ഉപരാഷ്ട്രപതിയുടെ കാര്യാലയം
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു കോവിഡ് -19 പരിശോധനയ്ക്ക് വിധേയനായി
Posted On:
11 SEP 2020 2:09PM by PIB Thiruvananthpuram
ഈ മാസം 14 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ രാജ്യസഭയുടെ അദ്ധ്യക്ഷത വഹിക്കുന്നതിനുള്ള സ്വയം തയ്യാറെടുപ്പുകളുടെ ഭാഗമായി രാജ്യസഭാ അദ്ധ്യക്ഷൻ ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് കോവിഡ് -19 പരിശോധനയ്ക്ക് വിധേയനായി.
വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും കോവിഡ് -19 പരിശോധനയ്ക്ക് (ആർ.ടി.-പി.സി.ആർ.) വിധേയരാകേണ്ടത് നിർബന്ധമാണെന്ന് രാജ്യസഭാംഗങ്ങൾക്കു നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സമ്മേളനാരംഭത്തിന് മുമ്പുള്ള 72 മണിക്കൂറിനുള്ളിൽ സർക്കാർ അംഗീകരിച്ച ഏതെങ്കിലും ആശുപത്രികളിലോ ലാബുകളിലോ പാർലമെന്റ്ലോ മന്ദിരത്തിലോ പരിശോധന നടത്താൻ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അംഗങ്ങളുടെ സൗകര്യാർത്ഥം ഇന്ന് മുതൽ കോവിഡ് പരിശോധനയ്ക്കുള്ള മൂന്ന് കേന്ദ്രങ്ങൾ പാർലമെന്റ് മന്ദിരത്തിന്റെ അനെക്സിൽ പ്രവർത്തനമാരംഭിച്ചു. സമ്മേളനത്തിനായി പാർലമെന്റ് മന്ദിരത്തിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകാവുന്ന അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനായി അംഗങ്ങളുടെ കോവിഡ് പരിശോധനാഫലം നിശ്ചയിക്കപ്പെട്ട ഇ-മെയിൽ വഴി മുൻകൂട്ടി രാജ്യസഭ സെക്രട്ടേറിയറ്റിലേക്ക് അയച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും അഭ്യർത്ഥിച്ചിട്ടുണ്ട്.
അതുപോലെ തന്നെ, ചുമതലകൾ നിർവഹിക്കുന്നതിന്റെ ഭാഗമായി സഭാംഗങ്ങളുമായി വളരെ അടുത്ത് ഇടപഴകേണ്ടി വരുന്ന, പാർലമെന്റ് സെക്രട്ടേറിയറ്റിലെയും പാർലമെന്റ് മന്ദിര വളപ്പിൽ വിന്യസിച്ചിരിക്കുന്ന മറ്റ് ഏജൻസികളിലെയും ജീവനക്കാർക്ക് ആർ.ടി.-പി.സി.ആർ. പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. പാർലമെൻറ് മന്ദിരത്തിലെ സ്വീകരണ വിഭാഗം ഓഫീസിൽ എം.പി.മാരുടെ പേഴ്‌സണൽ സ്റ്റാഫിനും ഡ്രൈവർമാർക്കും ദ്രുത ആന്റിജൻ പരിശോധന നടത്താൻ ഇന്ന് മുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കൽ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യസഭാ ചേംബറും ഗാലറികളും ലോക്സഭാ ചേംബറും സഭാംഗങ്ങളുടെ ഇരിപ്പിടത്തിനായി ഉപയോഗിക്കും.
ചേംബറിൽ സ്ഥാപിച്ച നാല് വലിയ പ്രദർശന സ്ക്രീനുകളിൽ അംഗങ്ങൾ സംസാരിക്കുന്നത് തത്സമയം കാണിക്കും. കൂടാതെ രാജ്യസഭ ടി.വി.യിൽ നടപടികളുടെ തത്സമയ സംപ്രേഷണവുമുണ്ടാകും. ഇതിനു പുറമെ നാല് ഗാലറികളിലും, ആറ് ചെറിയ പ്രദർശന സ്ക്രീനുകളും ഓഡിയോ കൺസോളുകളും സ്ഥാപിച്ചിട്ടുണ്ട്.
അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എല്ലാ
സഭാംഗങ്ങളും ഇ-നോട്ടീസ് സൗകര്യം പൂർണ്ണമായും പ്രയോജനപ്പെടുത്തണമെന്നും ഇലക്ട്രോണിക് സംവിധാനം വഴി നോട്ടീസ് നൽകണമെന്നും ശ്രീ വെങ്കയ്യ നായിഡു താല്പര്യം പ്രകടിപ്പിച്ചു. പാർലമെന്റ് രേഖകളും പ്രമേയങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രം അംഗങ്ങൾക്ക് ലഭ്യമാക്കാനും തീരുമാനിച്ചു.
മൂന്ന് ലയറുള്ള 40 മാസ്കുകൾ, അഞ്ച് എൻ -95 മാസ്കുകൾ, 20 കുപ്പി സാനിറ്റൈസർ, 5 ഫെയ്സ് ഷീൽഡുകൾ, 40 ഗ്ലൗസുകൾ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സീ ബക്ക് തോൺ ടീ ബാഗുകൾ, ഹെർബൽ സാനിറ്റേഷൻ വൈപ്പുകൾ എന്നിവ അടങ്ങിയ മൾട്ടി യൂട്ടിലിറ്റി കോവിഡ് കിറ്റുകളും ഡി.ആർ.ഡി.ഒ. എല്ലാ എം.പി.മാർക്കും നൽകും.
***
(Release ID: 1653377)
Visitor Counter : 254