ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ജീവന്‍രക്ഷാ ഔഷധങ്ങള്‍ അതിവേഗം ലഭ്യമാക്കുന്നതിന് ആരോഗ്യ പരിപാലനവിതരണ ശൃംഖലയുടെ വെബ് അധിഷ്ഠിത പരിഹാരമായ ആരോഗ്യപഥം ആരംഭിച്ചു.

Posted On: 13 JUN 2020 1:45PM by PIB Thiruvananthpuram

 ന്യൂഡൽഹി:
ജീവന്‍രക്ഷാ ഔഷധങ്ങള്‍ അതിവേഗം ലഭ്യമാക്കുന്നതിനുള്ള ദേശീയ ആരോഗ്യ പരിപാലന വിതരണ ശൃംഖല  (https://www.aarogyapath.in) പോര്‍ട്ടലിന് 2020 ജൂണ്‍ 20 ന് സിഎസ്‌ഐആര്‍ തുടക്കം കുറിച്ചു.  കോവിഡ് 19 മഹാമാരി മൂലമുള്ള  ഇപ്പോഴത്തെ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയില്‍  ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വിതരണത്തില്‍ ഗൗരവതരമായ തടസങ്ങള്‍ നേരിടുന്നുണ്ട്. പലപ്പോഴും ഇത്തരം മരുന്നുകളുടെ  ഉത്പാദനത്തിലും അവയുടെ വിതരണത്തിലും വിവിധ കാരണങ്ങള്‍ കൊണ്ട്  തടസ്സങ്ങൾ സംഭവിക്കുന്നുണ്ട്.  

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രധാന ആരോഗ്യ ഉത്പ്പന്നങ്ങള്‍ ഒരു വെബ് പോർട്ടലിൽ ലഭ്യമാക്കുകയാണ്  ഈ സംയോജിത പൊതു വേദി ചെയ്യുന്നത്. വിതരണം വേഗത്തിലാക്കല്‍ , മെച്ചപ്പെട്ട ഉത്പ്പന്നങ്ങളുടെ തെരഞ്ഞെടുപ്പ്, ന്യായമായ വില, സമയലാഭം, ഏറ്റവും പുതിയ ഉത്പ്പന്നങ്ങള്‍ കണ്ടെത്തുക തുടങ്ങിയ വിഷയങ്ങളാണ്  ഇതിലൂടെ പരിഹരിക്കപ്പെടുക.
പാത്തോളജിക്കല്‍  ലാബോറട്ടറികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ആശുപത്രികള്‍ തുടങ്ങി വലിയ വിഭാഗം ഗുണഭോക്താക്കളില്‍ വളരെ ഫലപ്രദമായി എത്തിച്ചേരുന്നതിന് നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഇതിലൂടെ സാധിക്കും. ഇത്പ്പന്നങ്ങളുടെ വ്യാപാര വികസനത്തിനുള്ള അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. സൂക്ഷ്മമായ അപഗ്രഥനത്തിലൂടെ ഏതെല്ലാം മരുന്നുകള്‍ക്കാണ് വിപണിയില്‍ കുറവ് അനുഭവപ്പെടുന്നത് എന്നു നിര്‍മ്മാതാക്കളെ അറിയിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ആവശ്യമുള്ളവ കൂടുതല്‍ നിര്‍മ്മിക്കുന്നതിലൂടെ വിഭവങ്ങളുടെ പാഴ്ച്ചെലവ് ഇതുവഴി കുറയ്ക്കാൻ സാധിക്കും. മാത്രമല്ല, പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അവബോധനം ജനങ്ങളില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

വൈകാതെ  ആരോഗ്യപഥം ദേശീയതലത്തില്‍ പ്രധാന ആരോഗ്യ പരിപാലന വിവര വേദിയായി മാറുമെന്ന് സിഎസ്‌ഐആര്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ, രോഗീപരിചരണത്തില്‍ രാജ്യത്തുണ്ടായിരുന്ന ഒരു വിടവ് ഇതിലൂടെ നികത്തപ്പെടും, ജീവന്‍ രക്ഷാ മരുന്നുകളുടെ വില പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്നതും മെച്ചപ്പെട്ടതുമായ അവസ്ഥയിലേയ്ക്ക് എത്തുകയും ചെയ്യും.(Release ID: 1631427) Visitor Counter : 10