയെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ അദ്ദേഹം തന്റെ പിതാവിനൊപ്പം കൊല്‍ക്കത്തയ്ക്ക് (അന്ന് കല്‍ക്കത്ത) പോകുമ്പോള്‍ വഴിവക്കില്‍ ഇംഗ്ലീഷിലുള്ള ഒരു നാഴികകല്ല് അദ്ദേഹം കണ്ടു. അതില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് അദ്ദേഹം തന്റെ പിതാവിനോട് ചോദിച്ചു. കൊല്‍ക്കത്തയിലേക്കുള്ള ദൂരം ഇംഗ്ലീഷില്‍ എണ്ണുന്നതാണതെന്ന് അദ്ദേഹത്തിന്റെ പിതാവ് മറുപടി നലകി. ഈ ഉത്തരം ഇശ്വര്‍ ചന്ദ്രര്‍ വിദ്യാസാഗറിന്റെ മനസിലെ ആകാംക്ഷ വര്‍ദ്ധിപ്പിച്ചു. മൈല്‍ക്കുറ്റി എണ്ണുന്നതിനെക്കുറിച്ച് അദ്ദേഹം തുടര്‍ന്നും ചോദ്യങ്ങള്‍ ചോദിക്കുകയും അദ്ദേഹത്തിന്റെ പിതാവ് അതിനൊക്കെ മറുപടി നല്‍കുകയും ചെയ്തു. കൊല്‍ക്കത്തയില്‍ എത്തിയ സമയത്തിനിടയില്‍ ഇശ്വര്‍ ചന്ദ്രര്‍ വിദ്യാസാഗര്‍ ഇംഗ്ലീഷില്‍ 1,2, 3,4........7,8,9,10.....എന്നിങ്ങനെ എണ്ണുന്നതിന് പഠിച്ചു. ഇതാണ് ആകാംക്ഷയില്‍ നിന്നുള്ള പഠനം, ആകാംക്ഷയിലൂടെ പഠിപ്പിക്കുന്നതിനും ബോധനം നടത്തുന്നതിനുമുള്ള കരുത്ത്.
സുഹൃത്തുക്കളെ, വിദ്യാഭ്യാസം സമുഹവുമായി ബന്ധിപ്പിക്കുമ്പോള്‍ അത് വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലാകെയും സമുഹത്തിലാകെയും ഒരു വലിയ നേട്ടമാണുണ്ടാക്കുന്നത്. ജപ്പാനെ നോക്കുക. ഷിന്റിന്‍-യോക്കു അവിടെ പ്രചാരത്തിലുള്ളതാണ്. ഷിന്റിന്‍ എന്നാല്‍ വനവും യോക്കൂ എന്നാല്‍ കുളിക്കുകയുമാണ്. അവിടെ നിരവധി മരങ്ങളും ചെടികളുമുള്ള അല്ലെങ്കില്‍ കുട്ടികള്‍ക്ക് പ്രകൃതിയെ സ്വാഭാവികമായി അനുഭവിക്കാന്‍ കഴിയുന്ന വനങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകും, അപ്പോള്‍ അവര്‍ക്ക് മരങ്ങളേയും ചെടികളേയും പുക്കളേയും ശ്രവിക്കാം, സ്പര്‍ശിക്കാം, രുചിക്കാം, മണക്കാനൊക്കെ കഴിയും. ഇത് കുട്ടികളെ പ്രകൃതിയും പരിസ്ഥിതിയുമായി ബന്ധിപ്പിക്കുക മാത്രമല്ല, സമഗ്രമായ രീതിയിലുള്ള അവരുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുട്ടികള്‍ അത് ആസ്വദിക്കുകയും അതേസമയം നിരവധി കാര്യങ്ങള്‍ പഠിക്കുകയും ചെയ്യുന്നു. ഞാന്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നമ്മള്‍ ഒരു കാര്യം നടത്തിയത് ഞാന്‍ ഓര്‍ക്കുകയാണ്. കുട്ടികളോട് അവരുടെ ഗ്രാമങ്ങളിലെ ഏറ്റവും പഴക്കമുള്ള മരം ഏതെന്ന് കണ്ടെത്താന്‍ ആവശ്യപ്പെടാന്‍ ഞങ്ങള്‍ സ്‌കുളുകളോട് നിര്‍ദ്ദേശിച്ചു. അതുകൊണ്ട് അവര്‍ക്ക് എല്ലായിടത്തും പോകേണ്ടതായി വന്നു, അവരുടെ ഗ്രാമത്തിന് സമീപമുള്ള എല്ലാ മരങ്ങളും കാണേണ്ടിവന്നു, അവരുടെ അദ്ധ്യാപകരോട് ചോദിക്കേണ്ടിയും വന്നു. എന്നിട്ടാണ് ഏറ്റവും പഴക്കമുള്ള വൃക്ഷത്തെക്കുറിച്ച് ഒരു സമവായത്തിലെത്തിയത്. പിന്നീട് സ്‌കൂളുകളിലേക്ക് മടങ്ങിവന്നപ്പോള്‍ വൃക്ഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ ഗാനങ്ങളും, ഉപന്യാസങ്ങളും രചിച്ചു. എന്നാല്‍ പ്രക്രിയകള്‍ക്കിടയില്‍ ഏറ്റവും പ്രായമുള്ള വൃക്ഷം എതെന്ന് കണ്ടെത്താന്‍ അവര്‍ക്ക് നിരവധി മരങ്ങള്‍ കാണേണ്ടതായി വന്നു. അവര്‍ക്ക് നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു, ഈ പരീക്ഷണം വലിയ വിജയമായിരിക്കുന്നുവെന്ന് എനിക്ക് പറയാന്‍ കഴിയും. ഒരു വശത്ത് കുട്ടികള്‍ക്ക് പരിസ്ഥിതിയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചു അതോടൊപ്പം അവര്‍ക്ക് അവരുടെ ഗ്രാമത്തെക്കുറിച്ച് നിരവധി വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരവും ഉണ്ടായി.
ഇത്തരത്തിലുള്ള ലളിതവും പുതിയതുമായ പ്രവര്‍ത്തനങ്ങളെ നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. നമ്മുടെ പരീക്ഷണങ്ങള്‍ നവകാലത്തെ പഠനം- ബദ്ധശ്രദ്ധ, പര്യവേക്ഷണം, പരീക്ഷണം, പ്രകടനം, മികവുണ്ടാക്കല്‍ എന്നീ തത്വങ്ങളിലേക്ക് നയിക്കണം. അതായത് കുട്ടികള്‍ അവരുടെ താല്‍പര്യത്തിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും പദ്ധതികളും ബദ്ധശ്രദ്ധാലുക്കളാകുക. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ അതില്‍ പര്യവേഷണം നടത്തണം. തന്റെ സ്വന്തം പരിചയത്തില്‍ നിന്ന് വ്യത്യസ്തമായ പരിപ്രേക്ഷ്യത്തിലൂടെ ആ പ്രവര്‍ത്തനങ്ങള്‍, പദ്ധതികള്‍, പരിപാടികള്‍ എന്നിവയെക്കുറിച്ച് അവര്‍ പഠിക്കണം, അത് അവരുടെ വ്യക്തിപരമായ പരിചയവും സംയോജിതമായ പരിചയവുമായിരിക്കും. അപ്പോള്‍ കുട്ടികള്‍ വളരെ മൂര്‍ത്തമായ രീതിയില്‍ സ്വയം പ്രകടനത്തിന് പഠിക്കും. ഈ കാര്യങ്ങളെല്ലാം സംയോജിപ്പിച്ചാല്‍ മികവിലെത്താനുള്ള രീതിയാണിത്. ഉദാഹവരണത്തിന് നമുക്ക് കുട്ടികളെ മലകളിലേക്കോ, ചരിത്രപരമായ സ്ഥലങ്ങളിലേക്കോ, കൃഷിയിടങ്ങളിലേക്കോ, അല്ലെങ്കില്‍ സ്വയംനിര്‍മ്മാണ യൂണിറ്റുകളിലേക്കോ ഒക്കെ കൊണ്ടുപോകാം.
ഇപ്പോള്‍ നോക്കു, നിങ്ങള്‍ റെയില്‍വേ എഞ്ചിനെക്കുറിച്ച് ക്ലാസ്മുറികളില്‍ പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ അടുത്തുള്ള ഗ്രാമത്തിലെ റെയില്‍വേ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുക, എഞ്ചിന്‍ എങ്ങനെയാണിരിക്കുന്നതെന്ന് കുട്ടികള്‍ക്ക് കാട്ടികൊടുക്കുക; വല്ലപ്പോഴും അവരെ ബസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുക. അത് എങ്ങനെയാണെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കുക. അവര്‍ നീരീക്ഷണത്തിലൂടെ പഠിക്കാന്‍ തുടങ്ങും. തങ്ങളുടെ സ്‌കൂളുകളില്‍ ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ എന്ന് പല പ്രിന്‍സിപ്പല്‍മാരും അദ്ധ്യാപകരും ചിന്തിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. നിരവധി അദ്ധ്യാപകര്‍ നൂതനാശയക്കാരാണെന്നും അവര്‍ തങ്ങളുടെ പ്രയത്‌നം മുഴുവനും എടുക്കുന്നുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇത് എല്ലായിടത്തും നടക്കുന്നില്ല. അതുകൊണ്ട് നിരവധി കുട്ടികള്‍ക്ക് പ്രായോഗിക അറിവ് ഇല്ലാതാകുകയാണ്. ഈ നല്ല പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ എത്രയധികം നടത്തുന്നുവോ അത്രയുമധികം നമ്മുടെ സഹ അദ്ധ്യാപകര്‍ക്ക് പഠിക്കാനുള്ള അവസരവും ലഭിക്കും. അദ്ധ്യാപകര്‍ കൂടുതല്‍ പരിചയം പങ്കുവയ്ക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതില്‍ നിന്ന് കൂടുതല്‍ ഗുണമുണ്ടാകും.
സുഹൃത്തുക്കളേ,
രാജ്യത്തുടനീളമുള്ള ഓരോ പ്രദേശത്തിനും പ്രത്യേകമായി എന്തെങ്കിലും ലോകത്തിനു മുന്നില്‍ വയ്ക്കാനുണ്ട്. എല്ലാ പ്രദേശങ്ങളിലും ചില പരമ്പരാഗത പരമ്പരാഗത കല, കരകൗശല, ഉല്‍പ്പന്നങ്ങള്‍ എന്നിവയുണ്ട്. ബീഹാറിലെ ഭാഗല്‍പൂരിലെ സാരികള്‍ പോലെ. ഭഗല്‍പൂരില്‍ നിന്നുള്ള പട്ട് രാജ്യമെമ്പാടും പ്രസിദ്ധമാണ്. വിദ്യാര്‍ത്ഥികള്‍ ആ തറികള്‍ സന്ദര്‍ശിക്കുകയും ഈ വസ്ത്രങ്ങള്‍ എങ്ങനെ നിര്‍മ്മിക്കുന്നുവെന്ന് നിരീക്ഷിക്കുകയും വേണം. അവിടെ ചെയ്യുന്ന ജോലിയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണം. തറികളേക്കുറിച്ച് അവര്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് അവരെ പഠിപ്പിക്കാന്‍ കഴിയും. പിന്നീട് അവരോട് ചോദിക്കുക, അവര്‍ എന്താണ് ചോദിച്ചത്, അവര്‍ക്ക് ലഭിച്ച ഉത്തരം എന്താണ്? ഇത് പഠനമാണ്. ചോദ്യങ്ങള്‍- നിങ്ങള്‍ എവിടെ നിന്ന് നൂല്‍ കൊണ്ടുവരുന്നു? നൂലിന് എങ്ങനെയാണ് ആ നിറം ലഭിച്ചത്? സാരിയിലെ തിളക്കം എവിടെ നിന്ന് വരുന്നു? കുട്ടി സ്വന്തമായി ചോദിക്കാന്‍ തുടങ്ങും. അവര്‍ക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാനാകുമെന്ന് നിങ്ങള്‍ കാണുന്നു.
അത്തരം പ്രഗത്ഭരായ ആളുകളെ സ്‌കൂളുകളിലേക്ക് ക്ഷണിക്കാനും നിങ്ങള്‍ക്ക് അവിടെ ഒരു എക്‌സിബിഷന്‍ അല്ലെങ്കില്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കാനും കഴിയും. ഗ്രാമത്തില്‍ മണ്‍പാത്രങ്ങള്‍ ഉണ്ടാക്കുന്ന ആളുകളെ ഒരു ദിവസം ക്ഷണിച്ചുവെന്ന് കരുതുക; സ്‌കൂളിലെ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കും. കുട്ടി എത്ര സുഖമായി പഠിക്കുമെന്ന് നിങ്ങള്‍ കാണും. വിദ്യാര്‍ത്ഥികളുടെ ജിജ്ഞാസ, വിവരങ്ങളും വര്‍ദ്ധിപ്പിക്കും, മാത്രമല്ല പഠനത്തോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആഴത്തിലുള്ള കഴിവുകള്‍ ആവശ്യമുള്ള നിരവധി തൊഴിലുകള്‍ ഉണ്ട്, പക്ഷേ നാം അവയ്ക്ക് പ്രാധാന്യം നല്‍കുന്നില്ല. ചിലപ്പോള്‍ നമ്മള്‍ അവരെ ചെറുതാക്കുന്നു. വിദ്യാര്‍ത്ഥികള്‍ അവരെ നിരീക്ഷിക്കുകയാണെങ്കില്‍, അവരുമായി ഒരുതരം വൈകാരിക ബന്ധം വികസിക്കും. അവര്‍ അവരുടെ കഴിവുകള്‍ മനസിലാക്കും, അവരെ ബഹുമാനിക്കാന്‍ തുടങ്ങും.
ഒരുപക്ഷേ ഈ കുട്ടികളില്‍ പലരും അത്തരം വ്യവസായങ്ങളില്‍ ചേരുന്നതിനായി വളരുന്നു, ഒരുപക്ഷേ അവര്‍ വലിയ വ്യവസായികളായിത്തീരും. കുട്ടികളെ സംവേദനക്ഷമമാക്കുന്ന കാര്യം വരുമ്പോള്‍...ഇപ്പോള്‍ കുട്ടികള്‍ ഓട്ടോറിക്ഷയില്‍ സ്‌കൂളില്‍ വരുന്നു. നിങ്ങള്‍ എപ്പോഴെങ്കിലും കുട്ടികളോട് ചോദിച്ചിട്ടുണ്ടോ- എല്ലാ ദിവസവും അവരെ കൊണ്ടുവരുന്ന ആ ഓട്ടോറിക്ഷ ഡ്രൈവറുടെ പേരെന്താണ്? അയാളുടെ വീട് എവിടെ? കുട്ടി എപ്പോഴെങ്കിലും അയാളുടെ ജന്മദിനം ആഘോഷിച്ചിട്ടുണ്ടോ? അവന്‍ എപ്പോഴെങ്കിലും അയാളുടെ വീട്ടില്‍ പോയിട്ടുണ്ടോ? ഓട്ടോറിക്ഷക്കാരന്റെ മാതാപിതാക്കളെ കണ്ടോ? തുടര്‍ന്ന് അവരുടെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് 10 ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികളോട് നിര്‍ദ്ദേശിക്കുക. പിന്നീട്, ക്ലാസ്സില്‍ ഓട്ടോ ഡ്രൈവറെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കുട്ടി വിവരിക്കണം. ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് സംവേദനക്ഷമത വളര്‍ത്തിയെടുക്കാന്‍ ഈ ഇടപെടലുകള്‍ കുട്ടികളെ സഹായിക്കും. അല്ലെങ്കില്‍, ആ കുട്ടികള്‍ക്ക് ഓട്ടോറിക്ഷ ഡ്രൈവറെക്കുറിച്ച് ഒന്നും അറിയില്ല. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പിതാവ് പണം നല്‍കുന്നത് അവര്‍ കാണുന്നു. അയാള്‍ അവരെ കൊണ്ടുപോകുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ തന്റെ ജീവിതം ജീവിക്കുന്നുവെന്ന് കുട്ടി ഒരിക്കലും മനസ്സിലാക്കുന്നില്ല. മറിച്ചായാല്‍, ഓട്ടോ റിക്ഷക്കാരന്‍ കുട്ടിയുടെ ജീവിതം മാറ്റാന്‍ എന്തെങ്കിലും സംഭാവന ചെയ്യുന്നു. ഈ വികാരം വികസിക്കും.
അതുപോലെ തന്നെ, എഞ്ചിനീയറിംഗ് പോലുള്ള മറ്റൊരു തൊഴില്‍ ആരെങ്കിലും തിരഞ്ഞെടുക്കുകയാണെങ്കില്‍, അത്തരം തൊഴിലുകള്‍ മെച്ചപ്പെടുത്തുന്നതിനായി പുതുമകള്‍ തേടുന്നത് അവന്റെ മനസ്സിന്റെ പിന്നില്‍ തന്നെ തുടരും. അതുപോലെ, കുട്ടികളെ പഠനത്തിന്റെ ഭാഗമായി ആശുപത്രികളിലേക്കോ ഫയര്‍ സ്റ്റേഷനുകളിലേക്കോ മറ്റേതെങ്കിലും സ്ഥലങ്ങളിലേക്കോ കൊണ്ടുപോകണം. കുട്ടികളെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകണം, അവരെ വിവിധ സ്ഥലങ്ങളില്‍ കാണിക്കണം. ഡോക്ടര്‍മാരുടെ വിഭാഗങ്ങളെക്കുറിച്ച് അവര്‍ക്ക് അറിയാന്‍ കഴിയും... ആരാണ് ദന്തരോഗവിദഗ്ദ്ധന്‍? ഒരു നേത്ര ആശുപത്രി എങ്ങനെയുള്ളതാണ്? അവര്‍ക്ക് ഉപകരണങ്ങള്‍ കാണാനാകും. കണ്ണുകള്‍ പരിശോധിക്കാന്‍ എന്ത് യന്ത്രമാണ് ഉപയോഗിക്കുന്നത്. അവന്‍ ജിജ്ഞാസുക്കളാകും, പഠിക്കും.
സുഹൃത്തുക്കളേ,
സിലബസ് കുറയ്ക്കുന്നതിനും അടിസ്ഥാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്. സമ്പൂര്‍ണ്ണ അനുഭവത്തെ അടിസ്ഥാനമാക്കി പഠനത്തെ സംയോജിതവും ആന്തരിക അച്ചടക്കമുള്ളതും രസകരവുമാക്കുന്നതിന് ഒരു ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന 2022ല്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഈ പുതിയ പാഠ്യപദ്ധതിയിലൂടെ ഒരു പുതിയ ഭാവിയിലേക്കു മുന്നേറുമെന്നും തീരുമാനിച്ചു. ഇത് മുന്‍കൂട്ടി കാണുന്നതും ഭാവി ലക്ഷ്യമിട്ടു തയ്യാറായതും ശാസ്ത്രീയ അധിഷ്ഠിത പാഠ്യപദ്ധതിയും ആയിരിക്കും. എല്ലാവരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് എല്ലാവരുടെയും ശുപാര്‍ശകളും ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളും അതില്‍ ഉള്‍പ്പെടുത്തും.
സുഹൃത്തുക്കള്‍,
ഭാവി നമ്മുടെ ഇന്നത്തെ ലോകത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. നമുക്ക് ഇപ്പോള്‍ അതിന്റെ ആവശ്യകതകള്‍ കാണാനും അനുഭവിക്കാനും കഴിയും. അത്തരമൊരു സാഹചര്യത്തില്‍, 21-ാം നൂറ്റാണ്ടിലെ കഴിവുകള്‍ ഉപയോഗിച്ച് നമ്മുടെ വിദ്യാര്‍ത്ഥികളെ സജ്ജരാക്കേണ്ടതുണ്ട്. ഈ 21-ാം നൂറ്റാണ്ടിലെ കഴിവുകള്‍ എന്തായിരിക്കും? ഇവയായിരിക്കും - വിമര്‍ശനാത്മക ചിന്ത -സൃഷ്ടിപരത-സഹകരണം-ജിജ്ഞാസ, ആശയവിനിമയം. നമ്മുടെ വിദ്യാര്‍ത്ഥികള്‍ സുസ്ഥിര ഭാവിയും സുസ്ഥിര ശാസ്ത്രവും മനസിലാക്കുകയും ആ ദിശയില്‍ ചിന്തിക്കുകയും വേണം. ഇതാണ് കാലഘട്ടത്തിന്റെ ആവശ്യം! ഇത് വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍, വിദ്യാര്‍ത്ഥികള്‍ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ കോഡിംഗ് പഠിക്കണം, നിര്‍മിത ബുദ്ധി, കാര്യങ്ങളുടെ ആന്തരികബന്ധം, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റ സയന്‍സ്, റോബോട്ടിക്‌സ് എന്നിവ മനസ്സിലാക്കണം. ഇതെല്ലാം നാം ഉറപ്പാക്കണം.
സുഹൃത്തുക്കളേ,
മുമ്പത്തെ വിദ്യാഭ്യാസ നയം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓപ്ഷനുകളും ചേര്‍ത്തുവച്ചിരുന്നു. ഉദാഹരണത്തിന്, ശാസ്ത്രം തിരഞ്ഞെടുത്ത ഒരു വിദ്യാര്‍ത്ഥിക്ക് ആര്‍ട്‌സ് അല്ലെങ്കില്‍ കൊമേഴ്‌സ് പഠിക്കാന്‍ കഴിഞ്ഞില്ല. ആര്‍ട്‌സ്-കൊമേഴ്സ് ഉള്ളവര്‍, അവര്‍ ശാസ്ത്രത്തില്‍ അറിവു കുറഞ്ഞവരായതിനാല്‍ ചരിത്രം, ഭൂമിശാസ്ത്രം, അക്കൗണ്ടുകള്‍ എന്നിവ തിരഞ്ഞെടുത്തുവെന്ന് അനുമാനിക്കപ്പെട്ടു. എന്നാല്‍ വാസ്തവത്തില്‍, എല്ലാ മേഖലകളും ഒരു മേഖലയെക്കുറിച്ചുള്ള അറിവോടെ ചെയ്യാനാകുമോ? വാസ്തവത്തില്‍ എല്ലാ വിഷയങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ പഠനവും പരസ്പരബന്ധിതമാണ്. വിദ്യാര്‍ത്ഥികള്‍ ഒരു വിഷയം തിരഞ്ഞെടുക്കുന്നു. പക്ഷേ, പിന്നീട് അവര്‍ക്ക് മറ്റേതെങ്കിലും മേഖലയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് അവര്‍ക്ക് തോന്നുന്നു. എന്നാല്‍ നിലവിലെ സംവിധാനം മാറ്റത്തിനോ പുതിയ സാധ്യതകളുമായി ബന്ധപ്പെടുന്നതിനോ അവസരം നല്‍കുന്നില്ല. പല വിദ്യാര്‍ത്ഥികളുടെയും പഠനം ഉപേക്ഷിക്കാന്‍ ഇത് ഒരു പ്രധാന കാരണമാണ്. അതിനാല്‍, ദേശീയ വിദ്യാഭ്യാസ നയത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഏത് വിഷയവും തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നു. ഇത് ഒരു പ്രധാന മെച്ചപ്പെടുത്തലായി ഞാന്‍ കാണുന്നു. ഇപ്പോള്‍ നമ്മുടെ യുവജനങ്ങള്‍ക്ക് ശാസ്ത്രം, മാനവികത, വാണിജ്യം എന്നിവയുടെ ഒരു ബ്രാക്കറ്റിലും യോജിക്കേണ്ടതില്ല. രാജ്യത്തെ ഓരോ വിദ്യാര്‍ത്ഥിക്കും അവന്റെ കഴിവുകള്‍ക്കും ഇപ്പോള്‍ എല്ലാ അവസരങ്ങളും ലഭിക്കും.
സുഹൃത്തുക്കളേ,
ദേശീയ വിദ്യാഭ്യാസ നയവും മറ്റൊരു പ്രധാന പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നു. വളരെ പരിചയസമ്പന്നരും അറിവുള്ളവരുമായ ആളുകള്‍ ഇവിടെയുണ്ട്, നമ്മുടെ രാജ്യത്ത്, നയിക്കപ്പെടുന്ന വിദ്യാഭ്യാസം പഠിക്കുന്നതിനുപകരം, മാര്‍ക്കു ഷീറ്റ് നയിക്കുന്ന വിദ്യാഭ്യാസവും ആധിപത്യം പുലര്‍ത്തുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നിയിരിക്കണം. കുട്ടികള്‍ കളിക്കുമ്പോഴോ കുടുംബവുമായി സംസാരിക്കുമ്പോഴോ നിങ്ങളോടൊപ്പം പുറത്തു പോകുമ്പോഴോ കുട്ടികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും മാതാപിതാക്കള്‍ കുട്ടികളോട് പഠിച്ച കാര്യങ്ങള്‍ ചോദിക്കുന്നില്ല. എന്നാല്‍ അവരും മാര്‍ക്കിനെക്കുറിച്ച് ചോദിക്കും. പരീക്ഷയില്‍ നിങ്ങള്‍ എത്രമാത്രം സ്‌കോര്‍ ചെയ്തു? കുട്ടികളുടെ പഠനത്തിനും മാനസിക വികാസത്തിനും ഒരു ടെസ്റ്റ് അല്ലെങ്കില്‍ മാര്‍ക്ക് ഷീറ്റ് ഒരു പാരാമീറ്റര്‍ ആകാമോ? ഇന്ന്, മാര്‍ക്ക്ഷീറ്റ് ഒരു മാനസിക സമ്മര്‍ദ്ദ ഷീറ്റും കുടുംബത്തിന്റെ അന്തസ് ഷീറ്റും ആയി മാറി എന്നതാണ് സത്യം. വിദ്യാഭ്യാസത്തില്‍ നിന്ന് ഈ സമ്മര്‍ദ്ദം നീക്കംചെയ്യുന്നത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
പരീക്ഷ അത്തരത്തിലുള്ളതായിരിക്കണം, അത് വിദ്യാര്‍ത്ഥികളില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തരുത്. ഒരു പരീക്ഷയിലൂടെ മാത്രം വിദ്യാര്‍ത്ഥികളെ വിലയിരുത്തുകയല്ല, മറിച്ച് സ്വയം വിലയിരുത്തലും സൂക്ഷ്മ വിലയിരുത്തലും വഴി വിദ്യാര്‍ത്ഥികളുടെ വികസനത്തിന്റെ വിവിധ വശങ്ങള്‍ വിലയിരുത്താനാണ് ശ്രമം. അതിനാല്‍, ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍, മാര്‍ക്ക് ഷീറ്റിന് പകരം ഹോളിസ്റ്റിക് റിപ്പോര്‍ട്ട് കാര്‍ഡിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഹോളിസ്റ്റിക് റിപ്പോര്‍ട്ട് കാര്‍ഡ് അതുല്യമായ കഴിവ്, അഭിരുചി, മനോഭാവം, കഴിവുകള്‍, കഴിവുകള്‍, കാര്യക്ഷമത, കഴിവ്, വിദ്യാര്‍ത്ഥികളുടെ സാധ്യതകള്‍ എന്നിവയുടെ വിശാലമായ ഷീറ്റായിരിക്കും. മൂല്യനിര്‍ണ്ണയ സംവിധാനത്തിന്റെ മൊത്തത്തിലുള്ള മെച്ചപ്പെടുത്തലിനായി ഒരു പുതിയ ദേശീയ വിലയിരുത്തല്‍ കേന്ദ്രം ''പരാഖ്'' സ്ഥാപിക്കും.
സുഹൃത്തുക്കളേ,
ദേശീയ വിദ്യാഭ്യാസ നയം നിലവില്‍ വന്നതിനുശേഷം, കുട്ടികള്‍ക്കുള്ള പ്രബോധന, അധ്യാപന ഭാഷയെക്കുറിച്ച് വളരെ ശക്തമായ ചര്‍ച്ച നടന്നിട്ടുണ്ടോ? എന്ത് മാറ്റങ്ങള്‍ വരുത്തുന്നു? ഭാഷ വിദ്യാഭ്യാസത്തിന്റെ മാധ്യമമാണെന്നും ഭാഷ സമ്പൂര്‍ണ്ണ വിദ്യാഭ്യാസമല്ലെന്നും ഇവിടെ ശാസ്ത്രീയമായി മനസ്സിലാക്കേണ്ടതുണ്ട്. പുസ്‌കതാധിഷ്ഠിത പരിജ്ഞാനത്തില്‍ മാത്രം കുടുങ്ങിയ ചില ആളുകള്‍ ഈ വ്യത്യാസം മറക്കുന്നു. അതിനാല്‍, ഏത് ഭാഷയിലും ഒരു കുട്ടിക്ക് എളുപ്പത്തില്‍ പഠിക്കാന്‍ കഴിയും, അത് പ്രബോധന ഭാഷയും ആയിരിക്കണം. നാം ഒരു കുട്ടിയെ പഠിപ്പിക്കുമ്പോള്‍, നമ്മള്‍ എന്താണ് പറയുന്നതെന്ന് അവന് മനസ്സിലാക്കാന്‍ കഴിയുന്നു എന്ന വസ്തുത ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അവന് എത്ര എളുപ്പത്തിലും സുഖമായും ഗ്രഹിക്കാന്‍ കഴിയും? കുട്ടിയുടെ എല്ലാ ഊര്‍ജ്ജവും വിഷയത്തെക്കാള്‍ ഭാഷ മനസ്സിലാക്കാന്‍ മാത്രമാണോ ചെലവഴിക്കുന്നത്? ഇതെല്ലാം മനസിലാക്കി, മിക്ക രാജ്യങ്ങളിലെയും മാതൃഭാഷയിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നു.
എസ്റ്റോണിയ, അയര്‍ലന്‍ഡ്, ഫിന്‍ലാന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ, പോളണ്ട് പോലുള്ള 2018 ലെ പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അസസ്‌മെന്റ്- പിസയില്‍ മികച്ച റാങ്കുള്ള എല്ലാ രാജ്യങ്ങളും അതത് മാതൃഭാഷകളില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നുവെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാം. കുട്ടികള്‍ വീട്ടില്‍ കേള്‍ക്കുന്ന ഭാഷയില്‍ പഠനം വേഗത്തിലാകുന്നത് സ്വാഭാവികമാണ്. അല്ലാത്തപക്ഷം കുട്ടികള്‍ മറ്റൊരു ഭാഷയില്‍ എന്തെങ്കിലും കേള്‍ക്കുമ്പോള്‍, ആദ്യം അത് സ്വന്തം ഭാഷയില്‍ വിവര്‍ത്തനം ചെയ്യുകയും പിന്നീട് അത് മനസ്സിലാക്കുകയും ചെയ്യുന്നു. ഇത് കുട്ടിയുടെ മനസ്സില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു, ഇത് വളരെ സമ്മര്‍ദ്ദമാണ്. ഇതിന് ഒരു വശം കൂടി ഉണ്ട്. നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍, സ്‌കൂളിലെ പ്രബോധന മാധ്യമം മാതൃഭാഷയില്‍ നിന്ന് വ്യത്യസ്തമാകുമ്പോള്‍, മിക്ക മാതാപിതാക്കള്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെടാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍, കുട്ടികള്‍ക്കായി പഠിക്കുന്നത് എളുപ്പമുള്ള പ്രക്രിയയല്ല. പകരം വിദ്യാഭ്യാസം സ്‌കൂളിന്റെ കടമയായി മാറുന്നു.
അതിനാല്‍, ദേശീയ വിദ്യാഭ്യാസ നയപ്രകാരം, കഴിയുന്നിടത്തോളം, പ്രാദേശിക ഭാഷയായ മാതൃഭാഷ, കുറഞ്ഞത് അഞ്ചാം ക്ലാസ് വരെ വിദ്യാഭ്യാസത്തിനുള്ള പ്രബോധന മാധ്യമമാക്കുന്നു. ചില ആളുകള്‍ ഇതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാണെന്ന് ഞാന്‍ കാണുന്നു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാതൃഭാഷയല്ലാതെ ഭാഷകള്‍ പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ യാതൊരു നിയന്ത്രണവുമില്ല. ഇംഗ്ലീഷിനൊപ്പം അന്താരാഷ്ട്ര വേദിയില്‍ സഹായകരമായ എല്ലാ വിദേശ ഭാഷകളും കുട്ടികള്‍ക്ക് വായിക്കാനും പഠിക്കാനും കഴിയുമെങ്കില്‍ അത് നല്ലതാണ്. അതേസമയം, എല്ലാ ഇന്ത്യന്‍ ഭാഷകളും പ്രോത്സാഹിപ്പിക്കണം. അതിലൂടെ നമ്മുടെ യുവാക്കള്‍ക്ക് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളുടെ ഭാഷയും അവരുടെ സംസ്‌കാരവും പരിചയപ്പെടാം. ഓരോ പ്രദേശവും പരസ്പരം ശക്തമായ ബന്ധം പുലര്‍ത്തും.
സുഹൃത്തുക്കളേ,
നിങ്ങള്‍ എല്ലാവരും രാജ്യത്തെ അധ്യാപകരാണ്, ദേശീയ വിദ്യാഭ്യാസത്തിന്റെ ഈ യാത്രയുടെ തുടക്കക്കാര്‍. ഇത് ഒരു പുതിയ രീതിയില്‍ പഠിക്കുകയാണെങ്കിലും അല്ലെങ്കില്‍ 'പരാഖിലൂടെ' ഒരു പുതിയ പരീക്ഷയാണെങ്കിലും അധ്യാപകര്‍ ഈ പുതിയ യാത്രയിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കേണ്ടതുണ്ട്. കാരണം, വിമാനം എത്രത്തോളം പുരോഗമിച്ചാലും അത് ഒരു പൈലറ്റ് പറപ്പിക്കണം. അതിനാല്‍, എല്ലാ അദ്ധ്യാപകരും ധാരാളം പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്, അതുപോലെ തന്നെ പഴയ പല കാര്യങ്ങളും മനസിലാക്കുക. 2022 ല്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ഇന്ത്യയിലെ ഓരോ വിദ്യാര്‍ത്ഥിയും ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പഠിക്കണം എന്നതാണ് നമ്മുടെ കൂട്ടായ ഉത്തരവാദിത്തം. ഈ ദേശീയ ദൗത്യത്തില്‍ സഹകരിക്കാന്‍ എല്ലാ അധ്യാപകരോടും രക്ഷാധികാരികളോടും സന്നദ്ധ സംഘടനകളോടും മാതാപിതാക്കളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാ അധ്യാപകരുടെയും പിന്തുണയോടെ ദേശീയ വിദ്യാഭ്യാസ നയം വിജയകരമായി നടപ്പാക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഉപസംഹരിക്കുന്നതിന് മുമ്പ്, അധ്യാപകരിലൂടെ ഞാന്‍ അഭ്യര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നു. കൊറോണയുടെ കാലഘട്ടത്തില്‍, നിങ്ങള്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് മറ്റുള്ളവരോട് ആവര്‍ത്തിച്ച് പറയുക: അത് സാമൂഹിക അകലം പാലിക്കുക, മാസ്‌കുകള്‍ അല്ലെങ്കില്‍ മുഖാവരണം എന്നിവ ഉപയോഗിക്കുക, പ്രായമായവരെയും കുടുംബത്തെയും പരിപാലിക്കുക, ശുചിത്വം പാലിക്കുക എന്നിവയാണ്. പകര്‍ച്ചവ്യാധിക്കെതിരായ ഈ പോരാട്ടത്തിന് നാമെല്ലാവരും നേതൃത്വം നല്‍കണം. അധ്യാപകര്‍ക്ക് ഇത് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. എല്ലാ വീട്ടിലേക്കും അവര്‍ക്ക് ഈ സന്ദേശങ്ങള്‍ എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയും. ഒരു അധ്യാപകന്‍ സംസാരിക്കുമ്പോള്‍, വിദ്യാര്‍ത്ഥി കൂടുതല്‍ ആത്മവിശ്വാസത്തോടെ ശ്രദ്ധിക്കുന്നു. പ്രധാനമന്ത്രി ഇത് പറഞ്ഞതായി നിങ്ങള്‍ പോയി ഒരു വിദ്യാര്‍ത്ഥിയോട് പറഞ്ഞാല്‍, അവന്‍ തീര്‍ച്ചയായും പ്രസ്താവനയെ ചോദ്യം ചെയ്യും, പക്ഷേ അധ്യാപകര്‍ ഇത് പറഞ്ഞുവെന്ന് നിങ്ങള്‍ പറഞ്ഞാല്‍, വിദ്യാര്‍ത്ഥി ഒരിക്കലും അതിനെ ചോദ്യം ചെയ്യില്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. അവന്‍ പോയി അധ്യാപകരുടെ വചനം പ്രചരിപ്പിക്കും. ഈ വിശ്വാസം കുട്ടിയുടെ മനസ്സില്‍ കൊത്തിവച്ചിരിക്കുന്നു. ഇതാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തിയും ഊര്‍ജ്ജവും. ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധി തലമുറകള്‍ വളരെ കഠിനാധ്വാനം ചെയ്യുകയും പാരമ്പര്യമായി കൈമാറുകയും ചെയ്തു. നിങ്ങള്‍ക്ക് എന്തെങ്കിലും പാരമ്പര്യമായി ലഭിക്കുമ്പോള്‍, നിങ്ങളുടെ ഉത്തരവാദിത്തവും വളരെയധികം വര്‍ദ്ധിക്കുന്നു.
ഇന്ത്യയുടെ ശോഭനമായ ഭാവിക്കായി എന്റെ രാജ്യത്തെ അധ്യാപകര്‍ ഇത് ഒരു ദൗത്യമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അത് ഉത്സാഹത്തോടെ ചെയ്യുമെന്നും എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ വിദ്യാഭ്യാസം സ്വീകരിക്കാനും നിങ്ങളുടെ ആശയങ്ങള്‍ പിന്തുടരാനും നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ പ്രതിഫലിപ്പിക്കാനും രാജ്യത്തെ ഓരോ കുട്ടിയും തയ്യാറാണ്. രാവും പകലും കഠിനാധ്വാനം ചെയ്യാന്‍ അവര്‍ തയ്യാറാണ്. അധ്യാപകര്‍ പറഞ്ഞുകഴിഞ്ഞാല്‍, എല്ലാം സ്വീകരിക്കാന്‍ അവര്‍ തയ്യാറാണ്. മാതാപിതാക്കള്‍, അധ്യാപകര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നു. സെപ്റ്റംബര്‍ 5 മുതല്‍ എല്ലാ മേഖലകളിലുമുള്ള ആളുകള്‍ ഈ വിജ്ഞാന ഉത്സവം മുന്നോട്ട് കൊണ്ടുപോകാന്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ശ്രമം നല്ല ഫലങ്ങള്‍ നല്‍കും. കാലത്തിനു മുന്നേ നല്ല ഫലങ്ങള്‍ കൊണ്ടുവരും. കൂട്ടായ ഉത്തരവാദിത്തിന്റെ മനോഭാവം മൂലം ഇത് കൈവരിക്കാനാകും.
ഈ വിശ്വാസത്തോടെ, ഒരിക്കല്‍ കൂടി, വളരെ നന്ദി. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. ഞാന്‍ എപ്പോഴും അധ്യാപകരെ നമിക്കുന്നു. ഇന്ന്, വെര്‍ച്വല്‍ മാധ്യമത്തിലൂടെ നിങ്ങളെല്ലാവരെയും നമിച്ചുകൊണ്ടു ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.
വളരെയധികം നന്ദി !
(Release ID: 1653542)
Visitor Counter : 1818
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada