പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവില്‍ ഉദ്ഘാടന പ്രസംഗം നടത്തി പ്രധാനമന്ത്രി

Posted On: 07 AUG 2020 2:14PM by PIB Thiruvananthpuram



ദേശീയ വിദ്യാഭ്യാസ നയം നിലവിലേയും ഭാവിയിലേയും തലമുറകളെ ഭാവി സജ്ജരാക്കാന്‍: പ്രധാനമന്ത്രി

നയം പുതിയ ഇന്ത്യയുടെ തറക്കല്ലിട്ടു: പ്രധാനമന്ത്രി

ഇത് സമഗ്രമായ സമീപനത്തെ അടിസ്ഥനമാക്കി രൂപകല്‍പ്പന ചെയ്തത്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി, 07 ആഗസ്റ്റ് 2020


ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു.

കഴിഞ്ഞ 3-4 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കും ലക്ഷക്കണക്കിന് നിര്‍ദേശങ്ങള്‍ വിലയിരുത്തിയതിനും ശേഷമാണ് ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തുടനീളം ഇതിനെക്കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകളും സംവാദങ്ങളുമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ മൂല്യങ്ങളേയും ലക്ഷ്യങ്ങളേയും മുറുകെ പിടിച്ചുകൊണ്ട് ചെറുപ്പക്കാരുടെ ഭാവി മികച്ചതാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ നയം പുതിയൊരു ഇന്ത്യയുടെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ, രാജ്യത്തെ ശക്തിപ്പെടുത്താന്‍ യുവജനങ്ങള്‍ക്ക് വേണ്ട വിദ്യാഭ്യാസത്തിന്റെയും നൈപുണ്യത്തിന്റെയും അടിത്തറ പാകി.  ഇന്ത്യന്‍ പൗരന്മാര്‍ക്കത് പരമാവധി തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുതകുന്ന വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക് പോകാനും പൗരന്‍മാരെ ശാക്തീകരിക്കാനും നയത്തിന് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡോക്ടറോ എഞ്ചിനിയറോ അഭിഭാഷകനോ ആകാന്‍ മാത്രം ശ്രമിക്കുന്ന വിദ്യാഭ്യാസ രീതിയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവിടെ മാറ്റമില്ലാതെ നിലനിന്നത്. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളോ കഴിവോ ആവശ്യങ്ങളോ പരിഗണിക്കപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ലക്ഷ്യങ്ങളോ തത്വശാസ്ത്രമോ അഭിവാഞ്ഛയോ ഇല്ലാതിരിക്കുമ്പോള്‍ എങ്ങനെ നവീന ചിന്തയും വിമര്‍ശനാത്മക സമീപനവും സാധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു.

നമ്മുടെ എല്ലാ സത്തയോടും കൂടി ജീവിതങ്ങളെ ഐക്യത്തിലാക്കുന്നതിന് ലക്ഷ്യമിടുന്ന ഗുരു രബീന്ദ്രനാഥിന്റെ ആശയങ്ങളും ദേശീയ വിദ്യാഭ്യാസ നയം കടം കൊണ്ടിട്ടുള്ളതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ന് രാജ്യം ആവശ്യപ്പെടുന്ന വിദ്യാഭ്യാസ മേഖലയിലെ സമഗ്രമായ സമീപനം ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിജയകരകമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് പ്രധാനപ്പെട്ട ചോദ്യങ്ങള്‍ മനസില്‍വച്ചുകൊണ്ടാണ് വിദ്യാഭ്യാസ നയത്തെക്കുറിച്ച് ചിന്തിച്ചത്: നമ്മുടെ വിദ്യാഭ്യാസ നയം യുവജനങ്ങളെ സൃഷ്ടിപരവും ജീവിതത്തോട് ഉത്തരവാദിത്തമുള്ളവരുമാക്കി തീര്‍ക്കുന്നതാണോ? രാജ്യത്ത് ശക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന് യുവാക്കളെ ശാക്തീകരിക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാന്‍ കഴിയുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്നതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.

കാലത്തിനനുസരിച്ച് ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം മാറണം. പുതിയ ഘടനയിലുള്ള 5+3+3+4 കരിക്കുലം ഈ ദിശയിലുള്ള മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നതെന്നും മോദി പറഞ്ഞു. നമ്മുടെ അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട് വിദ്യാര്‍ത്ഥികള്‍ ആഗോള പൗരന്‍മാരായി മാറുന്നുവെന്ന് നമ്മള്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

'എങ്ങനെ ചിന്തിക്കണം' എന്നതിനെക്കുറിച്ച് പുതിയ നയം പഠിപ്പിക്കുന്നുണ്ട്. അന്വേഷണാടിസ്ഥാന, ചര്‍ച്ചാടിസ്ഥാന, വിശകലനാടിസ്ഥാന പഠന രീതികള്‍ വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ കൂടുതല്‍ പങ്കാളിത്തമുള്ളവരും കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കുന്നവരുമാക്കി മാറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓരോ വിദ്യാര്‍ത്ഥിയും അഭിവാഞ്ഛയുള്ളവരായി മാറണം. നമ്മളില്‍ പലരും പലപ്പോഴും ഒരു ജോലിയില്‍ പ്രവേശിച്ച് കഴിയുമ്പോഴാണ് പഠിച്ച കാര്യങ്ങളൊന്നും ആ ജോലിക്ക് പ്രയോജനപ്പെടുന്നില്ലല്ലോ എന്ന കാര്യം മനസിലാക്കുന്നത്. പല വിദ്യാര്‍ത്ഥികളും  കോഴ്‌സുകള്‍ ഉപേക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികളുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഒന്നിലധികം എന്‍ട്രി, എക്‌സിറ്റ് അവസരങ്ങള്‍ പുതിയ വിദ്യാഭ്യാസ നയത്തിലുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആവശ്യമെന്ന് തോന്നിയാല്‍ കോഴ്‌സ് ഇടയ്ക്ക് വെച്ച് നിര്‍ത്താനും പിന്നീട് പുനരാംരംഭിക്കാനും അവസരം നല്‍കുന്ന ക്രെഡിറ്റ് ബാങ്കിങ് സംവിധാനം നയത്തിലുണ്ടാകും. ഒരു വ്യക്തിക്ക് പുനര്‍നൈപുണ്യം നേടാനും മെച്ചപ്പെടുത്താനും അവസരം നല്‍കുന്ന കാലഘട്ടത്തിലേക്കാണ് നാം മുന്നേറുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഏത് രാജ്യത്തിന്റെയും വികസനത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും അന്തസ് കാത്തുസൂക്ഷിക്കുക എന്നത് പ്രധാനമാണ്. അതിനാല്‍ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അതിനുള്ള ശ്രദ്ധയും തൊഴിലാളികളുടെ അന്തസ് സംരക്ഷിക്കുന്നതിനുള്ള കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതിഭ- സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങള്‍ക്കുമുള്ള ഉത്തരം ലോകത്തിനു മുമ്പില്‍ ഇന്ത്യക്കുണ്ട്. സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയ നിരവധി കോഴ്സുകളും ഉള്ളടക്കവും വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ ഉത്തരവാദിത്തം ദേശീയ വിദ്യാഭ്യാസ നയം ഏറ്റെടുത്തിട്ടുണ്ട്. ലാബ് പരീക്ഷണം ആവശ്യമുള്ളതും, നിരവധിപ്പേര്‍ മുമ്പ് കേട്ടിട്ടില്ലാത്തത് കൂടിയായ, വിര്‍ച്ച്വല്‍ ലാബുകള്‍ നടപ്പില്‍ വരുന്നതോടെ ലക്ഷക്കണക്കിനാളുകളുടെ സ്വപ്നം പൂവണിയും. വിദ്യാഭ്യാസവും ഗവേഷണവും തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം പ്രധാന പങ്ക് വഹിക്കാനൊരുങ്ങുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും പരിഷ്‌കരണങ്ങള്‍ പ്രതിഫലിക്കുമ്പോള്‍ മാത്രമേ ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായും വേഗത്തിലും നടപ്പിലാക്കാന്‍ കഴിയൂ. പരിഷ്‌കരണത്തിന്റേയും സ്വാംശീകരണത്തിന്റേയും മൂല്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണു കാലഘട്ടത്തിന്റെ ആവശ്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി അവ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ആരംഭിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

സ്വയംഭരണം ലഭിക്കുന്നതിലൂടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍  ശാക്തികരിക്കപ്പെടേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്വയംഭരണത്തെക്കുറിച്ച് രണ്ടുതരത്തിലുള്ള വാദങ്ങളുണ്ട്. എല്ലാക്കാര്യങ്ങളും കര്‍ശനമായി ഗവണ്‍മെന്റ് നിയന്ത്രണത്തില്‍ നടക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും സ്വതവേ സ്വയംഭരണം ലഭിക്കണമെന്നാണു മറുവാദം. ആദ്യത്തെ അഭിപ്രായം ഗവണ്മെന്റിതര സ്ഥാപനങ്ങളിലുള്ള അവിശ്വാസം കൊണ്ട് രൂപപ്പെട്ടതാണെങ്കില്‍ രണ്ടാമത്തെ വാദം സ്വയംഭരണം എന്നതിനെ ഒരു അവകാശമായി കരുതുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സാഹചര്യം ഈ രണ്ട് വാദങ്ങള്‍ക്കുമിടയില്‍ എവിടെയോ നിലകൊള്ളുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിനായി കഠിന ശ്രമം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കേണ്ടതുണ്ട്. ഇത് ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയും ഓരോരുത്തര്‍ക്കും വളരാനുള്ള കൂടുതല്‍ അവസരം നല്‍കുകയും ചെയ്യും. ദേശീയ വിദ്യാഭ്യാസ നയം കൂടുതല്‍ പേരിലെത്തുന്ന മുറയ്ക്ക് കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം ലഭിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

'വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കഴിവും പ്രാഗല്‍ഭ്യവുമുള്ള നല്ല മനുഷ്യരെ വാര്‍ത്തെടുക്കുകയാണ്. പരിജ്ഞാനമുള്ള മനുഷ്യരെ സൃഷ്ടിക്കാന്‍ അധ്യാപകര്‍ക്ക് കഴിയും'- മുന്‍ രാഷ്ട്രപതി ഡോ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ പ്രധാനമന്ത്രി ഉദ്ധരിച്ചു

അധ്യാപകര്‍ക്ക് മികച്ച പ്രൊഫഷണലുകളേയും നല്ല പൗരന്മാരേയും വാര്‍ത്തെടുക്കാനുതകുന്ന അധ്യാപന സംവിധാനമാണു പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്. അധ്യാപകര്‍ക്ക് നിരന്തരം അവരുടെ കഴിവുകള്‍ തേച്ചുമിനുക്കുന്നതിനു കൂടുതല്‍ ശ്രദ്ധ നല്‍കുന്നതാണു പുതിയ നയം.

വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനു നിശ്ചയദാര്‍ഢ്യത്തോടെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോടാവശ്യപ്പെട്ടു. സര്‍വ്വകലാശാലകള്‍, കോളേജുകള്‍, സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുകള്‍, സംസ്ഥാനങ്ങള്‍ തുടങ്ങിയവരുമായി ഇക്കാര്യത്തില്‍ ഇപ്പോള്‍ മുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വെബിനാറിലൂടെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാക്കി നിലനിര്‍ത്തണം. ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പില്‍ വരുത്താന്‍ മികച്ച നിര്‍ദ്ദേശങ്ങളും ഫലപ്രദമായ പരിഹാരങ്ങളും കോണ്‍ക്ലേവില്‍ ഉയര്‍ന്നു വരുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.



(Release ID: 1644159) Visitor Counter : 193