പ്രധാനമന്ത്രിയുടെ ഓഫീസ്
യു.എസ്.-ഐ.എസ്.പി.എഫിന്റെ യു.എസ്.-ഇന്ത്യ 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തി
വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന മുന്‍നിര രാജ്യമായി മാറുകയാണ് ഇന്ത്യ. ഈ വര്‍ഷം ഇന്ത്യക്ക് 2000 കോടി ഡോളര്‍ വിദേശ നിക്ഷേപം ലഭിച്ചു
ഭൂമിശാസ്ത്രം, വിശ്വാസ്യത, രാഷ്ട്രീയ സ്ഥിരത എന്നിവ സംബന്ധിച്ച വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി മുന്നോട്ടുവെച്ചു
സുതാര്യവും മുന്‍കൂട്ടി കണക്കാക്കാവുന്നതുമായ നികുതി സമ്പ്രദായം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു
സത്യസന്ധരായ നികുതി ദായകരെ പ്രോല്‍സാഹിപ്പിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുമെന്നു പ്രധാനമന്ത്രി
ലോകത്തിലെ ഏറ്റവും കുറഞ്ഞ നികുതിയുള്ള ഇടമായി ഇന്ത്യയെ മാറ്റുന്നു എന്നു പ്രധാനമന്ത്രി
പുതിയ ഉല്‍പാദന യൂണിറ്റുകള്‍ക്ക് കൂടുതല്‍ ഇളവെന്നു പ്രധാനമന്ത്രി
ബിസിനസ് എളുപ്പവും ചുവപ്പുനാട കുറഞ്ഞതുമാക്കുന്ന ദീര്‍ഘകാലീന പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതായി പ്രധാനമന്ത്രി
ഇന്ത്യയില്‍ പൊതു, സ്വകാര്യ മേഖലകളില്‍ നിറയെ അവസരങ്ങളെന്നു പ്രധാനമന്ത്രി
Posted On:
03 SEP 2020 9:31PM by PIB Thiruvananthpuram
യു.എസ്.-ഇന്ത്യ 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയും അമേരിക്കയുമായുള്ള പങ്കാളിത്തത്തിനായി പ്രവര്‍ത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് യു.എസ്.-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്ത വേദി (യു.എസ്.ഐ.പി.എഫ്.).
ഓഗസ്റ്റ് 31ന് ആരംഭിച്ച അഞ്ചു ദിവസത്തെ ഉച്ചകോടിയുടെ പ്രമേയം 'യു.എസ്സും ഇന്ത്യയും ചേര്‍ന്നു പുതിയ വെല്ലുവിളികളെ നേരിടുന്നു' എന്നതാണ്.
ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ, ശ്രീ. നരേന്ദ്ര മോദി ആഗോള മഹാവ്യാധി എല്ലാവരെയും ബാധിച്ചിട്ടുണ്ടെന്നും അതു നമ്മുടെ അതിജീവന ശേഷിയെയും പൊതു ആരോഗ്യ സംവിധാനത്തെയും സാമ്പത്തിക സംവിധാനത്തയെും ക്ഷമതാ പരിശോധനയ്ക്കു വിധേയമാക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ സാഹചര്യം പുതിയ മാനസികാവസ്ഥ ആവശ്യപ്പെടുന്നുണ്ട്. ഈ മാനസികാവസ്ഥയില്‍ വികസനം മനുഷ്യനില്‍ കേന്ദ്രീകൃതമായിരിക്കണം. എല്ലാവരും തമ്മിലുള്ള സഹകരണത്തിനു പ്രാധാന്യം കല്‍പിക്കപ്പെടണം.
മുന്നോട്ടുള്ള പോക്കിനെ കുറിച്ചു പരാമര്‍ശിക്കവേ, പാവങ്ങളെ സംരക്ഷിച്ചും പൗരന്‍മാരുടെ ഭാവി സംരക്ഷിച്ചും ശേഷി വര്‍ധനയ്ക്കാണു രാജ്യം പ്രാധാന്യം കല്‍പിക്കുന്നതെന്നു ശ്രീ. മോദി വെളിപ്പെടുത്തി.
കോവിഡിനോടു പൊരുതാനും പൗരന്‍മാര്‍ക്കിടയില്‍ അവബോധം വളര്‍ത്താനുമായുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു കൈക്കൊണ്ട നടപടികള്‍ വിവരിക്കവേ, അത്തരം നടപടികള്‍ വഴി 130 കോടിയിലേറെ ജനങ്ങളും പരിമിതമായ വിഭവങ്ങളും ഉള്ള രാജ്യത്ത് മരണനിരക്ക് ലോകത്തില്‍ ഏറ്റവും കുറഞ്ഞതായി പരിമിതപ്പെടുത്താന്‍ സാധിച്ചതായി വ്യക്തമാക്കി.
ഇന്ത്യയിലെ വ്യാപാര സമൂഹം, വിശേഷിച്ച് ചെറുകിട വ്യാപാര മേഖല, പ്രതികരണാത്മകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നുമില്ലായ്മിയല്‍നിന്നു തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പി.പി.ഇ. കിറ്റ് നിര്‍മാതാക്കളായി മാറാന്‍ അവര്‍ക്കു സാധിച്ചു.
വിവിധ ഭരണ പരിഷ്‌കാരങ്ങളെ കുറിച്ചു വിശദീകരിക്കവേ, 130 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളെ തളര്‍ത്താന്‍ കോവിഡിനു സാധിച്ചില്ലെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വ്യാപാരം എളുപ്പവും ചുവപ്പുനാട കുറഞ്ഞതുമായി മാറ്റാന്‍ അടുത്തിടെ നടപ്പാക്കിയ ദീര്‍ഘകാല പ്രസക്തമായ പരിഷ്‌കാരങ്ങള്‍ സഹായകമായെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭവന പദ്ധതിയുടെ നിര്‍മാണം നടന്നുവരികയാണെന്നും പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചുവരികയാണെന്നും ശ്രീ. മോദി വ്യക്തമാക്കി.
റെയില്‍, റോഡ്, വ്യോമ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യം യാഥാര്‍ഥ്യമാക്കുന്നതിനായി സവിശേഷ ഡിജിറ്റല്‍ മാതൃക ഇന്ത്യ സൃഷ്ടിച്ചുവരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ബാങ്കിങ്, വായ്പ, ഡിജിറ്റല്‍ പണമിടപാടുകള്‍, ഇന്‍ഷുറന്‍സ് എന്നീ മേഖലകള്‍ക്കായി സാമ്പത്തിക രംഗത്തു സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തിവരികയാണ്. ആഗോള നിലവാരത്തിലുള്ള സാങ്കേതിക വിദ്യയും പ്രവര്‍ത്തന രീതിയുമാണ് ഇത്തരം മുന്നേറ്റങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്.
ആഗോള വിതരണ ശൃംഖലകള്‍ വികസിപ്പിക്കുന്നതു ചെലവു മാത്രം അടിസ്ഥാനമാക്കി ആകരുതെന്നു മഹാവ്യാധി ലോകത്തെ പഠിപ്പിച്ചിതായി ശ്രീ. മോദി പറഞ്ഞു. വിശ്വാസവും പ്രധാനമാണ്. ഭൂമിശാസ്ത്രപരമായി ചെലവു കുറഞ്ഞിരിക്കണമെന്നും വിശ്വാസ്യത, നയസ്ഥിരത എന്നിവ ഉണ്ടായിരിക്കണമെന്നും കമ്പനികള്‍ ആഗ്രഹിക്കുന്നു. ഈ ഗുണങ്ങളെല്ലാം ഒത്തുചേര്‍ന്ന ഇടമാണ് ഇന്ത്യ.
എന്നിരിക്കെ, വിദേശ നിക്ഷേപകര്‍ ഇഷ്ടപ്പെടുന്ന ഇടമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക ആയാലും യൂറോപ്പ് ആയാലും ഓസ്‌ട്രേലിയ ആയാലും ഗള്‍ഫ് ആയാലും നമ്മെ ലോകം വിശ്വസിക്കുന്നു. ഈ വര്‍ഷം 2000 കോടി ഡോളര്‍ വിദേശ നിക്ഷേപം ഇന്ത്യക്കു ലഭിച്ചു. ഗൂഗിള്‍, ആമസോണ്‍, മുബദല എന്നീ കമ്പനികള്‍ ഇന്ത്യയില്‍ ദീര്‍ഘകാല നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
സുതാര്യവും മുന്‍കൂട്ടി കണക്കാക്കാന്‍ സാധിക്കുന്നതുമായ നികുതി സമ്പ്രദായത്തെ കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. നികുതി സമ്പ്രദായം എങ്ങനെ സത്യസന്ധരായ നികുതിദായകരെ പിന്‍തുണയ്ക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു എന്നു വിശദീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ ജി.എസ്.ടി. ഏകീകൃതവും പൂര്‍ണമായും ഫലപ്രദവുമായ പരോക്ഷ നികുതി സമ്പ്രദായമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സമ്പൂര്‍ണ ധനകാര്യ സംവിധാനത്തിന്റെ അപകട സാധ്യതകള്‍ കുറയ്ക്കുന്ന ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡിനെ കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. തൊഴില്‍ദാതാക്കളുടെ ബാധ്യത കുറയ്ക്കുകയും അതേസമയം, ജോലിക്കാര്‍ക്കു സാമൂഹ്യ സുരക്ഷ ലഭ്യമാക്കുകയും ചെയ്യുന്ന സമഗ്ര തൊഴില്‍ പരിഷ്‌കാരങ്ങളെ കുറിച്ചും ശ്രീ. മോദി പരാമര്‍ശിച്ചു.
വളര്‍ച്ച യാഥാര്‍ഥ്യമാക്കുന്നതില്‍ നിക്ഷേപത്തിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യ എങ്ങനെ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള ശരിയായ അനുപാതം നിലനിര്‍ത്തുന്നു എന്നു വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും കുറഞ്ഞ നികുതിയുള്ള ഇടമായി ഇന്ത്യയെ മാറ്റുകയും ഉല്‍പാദക യൂണിറ്റുകള്‍ക്കു കൂടുതല്‍ ഇളവ് അനുവദിക്കുകയും വഴിയാണ് ഇതു സാധ്യമാക്കുന്നതെന്നു പ്രധാനമന്ത്രി വിശദീകരിച്ചു.
നികുതി കാര്യങ്ങള്‍ക്കു നേരിട്ടു ഹാജരാകാതെ വിലയിരുത്തുന്നതിനു നിര്‍ബന്ധിത ഇ-പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള സംവിധാനം പൗരന്‍മാര്‍ക്കു സഹായകമാകുന്നതോടൊപ്പം നികുതി ദായകര്‍ക്കുള്ള പ്രത്യേക പരിഗണന ഉറപ്പാക്കുകയും ചെയ്യും. ബോണ്ട് വിപണിയില്‍ നടപ്പാക്കിയ തുടര്‍ച്ചയായ പരിഷ്‌കാരങ്ങള്‍ നിക്ഷേപകര്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കും.
2019ല്‍ ആഗോളതലത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ ഒരു ശതമാനം വീഴ്ചയുണ്ടായപ്പോള്‍ ഇന്ത്യയില്‍ ഇത് 20 ശതമാനം ഉയരുകയാണ് ഉണ്ടായത്. ഇതു കാണിക്കുന്നത് ഈ രംഗത്തു നമുക്കുണ്ടായ വിജയമാണ്.
മേല്‍ നടപടികളെല്ലാം തിളക്കമാര്‍ന്നതും അഭിവൃദ്ധി നിറഞ്ഞതുമായ നാളെ ഉറപ്പാക്കാന്‍ ഉതകുമെന്നു ശ്രീ. മോദി ഓര്‍മിപ്പിച്ചു. ഇവയൊക്കെ ശക്തമായ ആഗോള സമ്പദ്‌വ്യവസ്ഥ യാഥാര്‍ഥ്യമാക്കുന്നതിനും സഹായകമാകും. ആത്മനിര്‍ഭര്‍ ഭാരത് അഥവാ സ്വാശ്രയ ഇന്ത്യ സൃഷ്ടിക്കുന്നതിനു 130 കോടി ഇന്ത്യക്കാര്‍ ചുമലിലേറ്റിയ ദൗത്യത്തെ പരാമര്‍ശിക്കവേ, അതു ദേശീയതയെ സാര്‍വദേശീയതയുമായി കൂട്ടിച്ചേര്‍ക്കുന്നു എന്നും ഇന്ത്യയുടെ കരുത്ത് ആഗോളതലത്തിലുള്ള കരുത്തിനെ വളര്‍ത്തുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
നിഷ്‌ക്രിയമായ വിപണിയില്‍നിന്ന് ആഗോള മൂല്യ ശൃംഖലയുടെ ഹൃദയഭാഗത്തുള്ള സജീവമായ ഉല്‍പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുന്ന പ്രക്രിയയാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നോട്ടുള്ള പാതയില്‍, വിശേഷിച്ച് സ്വകാര്യ മേഖലയിലും പൊതുമേഖലയിലും, നിറയെ അവസരങ്ങള്‍ ഉണ്ടെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി കല്‍ക്കരി, ഖനനം, റെയില്‍വേ, പ്രതിരോധം, ബഹിരാകാശം, അണുശക്തി തുടങ്ങിയ മേഖലകള്‍ സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുത്തതു പരാമര്‍ശിച്ചു.
കൃഷിയിലുള്ള പരിഷ്‌കാരങ്ങള്‍ക്കൊപ്പം മൊബൈലും ഇലക്ട്രോണിക്‌സും, ചികില്‍സാ ഉപകരണങ്ങള്‍, ഔഷധ നിര്‍മാണം തുടങ്ങിയ മേഖലയില്‍ ഉല്‍പാദനവുമായി ബന്ധപ്പെടുത്തിയുള്ള പ്രോല്‍സാഹന പദ്ധതിയെ കുറിച്ച് അദ്ദേഹം ഓര്‍മപ്പെടുത്തുകയും ചെയ്തു.
ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ക്കു മറുപടിയായി ഫലപ്രാപ്തിയില്‍ വിശ്വസിക്കുന്നതിനൊപ്പം ബിസിനസ് ചെയ്യുന്നതു സുഗമമാക്കുന്നതു പോലെ പ്രധാനമാണു ജീവിതം സുഗമമാക്കുന്നത് എന്നും വിശ്വസിക്കുന്ന ഗവണ്‍മെന്റ് ഇവിടെ ഉണ്ടെന്നു ശ്രീ. മോദി വിശദീകരിച്ചു.
65 ശതമാനം ജനങ്ങള്‍ 35 വയസ്സിനു കീഴെ പ്രായമുള്ളതും, പ്രതീക്ഷകള്‍ നിറഞ്ഞതും, രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ നിശ്ചയിച്ചിട്ടുള്ളതുമായ പൗരശക്തിയുള്ള യുവ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്ഥിരതയും രാഷ്ട്രീയ തുടര്‍ച്ചയും ഉള്ള രാജ്യമാണ് ഇന്ത്യയെന്നും ജനാധിപത്യത്തോടും വൈവിധ്യത്തോടും അതിനു പ്രതിബദ്ധത ഉണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
***
(Release ID: 1651200)
Visitor Counter : 253
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada