ആയുഷ്‌

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ആഗോള തലത്തിലുള്ള ആഘോഷങ്ങൾ ഇത്തവണ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ

Posted On: 05 JUN 2020 4:41PM by PIB Thiruvananthpuram



കോവിഡ് -19 ന്റെ വെളിച്ചത്തിൽ, ആഗോള തലത്തിലുള്ള ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾ ഡിജിറ്റലായി നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായി. ആയുഷ് മന്ത്രാലയ അധികൃതരും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐ.സി.സി.ആർ.) അദ്ധ്യക്ഷൻ ഡോ. വിനയ് സഹസ്രബുദ്ധെയും സംയുക്തമായി ഇന്ന്  നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തികളുടെ  പ്രതിരോധശേഷി വർധിപ്പിച്ച്‌ ആഗോള മഹാമാരിയെ ചെറുക്കുന്നതിൽ യോഗയുടെ പങ്ക് ഈ വർഷത്തെ ദിനാചരണങ്ങളിൽ പ്രധാന സ്ഥാനം പിടിക്കും. സംയുക്ത പത്രസമ്മേളനത്തിൽ ആയുഷ് മന്ത്രാലയം സെക്രട്ടറി ശ്രീ വൈദ്യ രാജേഷ് കോട്ടെച്ചയും പങ്കെടുത്തു.

 
കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ മുഴുവൻ കുടുംബാംഗങ്ങളുടെയും പങ്കാളിത്തത്തോടെ വീടുകളിൽ യോഗ പരിശീലിക്കാനാണ് മന്ത്രാലയം ഇത്തവണ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.


“എന്റെ ജീവിതം - എന്റെ യോഗ” എന്ന പേരിൽ നടക്കുന്ന വീഡിയോ ബ്ലോഗിങ്ങ് മത്സരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും ആവശ്യപ്പെട്ട കാര്യം ഡോ. സഹസ്രബുദ്ധെ മാധ്യമ പ്രവർത്തകരെ അറിയിച്ചു.

കോവിഡ് -19 ന്റെ സവിശേഷ സാഹചര്യത്തിൽ മഹാമാരിയുടെ പല വശങ്ങളും കൈകാര്യം ചെയ്യുന്നതിൽ യോഗയ്ക്കുള്ള ഗുണപരമായ സ്വാധീനം ഇപ്പോൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി ശ്രീ വൈദ്യ രാജേഷ് കോട്ടെച്ച കൂട്ടിച്ചേർത്തു.

MyGov.gov.in പോലുള്ള വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ബ്ലോഗിങ്ങ് മത്സരം ആരംഭിച്ചതായും 2020 ജൂൺ 15 ന് മത്സരം അവസാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനുശേഷം വിധികർത്താക്കളുടെ സമിതി മത്സര വിജയികളുടെ പേരുകൾ പ്രഖ്യാപിക്കും. ബ്ലോഗിങ്ങ് മത്സരത്തിൽ പങ്കെടുക്കുന്നവർ‌ക്ക്, യുവാക്കൾ‌ (18 വയസ്സിന് താഴെ പ്രായമുള്ളവർ), മുതിർന്നവർ‌ (18 വയസ്സിന് മുകളിൽ പ്രായമുള്ളവർ), യോഗ പ്രൊഫഷണലുകൾ‌ എന്നിങ്ങനെ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായി, ആറ് വിഭാഗങ്ങളിലായി വീഡിയോ മത്സരത്തിനുള്ള എൻട്രികൾ‌ സമർപ്പിക്കാം.

 
ഇന്ത്യയിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായി യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ ആയിരിക്കും ലഭിക്കുക. ആഗോള തലത്തിലുള്ള മത്സരാർത്ഥികൾക്ക് യഥാക്രമം 2500 ഡോളർ, 1500 ഡോളർ, 1000 ഡോളർ എന്നിങ്ങനെയും  ലഭിക്കും.

***



(Release ID: 1629675) Visitor Counter : 303