പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ വിദ്യാഭ്യാസ നയം 2020 നു കീഴില്‍ '21-ാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസം' കോണ്‍ക്ലേവിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 11 SEP 2020 1:50PM by PIB Thiruvananthpuram


ദേശീയ വിദ്യാഭ്യാസ നയം 2020 നു കീഴില്‍ '21ാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസം' കോണ്‍ക്ലേവിനെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അഭിസംബോധന ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്കു പുതിയ ദിശാബോധം നല്‍കാന്‍ പോവുകയാണെന്നും രാജ്യത്തിന്റെ ഭാവി നിര്‍മാണ പ്രക്രിയയുടെ അടിത്തറ പാകുന്ന പ്രവര്‍ത്തനത്തിന് നാം പങ്കാളികളാകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി നമ്മുടെ ജീവിതത്തിന്റെ ഒരു വശവും മാറ്റമില്ലാതെ നിലനില്‍ക്കുന്നില്ല. എന്നാല്‍, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇപ്പോഴും പഴയതു തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നവ ഇന്ത്യയ്ക്കുള്ള പുതിയ അവസരങ്ങളും അഭിലാഷങ്ങളും പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗ്ഗമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. കഴിഞ്ഞ 3 - 4 വര്‍ഷമായി, രാജ്യത്തെ എല്ലാ പ്രദേശത്തു നിന്നും മേഖലയില്‍ നിന്നും എല്ലാ ഭാഷയിലുള്ളവരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് എന്‍.ഇ.പി. 2020. യഥാര്‍ത്ഥ പ്രവര്‍ത്തനം, നയം നടപ്പാക്കുന്നതിലാണ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് അധ്യാപകരോട് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. നയം പ്രഖ്യാപിച്ചതിനുശേഷം, നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അവയെല്ലാം ഈ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യേണ്ടത് മുന്നോട്ടുള്ള യാത്രയ്ക്ക് അനിവാര്യമാണ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ചര്‍ച്ചയില്‍ ഉത്സാഹത്തോടെ പങ്കെടുക്കുന്ന പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും കാണുന്നതില്‍ താന്‍ സന്തോഷവാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിന്നുമുള്ള അധ്യാപകരില്‍ നിന്ന് 1.5 ദശലക്ഷത്തോളം നിര്‍ദേശങ്ങള്‍ ലഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.

ഊര്‍ജ്ജസ്വലരായ യുവാക്കളാണ് രാജ്യ വികസനത്തിന്റെ നിര്‍ണായക ശക്തികളെന്നും എന്നാല്‍, അവരുടെ വികാസം ശൈശവ ഘട്ടത്തിലേ തുടങ്ങണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ കുട്ടിക്കും ലഭിക്കുന്ന വിദ്യാഭ്യാസവും ശരിയായ ചുറ്റുപാടുമാണ്, ഭാവിയില്‍ അവരുടെ വ്യക്തിത്വത്തെയും അവര്‍ എന്തായിത്തീരുമെന്നതിനെയും നിര്‍ണയിക്കുന്നത്. എന്‍ഇപി 2020, ഈ ദിശയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുള്ളതായും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രീ സ്‌കൂള്‍ മുതലാണ് കുട്ടികള്‍ അവരുടെ കഴിവുകളും നൈപുണ്യങ്ങളും തിരിച്ചറിയുന്നത്. ഇതിനായി തമാശയും കളികളും നിറഞ്ഞ, പ്രവര്‍ത്തനാധിഷ്ഠിതമായ, കണ്ടെത്തലുകളിലൂടെയുള്ള പഠന അന്തരീക്ഷം അധ്യാപകരും സ്‌കൂളുകളും കുട്ടികള്‍ക്ക് നല്‍കണം. കുട്ടി വളരുന്നതോടൊപ്പം പഠനാഭിമുഖ്യം, ശാസ്ത്രീയവും യുക്തിപരവുമായ ചിന്ത, ഗണിത ശാസ്ത്രചിന്ത, ശാസ്ത്രാവബോധം എന്നിവയും വികസിക്കേണ്ടത് വളരെ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയത്തില്‍, പഴയ 10 +2 ഘടന മാറ്റി പകരം 5 + 3 + 3 + 4 പഠന സമ്പ്രദായം ഉള്‍ച്ചേര്‍ത്തിരിക്കുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തു പറഞ്ഞു. നയം നടപ്പാക്കുന്നതോടെ, ഇപ്പോള്‍ നഗരത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ മാത്രം ലഭ്യമായ കളികള്‍ നിറഞ്ഞ പ്രീ സ്‌കൂള്‍ പഠനാന്തരീക്ഷം ഗ്രാമങ്ങളിലും ലഭ്യമാകും. അടിസ്ഥാന വിദ്യാഭ്യാസ സമ്പ്രദായമാണ്, ഈ നയത്തിന്റെ പ്രധാന വീക്ഷണ കേന്ദ്രം. നയത്തിനു കീഴില്‍ അടിസ്ഥാന സാക്ഷരതയും, അക്കങ്ങളിലുള്ള പരിജ്ഞാനത്തിന്റെ വികസനവും ദേശീയ ദൗത്യമായി ഏറ്റെടുക്കും. കുട്ടിയെ വായനയിലൂടെ അറിവ് നേടാന്‍ പര്യാപ്തനാക്കുന്നതിന്, ആദ്യം, അവനെ വായിക്കാന്‍ പഠിപ്പിക്കണം. വായിക്കാന്‍ പഠിക്കുന്നതില്‍ നിന്നും അറിവ് നേടാനായി വായിക്കുന്നതിലേക്കുള്ള വികസന പാത അടിസ്ഥാന സാക്ഷരതയിലൂടെയും ഗണിതാവബോധത്തിലൂടെയും പൂര്‍ത്തിയാകുമെന്നും ശ്രീ. മോദി അഭിപ്രായപ്പെട്ടു.
മൂന്നാംതരം കഴിയുന്ന ഒരോ കുട്ടിക്കും, മിനിട്ടില്‍ 30 മുതല്‍ 35 വരെ വാക്കുകള്‍ വായിക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓരോ വിഷയത്തിന്റെയും ഉള്ളടക്കം മനസിലാക്കാന്‍ ഇത് അവരെ സഹായിക്കും. പഠനം, യഥാര്‍ത്ഥ ലോകത്തോടും ജീവിതത്തോടും നമ്മുടെ ചുറ്റുപാടുമുള്ള പരിസ്ഥിതിയോടും ബന്ധപ്പെടുത്തിയാല്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസം പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുന്നതിലൂടെ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലും സമൂഹത്തിലും സ്വാധീനം ചെലുത്താനാകും. താന്‍, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച നടപടികളെ അദ്ദേഹം പരാമര്‍ശിച്ചു. എല്ലാ സ്‌കൂളിലെയും വിദ്യാര്‍ത്ഥികളോട് അവരുടെ ഗ്രാമത്തിലെ ഏറ്റവും പ്രായമുള്ള വൃക്ഷത്തെ കണ്ടെത്തി ആ വൃക്ഷത്തെപ്പറ്റിയും ഗ്രാമത്തെപ്പറ്റിയും ഉപന്യാസം എഴുതാന്‍ ആവശ്യപ്പെട്ടു. ഒരു വശത്ത് ഓരോ കുട്ടിക്കും അവരുടെ ചുറ്റുപാടിനെപ്പറ്റി കൂടുതല്‍ അറിയാനും മറുവശത്ത് അവരുടെ ഗ്രാമത്തെപ്പറ്റി ഒരുപാട് മനസ്സിലാക്കാനും സാധിച്ചതുവഴി, ഈ പരീക്ഷണം വന്‍വിജയമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ലളിതവും നൂതനവുമായ രീതികള്‍ അവലംബിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പരീക്ഷണങ്ങള്‍, ഇടപെടുക, കണ്ടെത്തുക, അനുഭവിക്കുക, പ്രകടിപ്പിക്കുക, മികവ് പുലര്‍ത്തുക എന്നിങ്ങനെയുള്ളവ നവയുഗ പഠന സമ്പ്രദായത്തിന്റെ കാതലായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍, അവരുടെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍, പ്രോജക്ടുകള്‍ എന്നിവയില്‍ ഇടപെടണം. അപ്പോള്‍, അവര്‍ സൃഷ്ടിപരമായി പ്രകടിപ്പിക്കാന്‍ പഠിക്കും. ചരിത്രപരമായ സ്ഥലങ്ങള്‍, താല്‍പര്യമുള്ള ഇടങ്ങള്‍, പാടങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് കുട്ടികളെ പഠനയാത്ര കൊണ്ടുപോകുന്നത്, അവര്‍ക്ക് പ്രായോഗിക ജ്ഞാനം ലഭ്യമാക്കും. ഇത്, ഇപ്പോള്‍ എല്ലാ സ്‌കൂളുകളിലും നടപ്പാക്കുന്നില്ലെന്നും ശ്രീ. മോദി പറഞ്ഞു. അതിനാല്‍ പല കുട്ടികള്‍ക്കും പ്രായോഗിക ജ്ഞാനം ലഭിക്കുന്നില്ല. കുട്ടികളുടെ ജിജ്ഞാസയും അറിവും വര്‍ദ്ധിപ്പിക്കുന്നതിന് പ്രായോഗിക ജ്ഞാനം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നൈപുണ്യമുള്ള പ്രൊഫഷണലുകളെ കാണുന്നതുവഴി, നൈപുണ്യം മനസിലാക്കാനും ആദരിക്കാനുമുള്ള വൈകാരിക ബന്ധം കുട്ടികളില്‍ ഉടലെടുക്കും. ഇതുവഴി പല കുട്ടികളും ഇത്തരം വ്യവസായങ്ങളില്‍ ചേരാനുള്ള സാധ്യത വര്‍ധിക്കും. അഥവാ, അവര്‍ മറ്റൊരു തൊഴില്‍ തെരഞ്ഞെടുത്താലും, ഇത്തരം തൊഴില്‍ മേഖലകളിലെ നവീകരണത്തിനായി എന്ത് ചെയ്യാനാവുമെന്ന് അവരുടെ മനസിലുണ്ടാകും. ദേശീയ വിദ്യാഭ്യാസ നയം, പാഠ്യപദ്ധതി കുറച്ച് കൊണ്ട് അടിസ്ഥാനാശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് രൂപീകരിച്ചിരിക്കുന്നത്. പഠനം, ബഹുവിഷയാധിഷ്ഠിതവും സംയോജിതവും പ്രായോഗികാനുഭവത്തിലൂടെയുള്ളതുമാക്കാന്‍ വേണ്ടി ഒരു ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കും. ഇത്തരത്തില്‍ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിനാവശ്യമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും. ഭാവിയിലെ ലോകം, ഇന്നത്തേക്കാള്‍ വളരെ വ്യത്യസ്തമായിരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

നമ്മുടെ വിദ്യാര്‍ത്ഥികളെ 21-ാം നൂറ്റാണ്ടിന്റെ നൈപുണ്യങ്ങളാര്‍ജ്ജിച്ച്്  മുന്നോട്ടു നയിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. വിമര്‍ശനാത്മക ചിന്ത, സര്‍ഗാത്മകത, സഹകരണം, ജിജ്ഞാസ, ആശയ വിനിമയം തുടങ്ങിയവ 21-ാം നൂറ്റാണ്ടിന്റെ നൈപുണ്യങ്ങളാണ്.്. തുടക്കം മുതല്‍ തന്നെ കുട്ടികള്‍, കോഡിങ്ങിനെപ്പറ്റി പഠിക്കുകയും നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റാ സയന്‍സ്, റോബോട്ടിക്സ്, എന്നിവയിലെല്ലാം ഗ്രാഹ്യംനേടുകയും വേണം. നമ്മുടെ പഴയ വിദ്യാഭ്യാസ നയം, നിയന്ത്രണങ്ങള്‍ നിറഞ്ഞതായിരുന്നു. പക്ഷേ, യഥാര്‍ത്ഥ ലോകത്ത് എല്ലാ വിഷയങ്ങളും പരസ്പരം ബന്ധിതമാണ്. നിലവിലെ സമ്പ്രദായം, പുതിയ സാധ്യതകളുമായി ബന്ധപ്പെടുന്നതിനുള്ള അവസരം നല്‍കുന്നില്ല. പല കുട്ടികളുടെയും കൊഴിഞ്ഞുപോക്കിന് ഇതൊരു കാരണമാണ്. അതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്ക്, ഏത് വിഷയം വേണമെങ്കിലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ ദേശീയ വിദ്യാഭ്യാസ നയം നല്‍കുന്നു.
മാര്‍ക്ക് ഷീറ്റ് അധിഷ്ഠിത പഠന രീതിയില്‍ നിന്നും അറിവ് അടിസ്ഥാനത്തിലുള്ള പഠനരീതിയിലേയ്ക്കുള്ള വലിയ മാറ്റത്തിന്, വിദ്യാഭ്യാസനയം, ഊന്നല്‍ നല്‍കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മാര്‍ക്ക്ഷീറ്റ്, ഇപ്പോള്‍ ഒരു മാനസിക സമ്മര്‍ദ്ദ ഷീറ്റ് പോലെ ആയിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തില്‍ ഈ സമ്മര്‍ദ്ദം ഇല്ലാതാക്കുക എന്നതാണ് പുതിയ നയത്തിന്റെ ഒരു പ്രധാന ലക്ഷ്യം. വിദ്യാര്‍ത്ഥികളില്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കാത്തവയായിരിക്കും പരീക്ഷകള്‍. വിദ്യാര്‍ത്ഥികളെ ഒരു പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്താതെ, സ്വയം നിര്‍ണയം, സഹപാഠികളുമായുള്ള മൂല്യനിര്‍ണയം എന്നിവയും ഉള്‍പ്പെടുത്തും. വെറുമൊരു മാര്‍ക്ക് ഷീറ്റിന് പകരം, കുട്ടികളുടെ തനത് കഴിവ്, അഭിരുചി, മനോഭാവം, സാമര്‍ഥ്യം, നൈപുണ്യങ്ങള്‍, കാര്യപ്രാപ്തി, മത്സരക്ഷമത, സാധ്യതകള്‍ എന്നിവയുള്‍പ്പെടുന്ന ഒരു സമഗ്ര റിപ്പോര്‍ട്ട് കാര്‍ഡാണ്, എന്‍ ഇ പി 2020 ശുപാര്‍ശ ചെയ്യുന്നത്. മൂല്യനിര്‍ണയ സമ്പ്രദായത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് ദേശീയ മൂല്യനിര്‍ണയ കേന്ദ്രം 'പരാഖ്' രൂപീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭാഷ, വിദ്യാഭ്യാസത്തിനുള്ള മാധ്യമമാണെന്നും വിദ്യാഭ്യാസമെന്നാല്‍ ഭാഷയെന്നല്ല അര്‍ഥമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില ആളുകള്‍ ഈ വ്യത്യാസം മറക്കുന്നു. അതിനാല്‍ ഒരു കുട്ടിക്ക് പഠിക്കാന്‍ എളുപ്പമായ ഭാഷ ഏതാണോ, അതായിരിക്കണം അവന്റെ പാഠ്യഭാഷ. ഈ ആശയം മുറുകെപ്പിടിച്ച് കൊണ്ട്, മിക്ക വിദേശരാജ്യങ്ങളിലെയും പോലെ പ്രൈമറി വിദ്യാഭ്യാസം മാതൃഭാഷയിലാക്കാന്‍ നയം ലക്ഷ്യമിടുന്നു. കുട്ടി മറ്റൊരു ഭാഷയില്‍ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, അത് ആദ്യം സ്വന്തം ഭാഷയിലേയ്ക്ക് തര്‍ജമ ചെയ്യും. പിന്നീട് മനസിലാക്കാന്‍ ശ്രമിക്കും. ഇത് കുട്ടികളുടെ മനസില്‍ ആശയക്കുഴപ്പവും സമ്മര്‍ദ്ദവും സൃഷ്ടിക്കും. അതിനാല്‍, കഴിയുന്നതും മാതൃഭാഷയായ പ്രാദേശിക ഭാഷയിലായിരിക്കണം അഞ്ചാംതരം വരെയെങ്കിലും അധ്യയനം നടത്തേണ്ടതെന്ന് ദേശീയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്യുന്നു.
ഈ വിഷയത്തില്‍ ഉയര്‍ന്ന ചില സംശയങ്ങള്‍ എടുത്തു പറഞ്ഞ പ്രധാനമന്ത്രി, മാതൃഭാഷയ്ക്കു പുറമേ മറ്റ് ഭാഷകള്‍ പഠിക്കുന്നതില്‍ യാതൊരു നിയന്ത്രണവുമില്ല എന്നും വ്യക്തമാക്കി. ഇംഗ്ലീഷും മറ്റു വിദേശഭാഷകളും കുട്ടികള്‍ക്ക് പഠിക്കാം. അതേസമയം തന്നെ, ഇന്ത്യന്‍ ഭാാഷകള്‍ പഠിക്കുന്നതിനുള്ള സാഹചര്യം പ്രോത്സാഹിപ്പിക്കുന്നത്, യുവാക്കളെ ഇന്ത്യന്‍ സംസ്‌ക്കാരത്തോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധ്യാപകരാണ് ദേശീയ വിദ്യാഭ്യാസനയത്തിന്റെ യാത്രയിലെ അഗ്രഗാമികള്‍. അതിനാല്‍, എല്ലാ അധ്യാപകരും ഒട്ടനവധി പുതിയ കാര്യങ്ങള്‍ പഠിക്കുകയും പഴയത് പലതും മറക്കുകയും വേണം. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ഓടെ രാജ്യത്തെ ഓരോ കുട്ടിയ്ക്കും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് വായിക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ദേശീയ ദൗത്യത്തിന് അധ്യാപകര്‍, ഭരണകര്‍ത്താക്കള്‍, സന്നദ്ധസംഘടനകള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവരുടെയെല്ലാം സഹകരണത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

***

 



(Release ID: 1653387) Visitor Counter : 2079