നിതി ആയോഗ്‌

ഐക്യരാഷ്ട്രസഭയുടെ ഉന്നതതല രാഷ്ട്രീയ സമ്മേളനത്തിൽ ഇന്ത്യയുടെ രണ്ടാമത് സന്നദ്ധ ദേശീയ അവലോകന റിപ്പോർട്ട് നിതി ആയോഗ് അവതരിപ്പിച്ചു 

Posted On: 13 JUL 2020 11:14AM by PIB Thiruvananthpuram

സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ ഉന്നതതല രാഷ്ട്രീയ സമ്മേളനത്തിൽ(HLPF) ഇന്ത്യയുടെ രണ്ടാമത് സന്നദ്ധ ദേശീയ അവലോകന റിപ്പോർട്ട് (VNR) നിതി ആയോഗ് അവതരിപ്പിച്ചു. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട (SDG) 17 ലക്ഷ്യങ്ങളിൽ ലോകരാജ്യങ്ങൾ കൈവരിക്കുന്ന നേട്ടവും അതുമായി ബന്ധപ്പെട്ട് അവർ നടത്തുന്ന പ്രവർത്തനങ്ങളും തുടർച്ചയായി നിരീക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര പരമോന്നത വേദിയാണ് HLPF.

നിതി ആയോഗ് ഉപാധ്യക്ഷൻ ഡോ രാജീവ് കുമാറാണ് VNR അവതരിപ്പിച്ചത്. ''നടപടികളുടെ ഒരു ദശാബ്ദം; സുസ്ഥിര വികസന ലക്ഷ്യങ്ങൾ ആഗോള തലത്തിൽ നിന്നും പ്രാദേശിക തലത്തിലേക്ക്'' എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയുടെ VNR 2020 റിപ്പോർട്ട്, നിതി ആയോഗ് ഉപാധ്യക്ഷൻ ഡോ രാജീവ് കുമാർ, നിതി ആയോഗ് അംഗം ഡോ വി. കെ. പോൾ, നിതി ആയോഗ് സി ഇ ഒ ശ്രീ അമിതാബ് കാന്ത്, സുസ്ഥിര വികസന ലക്ഷ്യങ്ങളെപ്പറ്റിയുള്ള നീതി ആയോഗ് ഉപദേശക ശ്രീമതി സന്യുക്ത സമദ്ധർ എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ HLPF പൂർണ്ണമായും വിർച്വൽ രീതിയിലാണ് സംഘടിപ്പിക്കുന്നത്. 47 അംഗ രാജ്യങ്ങൾ തങ്ങളുടെ VNR കൾ ജൂലൈ 10 നും 16 നും ഇടയിലായി സമർപ്പിക്കും.  

ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക സമിതിയുടെ (ECOSOC) സഹായത്തോടെ എല്ലാവർഷവും ജൂലൈ മാസത്തിലെ 8 ദിവസമാണ് HLPF സമ്മേളിക്കുക. ഈ അവസരത്തിൽ അംഗരാജ്യങ്ങൾ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, അതിന്റെ ഭാഗമായ 2030 അജണ്ട എന്നിവയുമായി ബന്ധപ്പെട്ടു അവർ നടത്തുന്ന പ്രവർത്തനങ്ങളുടെയും അവയുടെ പുരോഗതിയുടെയും വിശകലനത്തിനായി ഉപയോഗിച്ച് വരുന്നു. ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സ്വയമേ നടത്തുന്ന ഇത്തരം വിശകലനങ്ങൾ, അംഗരാജ്യങ്ങൾക്ക് തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. 2017 ലാണ് നിതി ആയോഗ് ഇന്ത്യയുടെ ആദ്യ VNR തയ്യാറാക്കി സമർപ്പിക്കുന്നത്. 

ബഹുമുഖതലങ്ങളിലെ ദാരിദ്ര്യം കുറയ്ക്കൽ, ഭക്ഷ്യസുരക്ഷ, സാർവത്രിക വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കൽ, വൈദ്യുതി, ശുദ്ധ പാചക ഇന്ധനം, ശുചിത്വം എന്നിവ എല്ലാവര്ക്കും ലഭ്യമാക്കൽ, എന്നീ മേഖലകളിൽ ഇന്ത്യ കൈവരിച്ച അത്ഭുതാവഹമായ പുരോഗതി, ഡോ രാജീവ് കുമാർ എടുത്തുപറഞ്ഞു. അഞ്ഞൂറ് ദശലക്ഷം പൗരന്മാരെ ഉൾക്കൊള്ളിച്ചുകൊണ്ട് നടപ്പാക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് രാജ്യം നേതൃത്വം നൽകുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, "സമൂഹത്തെ മുഴുവനായി" ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു രീതിയാണ് ഇക്കൊല്ലത്തെ VNRൽ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രാദേശിക ഭരണകൂടങ്ങൾ, പൗരസമിതികൾ, പ്രാദേശിക സമൂഹങ്ങൾ, ദുർബല സാഹചര്യങ്ങളിൽപ്പെട്ട ആളുകൾ, സ്വകാര്യമേഖല എന്നിവരുമായും നിതി ആയോഗ് ആശയവിനിമയം നടത്തിയിരുന്നു.

ഇന്ത്യയുടെ VNR റിപ്പോർട്ടിലേക്കുള്ള ലിങ്ക്:

1. https://sustainabledevelopment.un.org/content/documents/26281VNR_2020_India_Report.pdf

2. http://niti.gov.in/un-high-level-political-forum

****



(Release ID: 1638301) Visitor Counter : 209