രാഷ്ട്രപതിയുടെ കാര്യാലയം

ലോകമെമ്പാടുമുള്ള മനുഷ്യജീവിതങ്ങളെയും  സമ്പദ്‌വ്യവസ്ഥകളെയും മഹാമാരി ബാധിക്കുമ്പോൾ പ്രത്യാശയുടെ ദീപസ്തംഭമാണ്  ബുദ്ധസന്ദേശം എന്ന് രാഷ്‌ട്രപതി

Posted On: 04 JUL 2020 11:43AM by PIB Thiruvananthpuramന്യൂഡൽഹി , ജൂലൈ 04, 2020


ലോകമെമ്പാടുമുള്ള മനുഷ്യജീവിതങ്ങളെയും  സമ്പദ്‌വ്യവസ്ഥകളെയും മഹാമാരി ബാധിക്കുമ്പോൾ പ്രത്യാശയുടെ ദീപസ്തംഭമാണ്  ബുദ്ധസന്ദേശം എന്ന്  രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് പറഞ്ഞു. ധർമ്മ ചക്ര ദിനാചരണമായ ഇന്ന്  അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷൻ സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

 ആനന്ദം അനുഭവിക്കണമെങ്കിൽ  അത്യാഗ്രഹം, വിദ്വേഷം, അക്രമം, അസൂയ, മറ്റു ദുര്‍വാസനകൾ  എന്നിവ  വെടിയണമെന്ന്  ബുദ്ധൻ ജനങ്ങളെ  ഉപദേശിച്ചു. ബുദ്ധന്റെ ഉപദേശത്തിനു വിരുദ്ധമായി പഴയ അതേ അക്രമത്തിലും പ്രകൃതി നശീകരണത്തിലും മനുഷ്യരാശി   പശ്ചാതാപമില്ലാതെ ഏർപ്പെടുന്നതായാണ് കാണുന്നത്.   കൊറോണ വൈറസിന്റെ താണ്ഡവം  മന്ദഗതിയിലാകുന്ന നിമിഷം, അതിലും ഗുരുതരമായ കാലാവസ്ഥ വ്യതിയാനം പോലുള്ള വെല്ലുവിളികളാണ് നമ്മെ കാത്തിരിക്കുന്നതെന്നും  രാഷ്ട്രപതി  ഓർമ്മിപ്പിച്ചു.


ധർമ്മമെന്ന ആശയത്തിന്റെ  പ്രഭവസ്ഥാനം എന്ന നിലയിൽ  ഇന്ത്യ അഭിമാനിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. മഹത്തായ സത്യത്തിന്റെ പുതിയ പ്രകടീഭാവം എന്ന നിലക്കാണ്  നാം ബുദ്ധമതത്തെ കാണുന്നത്. ബുദ്ധന്റെ ജ്ഞാനോദയവും, നാലു പതിറ്റാണ്ടിലേറെ തുടർന്ന   അദ്ദേഹത്തിന്റെ  പ്രബോധനങ്ങളും ബൗദ്ധിക ഉല്‍പതിഷ്‌ണുത്വത്തെയും   ആത്മീയ വൈവിധ്യത്തെയും ബഹുമാനിക്കുന്ന ഇന്ത്യയുടെ പാരമ്പര്യത്തിന് അനുസൃതമായിരുന്നു.മഹാത്മാഗാന്ധി, ബാബാസാഹേബ് അംബേദ്കർ എന്നീ അതുല്യരായ   രണ്ട് മഹാന്മാർ  ബുദ്ധന്റെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആധുനിക ഇന്ത്യയുടെ വിധി രൂപപ്പെടുത്തി.

അവരുടെ കാലടികൾ  പിന്തുടർന്ന് ബുദ്ധന്റെ ആഹ്വാനം അനുസരിക്കാനും അദ്ദേഹം തെളിച്ച പാതയിലൂടെ  മുന്നേറാനും  രാഷ്ട്രപതി ആഹ്വാനം ചെയ്തു. ഹ്രസ്വ-ദീർഘ കാലയളവുകളിൽ  ലോകം കഷ്ടപ്പാടുകൾ നിറഞ്ഞതായി കാണപ്പെടുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളിൽ നിന്ന് രക്ഷപ്പെടാൻ ബുദ്ധനിൽ അഭയം തേടിയ രാജാക്കന്മാരുടെയും കടുത്ത മാനസിക തളർച്ച ബാധിച്ച സമ്പന്നരുടെയും കഥകൾ ധാരാളം ഉണ്ട്. ഈ അപൂർണ്ണ ലോകത്തിൽ  കഷ്ടപ്പാടുകളിൽ നിന്ന് വിടുതൽ കണ്ടെത്താമെന്ന് ബുദ്ധന്റെ ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു എന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി

രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂർണരൂപത്തിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://pibcms.nic.in/WriteReadData/userfiles/PIB%20Delhi/Speech-International%20Buddhist%20Confederation.pdf(Release ID: 1636348) Visitor Counter : 218