രാജ്യരക്ഷാ മന്ത്രാലയം

ജമ്മുകാശ്മീരിലെ ആറ് തന്ത്രപ്രധാന പാലങ്ങളുടെ ഉദ്ഘാടനം രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്  വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു

Posted On: 09 JUL 2020 12:21PM by PIB Thiruvananthpuram


രാജ്യത്തെ അതിര്‍ത്തി പ്രദേശങ്ങളുമായി റോഡുകളും, പാലങ്ങളും വഴിയുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ച് കൊണ്ട്, ജമ്മു കാശ്മീരില്‍ ആറ് പ്രധാന പാലങ്ങളുടെ ഉദ്ഘാടനം രാജ്യരക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയോടും നിയന്ത്രണ രേഖയോടും ചേര്‍ന്നുള്ള തന്ത്രപ്രധാനമായ ആറ് പാലങ്ങളാണ് ശ്രീ രാജ്‌നാഥ് സിംഗ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, റെക്കോര്‍ഡ് വേഗതയിലാണ് ഈ പാലങ്ങള്‍ നിര്‍മിച്ചത്.


ദുഷ്‌കരകമായ കാലാവസ്ഥയിലും ദുര്‍ഘടമായ പ്രദേശത്തും രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെട്ടിരിക്കുന്ന ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ എല്ലാ റാങ്കില്‍പ്പെട്ട അംഗങ്ങളെയും ശ്രീ. രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ജമ്മുകാശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ശ്രീ. രാജ്‌നാഥ് സിംഗ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ഈ മേഖലയിലെ നിര്‍മാണ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും, അവയുടെ യഥാസമയ നടത്തിപ്പിന് ആവശ്യമായ ധനസഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ബി.ആര്‍.ഒ., അതിര്‍ത്തി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി പാലങ്ങളും റോഡുകളും നിര്‍മിക്കുന്നത്, രാജ്യത്തെ ഉള്‍നാടന്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ തീരുമാനങ്ങളുടെ ഭാഗമായാണ്. അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകള്‍ നയതന്ത്രപരമായ ശക്തി നല്‍കുന്നതോടൊപ്പം ഉള്‍നാടന്‍ പ്രദേശങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. കരസേനയുടെ നയതന്ത്ര ആവശ്യങ്ങള്‍ക്കുവേണ്ടിയും ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട് വികസന പദ്ധതികള്‍ക്ക് വേണ്ടിയും റോഡുകളും പാലങ്ങളും ആവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ജമ്മു കാശ്മീരിലെ ജനങ്ങളുടെ സഹകരണത്തില്‍ നന്ദി രേഖപ്പെടുത്തിയ ശ്രീ. രാജ്‌നാഥ് സിംഗ്, റോഡുകളും, പാലങ്ങളും പ്രദേശത്ത് പുരോഗതി കൊണ്ടുവരുമെന്നും, ജമ്മുവില്‍ 1000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. 

നൂതന സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 4200 കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുകയും 2200 കിലോമീറ്ററില്‍ പാറകള്‍ നീക്കം ചെയ്യുകയും 5800 മീറ്ററില്‍ സ്ഥിരം പാലങ്ങള്‍ നിര്‍മിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.

ഇന്ന് ഉദ്ഘാടനം ചെയ്ത പാലങ്ങളില്‍ രണ്ടെണ്ണം കത്വ ജില്ലയിലെ തര്‍നാഹ് നല്ല പ്രദേശത്തും, നാലെണ്ണം ജമ്മു ജില്ലയിലെ അഖ്‌നൂര്‍ - പല്ലന്‍വാല റോഡിലുമാണ് സ്ഥിരി ചെയ്യുന്നത്. 30 മുതല്‍ 300 മീറ്റര്‍ വരെ നീളത്തിലുള്ള ഈ പാലങ്ങള്‍ 43 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ 'സമ്പര്‍ക്ക്' പദ്ധതിയുടെ ഭാഗമായാണ് പാലങ്ങള്‍ നിര്‍മിച്ചത്.

****


(Release ID: 1637531) Visitor Counter : 267