പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡന്റും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം
Posted On:
02 JUL 2020 3:11PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബഹുമാനപ്പെട്ട റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഇന്ന് (ജൂലൈ 2ന്) ടെലിഫോണില്‍ ചര്‍ച്ച നടത്തി.
രണ്ടാം ലോക മഹായുദ്ധം ജയിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനെ പ്രധാനമന്ത്രി ഊഷ്മളമായി അഭിനന്ദിച്ചു. റഷ്യയിലെ ഭരണഘടനാ ഭേദഗതികളിലുള്ള വോട്ടെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിനും പ്രസിഡന്റ് പുടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇന്ത്യയിലെയും റഷ്യയിലെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായി 2020 ജൂണ്‍ 24ന് മോസ്‌കോയില്‍ നടന്ന സൈനിക പരേഡില്‍ ഇന്ത്യന്‍ സംഘം പങ്കെടുത്ത കാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു.
കോവിഡ് - 19 മഹാമാരി സൃഷ്ടിച്ച പ്രതികൂല പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും സ്വീകരിച്ച ഫലപ്രദമായ നടപടികള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു. കോവിഡിനുശേഷമുള്ള ലോകം നേരിടുന്ന വെല്ലുവിളികളെ സംയുക്തമായി അഭിമുഖീകരിക്കുന്നതിനായി ഇന്ത്യ-റഷ്യ ബന്ധം ദൃഢമാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും നേതാക്കള്‍ ധാരണയിലെത്തി.
ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കു മുന്നോടിയായി ഉഭയകക്ഷി ബന്ധത്തിന്റെയും കൂടിയാലോചനകളുടെയും ഗതിവേഗം നിലനിര്‍ത്താനും ഇരു നേതാക്കളും തീരുമാനിച്ചു. ഉഭയകക്ഷി ഉച്ചകോടിക്കായി പ്രസിഡന്റ് പുടിന്‍ ഇന്ത്യയില്‍ എത്തണമെന്നുള്ള ആഗ്രഹവും പ്രധാനമന്ത്രി അറിയിച്ചു.
ടെലിഫോണ്‍ സംഭാഷണത്തിന് പ്രസിഡന്റ് പുടിന്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. എല്ലാ മേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും സവിശേഷവും നയപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.
***
(Release ID: 1635896)
Visitor Counter : 264
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada