പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഓസ്ട്രിയ പ്രസിഡന്റ് ബഹുമാനപ്പെട്ട ഡോ. അലക്‌സാന്‍ഡര്‍ വാന്‍ഡെര്‍ ബെല്ലനും തമ്മില്‍ ഫോണില്‍ സംസാരിച്ചു

Posted On: 26 MAY 2020 7:25PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഓസ്ട്രിയ പ്രസിഡന്റ് ബഹുമാനപ്പെട്ട ഡോ. അലക്‌സാന്‍ഡര്‍ വാന്‍ഡെര്‍ ബെല്ലനും തമ്മില്‍ ഫോണില്‍ സംസാരിച്ചു.
ഉംപുന്‍ ചുഴലിക്കാറ്റ് ഇന്ത്യക്കു വരുത്തിയ നാശനഷ്ടങ്ങളില്‍ ഓസ്ട്രിയന്‍ പ്രസിഡന്റ് ദുഃഖം പ്രകടിപ്പിച്ചു. കോവിഡ്- 19 മഹാവ്യാധി നിമിത്തം തങ്ങളുടെ രാജ്യങ്ങളിലുണ്ടായ ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള വീക്ഷണങ്ങള്‍ നേതാക്കള്‍ പങ്കുവെച്ചു. നിലവിലുള്ള വെല്ലുവിളികളെ നേരിടുന്നതിനായി രാജ്യാന്തര സഹകരണം പ്രധാനമാണെന്ന് ഇരുവരും സമ്മതിച്ചു.
കോവിഡാനന്തര ലോകത്തില്‍ ഇന്ത്യ-ഓസ്ട്രിയ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനുമുള്ള ആഗ്രഹം നേതാക്കള്‍ ആവര്‍ത്തിച്ചു. അടിസ്ഥാന സൗകര്യം, സാങ്കേതികവിദ്യ, ഗവേഷണം, നൂതനാശയങ്ങള്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.
ആരോഗ്യ പ്രതിസന്ധിയെ ലോകം വൈകാതെ മറികടക്കുമെന്നും ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ ദീര്‍ഘകാല ആശങ്കകളില്‍ ഊന്നല്‍ നല്‍കാന്‍ അതോടെ സാധിക്കുമെന്നുമുള്ള പ്രതീക്ഷ നേതാക്കള്‍ പങ്കുവെച്ചു.

 


(Release ID: 1627085) Visitor Counter : 239