റെയില്‍വേ മന്ത്രാലയം

കോവിഡ് 19: സുരക്ഷിത യാത്രയ്ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ കോച്ചുകള്‍ നിര്‍മിച്ചു.

Posted On: 14 JUL 2020 2:26PM by PIB Thiruvananthpuram

 

 

നേരിട്ട് സ്പര്‍ശിക്കേണ്ടാത്ത വിധത്തിലുള്ള സൗകര്യങ്ങള്‍, ചെമ്പ് പൂശിയ കൈപ്പിടികള്‍, വായു ശുദ്ധീകരണത്തിനായി പ്ലാസ്മാ സംവിധാനം, ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പൂശിയ ഉള്‍വശം എന്നിവയാണ് കപൂര്‍ത്തല കോച്ച് ഫാക്ടറി, നിര്‍മിച്ച പുതിയ കോച്ചിന്റെ സവിശേഷതകള്‍

 

കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കപൂര്‍ത്തലയിലെ റെയില്‍വേകോച്ച് ഫാക്ടറി, സുരക്ഷിത യാത്രയ്ക്കായി ഒരു പുതിയ കോച്ചിന് രൂപകല്‍പ്പന നല്‍കി. കൈകള്‍ ഉപയോഗിക്കേണ്ടാത്ത വിധത്തിലുള്ള സൗകര്യങ്ങള്‍, ചെമ്പ് പൂശിയ കൈപ്പിടികളും, കൊളുത്തുകളും, വായു ശുദ്ധീകരണത്തിനായി പ്ലാസ്മാ സംവിധാനം, ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പൂശിയ ഉള്‍വശം എന്നിവയാണ് കോവിഡ് മുക്ത സുരക്ഷിത യാത്രയ്ക്കായി കോച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാല്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ടാപ്പുകള്‍, സോപ്പ് ഡിസ്‌പെന്‍സര്‍, കാല്‍കൊണ്ട് തുറക്കാവുന്ന പുറത്തേയ്ക്കുള്ള വാതില്‍, വാതില്‍ കൊളുത്തുകള്‍, ഫ്‌ളഷ് വാല്‍വ്, വാഷ് ബേസിന്‍, കൈമുട്ട് കൊണ്ട് തുറക്കാവുന്ന വാതില്‍പ്പിടി എന്നിവയാണ് കൈ നേരിട്ട് സ്പര്‍ശിക്കാതെ ഉപയോഗിക്കാവുന്ന സൗകര്യങ്ങള്‍. ചെമ്പ് പ്രതലത്തില്‍ വൈറസിന് അധിക സമയം പ്രവര്‍ത്തന ക്ഷമമായി നില്‍ക്കാനാവില്ലെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ കൈപ്പിടികള്‍, കൊളുത്തുകള്‍ എന്നിവയില്‍ ചെമ്പ് പൂശി. എ.സി. കോച്ചുകളുടെ ഉള്‍വശത്തുള്ള വായു ശുദ്ധീകരണത്തിന് എ.സി. ഡക്ട് വാല്‍വുകളില്‍ പ്ലാസ്മ സംവിധാനം ഏര്‍പ്പെടുത്തി. അയോണീകൃത വായു കടത്തിവിട്ട്, കോച്ചിന്റെ ഉള്‍ഭാഗത്തുള്ള വായുവിനെ അണുവിമുക്തമാക്കുകയാണ് ലക്ഷ്യം. വായുവിന്റെ അയോണ്‍ ഗാഢത ഘനസെന്റീമീറ്ററിന് 100 എന്നതില്‍ നിന്ന് 6000 ആക്കി ഉയര്‍ത്താനും ഇതിലൂടെ സാധിക്കും. കോച്ചിന്റെ ഉള്‍ഭാഗത്ത് ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പൂശി എന്നതാണ് മറ്റൊരു പ്രത്യേകത.  ടൈറ്റാനിയം ഡൈ ഓക്‌സൈഡ് കവചം, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ നശിപ്പിക്കുകയും വായു ശുദ്ധമാക്കുകയും ചെയ്യും. വിഷരഹിതമായ ഈ പദാര്‍ത്ഥം, അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളതും മനുഷ്യര്‍ക്ക് ഹാനികരമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതുമാണ്. വാഷ്‌ബേസിനുകള്‍, വാതിലുകള്‍, സീറ്റ്, ബര്‍ത്ത്, സ്‌നാക്ക് ടേബിള്‍, ഗ്ലാസ് ജനല്‍, തറ തുടങ്ങി, മനുഷ്യ സ്പര്‍ശമുണ്ടായേക്കാവുന്ന എല്ലാ പ്രതലത്തിലും ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പൂശിയിട്ടുണ്ട്.  12 മാസം വരെ സംരക്ഷണം നൽകാൻ ഇതിനാകും


(Release ID: 1638574) Visitor Counter : 271