തൊഴില്‍, ഉദ്യോഗ മന്ത്രാലയം
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പോവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ മൾട്ടി ലൊക്കേഷൻ ക്ലെയിം സെറ്റിൽമെൻ്റ് സംവിധാനത്തിന് തുടക്കം കുറിച്ചു
Posted On:
15 JUN 2020 5:42PM by PIB Thiruvananthpuram
കോവിഡ് 19 മഹാമാരിക്കാലത്ത്, പരിമിതമായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് രാജ്യമെമ്പാടും ഏകീകൃതമായ സേവന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിന് എംപ്ലോയീസ് പോവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (EPFO) മൾട്ടി ലൊക്കേഷൻ ക്ലെയിം സെറ്റിൽമെൻറ് സംവിധാനത്തിന് തുടക്കം കുറിച്ചു. രാജ്യത്തെവിടെയുമുള്ള പ്രാദേശിക ഓഫീസുകളിലിരുന്ന് ഓൺലൈനായി ക്ലെയിമുകൾ തീർപ്പാക്കുന്നതിന് ഇത് ഉദ്യോഗസ്ഥർക്ക് സൗകര്യമൊരുക്കുന്നു. പ്രോവിഡൻ്റ് ഫണ്ട്, പെൻഷൻ, ഭാഗിക പിൻവലിക്കൽ, ക്ലെയിമുകൾ, ട്രാൻസ്ഫർ ക്ലെയിമുകൾ തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ ഈ നൂതന സംരംഭത്തിലൂടെ അംഗങ്ങൾക്ക് ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും.
കോവിഡ്-19, 135 ഓളം ഇ.പി.എഫ്.ഒ ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ, സമീപകാലത്ത് ആവിഷ്ക്കരിച്ച കോവിഡ് 19 അഡ്വാൻസ് തുക ലഭിക്കുന്നതിനായി ധാരാളം അപേക്ഷകൾ ലഭിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ, അംഗങ്ങളുടെ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനും , ഉദ്യോഗസ്ഥരുടെ ജോലി ഭാരം ഏകീകരിക്കുന്നതിനും വേണ്ടിയാണ് നിലവിലെ പ്രാദേശിക ക്ലെയിം പരിഹാര സംവിധാനത്തിൽ നിന്നും ഇ.പി.എഫ്.ഒ പുതിയ രീതിയിലേയ്ക്ക് മാറുന്നത്. ജോലി കൂടുതലുള്ള ഓഫീസുകൾക്ക് ജോലി ഭാരം കുറഞ്ഞ ഓഫീസുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു.
കണ്ടെയ്ൻമെൻറ് സോണിലുള്ള ഓഫീസുകളിലെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് മറ്റു പ്രദേശങ്ങളിലെ ഓഫീസുകളിലേയ്ക്ക് കൈമാറിക്കഴിഞ്ഞു. ഇതു കൂടാതെ, അപേക്ഷകൾ തീർപ്പാക്കുന്നതിലെ സുതാര്യത, കാര്യക്ഷമത, വേഗത എന്നിവ വർദ്ധിപ്പിക്കുന്നതിനും അംഗങ്ങളുടെ പരാതികൾ കുറയ്ക്കുന്നതിനും ഈ ഓൺലൈൻ സംവിധാനം സഹായകമാകും.
2020 ഏപ്രിൽ 1 മുതൽ, ഓരോ പ്രവൃത്തി ദിനത്തിലും ഏകദേശം 270 കോടി രൂപ നിരക്കിൽ 80,000 ത്തോളം ക്ലെയിമുകൾ ഇ.പി.എഫ്.ഒ. തീർപ്പാക്കി വരികയാണ്.
****
(Release ID: 1631768)
Visitor Counter : 285