ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ആത്മനിർഭർ ഭാരതം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി, വഴിയോരക്കച്ചവടക്കാർക്കായുള്ള പ്രത്യേക വായ്പാപദ്ധതിക്ക് തുടക്കം കുറിച്ചു

Posted On: 19 JUN 2020 1:07PM by PIB Thiruvananthpuram



രാജ്യത്തെ വഴിയോരക്കച്ചവടക്കാർക്ക് വായ്പാസൗകര്യം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയായ പ്രധാൻമന്ത്രി വഴിയോരക്കച്ചവട ആത്മനിർഭർ നിധി (PM SVANidhi) യുടെ നടത്തിപ്പ് ചുമതല, ചെറുകിട വ്യവസായ വികസന ബാങ്കിന് (SIDBI) നൽകാൻ തീരുമാനം. ഇതുസംബന്ധിച്ച ധാരണാപത്രം, ഭവനനിർമ്മാണ - നഗരകാര്യ മന്ത്രാലയവും (MoHUA), SIDBI യും തമ്മിൽ ഇന്ന് ഡൽഹിയിൽ ഒപ്പുവച്ചു.

ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം, MoHUAന്റെ മാർഗനിർദേശത്തിൻകീഴിൽ, SIDBI ആയിരിക്കും രാജ്യത്ത് പദ്ധതി നടപ്പാക്കുക. സൂക്ഷ്മ - ചെറുകിട സ്ഥാപനങ്ങൾക്കായുള്ള വായ്പ ഉറപ്പാക്കൽ നിധി ട്രസ്റ്റ് (CGTMSE) മുഖേന, വായ്പാ സ്ഥാപനങ്ങൾക്കുള്ള വായ്പകളുടെ സുരക്ഷിതത്വവും SIDBI ഉറപ്പാക്കും.

പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ട്, ഒരു സംയോജിത IT പ്ലാറ്റുഫോമിനും രൂപം നൽകും. തദ്ദേശ നഗര സ്ഥാപനങ്ങൾ, വായ്പ നൽകുന്ന സ്ഥാപനങ്ങൾ, മറ്റു അംഗങ്ങൾ എന്നിവർക്കിടയിലെ വിവരകൈമാറ്റം ഉറപ്പാക്കുന്നതിനായുള്ള പ്രത്യേക പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും ഇതിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ കീഴിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും കൃത്യമായി രേഖപ്പെടുത്താൻ ഇത് സഹായകമാകും.

രാജ്യത്ത് വായ്പ നൽകുന്ന SCBs, NBFCs, MFIs, സഹകരണബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ വിപുലമായ ശൃംഖലയും, SIDBI പദ്ധതി നടത്തിപ്പിനായി ഉപയോഗപ്പെടുത്തും.

PM SVANidhi യുടെ നടത്തിപ്പ് കാലയളവായ 2022 മാർച്ചുവരെ, ഒരു പ്രത്യേക പദ്ധതി നിർവഹണ സംഘത്തിന്റെ സേവനം SIDBI ലഭ്യമാക്കും. പരിശീലനം, ബാങ്കിങ് ഇടപാടുകൾ, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിലെ പ്രഗത്ഭർ അടങ്ങുന്നതാണ് സംഘം.

ഭവനനിർമ്മാണ - നഗരകാര്യ മന്ത്രാലയം മാസം ഒന്നിനാണ് PM SVANidhi യ്ക്ക് തുടക്കമിട്ടത്. കോവിഡ് 19 നെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ പ്രതികൂലമായി ബാധിച്ച വഴിയോരക്കച്ചവടക്കാർക്ക്, അവരുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനായി, ചിലവുകുറഞ്ഞ വായ്പാസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ 50 ലക്ഷത്തോളം വഴിയോരക്കച്ചവടക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PM SVANidhi യ്ക്കായുള്ള സംയോജിത IT പ്ലാറ്റുഫോമിന്, അടുത്ത ആഴ്ചയോടെ തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത്. സെപ്റ്റംബർ വരെയുള്ള ഒന്നാം ഘട്ടത്തിലേക്ക് രാജ്യത്തെ 108 നഗരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളോടും, കേന്ദ്രഭരണപ്രദേശങ്ങളോടും ചർച്ച നടത്തിയ ശേഷമാണു ഇവയെ തിരഞ്ഞെടുത്തത്. അടുത്തമാസത്തോടെ വായ്പാവിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.


***


(Release ID: 1632596) Visitor Counter : 295