പരിസ്ഥിതി, വനം മന്ത്രാലയം

കഴിഞ്ഞ 8 വർഷത്തിനിടെ രാജ്യത്ത് സംഭവിച്ച കടുവ മരണങ്ങളെ  സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ.

Posted On: 06 JUN 2020 4:59PM by PIB Thiruvananthpuram



 ഒരു വിഭാഗം മാധ്യമങ്ങൾ നൽകിയ വാർത്തകൾ വികലവും അതിശയോക്തിപരവും  തെറ്റിദ്ധരിപ്പിക്കുന്നതും

ന്യൂഡൽഹി , ജൂൺ 06, 2020

 

രാജ്യത്ത് സംഭവിച്ച കടുവ മരണങ്ങളെക്കുറിച്ച് ഒരു വിഭാഗം മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കണക്കുകൾ വികലവും അതിശയോക്തി നിറഞ്ഞതും കടുവ സംരക്ഷണത്തിന് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ള  നടപടികളെ അപകീർത്തിപ്പെടുത്തുന്നതുമാണ്.

 

ഈ സാഹചര്യത്തിൽ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമായ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ‌.ടി‌.സി.‌എ.) താഴെപ്പറയുന്ന കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു:

 

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ സമഗ്രമായ ശ്രമങ്ങളെത്തുടർന്ന്, കടുവകളുടെ എണ്ണം ക്രമാനുഗതമായി വർധനവിന്റെ പാതയിലാണ്. ഇക്കാര്യം  2006,2010,2014,2018 എന്നീ  വർഷങ്ങളിൽ  നടത്തിയ   കടുവകളുടെ അഖിലേന്ത്യാ ചതുർവാർഷിക കണക്കെടുപ്പിൽ വ്യക്തമാണ്.കടുവകളുടെ വാർഷിക വളർച്ചാ നിരക്ക് ആരോഗ്യകരമായ  6%  ആണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് സ്വാഭാവിക മരണങ്ങളിലൂടെയുള്ള  നഷ്ടം നികത്തുകയും ഇന്ത്യൻ ആവാസവ്യവസ്ഥയിൽ കടുവകളുടെ എണ്ണം സമ്പുഷ്ടമായി നിലനിർത്തുകയും ചെയ്യുന്നു.2012 മുതൽ 2019 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, രാജ്യത്ത് പ്രതിവർഷം ശരാശരി  94 ഓളം കടുവകൾ മരണപ്പെടുന്നുണ്ടെന്നു കാണാൻ കഴിയും. ആരോഗ്യകരമായ വാർഷിക വളർച്ചാ നിരക്കിനാൽ പുതുതായി കണക്കിൽ ഉൾപ്പെടുന്ന  കടുവകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ  സന്തുലിതാവസ്ഥയാണ്‌ രാജ്യത്ത് നിലനിൽക്കുന്നത്. കൂടാതെ കടുവാവേട്ട  തടയുന്നതിനായുള്ള  'പ്രോജക്ട് ടൈഗർ' എന്ന കേന്ദ്ര പദ്ധതിയുടെ കീഴിൽ  ദേശീയ കടുവ സംരക്ഷണ അതോറിറ്റി നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കടുവാവേട്ട സംബന്ധിച്ച കേസുകളിലെ കുറവ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കുന്നു.

 

ദേശീയ കടുവ സംരക്ഷണ അതോറിറ്റി കടുവകളുടെ മരണം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ, അതിന്റെ വെബ്‌സൈറ്റിലൂടെയും സമർപ്പിത പോർട്ടലായ -www.tigernet.nic.in വഴിയും ജനങ്ങൾക്ക് ലഭ്യമാക്കുന്നതിലൂടെ സുതാര്യതയിൽ ഉന്നത നിലവാരമാണ് പുലർത്തുന്നത്. അതുകൊണ്ടുതന്നെ താല്പര്യമുള്ളവർക്ക് കണക്കുകൾ സംബന്ധിച്ച  യുക്തിസഹമായ വിലയിരുത്തൽ നടത്താൻ കഴിയും. ഇപ്പോഴത്തെ റിപ്പോർട്ടുകളിൽ 8 വർഷത്തിലേറെയുള്ള  ദീർഘകാലയളവിലെ കണക്കുകളുടെ അവതരണം സൂചിപ്പിക്കുന്നത് വായനക്കാരിൽ അനാവശ്യ ആശങ്ക  വളർത്താൻ കഴിയുന്ന തരത്തിൽ കണക്കുകളെ അവതരിപ്പിക്കുക എന്ന ദുരുദ്ദേശമാണ്. ഇന്ത്യയിൽ കടുവകളുടെ മരണത്തിന്റെ 60 ശതമാനവും വേട്ടയാടൽ മൂലമല്ലെന്ന വസ്തുതയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്കിയിട്ടില്ലെന്നതും കാണാൻ കഴിയുന്നതാണ്.

 

കടുവകളുടെ മരണകാരണം നിർണ്ണയിക്കാൻ എൻ‌.ടി.‌സി.എ. യ്ക്ക്, സുവ്യക്തമായ അംഗീകൃത നടപടി ക്രമങ്ങൾ ഉൾക്കൊള്ളുന്ന  കർശനമായ പ്രോട്ടോക്കോൾ ഉണ്ട്. ഈ പ്രോട്ടോക്കോളിനു വിരുദ്ധമാണെന്നു കാണുന്ന പക്ഷം ആ മരണത്തെ അസ്വാഭാവികമെന്നാണ് കണക്കാക്കുന്നത്. അങ്ങനെ കണക്കാക്കാതിരിക്കണമെങ്കിൽ അതാതു സംസ്ഥാനങ്ങൾ ഹാജരാക്കുന്ന  നെക്രോപ്‌സി റിപ്പോർട്ടുകൾ, ഹിസ്റ്റോപാത്തോളജിക്കൽ -ഫോറൻസിക് വിലയിരുത്തലുകൾ, ഫോട്ടോഗ്രാഫുകൾ, സാഹചര്യ തെളിവുകൾ എന്നിവയിലൂടെ അസ്വാഭാവികതയില്ലെന്ന് തെളിയിക്കേണ്ടതായും ഉണ്ട്.ഹാജരാക്കുന്ന രേഖകളുടെ വിശദമായ വിശകലനത്തിനു ശേഷം മാത്രമേ ഒരു കടുവയുടെ മരണത്തെ സംബന്ധിച്ച അന്തിമ നിഗമനത്തിൽ എത്തുകയുള്ളൂ.

 

എൻ‌.ടി‌.സി‌.എ.യുടെ വെബ്‌സൈറ്റിൽ‌ ലഭ്യമായ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും   ഈ റിപ്പോർ‌ട്ടുകളിൽ‌ ഉപയോഗിച്ചിട്ടുണ്ടെന്നത് പ്രശംസനീയമാണെങ്കിലും, അവതരിപ്പിച്ച രീതി ആശങ്കയ്ക്ക് വഴിവയ്ക്കുന്ന തരത്തിലുള്ളതാണ്. കടുവകളുടെ മരണത്തെ സംബന്ധിച്ച് നിലവിലുള്ള പ്രക്രിയകളുടെ സൂക്ഷ്‌മ പരിശോധനാസംവിധാനം റിപ്പോർട്ടുകൾ കണക്കിലെടുക്കുന്നില്ല. കേന്ദ്ര സർക്കാരിന്റെ  പ്രോജക്ട് ടൈഗറിന് കീഴിൽ എൻ.‌ടി‌.സി.‌എ. നടത്തുന്ന സാങ്കേതികവും സാമ്പത്തികവുമായ ഇടപെടലുകളുടെ ഫലമായി കടുവ സംരക്ഷണത്തിൽ ഉണ്ടായ സ്വാഭാവിക നേട്ടങ്ങളും ഈ റിപ്പോർട്ടുകൾ കണക്കിലെടുക്കുന്നില്ല.

 

തെറ്റിദ്ധാരണകൾ നീക്കാനും ആശങ്കയിലേക്കു  ജനങ്ങളെ നയിക്കാതിരിക്കാനും മാധ്യമങ്ങൾ മേൽപ്പറഞ്ഞ വസ്തുതകൾ രാജ്യത്തെ ജനങ്ങളെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

P



(Release ID: 1629927) Visitor Counter : 184