ധനകാര്യ മന്ത്രാലയം

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള അടിയന്തര ധനസഹായ പദ്ധതിക്കായി ലോക ബാങ്കും ഇന്ത്യാ ഗവൺമെന്റും 750 ദശലക്ഷം ഡോളറിന്റെ കരാർ ഒപ്പിട്ടു

Posted On: 06 JUL 2020 4:19PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂലൈ 06, 2020

കോവിഡ്-19 പ്രതിസന്ധി സാരമായി ബാധിച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) ധനലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള എം.എസ്.എം.ഇ എമർജൻസി റെസ്‌പോൺസ് പ്രോഗ്രാമിനായി ലോക ബാങ്കും ഇന്ത്യാ ഗവൺമെന്റും 750 മില്യൺ ഡോളർ കരാറിൽ ഒപ്പുവച്ചു.

നിലവിലെ പ്രതിസന്ധി സൃഷ്ടിച്ച ആഘാതം നേരിടാനും ദശലക്ഷക്കണക്കിന് തൊഴിലുകൾ സംരക്ഷിക്കാനും സഹായകമാവുന്ന തരത്തിൽ ലോകബാങ്കിന്റെ MSME എമർജൻസി റെസ്പോൺസ് പ്രോഗ്രാം 1.5 ദശലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അടിയന്തര മൂലധനവും വായ്പാ ലഭ്യതയും ഉറപ്പാക്കും.

ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ സമീർ കുമാർ ഖാരെയും ലോക ബാങ്കിനെ പ്രതിനിധീകരിച്ച് ഇന്ത്യ വിഭാഗം ഡയറക്ടർ ശ്രീ ജുനൈദ് അഹ്മദുമാണ് കരാർ ഒപ്പിട്ടത്.

പ്രതിസന്ധി ഘട്ടങ്ങളിൽ നിലനിൽപ്പിനായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വായ്പ നൽകുന്നത് തുടരാൻ പ്രേരിപ്പിക്കുന്നതിനും സർക്കാർ ഗ്യാരൻറി നൽകുന്നതിനും നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളെയും ബാങ്കുകളെയും പദ്ധതി സഹായിക്കുമെന്ന് ശ്രീ ഖാരെ പറഞ്ഞു.

ലോക ബാങ്കിന്റെ തന്നെ സ്വകാര്യമേഖലയിലുള്ള ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐ‌എഫ്‌സി) ഉൾപ്പെടെയുള്ള ലോക ബാങ്ക് ഗ്രൂപ്പ്, സൂക്ഷ്മ , ചെറുകിട, ഇടത്തരം സംരംഭക മേഖലയെ സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ സംരംഭങ്ങളെ ഇനിപ്പറയുന്ന തരത്തിൽ പിന്തുണയ്ക്കും:

* ധനലഭ്യത  ഉറപ്പു വരുത്തും

* നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളെയും ചെറുകിട ധനകാര്യ ബാങ്കിങ് സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തും.

* സാമ്പത്തികരംഗത്തെ നൂതന സംരംഭങ്ങളെ പിന്തുണയ്ക്കും 

ഇന്ത്യയുടെ കോവിഡ് -19 പ്രതോരോധത്തെ പിന്തുണയ്ക്കാൻ പുതിയ എം‌.എസ്‌.എം.‌ഇ. പദ്ധതി ഉൾപ്പെടെ ഇതു വരെ ലോക ബാങ്ക് 275 കോടി ഡോളർ പ്രതിജ്ഞ ചെയ്ത് കഴിഞ്ഞു.


(Release ID: 1636830) Visitor Counter : 285