ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

സ്വാതന്ത്ര്യ സമര സേനാനികളായ ഗോത്ര വർഗക്കാർക്കായുള്ള പ്രത്യേക മ്യൂസിയങ്ങൾക്ക് ഗോത്ര വർഗ്ഗ മന്ത്രാലയം തുടക്കമിടുന്നു

Posted On: 11 AUG 2020 3:00PM by PIB Thiruvananthpuram



രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ഗോത്രവർഗ വിഭാഗക്കാർ നൽകിയ സംഭാവനകൾ പരിഗണിച്ച് അവരുടെ സംഭാവനകൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക മ്യൂസിയങ്ങൾ ഗോത്രവർഗ്ഗ മന്ത്രാലയം സ്ഥാപിക്കുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം 2016ലെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയിരുന്നു. ബ്രിട്ടീഷുകാർക്ക് കീഴടങ്ങാതെ അവർക്കെതിരെ പോരാടിയ ധീരരായ ഗോത്ര വർഗ്ഗ വിഭാഗക്കാർ അധിവസിച്ചിരുന്ന സംസ്ഥാനങ്ങളിൽ അവർക്കായി പ്രത്യേക മ്യൂസിയങ്ങൾ സജ്ജമാക്കും എന്ന് ശ്രീ മോദി ഉറപ്പുനൽകിയിരുന്നു. ഇത്തരം മ്യൂസിയങ്ങൾ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥാപിക്കുമെന്നും അതുവഴി ഗോത്ര വർഗ വിഭാഗക്കാർ നൽകിയ ധീരമായ ത്യാഗങ്ങളെ പറ്റി വരുംതലമുറയ്ക്ക് അറിവ് ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം വർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, 3ഡി/7ഡി ഹോളോഗ്രാഫിക് പ്രൊജെക്ഷൻസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ മ്യൂസിയങ്ങളിൽ ലഭ്യമാക്കും.

ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ഗോത്ര വർഗ മന്ത്രാലയം നിരവധി ചർച്ചകളും നടത്തി കഴിഞ്ഞു. നിർദേശങ്ങളും, പുരോഗതിയും വിലയിരുത്താൻ മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു ദേശീയ തല സമിതിക്കും (NLC) രൂപം നൽകിയിട്ടുണ്ട്. ഗോത്ര വർഗ്ഗ വിഭാഗത്തിലെ സ്വാതന്ത്ര്യസമരസേനാനികളുടെ ചരിത്രങ്ങൾ പേറുന്ന ദേശീയ പ്രാധാന്യമുള്ള അത്യാധുനിക മ്യൂസിയം ഗുജറാത്തിൽ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും മ്യൂസിയങ്ങൾ പ്രവർത്തനമാരംഭിക്കും.

അനുമതി ലഭിച്ച 9 ഗോത്ര വർഗ്ഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയങ്ങളിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണം ഭൂരിഭാഗവും പൂർത്തിയായി കഴിഞ്ഞു. ശേഷിക്കുന്ന 7 മ്യൂസിയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2022 ഓടു കൂടി ഒൻപത് മ്യൂസിയങ്ങളുടെയും പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനങ്ങളുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ കൂടുതൽ മ്യൂസിയങ്ങൾക്ക് കൂടി അനുവാദം നൽകും.

****


(Release ID: 1645079)