പ്രധാനമന്ത്രിയുടെ ഓഫീസ്
യു.എസ്.-ഐ.എസ്.പി.എഫ് യു.എസ്-ഇന്ത്യാ ഉച്ചകോടി 2020ല്‍ പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പരിഭാഷ
Posted On:
03 SEP 2020 9:29PM by PIB Thiruvananthpuram
ഇന്ത്യയിലും അമേരിക്കയിലും ഉള്ള വിശിഷ്ടാതിഥികളെ,
നമസ്തേ,
യു.എസ്-ഐ.എസ്.പി.എഫ് യു.എസ് ഇന്ത്യ ഉച്ചകോടി 2020ന് വേണ്ടി വിവിധ ശ്രേണിയിലുള്ള ആളുകളെ ഒന്നിച്ചുകൊണ്ടുവന്നത് കാണുന്നത് അതിശയകരമാണ്. ഇന്ത്യയെയും അമേരിക്കയെയും അടുപ്പിച്ചുകൊണ്ടുവരുന്നതിന് യു.എസ്-ഐ.എസ്.പി.എഫ്. നടത്തുന്ന പ്രവര്‍ത്തനം പ്രശംസനീയമാണ്. ഇപ്പോള്‍ നിരവധി വര്‍ഷങ്ങളായി എനിക്ക് ജോണ്‍ ചേമ്പേഴ്സിനെ അറിയാം. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ പ്രതിപത്തി വളരെ ശക്തമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് 'പത്മശ്രീ' സമ്മാനിച്ചിരുന്നു.
പുതിയ വെല്ലുവിളികളുടെ ഗതിനിയന്ത്രണം എന്ന ഇക്കൊല്ലത്തെ വിഷയവും വളരെ പ്രസക്തമാണ്. 2020 ആരംഭിച്ചപ്പോള്‍ ഇത് എങ്ങനെ അവസാനിക്കുമെന്ന് ആരെങ്കിലും അനുമാനിച്ചിരുന്നുവോ? ഒരു ആഗോള മഹാമാരി എല്ലാരെയും ബാധിച്ചു. അത് നമ്മുടെ പ്രതിരോധത്തെ, നമ്മുടെ പൊതു ആരോഗ്യസംവിധാനത്തെ, നമ്മുടെ സാമ്പത്തിക സംവിധാനത്തെ എല്ലാം പരീക്ഷിക്കുകയാണ്.
ഇപ്പോഴത്തെ സാഹചര്യം ഒരു പുതിയ മനോനിലയാണ് ആവശ്യപ്പെടുന്നത്; മനുഷ്യകേന്ദ്രീകൃതമായ വികസന സമീപനത്തിനുള്ള മനോനില; എല്ലാവരും തമ്മില്‍ സഹകരണത്തിനുള്ള താല്‍പര്യമുള്ള മനോനില.
സുഹൃത്തുക്കളെ,
മുന്നോട്ടുള്ള വഴിയിലേക്ക് നോക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ നമ്മുടെ കാര്യശേഷികള്‍ ശക്തിപ്പെടുത്തുന്നതിലും പാവപ്പെട്ടവരെ സുരക്ഷിതരാക്കുന്നതിലും നമ്മുടെ പൗരന്മാരുടെ ഭാവി ശോഭനമാക്കുന്നതിലും ആയിരിക്കണം. ഈ വഴിയാണ് ഇന്ത്യ സ്വീകരിക്കുന്നത്. അടച്ചുപൂട്ടല്‍ പ്രതികരണ സംവിധാനമായി സൃഷ്ടിച്ച ആദ്യരാഷ്ട്രങ്ങളില്‍ ഒന്നാണ് ഇന്ത്യയും. മുഖാവരണങ്ങളുടെയും മാസ്‌ക്കുകളുടെയും ഉപയോഗം പൊതുജനാരോഗ്യ നടപടികളായി ആദ്യമായി പ്രചരിപ്പിച്ച രാജ്യങ്ങളില്‍ പെടുന്നു ഇന്ത്യയും. ശാരീരിക അകലത്തെക്കുറിച്ച് പൊതു അവബോധമുണ്ടാക്കുന്നതിനായി പ്രചരണം നടത്തിയ ആദ്യത്തെ രാജ്യങ്ങളില്‍ ഒന്നാണ് നമ്മുടേതും. റെക്കാര്‍ഡ് സമയത്തിനുള്ള വൈദ്യരംഗത്തെ പശ്ചാത്തല സൗകര്യം വര്‍ദ്ധിപ്പിച്ചു-അത് കോവിഡ് ആശുപത്രികളായിക്കോട്ടെ, ഐ.സി.യു. ശേഷിയാകട്ടെ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആകട്ടെ. ജനുവരിയില്‍ ഒരു പരിശോധനാ ലാബോറട്ടറിയില്‍ തുടങ്ങിയിടത്ത് ഇപ്പോള്‍ നമുക്ക് രാജ്യത്ത് അങ്ങോളിങ്ങോളമായി ഏകദേശം 1600 ലബോറട്ടറികളുണ്ട്. ഈ പരിശ്രമങ്ങളുടെയെല്ലാം ഫലമായി 130 കോടി ജനസംഖ്യയുള്ളതും പരിമിതമായ വിഭവങ്ങളുമുള്ളതുമായ ഒരു രാജ്യത്തിന് ലോകത്തു മരണനിരക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. രോഗവിമുക്തി നിരക്കും ക്രമാനുഗതമായി വര്‍ദ്ധിക്കുകയാണ്. നമ്മുടെ വ്യാപാര സമൂഹം, പ്രത്യേകിച്ച് ചെറുകിട വ്യാപാരം, വളരെ സജീവമാണെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഏകദേശം ഒന്നുമില്ലായ്മയില്‍നിന്ന് ആരംഭിച്ചിട്ട് അവര്‍ നമ്മെ ലോകത്ത് പി.പി.ഇ. കിറ്റുകള്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ വലിയ രാജ്യമാക്കി മാറ്റി.
വെല്ലുവിളികളെ വെല്ലുവിളിച്ചുകൊണ്ട് ശക്തരായി ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ഇന്ത്യയുടെ ഉത്സാഹത്തിന് അനുസരിച്ചാണിത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി രാജ്യത്തിന് കോവിഡും വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍, വെട്ടുകിളി ആക്രമണം തുടങ്ങിയ മറ്റു പ്രതിസന്ധികളും നേരിടേണ്ടിവന്നു. എന്നാല്‍ ഇതെല്ലാം ജനങ്ങളുടെ നിശ്ചയദാര്‍ഢ്യം ശക്തമാക്കുകയായിരുന്നു.
സുഹൃത്തുക്കളെ,
കോവിഡ്-19 അടച്ചിടല്‍ കാലം മുഴുവനും പാവങ്ങളെ സംരക്ഷിക്കുകയെന്ന ഒറ്റ ചിന്തയാണ് ഇന്ത്യാ ഗവണ്‍മെന്റിന് വ്യക്തമായി ഉണ്ടായിരുന്നത്. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള 'പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന' ആഗോളതലത്തില്‍ തന്നെ കാണാന്‍ കഴിയുന്ന ഏറ്റവും വലിയ സഹായക പദ്ധതിയാണ്. 800 ദശലക്ഷം ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കി. എട്ടുമാസം ഈ പദ്ധതി പ്രവര്‍ത്തിച്ചു. 800 ദശലക്ഷം ആളുകള്‍ എന്ന് പറഞ്ഞാല്‍ അമേരിക്കയുടെ ജനസംഖ്യയുടെ രണ്ടിരട്ടി വരും. 80 ദശലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതകം നല്‍കി. കര്‍ഷകര്‍ക്കും ആവശ്യക്കാരായ ജനങ്ങള്‍ക്കുമുള്‍പ്പെടെ 345 ദശലക്ഷം ആളുകള്‍ക്ക് സാമ്പത്തികസഹായം നല്‍കി. 200 ദശലക്ഷം വ്യക്തി പ്രവൃത്തിദിനം സൃഷ്ടിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഏറ്റവും അനിവാര്യമായ തൊഴിലും ഈ പദ്ധതി നല്‍കി.
സുഹൃത്തുക്കളെ,
മഹാമാരി നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അത് 130 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളിലും ഉല്‍ക്കര്‍ഷേച്ഛയിലും ഒരു പ്രത്യാഘാതവും ഉണ്ടാക്കിയില്ല. സമീപ മാസങ്ങളില്‍ ദൂരവ്യാപക പരിഷ്‌ക്കാരങ്ങളാണ് ഉണ്ടായത്. ഇവയെല്ലാം വ്യാപാരത്തെ കൂടുതല്‍ സുഗമവും ചുവപ്പ്നാട കുറഞ്ഞതും ആക്കിത്തീര്‍ത്തു. ലോകത്തെ ഏറ്റവും വലിയ ഭവനപദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പശ്ചാത്തല സൗകര്യങ്ങള്‍ വിപുലമാക്കി. റെയില്‍, റോഡ്, വ്യോമ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിച്ചു. ഒരു ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യം യാഥാര്‍ഥ്യമാക്കുന്നതിനായി നമ്മുടെ രാജ്യം സവിശേഷമായ ഒരു ഡിജിറ്റല്‍ മാതൃക സൃഷ്ടിക്കുകയാണ്. ബാങ്കിംഗ്, വായ്പ, ഡിജിറ്റല്‍ ഇടപാടുകള്‍, ദശലക്ഷക്കണക്കിന് പേര്‍ക്ക് ഇന്‍ഷ്വറന്‍സ് എന്നിവ ലഭ്യമാക്കുന്നതിനായി ഏറ്റവും മികച്ച സാമ്പത്തിക സാങ്കേതികവിദ്യയാണ് നമ്മള്‍ ഉപയോഗിക്കുന്നത്. ലോകനിലവാരമുള്ള സാങ്കേതികവിദ്യയും ആഗോളതലത്തിലെ മികച്ച പ്രവര്‍ത്തനങ്ങളും ഉപയോഗിച്ചാണ് ഈ മുന്നേറ്റമെല്ലാം നടത്തുന്നത്.
സുഹൃത്തുക്കളെ,
ആഗോള വിതരണ ശൃംഖലകള്‍ വികസിപ്പിക്കുന്നതിനുള്ള തീരുമാനങ്ങള്‍ വിലയെ അടിസ്ഥാനമാക്കി മാത്രമാകരുതെന്നുകൂടിയാണ് ഈ മഹാമാരി കാണിച്ചുതരുന്നത്. അവ വിശ്വാസത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കണം. ഭൂമിശാസ്ത്രപരമായി താങ്ങാനാകുന്ന ചെലവിനൊപ്പം കമ്പനികള്‍ ഇപ്പോള്‍ വിശ്വാസ്യതയ്ക്കും നയപരമായ സ്ഥിരിതയ്ക്കുമാണു വിലകല്‍പിക്കുന്നത്. ഈ എല്ലാ ഗുണങ്ങളുമുള്ള ഒരു സ്ഥലമാണ് ഇന്ത്യ.
അതിന്റെ ഫലമായി വിദേശ നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷണീയമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു രാജ്യം കൂടിയായി ഇന്ത്യ മാറി. അമേരിക്കയോ അല്ലെങ്കില്‍ ഗള്‍ഫോ ആയിക്കോട്ടെ, അത് യൂറോപ്പോ അല്ലെങ്കില്‍ ഓസ്ട്രേലിയയോ ആയിക്കോട്ടെ, ലോകം നമ്മില്‍ വിശ്വസിക്കുന്നു. ഈ വര്‍ഷം നമ്മള്‍ക്ക് 2,000 കോടി ഡോളറിന്റെ വിദേശ നിക്ഷേപ ഒഴുക്ക് ലഭിച്ചിട്ടുണ്ട്. ഗൂഗിള്‍, ആമസോണ്‍, മുബാദലാ ഇന്‍വെസ്റ്റ്മെന്റ് എന്നിവരെല്ലാം ഇന്ത്യയിലെ തങ്ങളുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
സുതാര്യമായതും പ്രവചിക്കാന്‍ കഴിയുന്നതുമായ ഒരു നികുതിസംവിധാനമാണ് ഇന്ത്യ വാഗ്ദാനംചെയ്യുന്നത്. സത്യസന്ധരായ നികുതിദായകരെ നമ്മുടെ സംവിധാനം പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ജി.എസ്.ടി ഏകീകൃതമാണ്, സമ്പൂര്‍ണ്ണമായി ഐ.ടി. സഹായ പരോക്ഷ നികുതി സംവിധാനമാണ്. ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്റപ്റ്റന്‍സി കോഡ് സാമ്പത്തിക സംവിധാനത്തിന്റെ അപകടം കുറച്ചു. നമ്മുടെ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ തൊഴിലാളികള്‍ക്ക് മേലുള്ള സമ്മര്‍ദ്ദത്തിന്റെ ഭാരം കുറച്ചു. അത് തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ കൂടി ലഭ്യമാക്കി.
സുഹൃത്തുക്കളെ,
വളര്‍ച്ചയെ മുന്നോട്ടുനയിക്കുന്നതിന് നിക്ഷേപത്തിനുള്ള പ്രാധാന്യത്തെ അമിതമാക്കി പറയാനാവില്ല. ഇതിന്റെ ആവശ്യകത, ലഭ്യതാ വശങ്ങളെ നാം കൈകാര്യം ചെയ്യുന്നുണ്ട്; ലോകത്തെ ഏറ്റവും കുറവ് നികുതിയുള്ള ഇടങ്ങളില്‍ ഒന്നാക്കിയും പുതിയ ഉല്‍പ്പാദക യൂണിറ്റുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കിയും. നിര്‍ബന്ധിത ഇ-പ്ലാറ്റ്‌ഫോം അധിഷ്ഠിതമായ 'മുഖരഹിത വിലയിരുത്തല്‍' പൗരന്മാരെ വളരെയധികം സഹായിക്കും. അതുപോലെത്തന്നെ നികുതിദായകന്റെ ചാര്‍ട്ടറും. ബോണ്ട് വിപണികളിലെ തുടര്‍ നിയമപരിഷ്‌ക്കരണങ്ങള്‍ നിക്ഷേപകര്‍ക്ക് വേണ്ട ലഭ്യത സുഗമമാക്കുന്നത് മെച്ചപ്പെടുത്തിയിട്ടുണ്ട്. പശ്ചാത്തല സൗകര്യ നിക്ഷേപങ്ങള്‍ക്ക് വേണ്ടിയുള്ള 'സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍', 'പെന്‍ഷന്‍ ഫണ്ടുകള്‍' എന്നിവയ്ക്ക് നികുതി ഇളവുകളുമുണ്ട്. ഇന്ത്യയിലേക്കുള്ള എഫ്.ഡി.ഐയില്‍ 2019ല്‍ 20% വര്‍ദ്ധനയുണ്ടായി. ഇത് നമ്മുടെ എഫ്.ഡി.ഐ ഭരണത്തിലെ വിജയമാണ് കാണിക്കുന്നത്. മുകളില്‍ പറഞ്ഞ ഈ എല്ലാ നടപടികളും ശോഭനവും കൂടുതല്‍ അഭിവൃദ്ധിയുള്ളതുമായ ഭാവി ഉറപ്പാക്കും. അവയെല്ലാം കൂടുതല്‍ ശക്തമായ ഒരു ആഗോള സമ്പദ്ഘടനയ്ക്ക് സംഭാവന അര്‍പ്പിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
130 കോടി ഇന്ത്യക്കാരും 'ആത്മനിര്‍ഭര്‍ ഭാത്' അല്ലെങ്കില്‍ സ്വാശ്രയ ഇന്ത്യ സൃഷ്ടിക്കുകയെന്ന ഒറ്റ ദൗത്യത്തിലാണ് ഏര്‍പ്പെട്ടിിരിക്കുന്നത്. പ്രാദേശികതയെ സാര്‍വദേശീയതയുമായി ലയിപ്പിക്കുന്നതിനാണ് ആത്മനിര്‍ഭര്‍ ഭാരത് എന്ന് പറയുന്നത്.ആഗോള ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ കരുത്ത് ഇത് ഉറപ്പാക്കും. നമ്മുടെ ലക്ഷ്യം ആഗോള നന്മയാണെന്ന് വീണ്ടും വീണ്ടും ഇന്ത്യ കാട്ടിക്കൊടുത്തിട്ടുണ്ട്. നമ്മുടേത് വലിയ പ്രാദേശിക ആവശ്യങ്ങളായിരിക്കുമ്പോഴും ആഗോള ഉത്തരവാദിത്വത്തില്‍ നിന്ന് നാം ലജ്ജിച്ച് മാറി നിന്നിട്ടില്ല. ലോകത്ത് ജനറിക് മരുന്നുകള്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നവര്‍ എന്ന ഉത്തരവാദിത്വമുണ്ട്. നമ്മള്‍ ലോകത്തിനുള്ള തുടര്‍ച്ചയായ വിതരണം ഉറപ്പാക്കുന്നു. കോവിഡ്-19ന്റെ പ്രതിരോധ കുത്തിവെപ്പിനുള്ള ഗവേഷണത്തില്‍ നമ്മളും മുന്നിലുണ്ട്. സ്വാശ്രയവും സമാധാനപരവുമായ ഒരു ഇന്ത്യ മികച്ച ലോകം ഉറപ്പാക്കുന്നു.
ആഗോള മൂല്യ ശൃംഖലയുടെ ഹൃദയത്തില്‍ ഒരു നിഷ്‌കൃയ വിപണിയെന്ന നിലയില്‍ നിന്ന് ഒരു സജീവ ഉല്‍പ്പാദന ഹബ്ബാക്കി ഇന്ത്യയെ പരിവര്‍ത്തനപ്പെടുന്നതാണ് 'ആത്മനിര്‍ഭര്‍ ഭാരത്'.
സുഹൃത്തുക്കളെ,
മുന്നോട്ടുള്ള പാത മുഴുവനും അവസരങ്ങളാണ്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഈ അവസരങ്ങളുണ്ട്. മര്‍മ്മപ്രധാനമായ സാമ്പത്തിക മേഖലകള്‍ക്കൊപ്പം സാമൂഹികമേഖലകളെയും അവ ഉള്‍ക്കൊള്ളുന്നുണ്ട്. അടുത്തിടെ കല്‍ക്കരി, ഖനനം, റെയില്‍വേ, പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജ്ജം ഉള്‍പ്പെടെയുള്ള മേഖലകളാണ് തുറന്നുകൊടുത്തത്.
മൊബൈല്‍ ആന്റ് ഇലക്ട്രോണിക്, വൈദ്യ ഉപകരണങ്ങള്‍, ഔഷധ നിര്‍മാണ മേഖല എന്നിവയില്‍ ആരംഭിച്ച ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന പദ്ധതികള്‍ക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്. മറ്റ് മുന്‍നിര മേഖലകളിലും അത്തരം പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്. കാര്‍ഷിക വിപണനത്തിലും 1400 കോടി ഡോളറിന്റെ കാര്‍ഷിക സാമ്പത്തിക സൗകര്യവും നിരവധി അവസരങ്ങള്‍ കൊണ്ടുവരും.
സുഹൃത്തുക്കളെ,
ഇന്ത്യയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി, ഫലപ്രാപ്തി സാധ്യമാക്കുന്നതില്‍ വിശ്വസിക്കുന്ന ഒരു ഗവണ്‍മെന്റ് നിങ്ങള്‍ക്കൊപ്പമുണ്ട്; ജീവിതം സുഗമമാക്കുന്നതുപോലെ തന്നെ വ്യപാരവും ലളിതമാക്കുന്നതില്‍ വിശ്വസിക്കുന്ന ഒരു ഗവണ്‍മെന്റ്. ജനസംഖ്യയുടെ 65% 35 വയസില്‍ താഴെയുള്ളവര്‍ ആയുള്ള ഒരു യുവരാജ്യത്തെയാണ് നിങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ദേശത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തീരുമാനിച്ച ഒരു അഭിലഷണീയ രാജ്യത്തെയാണ് നിങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. നമ്മള്‍ സ്വാതന്ത്യത്തിന്റെ 75 വര്‍ഷം അടയാളപ്പെടുത്തുന്ന സമയത്താണിത്. രാഷ്ട്രീയ സ്ഥിരതയും നയപരമായ തുടര്‍ച്ചയുമുള്ള ഒരു രാജ്യത്തെയാണ് നിങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തോടും വൈവിധ്യത്തോടും പ്രതിജ്ഞാബദ്ധതയുള്ള ഒരു രാജ്യത്തെയാണ് നിങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.
വരു, ഈ യാത്രയില്‍ ഞങ്ങളുടെ ഭാഗമാകൂ.
നിങ്ങള്‍ക്ക് നന്ദി,
നിങ്ങള്‍ക്ക് വളരെയധികം നന്ദി.
****
(Release ID: 1651201)
Visitor Counter : 232
Read this release in:
Tamil
,
Marathi
,
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada