ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കര്‍ണാടകത്തിന്റെ ഐടി അധിഷ്ഠിത സമ്പര്‍ക്ക പിന്തുടരല്‍ രീതിയേയും വീടു വീടാനന്തര പരിശോധനയേയും അഭിനന്ദിച്ച് കേന്ദ്ര ഗവണ്‍മെന്റ്

Posted On: 19 JUN 2020 1:28PM by PIB Thiruvananthpuram



ന്യൂഡല്‍ഹി, 19 ജൂണ്‍ 2020

കോവിഡ് 19നെതിരായ പോരാട്ടത്തില്‍ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കര്‍ണാടകം നടത്തുന്ന പ്രവര്‍ത്തനങ്ങളെ കേന്ദ്ര ഗവണ്‍മെന്റ് അഭിനന്ദിച്ചു. സംസ്ഥാനം നടത്തുന്ന സമ്പര്‍ക്ക പിന്തുടരല്‍ രീതിയെയും 1.5 കോടി വീടുകളില്‍ നടത്തിയ സര്‍വേയെയുമാണു കേന്ദ്രം അഭിനന്ദിച്ചത്. സംസ്ഥാന ഗവണ്‍മെന്റ് ഐടി മേഖലയുടെ സഹായം വിജയകരമായി ഉപയോഗിച്ചാണ് വൈറസ് വ്യാപനം തടയാനും കോവിഡ് നിയന്ത്രണത്തിലാക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളോട് കര്‍ണ്ണാടകയുടെ മാതൃക പിന്തുടരാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. കോണ്ടാക്റ്റ് ട്രെയ്സിംഗ് മൊബൈല്‍ ആപ്പ്, വെബ് ആപ്ലിക്കേഷന്‍ എന്നിവയുടെ സഹായത്തോടെ നടത്തിയ സര്‍വേയില്‍ പരിശീലനം ലഭിച്ച 10,000 ത്തിലധികം ജീവനക്കാരാണ് പങ്കെടുത്തത്. കര്‍ണാടകത്തിലേയ്ക്കു വരുന്നവര്‍ സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.

അപകടസാധ്യത കൂടുതലുള്ള പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങിയവരെ കണ്ടെത്തി വേണ്ട മുന്‍ കരുതല്‍ സ്വീകരിക്കാനും സര്‍വേയുടെ സേവനം ഉപയോഗിച്ചു വരുന്നു. നേരിട്ടും ഫോണിലൂടെയുമാണു വീടുകളില്‍ സര്‍വേ നടത്തുന്നത്.

മെയ് മാസം ആരംഭിച്ച സര്‍വേയില്‍ സംസ്ഥാനത്തെ ആകെ 168 ലക്ഷം കുടുംബങ്ങളില്‍ 153 ലക്ഷത്തെയും ഉള്‍പ്പെടുത്തി.  ആരോഗ്യ സര്‍വേ ആപ്പ്, വെബ് ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിച്ച് സര്‍വേ നടത്താനുള്ള ചുമതല പോളിംഗ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണു(ബി.എല്‍.ഒ). ഇന്ററാക്റ്റീവ് വോയ്സ് റെസ്പോണ്‍സ് സിസ്റ്റം ഉപയോഗിച്ച് നടത്തുന്ന സര്‍വേയ്ക്ക് നാസ്‌കോമിന്റെ സാങ്കേതിക സഹായമാണ് ഉപയോഗിക്കുന്നത്.
 



(Release ID: 1632649) Visitor Counter : 185