ആഭ്യന്തരകാര്യ മന്ത്രാലയം

മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ വിയോഗത്തിൽ കേന്ദ്ര മന്ത്രി സഭ അനുശോചിച്ചു; ആദരസൂചകമായി രണ്ട് മിനിട്ട് മൗനം ആചരിച്ചു

Posted On: 01 SEP 2020 12:16PM by PIB Thiruvananthpuram

 മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കേന്ദ്ര മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി രണ്ടുമിനിറ്റ് മൗനമാചരിച്ചു. തുടർന്ന് സഭ അനുശോചന പ്രമേയം പാസാക്കി. 

"മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കേന്ദ്രമന്ത്രിസഭ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. മികവുറ്റ പാർലമെന്ററിയനെയും  സമുന്നതനായ നേതാവിനെയുമാണ് രാഷ്ട്രത്തിന് നഷ്ടമായത്.  ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായും  കേന്ദ്ര വിദേശകാര്യം,  പ്രതിരോധം,  വാണിജ്യം,  ധനകാര്യം എന്നീ വകുപ്പുകളിൽ മന്ത്രിയായും  സേവനമനുഷ്ഠിച്ചിരുന്ന  അദ്ദേഹം സമാനതകളില്ലാത്ത ഭരണ പരിചയത്തിന്റെ  ഉടമയായിരുന്നു.

 1935 ഡിസംബർ 11ന് പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ മിറാത്തി എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ചരിത്രത്തിലും രാഷ്ട്രതന്ത്രത്തിലും ബിരുദാനന്തരബിരുദവും കൊൽക്കത്ത സർവകലാശാലയിൽനിന്ന് നിയമബിരുദവും  നേടി. പിന്നീട് കോളജ് അധ്യാപകനായും മാധ്യമപ്രവർത്തകനായും  ഔദ്യോഗിക ജീവിതം ആരംഭിച്ചു. ദേശീയ പ്രസ്ഥാനത്തിന് തന്റെ പിതാവ് നൽകിയ സംഭാവനകളിൽ  പ്രചോദനം ഉൾക്കൊണ്ട അദ്ദേഹം,  1969 ൽ  രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം പൂർണ സമയ  പൊതുപ്രവർത്തകനായി. 1973 -75 കാലയളവിൽ വ്യവസായം,  ഷിപ്പിംഗ്,  ഗതാഗതം,  സ്റ്റീൽ വ്യവസായം എന്നീ വകുപ്പുകളിൽ ഉപ മന്ത്രിയായും  ധനകാര്യ സഹമന്ത്രിയായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982 ൽ ആദ്യമായി കേന്ദ്ര ധനകാര്യമന്ത്രി ആയി സ്ഥാനമേറ്റു. 1980 മുതൽ 85 വരെ രാജ്യസഭാ നേതാവായിരുന്നു. 1991- 96 വരെയുള്ള കാലയളവിൽ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ ആയി സേവനമനുഷ്ടിച്ചു. 1993 മുതൽ  95 വരെ വാണിജ്യമന്ത്രി, 1995 -96 വരെ വിദേശകാര്യമന്ത്രി,  2004 -2006 വരെ പ്രതിരോധ വകുപ്പ് മന്ത്രി എന്നീ നിലകളിലും  സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 -2009 ൽ പിന്നീടും വിദേശകാര്യമന്ത്രിയായും  2009 -2012 ൽ  ധനകാര്യ മന്ത്രിയായും  പ്രവർത്തിച്ചു. 2004 മുതൽ 2012 വരെ ലോക്സഭാ നേതാവായിരുന്നു.

 2012 ജൂലൈ 25ന് രാഷ്ട്രപതിയായി സ്ഥാനമേറ്റ അദ്ദേഹം തൽ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കി. രാഷ്ട്രപതി എന്ന നിലയിൽ ഓഫീസിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ച അദ്ദേഹം ദേശീയ-അന്തർദേശീയ വിഷയങ്ങളിൽ തന്റെ പാണ്ഡിത്യവും മാനുഷിക വീക്ഷണവും പ്രദർശിപ്പിച്ചു. ദേശീയ നിർമ്മാണത്തിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ചും  അദ്ദേഹം നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1997 ലെ മികച്ച പാർലമെന്റെറിയൻ  അവാർഡ്,  2008ലെ പത്മവിഭൂഷൺ  ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2019ൽ  പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം  ലഭിച്ചു.

 നമ്മുടെ ദേശീയതയിൽ തനതായ വ്യക്തിമുദ്ര അവശേഷിപ്പിച്ച ശേഷമാണ് അദ്ദേഹം വിടവാങ്ങിയത്. മികച്ച രാജ്യതന്ത്രജ്ഞനെയും  നിപുണനായ പാർലമെന്ററിയനെയും  സമുന്നതനായ  ദേശീയ നേതാവിനെയുമാണ്  അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത്.

 പ്രണബ് മുഖർജി രാജ്യത്തിന് നൽകിയ സേവനങ്ങളെ  ആദരിക്കുകയും അദ്ദേഹത്തിന്റെ വിയോഗത്തിൽ കേന്ദ്ര മന്ത്രിസഭ അഗാധമായ  ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഗവൺമെന്റിന്റെ പേരിലും രാജ്യത്തിന്റെ  പേരിലും  അദ്ദേഹത്തിന്റെ ദുഃഖാർത്തരായ കുടുംബാംഗങ്ങളോട്  അനുശോചനം രേഖപ്പെടുത്തുകയും  ചെയ്യുന്നു



(Release ID: 1650322) Visitor Counter : 182