പ്രധാനമന്ത്രിയുടെ ഓഫീസ്
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്കുള്ള സബ്മറൈന്‍ കേബിള്‍ കണക്റ്റിവിറ്റി (സി.എ.എന്‍.ഐ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
പദ്ധതി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി
വാണിജ്യസംബന്ധമായ നടപടികള്‍ പ്രോത്സാഹിപ്പിക്കുക, സമുദ്രതീര സേവനങ്ങള്‍ ലളിതമാക്കുക എന്നിവയിലാണ് ഗവണ്‍മെന്റിന്റെ മുഖ്യശ്രദ്ധ: പ്രധാനമന്ത്രി
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് തുറമുഖ കേന്ദ്രീകൃത വികസനത്തിന്റെ പ്രധാന കേന്ദ്രമാകും: പ്രധാനമന്ത്രി
അന്താരാഷ്ട്ര സമുദ്രതീര വ്യാപാരത്തിന്റ കേന്ദ്രമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മാറും: പ്രധാനമന്ത്രി
Posted On:
10 AUG 2020 12:37PM by PIB Thiruvananthpuram
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനെ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന സബ്മറൈന്‍ (സമുദ്രാന്തര്‍ ഭാഗത്തുകൂടിയുള്ള) ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ കണക്റ്റിവിറ്റി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. 2018 ഡിസംബര്‍ 30നാണ് പ്രധാനമന്ത്രി പോര്‍ട്ട് ബ്ലെയറില്‍ പദ്ധതിക്കു തറക്കല്ലിട്ടത്.
പുതിയ കണക്റ്റിവിറ്റി പ്രദേശത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2300 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സമുദ്രാന്തര്‍ഭാഗത്തു കൂടി കേബിള്‍ സ്ഥാപിക്കുകയും പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുകയും ചെയ്തത് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ചെന്നൈ-പോര്‍ട്ട് ബ്ലെയര്‍, പോര്‍ട്ട്‌ബ്ലെയര്‍-ലിറ്റില്‍ ആന്‍ഡമാന്‍, പോര്‍ട്ട് ബ്ലെയര്‍-സ്വരാജ് ദ്വീപ് എന്നിങ്ങനെ പ്രധാന ഇടങ്ങളിലാണ് ഇന്നു സേവനം ആരംഭിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സമുദ്ര അടിത്തട്ടിലൂടെ ഗുണമേന്മ കൂടിയ കേബിള്‍ 2300 കിലോമീറ്റര്‍ ദൂരത്തില്‍ ഇടുന്ന ശ്രമകരമായ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വലിയ തിരമാലകള്‍, കൊടുങ്കാറ്റുകള്‍, കാലവര്‍ഷം തുടങ്ങിയ പ്രതിസന്ധികള്‍ക്കും കൊറോണ മഹാമാരിക്കുമിടെ നിശ്ചയിച്ച സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുക എന്നത് ശ്രമകരമായിരുന്നു.
ആന്‍ഡമാന്‍ നിക്കോബാര്‍ കാലങ്ങളായി ഇത്തരത്തിലുള്ള വികസന പദ്ധതികള്‍ അര്‍ഹിച്ചിരുന്നെങ്കിലും അതിനുള്ള ശ്രമങ്ങള്‍ നടന്നില്ല. വെല്ലുവിളികള്‍ക്കിടയിലും കാര്യമായ പ്രതിസന്ധികള്‍ കൂടാതെ പദ്ധതി നടപ്പിലാക്കാനായതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച രീതിയിലുള്ള കണക്റ്റിവിറ്റി നല്‍കുക എന്നത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഡല്‍ഹിയില്‍ നിന്നും രാജ്യത്തിന്റെ ഹൃദയഭാഗത്ത് നിന്നും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് അകലെയല്ലെന്ന് തെളിയിക്കാന്‍ ഇതോടെ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവിതം കൂടുതല്‍ എളുപ്പമാക്കുന്നു
ജീവിതം കൂടുതല്‍ അനായാസമാക്കാന്‍ രാജ്യത്തെ ഓരോ പൗരനും ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ലഭ്യമാക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനുള്ള ആത്മാര്‍ത്ഥത തെളിയിക്കുന്നതാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനെ രാജ്യത്തെ മറ്റ് സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ പ്രൊജക്‌റ്റെന്ന് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട അതിര്‍ത്തികള്‍, ദ്വീപ് സംസ്ഥാനങ്ങള്‍ എന്നിവയുടെ വേഗത്തിലുള്ള വികസനത്തിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഡിജിറ്റല്‍ ഇന്ത്യയിലൂടെ കൂടുതല്‍ അവസരങ്ങള്‍
അന്തര്‍വാഹിനി കേബിളുകള്‍ സ്ഥാപിച്ചത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന് ചെലവ് കുറഞ്ഞതും മികച്ചതുമായ കണക്റ്റിവിറ്റി ലഭിക്കുന്നതിനും ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ടെലി മെഡിസിന്‍, ഓണ്‍ലൈന്‍ വ്യാപാരം, വിനോദസഞ്ചാര വികസനം, ബാങ്കിംഗ് സംവിധാനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ഡിജിറ്റല്‍ ഇന്ത്യയുടെ ഗുണഫലങ്ങള്‍ ലഭിക്കുന്നതിനും കാരണമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പതിറ്റാണ്ടുകളായി ഇന്ത്യയുടെ വ്യാപാരത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് തന്ത്രപ്രധാന പങ്കാണുള്ളതെന്നും ഇന്ത്യയുടെ സാമ്പത്തിക സഹകരണത്തില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന് വലിയ പ്രധാന്യമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യാ-പസഫിക് പ്രദേശത്ത് ഭാവിയില്‍ നടക്കുന്ന ഇന്ത്യയുടെ എല്ലാ വ്യാപാര ഇടപാടുകള്‍ക്കും രാജ്യത്തെ ദ്വീപുകള്‍ക്ക് നിര്‍ണായക പങ്കാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്റ്റ് ഈസ്റ്റ് നയത്തിന് കീഴില്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളും കടല്‍മാര്‍ഗം ബന്ധപ്പെടുന്ന മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ ബന്ധത്തില്‍ ആന്‍മാന്‍ നിക്കോബാര്‍ ദ്വീപിന്റെ പങ്ക് വലുതായിരിക്കുമെന്നും അത് ഭാവിയില്‍ വര്‍ധിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഇക്കാര്യത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മൂന്ന് വര്‍ഷം മുമ്പ് ദ്വീപ് വികസന ഏജന്‍സി രൂപീകരിച്ചു. ആന്‍ഡമാന്‍ നിക്കോബാറില്‍ വര്‍ഷങ്ങളായി പൂര്‍ത്തിയാകാതെ കിടന്ന പദ്ധതികളെല്ലാം ഇപ്പോള്‍ അതിവേഗം പൂര്‍ത്തിയാകുന്നതായും പ്രധാനന്ത്രി പറഞ്ഞു.
മികച്ച ഫലം നല്‍കുന്ന പദ്ധതികളും മികച്ച കര-വ്യോമ-ജലപാതകളും
ആന്‍ഡമാന്‍ നിക്കോബാറിലെ 12 ദ്വീപുകളില്‍ മികച്ച ഫലം നല്‍കുന്ന പദ്ധതികള്‍ വ്യാപിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച ഇന്റര്‍നെറ്റ്, മൊബൈല്‍ കണക്റ്റിവിറ്റി എന്നിവയ്ക്കു പുറമേ കര-വ്യോമ-ജലപാതകളിലൂടെ യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വടക്ക്-മധ്യ ആന്‍ഡമാനില്‍ റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി നടത്തുന്ന രണ്ട് പ്രധാന പാലങ്ങളുടെയും എന്‍എച്ച് 4-ന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു.
1200 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും വിധം പോര്‍ട്ട് ബ്ലെയര്‍ വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ദിഗ്ലീപുര്‍, കാര്‍ നിക്കോബാര്‍, ക്യാമ്പ്‌ബെല്‍ - ബേ എന്നിവിടങ്ങളിലെയും വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനസജ്ജമാണ്.
സ്വരാജ് ദ്വീപ്, ഷഹീദ് ദ്വീപ്, ലോങ് ഐലന്‍ഡ് എന്നിവിടങ്ങളിലെ പാസഞ്ചര്‍ ടെര്‍മിനലും ഫ്ളോട്ടിങ് ജെട്ടി പോലുള്ള വാട്ടര്‍ എയ്റോഡ്രോം ഇന്‍ഫ്രാസ്ട്രക്ചറും വരും മാസങ്ങളില്‍ തയ്യാറാകുമെന്ന് ശ്രീ മോദി പറഞ്ഞു. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിക്കുന്ന നാലു കപ്പലുകള്‍ ദ്വീപുകളും പ്രധാന ഭൂപ്രദേശവുമായുള്ള ജലഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഉടന്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖ വികസനം
ലോകത്തെ പല തുറമുഖങ്ങളോടും മത്സരിക്കത്തക്ക അകലത്തിലായതിനാല്‍ ആന്‍ഡമാന്‍ നിക്കോബാറിനെ തുറമുഖ വികസനത്തിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച തുറമുഖ ശൃംഖലയും അവയിലേയ്ക്ക് എത്തിപ്പെടാന്‍ മാര്‍ഗവുമുള്ള രാജ്യത്തിന് 21-ാം നൂറ്റാണ്ടില്‍ വ്യാപാരത്തിന് ഊര്‍ജ്ജം പകരാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യമിന്ന് സ്വയംപര്യാപ്തതയെന്ന നിശ്ചയദാര്‍ഢ്യത്തില്‍ മുന്നോട്ടുപോകുകയും ആഗോള വിതരണ-മൂല്യ ശൃംഖലയിലെ പ്രധാന പങ്കാളിയായി മാറുകയും ചെയ്യുന്ന കാലഘട്ടത്തില്‍, നമ്മുടെ ജലപാതകളുടെയും തുറമുഖങ്ങളുടെയും ശൃംഖല ശക്തിപ്പെടുത്തേണ്ടത് പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. തുറമുഖ അടിസ്ഥാനസൗകര്യവികസനത്തിലെ നിയമപരമായ തടസ്സങ്ങളും പടിപടിയായി നീക്കം ചെയ്യുകയാണെന്നും ശ്രീ മോദി പറഞ്ഞു.
കടല്‍മേഖലയിലൂടെയുള്ള അന്താരാഷ്ട്ര വ്യാപാരം
കടല്‍മേഖലയിലൂടെയുള്ള വ്യാപാര ഇടപാടുകള്‍ സുഗമമാക്കുന്നതിലും വിതരണശൃംഖല ലളിതമാക്കുന്നതിലും ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഴക്കടല്‍ ആഭ്യന്തര തുറമുഖത്തിന്റെ ദ്രുതഗതിയിലുള്ള നിര്‍മ്മാണത്തെക്കുറിച്ചും ഗ്രേറ്റ് നിക്കോബാറില്‍ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖം പതിനായിരം കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനുള്ള നിര്‍ദേശത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇതു വലിയ കപ്പലുകള്‍ക്കു നങ്കൂരമിടാന്‍ അവസരമൊരുക്കുമെന്നും പുതിയ തൊഴിലവസരങ്ങള്‍ക്കൊപ്പം സമുദ്രമേഖലാ വ്യാപാരത്തില്‍ ഇന്ത്യയുടെ പങ്കു വര്‍ധിപ്പിക്കുമെന്നും ശ്രീ മോദി പറഞ്ഞു.
ദ്വീപിലെ മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, സീവീഡ് കൃഷി എന്നിവയടക്കമുള്ള കടല്‍ സമ്പദ്വ്യവസ്ഥയെ (ബ്ലൂ എക്കണോമി) ആന്‍ഡമാന്‍ നിക്കോബാറില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ആന്‍ഡമാന്‍ നിക്കോബാറില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കുക മാത്രമല്ല, ലോക വിനോദസഞ്ചാര ഭൂപടത്തില്‍ സുപ്രധാന സ്ഥാനവും നല്‍കാന്‍ ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ക്കു കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
***
(Release ID: 1644833)
Visitor Counter : 243
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada