റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ദേശീയപാതകളിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും മരണം തടയൽ’ എന്ന വിഷയത്തിൽ ദേശീയ ബോധവത്ക്കരണത്തിന്   ശ്രീ നിതിൻ ഗഡ്കരി തുടക്കം കുറിച്ചു

Posted On: 05 JUN 2020 3:35PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂൺ 05, 2020

ദേശീയ പാതകളിലെ ജീവാപായം അവസാനിപ്പിക്കുന്നതിനും മരണനിരക്ക്‌ കുറയ്ക്കുന്നതിനുമായി ജനങ്ങൾക്ക് അവബോധവും ശിക്ഷണവും  നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത, സംരംഭകത്വ മന്ത്രി ശ്രീ നിതിൻ ഗഡ്കരി ഊന്നിപ്പറഞ്ഞു.

 ‘ദേശീയപാതകളിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും മരണനിരക്ക് തടയുക’ എന്ന വിഷയത്തിൽ യുഎൻ‌ഡി‌പി–-ദേശീയ പാത –-ഗതാഗത മന്ത്രാലയവും സംഘടിപ്പിച്ച ദേശീയ ബോധവൽക്കരണം വീഡിയോ കോൺഫറൻസ് വഴി ഉദ്‌ഘാടനം ചെയ്‌ത മന്ത്രി ധാർമ്മികത, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി എന്നിവയാണ് നമ്മുടെ രാജ്യത്തിന്റെ  മൂന്ന് പ്രധാനസ്തംഭങ്ങൾ എന്നും നീരിക്ഷിച്ചു.

പ്രതിവർഷം അഞ്ച് ലക്ഷത്തോളം വാഹനാപകടങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു. അതിൽ 1.5 ലക്ഷത്തോളം പേർക്ക്‌ ജീവൻ നഷ്ടപ്പെടുന്നുണ്ടെന്നും ശ്രീ ഗഡ്കരി പറഞ്ഞു. അടുത്ത മാർച്ച് 31 നകം ഇത്‌ 20 മുതൽ 25 ശതമാനം വരെ കുറയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അയ്യായിരത്തിലധികം ബ്ലാക്ക്‌ സ്‌പോട്ടുകൾ ( ദുർഘടകേന്ദ്രങ്ങൾ) തിരിച്ചറിഞ്ഞിട്ടുണ്ട്.  അവ ഉൾപ്പെടെ  ശരിയാക്കുന്നതിനുള്ള താൽക്കാലികവും സ്ഥിരവുമായ നടപടിക്രമങ്ങൾ അടിയന്തിരമായി സ്വീകരിക്കുന്നുണ്ട് .

റോഡുകളിൽ മൃഗങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  മന്ത്രാലയം ബോധവാന്മാരാണെന്നും ശ്രീ ഗഡ്കരി അറിയിച്ചു. റോഡ് അല്ലെങ്കിൽ ഏത്‌ അടിസ്ഥാന സൗകര്യ നിർമാണത്തിനിടയിലും വന്യജീവികളെ സംരക്ഷിക്കുന്നതിന്‌  ഡെറാഡൂണിലെ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുറത്തിറക്കിയ “അടിസ്ഥാന സൗകര്യ നിർമാണത്തിനിടയിലെ വന്യജീവി സംരക്ഷണത്തിനുള്ള പരിസ്ഥിതി സൗഹൃദനടപടികൾ” എന്ന മാനുവലിലെ വ്യവസ്ഥകൾ പാലിക്കാൻ മന്ത്രാലയം എല്ലാ ഏജൻസികളോടും അഭ്യർത്ഥിച്ചു. അതനുസരിച്ച്. റോഡുകളിലെ മൃഗങ്ങളുടെ ദുരന്തകേന്ദ്രങ്ങൾ (ബ്ലാക്ക് സ്പോട്ടുകൾ) കണ്ടെത്താനും മന്ത്രാലയത്തെ അറിയിക്കാനും എൻ‌ജി‌ഒകളോടും സാമൂഹ്യ സംഘടനകളോടും അദ്ദേഹം അഭ്യർത്ഥിച്ചു. അതിനനുസരിച്ച്‌ ആവശ്യമായ തിരുത്തൽ നടപടികൾ കൈക്കൊള്ളും.

വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ തകർക്കുന്നത്‌ ഒഴിവാക്കാൻ എലിവേറ്റഡ്‌ റോഡുകൾ, അടിപ്പാത മേൽപ്പാത എന്നിവ പാരിസ്ഥിതിക വന്യജീവി ഇടനാഴികളായി നിർമ്മിക്കണമെന്ന്‌ ഉപരിതല മന്ത്രാലയം നിർദേശിച്ചിരുന്നു



(Release ID: 1629657) Visitor Counter : 169