ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍

Posted On: 21 JUN 2020 4:58PM by PIB Thiruvananthpuram

 

 

'ചെയ്സിങ് ദ വൈറസ്': ധാരാവിയില്‍ കോവിഡിനെ 

ഫലപ്രദമായി നേരിട്ടതിങ്ങനെ


ന്യൂഡല്‍ഹി, 21 ജൂണ്‍ 2020

രാജ്യം മുഴുവന്‍ കോവിഡിനെതിരായ പോരാട്ടം നടത്തുമ്പോള്‍ വൈറസ് വ്യാപനം തടയാനായി മുംബൈ ധാരാവിയില്‍ 'ചെയ്സിങ് ദ് വൈറസ്' പദ്ധതി വിജയകരമായി നടപ്പാക്കുന്നു. ഇതിലൂടെ വൈറസ് വ്യാപനം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു ചതുരശ്ര കിലോമീറ്ററില്‍  2,27,136 പേര്‍ തിങ്ങിപ്പാര്‍ക്കുന്ന മുംബൈയിലെ ധാരാവിയില്‍ ഏപ്രിലില്‍ 491 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 12 ശതമാനമായിരുന്നു കോവിഡ് വ്യാപനത്തോത്. രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 18 ദിവസം എന്ന നിരക്കിലുമായിരുന്നു. എന്നാല്‍, പദ്ധതിയുടെ ഫലമായി കോവിഡ് വ്യാപന നിരക്ക് മെയ് മാസത്തില്‍ 4.3 ശതമാനമായും ജൂണില്‍ 1.02 ശതമാനമായും കുറയ്ക്കാന്‍ കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നത് മെയ് മാസം 43 ഉം ജൂണില്‍ 78 ഉം ദിവസമായി മാറ്റാന്‍ കഴിഞ്ഞു.

ബൃഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനു (ബിഎംസി) കീഴില്‍ നടപ്പിലാക്കിയ വൈറസ് പ്രതിരോധ പദ്ധതിയില്‍ രോഗസാദ്ധ്യതയുള്ളവരെ കണ്ടെത്താനും നിരീക്ഷണത്തില്‍ വയ്ക്കാനും രോഗബാധിതര്‍ക്ക് ശരിയായ ചികിത്സ നല്‍കാനും സാധിച്ചതിലൂടെയാണു കോവിഡ് രോഗനിരക്ക് ഗണ്യമായി കുറയ്ക്കാനായത്. ജനസാന്ദ്രത കൂടിയ ധാരാവിയില്‍ 80 ശതമാനം പേരും പൊതു കക്കൂസുകള്‍ ഉപയോഗിക്കുന്നതടക്കം നിരവധി പ്രതിസന്ധികളാണു ബിഎംസി അഭിമുഖീകരിച്ചത്. ട്രെയ്സിംഗ്, ട്രാക്കിംഗ്,  ടെസ്റ്റിംഗ്, ട്രീറ്റിംഗ് എന്നീ നാലു 'ടി'കളിലൂടെയാണു ബിഎംസി പ്രധാനമായും പ്രവര്‍ത്തനം നടത്തിയത്. 47,500 പേരെ ഡോക്ടര്‍മാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ വീടുകളിലെത്തി പരിശോധിച്ചു. മൊബൈല്‍ വാനിന്റെ സഹായത്തോടെ 14,970 പേരെയും ബി എം സി വോളണ്ടിയര്‍മ്മാരുടെ നേതൃത്വത്തില്‍ 4,76,775 പേരെയും പരിശോധിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആകെ അഞ്ചര ലക്ഷത്തോളം പേരെയാണ് ധാരാവിയില്‍ പരിശോധിച്ചത്.
***
 


(Release ID: 1633217) Visitor Counter : 224