ഉപരാഷ്ട്രപതിയുടെ കാര്യാലയം

കുടുംബസങ്കൽപ്പത്തിനും മൂല്യങ്ങൾക്കും നൽകുന്ന പ്രാധാന്യമാണ്  ഇന്ത്യൻ സംസ്കാരത്തിന്റെ സവിശേഷതയെന്ന്  ഉപരാഷ്ട്രപതി

Posted On: 03 AUG 2020 1:26PM by PIB Thiruvananthpuram



കുടുംബ സങ്കൽപ്പത്തിനും മൂല്യങ്ങൾക്കും നല്‌കുന്ന പ്രാധാന്യമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ സവിശേഷതയെന്നും, ഈ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഉത്സവങ്ങൾ  സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു പറഞ്ഞു.

എല്ലാ സഹോദരി സഹോദരന്മാർക്കും  ഏറെ പ്രതേകതയുള്ള സവിശേഷമായ ദിനമാണിതെന്നും രക്ഷാ ബന്ധനോടനുബന്ധിച്ച് ഉപരാഷ്ട്രപതി  ഫേസ്ബുക്കിൽ  കുറിച്ചു. സഹോദരങ്ങൾ തമ്മിലുള്ള ബന്ധം പുതുക്കാനും ആഹ്‌ളാദം പങ്കിടാനുമുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിഹാസങ്ങൾ, നാടോടി കഥകൾ, സാമൂഹിക ആചാരങ്ങൾ, ഉത്സവങ്ങൾ എന്നിവയിലൂടെ യുഗങ്ങളായി ഈ കുടുംബമൂല്യങ്ങൾ സംരക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്ന് രാമായണത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു, . ഇന്ത്യയുടെ ലോകപ്രശസ്ത കൂട്ടു കുടുംബ സംവിധാനം മൂല്യങ്ങളുടെയും വിവേകത്തിന്റെയും തലമുറകളിലേക്കുള്ള  കൈമാറ്റം ഉറപ്പാക്കുക മാത്രമല്ല, അംഗങ്ങൾക്ക് സാമൂഹിക സുരക്ഷിതത്വവും  പ്രദാനം  ചെയ്യുന്നു.

ഇന്ത്യയും ലോകവും  കൊറോണ മഹാമാരിക്കെതിരെ പോരാടുന്ന  സമയത്താണ് ഈ വർഷത്തെ രക്ഷാ ബന്ധൻ  സമാഗതമായിരിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. മഹാമാരിയുടെ പശ്ചാത്തലത്തിൽ കുടുംബ സംഗമങ്ങളും സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രിയപ്പെട്ടവരുടെ ജീവൻ  സംരക്ഷിക്കുന്നതിനും വൈറസിനെ പരാജയപ്പെടുത്തുന്നതിനും കുടുംബപരവും  സാമൂഹികവുമായ ഒത്തുചേരലുകൾ ഒഴിവാക്കേണ്ടതുണ്ട്. മഹാമാരിയെ പരാജയപ്പെടുത്താൻ ജാഗ്രതയോടെ പ്രവർത്തിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.  

 

****



(Release ID: 1643183) Visitor Counter : 172