ന്യൂനപക്ഷകാര്യ മന്ത്രാലയം

ന്യൂഡൽഹിയിലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ കാര്യാലയത്തിൽ മുസ്ലിം വനിതാ അവകാശ ദിനാചരണം സംഘടിപ്പിച്ചു

Posted On: 31 JUL 2020 2:45PM by PIB Thiruvananthpuram



രാഷ്ട്രീയ ചൂഷണത്തിനല്ല, രാഷ്ട്രീയ ശാക്തീകരണത്തിനാണു ഭരണകൂടം പ്രതിജ്ഞാബദ്ധമായിരിക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി.

മുസ്ലിം വനിത അവകാശ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ഇസ്ലാം മത വിശ്വാസികളായ വനിതകളുമായി വിർച്വൽ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്ര നിയമമന്ത്രി ശ്രീ രവിശങ്കർ പ്രസാദ്, വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

മുത്തലാഖ് എന്ന സാമൂഹിക തിന്മയിൽ നിന്നും മുസ്ലിം വനിതകളെ സ്വതന്ത്രരാക്കിയ ദിനമാണ് ഓഗസ്റ്റ് ഒന്ന് എന്ന് ശ്രീ നഖ്വി അഭിപ്രായപ്പെട്ടു. ദിനത്തെ രാജ്യത്തിന്റെ ചരിത്രത്തിൽ മുസ്ലിം വനിതാ അവകാശ ദിനമായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലിംഗസമത്വം ഉറപ്പാക്കുന്നതിന് പുറമേ മുത്തലാഖ് പോലെയുള്ള ഒരു സാമൂഹിക തിന്മയ്ക്കെതിരെ നിയമം കൊണ്ടുവന്നതിലൂടെ രാജ്യത്തെ മുസ്ലിം വനിതകൾക്ക് ഭരണഘടനാപരവും, ജനാധിപത്യപരവുമായ അവകാശങ്ങൾ കേന്ദ്രസർക്കാർ ഉറപ്പാക്കി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുത്തലാഖിനെതിരായ നിയമം പ്രാബല്യത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ മുത്തലാഖ് കേസുകളിൽ 82 ശതമാനം കുറവ് ഉണ്ടായിട്ടുള്ളതായി ശ്രീ നഖ്വി ഓർമിപ്പിച്ചു

മുസ്ലിം വനിതകൾക്കിടയിൽ ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി ശ്രീ രവിശങ്കർ പ്രസാദ് ഉറപ്പുനൽകി.

രാജ്യത്തെ ദശലക്ഷക്കണക്കിന് മുസ്ലിം വനിതകളുടെ വിജയമായ മുത്തലാഖ് നിയമം "സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്" എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് എന്ന് ശ്രീമതി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 50,000ത്തോളം മുസ്ലിം വനിതകളുമായി കേന്ദ്രമന്ത്രിമാർ ആശയവിനിമയം നടത്തി.

***

 

****


(Release ID: 1642582) Visitor Counter : 260