മന്ത്രിസഭ

പരിസ്ഥിതി മേഖലയിലെ സഹകരണത്തിന് ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 03 JUN 2020 5:07PM by PIB Thiruvananthpuram

 

പരിസ്ഥിതി മേഖലയിലെ സഹകരണത്തിന് ഇന്ത്യാ ഗവണ്‍മെന്റും ഭൂട്ടാന്‍ ഗവണ്‍മെന്റും തമ്മില്‍ ധാരാണപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
വിശദാംശങ്ങള്‍:
ഇരു രാജ്യങ്ങളിലും ബാധകമായ നിയമങ്ങളും നിയമസംവിധാനങ്ങളും പരിഗണിച്ചുകൊണ്ട് തുല്യത, പരപസ്ര വിനിമയം, പരസ്പര നേട്ടം എന്നിവയുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രകൃതി വിഭവങ്ങളുടെ പരിപാലന മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വളരെ അടുത്ത ദീര്‍ഘകാല സഹകരണം സ്ഥാപിക്കുന്നതിനും അത് പ്രോത്സാഹിപ്പിക്കുന്നതിനും ഈ ധാരണാപത്രം സഹായിക്കും.
ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി താല്‍പര്യങ്ങളും പരസ്പരം അംഗീകരിച്ച മുന്‍ഗണനകളും പരിഗണിച്ചുകൊണ്ട് പരിസ്ഥിതിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന മേഖലകളാണ് ധാരണാപത്രത്തില്‍ ഉള്‍പ്പെടുന്നത്.
-വായു
-മാലിന്യം
- രാസവസ്തു പരിപാലനം
-കാലാവസ്ഥാ വ്യതിയാനം
- പരസ്പരം തീരുമാനിക്കുന്ന മറ്റ് ഏത് മേഖലയും
ഒപ്പുവയ്ക്കുന്ന അന്നുമുതല്‍ നിലവില്‍ വരുന്ന ധാരണാപത്രം പത്തു വര്‍ഷം വരെ നിലനില്‍ക്കും. ധാരണാപത്രത്തിലെ ഉദ്ദേശ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും സംഘടനകള്‍, സ്വകാര്യ കമ്പനികള്‍, എല്ലാ തലത്തിലുമുള്ള ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തിന് പങ്കാളികള്‍ പ്രോത്സാഹനം നല്‍കണം. സംയുക്ത കര്‍മ്മസമിതി/ഉഭയകക്ഷി യോഗങ്ങള്‍ എന്നിവ സംഘടിപ്പിച്ച് പങ്കാളികള്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുകയും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍/ഏജന്‍സികള്‍ എന്നിവയെ പുരോഗതിയും നേട്ടങ്ങളും കാലാകലാങ്ങളില്‍ അറിയിക്കുകയും വേണം.
തൊഴില്‍ സൃഷ്ടിക്കല്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട നേട്ടങ്ങള്‍
പൊതു സ്വകാര്യ മേഖലകളിലൂടെ വിദഗ്ധര്‍, മികച്ച മാതൃകകള്‍, സാങ്കേതിക അറിവുകള്‍ എന്നിവ കൈമാറ്റം ചെയ്യുന്നതിന് ധാരണാപത്രം ഒരുക്കുന്ന സൗകര്യം സുസ്ഥിരവികസനത്തിന് സംഭാവനകള്‍ നല്‍കും. പരസ്പര താല്‍പര്യമുള്ള മേഖലകളില്‍ ധാരണാപത്രം സംയുക്ത പദ്ധതിക്കുള്ള സാദ്ധ്യതകളുണ്ടാക്കും. എന്നാല്‍ വലിയ തോതിലുള്ള തൊഴില്‍ സൃഷ്ടിക്കല്‍ ലക്ഷ്യമാക്കുന്നില്ല.
ചെലവ്:
ഇന്ത്യയിലൂം ഭൂട്ടാനിലും മാറിമാറി നടത്തുന്ന ഉഭയകക്ഷി യോഗങ്ങള്‍/ സംയുക്ത കര്‍മ്മ സമിതി യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള ചെലവ് മാത്രമാണ് നിര്‍ദ്ദിഷ്ട ധാരണാപത്രം ഉണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതം. പോകുന്ന രാജ്യം യാത്രയുടെ ചെലവ് വഹിക്കുകയും അതേസമയം സ്വീകരിക്കുന്ന രാജ്യം യോഗം സംഘടിപ്പിക്കുന്നതിനും മറ്റ് യാത്രകള്‍ക്കുമുള്ള ചെലവ് വഹിക്കുകയും വേണം. ഇവയാണ് നിര്‍ദ്ദിഷ്ട ധാരണാപത്രത്തിലെ പരിമിതമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍.
*****
 (Release ID: 1629284) Visitor Counter : 257