ന്യൂനപക്ഷകാര്യ മന്ത്രാലയം

കോവിഡ്  വിപത്ത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം 'കരുതൽ , പ്രതിബദ്ധത,  ആത്മവിശ്വാസം' എന്നിവയുടെ വ്യക്തമായ കാലഘട്ടം സൃഷ്ടിച്ചതായും ഇത് ആഗോള മനുഷ്യരാശിക്ക്  തന്നെ ഉദാഹരണമാണെന്നും കേന്ദ്രമന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി

Posted On: 17 AUG 2020 11:47AM by PIB Thiruvananthpuram

.

കോവിഡ് വിപത്ത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം 'കരുതൽ ,  പ്രതിബദ്ധത ആത്മവിശ്വാസം' എന്നിവയുടെ വ്യക്തമായ കാലഘട്ടം  സൃഷ്ടിച്ചതായും ഇത് ആഗോള മനുഷ്യരാശിക്ക് തന്നെ മികച്ച ഉദാഹരണമാണെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ജീവിതരീതിയിലും തൊഴിൽ സംസ്കാരത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായതായും ശ്രീ നഖ്‌വി  പറഞ്ഞു. ജനങ്ങൾ സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങളും സേവനങ്ങളും ചെയ്യുന്നതിൽ  ഇപ്പോൾ കൂടുതൽ പ്രതിജ്ഞാബദ്ധരായിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പിനു കീഴിലുള്ള ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ  ആഭിമുഖ്യത്തിൽ, ഹോളി ഫാമിലി ആശുപത്രിക്ക് നൽകിയ ആധുനിക ആരോഗ്യ സംവിധാനങ്ങളോടുകൂടിയ മൊബൈൽ ക്ലിനിക്കിന്റെ  ഫ്ലാഗ് ഓഫ് ചടങ്ങ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

എൻ 95 മാസ്ക്കുകൾ,  പി പി ഇ  കിറ്റുകൾ,  വെന്റിലേറ്ററുകൾ എന്നിവയുടെ നിർമാണത്തിൽ ഇന്ത്യ സ്വയംപര്യാപ്തമാവുക  മാത്രമല്ല,  മറ്റു രാഷ്ട്രങ്ങളെ സഹായിക്കുകയും ചെയ്തതായി കേന്ദ്ര മന്ത്രി പറഞ്ഞു. കോവിഡിന്റെ  ആരംഭദശയിൽ പരിശോധനയ്ക്ക് രാജ്യത്ത്  ഒരു ലബോറട്ടറി മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് രാജ്യത്തെമ്പാടുമായി  ആയിരത്തി നാനൂറോളം പരിശോധന കേന്ദ്രങ്ങളുടെ ശൃംഖല പ്രവർത്തിക്കുന്നു. നേരത്തെ പ്രതിദിനം 300 പരിശോധനകൾ മാത്രം നടത്താൻ കഴിഞ്ഞിരുന്നിടത്ത്, ഇന്ന്  പ്രതിദിനം 7 ലക്ഷത്തിലധികം പരിശോധനകൾ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു.

 

 രാജ്യത്ത് ദേശീയ ഡിജിറ്റൽ ആരോഗ്യ ദൗത്യത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. ഇതിലൂടെ ഓരോ പൗരനും ഒരു ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകും. ഇത് ഇന്ത്യയുടെ ആരോഗ്യ മേഖലയിൽ പുതിയ വിപ്ലവം സൃഷ്ടിക്കും. ഒരാളുടെ രോഗവിവരങ്ങൾ,  നടത്തിയിട്ടുള്ള പരിശോധനകൾ,  പരിശോധനാഫലങ്ങൾ,  ഏത് ഡോക്ടർ ഏത് മരുന്ന് നൽകി തുടർന്നുള്ള എല്ലാ വിശദാംശങ്ങളും ഈ ഒരൊറ്റ ആരോഗ്യ കാർഡിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

 ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴിലെ നൈപുണ്യ വികസന പരിപാടി വഴി പരിശീലനം നേടിയ 1500ലധികം ആരോഗ്യസുരക്ഷാ അസിസ്റ്റന്റ്മാർ കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് സഹായിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. ഈ വർഷം രണ്ടായിരത്തിലധികം ആരോഗ്യസുരക്ഷാ അസിസ്റ്റന്റ്മാർക്ക് മന്ത്രാലയത്തിന് കീഴിൽ പരിശീലനം നൽകും. രാജ്യത്തെ വിവിധ ആരോഗ്യ സംഘടനകൾ,  പ്രമുഖ ആശുപത്രികൾ എന്നിവരുടെ സഹായത്തോടെ ഒരുവർഷത്തെ പരിശീലനമാണ് ന്യൂനപക്ഷ കാര്യമന്ത്രാലയം ആരോഗ്യസുരക്ഷാ സഹായികൾക്ക്  നൽകുന്നത് . 

 

രാജ്യത്തെ 16 ഹജ്ജ് ഹൗസുകൾ കൊറോണ ബാധിതർക്കുള്ള ഐസൊലേഷൻ, ക്വാറന്റൈൻ  കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് വിട്ടു നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാന ഗവൺമെന്റുകൾ  ആവശ്യാനുസരണം ഈ  ഹജ്ജ് ഹൗസുകൾ ഉപയോഗപ്പെടുത്തുന്നതായും  ശ്രീ മുഖ്താർ അബ്ബാസ് നഖ്‌വി  പറഞ്ഞു.

 

****



(Release ID: 1646452) Visitor Counter : 150