റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

പ്രതിവർഷം റോഡ് അപകടങ്ങൾ മൂലമുണ്ടാകുന്ന ഒന്നര ലക്ഷം മരണങ്ങൾ 2025 ഓടെ പകുതിയായി കുറയ്ക്കുമെന്ന് ശ്രീ ഗഡ്കരി

Posted On: 08 SEP 2020 3:56PM by PIB Thiruvananthpuram

 

നേരത്തെ ലക്ഷ്യമിട്ട 2030 ന് പകരം 2025 ഓടെ തന്നെ റോഡ് അപകടങ്ങൾ മൂലം പ്രതിവർഷമുണ്ടാകുന്ന ഒന്നര ലക്ഷം മരണങ്ങൾ പകുതിയായി കുറയ്ക്കാൻ സാധിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.ലക്ഷ്യം കൈവരിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളുടെയും സംസ്ഥാന സർക്കാരുകളുടെയും  സഹകരണത്തോടെ ഫാസ്റ്റ് ട്രാക്ക് മോഡിൽ നടപടികൾ പുരോഗമിക്കുന്നതായി ഇന്ന് നടന്ന റോഡ് സുരക്ഷയെക്കുറിച്ചുള്ള വെബിനാറിൽ അദ്ദേഹം പറഞ്ഞു.

 സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഗതാഗത സംവിധാനം നടപ്പിലാക്കി രാജ്യത്ത്  റോഡപകടങ്ങൾ കുറയ്ക്കുന്നതിന് മന്ത്രാലയം  മുൻകൈയെടുത്തിട്ടുണ്ടെന്ന് ശ്രീ ഗഡ്കരി അറിയിച്ചു.ദേശീയ പാതകളിലെ അപകട 
സാധ്യതാ മേഖലകൾ കണ്ടെത്തി നവീകരിക്കുന്നതിനായി  ലോക ബാങ്കും ഏഷ്യൻ വികസന ബാങ്കും 7000 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതകളിലെ അപകട  സാധ്യതാ മേഖലകൾ  ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.അപകട  സാധ്യതാ മേഖലകൾ കണ്ടെത്തി നവീകരിക്കുന്നതിനായി 20,000 കോടി രൂപ സർക്കാർ ചെലവഴിച്ചു കഴിഞ്ഞു.റോഡപകടങ്ങൾ മൂലം പ്രതിവർഷം സംഭവിക്കുന്ന ഒന്നര ലക്ഷം മരണങ്ങളിൽ 53,000 ഉം ദേശീയപാതകളിലാണെന്ന് ശ്രീഗഡ്കരി അറിയിച്ചു. ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കിയ ഒരു പദ്ധതിയിലൂടെ റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ 25% കുറക്കാൻ  തമിഴ്‌നാടിന് സാധിച്ച കാര്യം ശ്രീ ഗഡ്കരി പ്രത്യേകം ചൂണ്ടിക്കാട്ടി.

റോഡപകടങ്ങൾ കുറയ്ക്കുന്നതിന്  ബന്ധപ്പെട്ട എല്ലാ കക്ഷികളും വഹിക്കുന്ന  സുപ്രധാന പങ്കിനെപ്പറ്റി പരാമർശിച്ച  അദ്ദേഹം,സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സംസ്ഥാന സർക്കാരുകൾ തുടങ്ങിയവയുടെ സഹകരണം തുടർന്നും ആവശ്യമാണെന്ന് വ്യക്തമാക്കി.അപകടങ്ങൾ കുറയ്ക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികളും വഹിക്കേണ്ട ഉത്തരവാദിത്വങ്ങളെ സംബന്ധിച്ച്  വ്യക്തമായ ധാരണയുണ്ടെന്നും മന്ത്രി അറിയിച്ചു.

ജില്ലാ റോഡ് സുരക്ഷാ സമിതികളുടെ അദ്ധ്യക്ഷസ്ഥാനം  വഹിക്കുന്ന പാർലമെന്റ് അംഗങ്ങളോട് അപകട സാധ്യതാ മേഖലകൾ  തിരിച്ചറിയാനും  പരിഹാരം കാണാനും ശ്രീ ഗഡ്കരി ആഹ്വാനം ചെയ്തു. സംസ്ഥാന സർക്കാരുകൾ, എം.‌എൽ‌.എ.മാർ, എം‌.പി.മാർ എന്നിവരുടെയും പൊതുജനങ്ങളുടെയും സഹകരണം പരമപ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള പാതകളിലെയും മുനിസിപ്പാലിറ്റികളുടെ കീഴിലുള്ള പാതകളിലെയും  അപകടസ സാധ്യതാ മേഖലകൾ തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ  പൊതുസ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി.മോഡിൽ) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ റോഡ് ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്ത് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും  അദ്ദേഹം എടുത്തു പറഞ്ഞു.പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ദേശീയ-സംസ്ഥാന-മുനിസിപ്പൽ  തലങ്ങളിൽ ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം വികസിപ്പിക്കുന്നതിനാവശ്യമായ  നയങ്ങളും ടെൻഡറിംഗ് പദ്ധതികളും ആവിഷ്‌ക്കരിക്കാൻ  നിർദ്ദേശം  നൽകിയതായും ശ്രീ ഗഡ്കരി അറിയിച്ചു.

***



(Release ID: 1652385) Visitor Counter : 125